ADVERTISEMENT

ഇസ്‌ലാമാബാദ്∙ രാജ്യത്തിന് അകത്തും അതിർത്തികളിലും സമാനതകളില്ലാത്ത പ്രതിസന്ധിയാണ് പാക്കിസ്ഥാൻ നിലവിൽ നേരിടുന്നത്. ഇന്ത്യ നടത്തിയ 'ഓപറേഷൻ സിന്ദൂറിന്' പിന്നാലെ ഷെഹ്ബാസ് ഷെരീഫ് സർക്കാരിന് തലവേദന സൃഷ്ടിച്ചുകൊണ്ട് രാജ്യത്തിനകത്ത് സായുധസംഘങ്ങൾ ശക്തി പ്രാപിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. 

പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യകളിലൊന്നായ ബലൂചിസ്ഥാനെ സ്വതന്ത്രമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ഈ സാഹചര്യം മുതലെടുക്കുകയാണ്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ബോളൻ, കെച്ച് മേഖലകളിൽ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തു. ഈ ആക്രമണങ്ങളിൽ 14 പാക്ക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.

ആദ്യ ആക്രമണത്തിൽ, ബോളനിലെ മാച്ച് പ്രദേശത്തെ ഷോർകന്ദിൽ വെച്ച് ബിഎൽഎയുടെ സ്പെഷൽ ടാക്ടിക്കൽ ഓപറേഷൻസ് സ്ക്വാഡ് (STOS) പാക്ക് സൈനിക വാഹനവ്യൂഹത്തിന് നേരെ റിമോട്ട് നിയന്ത്രിത ഐഇഡി ആക്രമണം നടത്തി. വാഹനത്തിലുണ്ടായിരുന്ന 12 സൈനികരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ സ്പെഷൽ ഓപറേഷൻസ് കമാൻഡർ താരിഖ് ഇമ്രാൻ, സുബേദാർ ഉമർ ഫാറൂഖ് എന്നിവരും ഉൾപ്പെടുന്നു. സൈനിക വാഹനം സ്ഫോടനത്തിൽ പൂർണമായും തകർന്നു. 

മറ്റൊരു ഓപറേഷനിൽ, കെച്ചിലെ കുലാഗ് ടിഗ്രാൻ പ്രദേശത്ത് പാക്ക് സൈന്യത്തിന്‍റെ ബോംബ് ഡിസ്പോസൽ സ്ക്വാഡിനെ ബിഎൽഎ ലക്ഷ്യമിട്ടു.  ക്ലിയറൻസ് മിഷൻ നടത്തുന്നതിനിടെ ബുധനാഴ്ച ഉച്ചയ്ക്ക് 2:40 ഓടെയാണ് റിമോട്ട് നിയന്ത്രിത ഐഇഡി സ്ഫോടനം നടന്നത്. ഈ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ബലൂച് മണ്ണിന്‍റെ സ്വാതന്ത്ര്യ പോരാളികളുടെ ആക്രമണങ്ങൾ കൂടുതൽ ശക്തിയോടെ തുടരുമെന്ന് ബലൂച് ലിബറേഷൻ ആർമി വക്താവ് ജീയന്ദ് ബലൂച് ഇതിനോട് പ്രതികരിച്ചത്.

വിഘടനവാദി ഗ്രൂപ്പുകൾ സ്വാതന്ത്ര്യം തേടുന്ന ബലൂചിസ്ഥാനിൽ നിലനിൽക്കുന്ന ആഴത്തിലുള്ള സംഘർഷത്തിലേക്കാണ് സമീപകാല ആക്രമണങ്ങൾ വിരൽ ചൂണ്ടുന്നത്. രാഷ്ട്രീയമായ പുറന്തള്ളൽ, സാമ്പത്തിക ചൂഷണം, വ്യവസ്ഥാപിതമായ മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ ആരോപിച്ച് ഈ ഗ്രൂപ്പുകൾ പാക്ക് ഭരണകൂടത്തിനെതിരെ വർഷങ്ങളായി പോരാടുകയാണ്. ബലൂചിസ്ഥാൻ പ്രകൃതി വിഭവങ്ങളാൽ സമ്പന്നമാണെങ്കിലും, ലാഭം കേന്ദ്ര സർക്കാരും വിദേശ സ്ഥാപനങ്ങളുമാണ് കൊയ്യുന്നതെന്നും ഇത് പ്രാദേശിക ജനങ്ങളെ ദാരിദ്ര്യത്തിലും അവഗണനയിലും തള്ളിവിടുന്നുവെന്നും ഈ ഗ്രൂപ്പുകൾ വാദിക്കുന്നു. ഈ മേഖലയിലെ കനത്ത സൈനിക സാന്നിധ്യം സംരക്ഷണമല്ല, അടിച്ചമർത്തലായാണ് വ്യാപകമായി കാണുന്നത്. 

ഇത് പ്രാദേശിക ജനങ്ങളുടെ രോഷം വർധിപ്പിക്കുകയും കലാപം തുടരുന്നതിന് കാരണമാക്കുകയും ചെയ്യുന്നു. ബലൂച് ദേശീയവാദികളും കേന്ദ്ര അധികാരികളും തമ്മിലുള്ള വർധിച്ചുവരുന്ന ഈ അകൽച്ച മേഖലയിൽ വലിയ അസ്ഥിരതയുടെ പ്രധാന ഉറവിടമായി തുടരുന്നു.

ബലൂചിസ്ഥാനിലെ മാത്രമല്ല, അഫ്ഗാൻ അതിർത്തിയിലെ അസ്വസ്ഥതകളും പാക്കിസ്ഥാന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. രാജ്യത്തിനകത്തെ ഈ പ്രശ്നങ്ങൾ പാക്ക് സൈന്യത്തിന്‍റെ ശ്രദ്ധ പൂർണമായും ഇന്ത്യൻ അതിർത്തിയിലേക്ക് കേന്ദ്രീകരിക്കുന്നതിന് തടസ്സമാകുന്നു. 

അതേസമയം, ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിന് പിന്നാലെ പാക്കിസ്ഥാൻ പ്രത്യാക്രമണത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇതിന്‍റെ ആദ്യപടിയെന്നോണം പാക്കിസ്ഥാൻ തങ്ങളുടെ വ്യോമാതിർത്തി പൂർണമായും അടച്ചു. നേരത്തെ ഇന്ത്യൻ വിമാനങ്ങൾക്ക് മാത്രമാണ് പാക്ക് വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നത്. എന്നാൽ, ഭീകര പരിശീലന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇന്ത്യൻ നടപടിക്ക് പിന്നാലെയാണ് വ്യോമാതിർത്തി പൂർണമായും അടച്ചത്. സ്വന്തം സിവിലിയൻ വിമാനങ്ങൾക്ക് ഉൾപ്പെടെയാണ് നിലവിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ചില അവശ്യ സർവീസ് വിമാനങ്ങൾക്ക് മാത്രമാണ് പറക്കാൻ അനുമതിയുള്ളത്. അടുത്ത 48 മണിക്കൂറിലേക്കാണ് വ്യോമമേഖല അടച്ചിരിക്കുന്നത്.

ഇത് ഇന്ത്യൻ തിരിച്ചടികളുടെ പശ്ചാത്തലത്തിലുള്ള മുൻകരുതൽ നടപടിയാണെന്ന് പാക്കിസ്ഥാൻ പറയുന്നുണ്ടെങ്കിലും, പ്രത്യാക്രമണത്തിനുള്ള നീക്കമാണിതെന്നാണ് സൂചനകൾ. കഴിഞ്ഞ ദിവസം പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദേശീയ സുരക്ഷാ കൗൺസിൽ യോഗം വിളിച്ചിരുന്നു. എന്നാൽ, സ്ഥിതി വഷളാക്കാൻ ശ്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. സൈനിക ക്യാംപുകളെയോ സാധാരണക്കാരെയോ ലക്ഷ്യമിട്ടിട്ടില്ലെന്നും, ഭീകര പരിശീലന കേന്ദ്രങ്ങൾ മാത്രമാണ് പ്രിസിഷൻ അറ്റാക്കിലൂടെ തകർത്തതെന്നും ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിട്ടുണ്ട്.

English Summary:

Pakistan's Double Crisis: Internal Unrest Threat and Heightened Conflict with India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com