പിടിയിലായത് 5000 ‘മെസ്സർ സെഫാലോട്ട്സു’കളുമായി; പ്രതികൾക്ക് പരമാവധി ശിക്ഷ വിധിച്ച് കെനിയൻ കോടതി

Mail This Article
നെയ്റോബി∙ കെനിയയിൽ വന്യജീവി സംരക്ഷണ നിയമങ്ങൾ ലംഘിച്ച് 5,000 ഉറുമ്പുകളെ അനധികൃതമായി കൈവശം വെക്കുകയും കയറ്റി അയക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു. 7,700 ഡോളർ (ഏകദേശം 6.4 ലക്ഷം ഇന്ത്യൻ രൂപ) പിഴയോ 12 മാസം തടവോ പ്രതികളായ .19 വയസ്സുള്ള ലോർണോയ് ഡേവിഡ്, സെപ്പെ ലോഡ്വിജ്ക്സ് എന്നീ ബൽജിയൻ പൗരന്മാർക്ക് കോടതി വിധിച്ചിരിക്കുന്നത്. ഇത് ഈ കുറ്റത്തിനുള്ള പരമാവധി ശിക്ഷയാണ്. കേസിൽ ഇരുവരും ഉറുമ്പുകളെ കൈവശം വച്ചതായി കുറ്റം സമ്മതിച്ചിരുന്നു.
ഏപ്രിൽ അഞ്ചിന് നെയ്റോബിയിലെ ഒരു ഗസ്റ്റ് ഹൗസിൽ വച്ചാണ് 5,000 ഉറുമ്പുകളുമായി പ്രതികൾ പിടിയിലായത്. പിന്നീട് പത്തു ദിവസത്തിന് ശേഷം ഏപ്രിൽ 15നാണ് ഇവർക്കെതിരെ ഔദ്യോഗികമായി കേസെടുത്തത്. ഇവർക്കൊപ്പം വിയറ്റ്നാമീസ് പൗരനായ ഡു ഹങ് എൻഗുയെൻ, കെനിയൻ പൗരൻ ഡെന്നിസ് എൻഗാങ്ഗ എന്നിവരും കേസിലെ പ്രതികളാണ്.
പ്രതികൾ നിഷ്‌കളങ്കരാണ്. ഹോബിയുടെ ഭാഗമായിട്ടാണ് ഉറുമ്പുകളെ ശേഖരിച്ചതെന്ന് പ്രതി ഭാഗം വാദിച്ചു. പക്ഷേ ഈ വാദം തള്ളിയ കോടതി ഈ ഇനത്തിൽപ്പെട്ട ഉറുമ്പുകൾ വിലപ്പെട്ടതാണ്. ചെറിയ എണ്ണത്തിലല്ല, ആയിരക്കണക്കിന് എണ്ണമാണ് കൈവശം വെച്ചതെന്നും ചൂണ്ടിക്കാട്ടി. മജിസ്‌ട്രേറ്റ് ൻജെറി തുകുവാണ് വിധി പ്രസ്താവിച്ചത്.
യൂറോപ്പിലെയും ഏഷ്യയിലെയും വിപണികളിലേക്ക് കടത്തുന്നതിനായാണ് ഇവർ ഉറുമ്പുകളെ കൈവശം വെച്ചതെന്ന് കെനിയൻ വൈൽഡ് ലൈഫ് സർവീസ് വ്യക്തമാക്കി. കിഴക്കൻ ആഫ്രിക്കയിൽ കാണപ്പെടുന്ന, വലുതും ചുവന്ന നിറത്തിലുള്ളതുമായ മെസ്സർ സെഫാലോട്ട്സ് (Messor cephalotes) എന്ന പ്രത്യേക ഇനത്തിലുള്ള ഉറുമ്പുകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്.