ഭീകരത: പാക്ക് ബന്ധത്തിൽ ഇനി പുതിയ പ്രമാണം

Mail This Article
ഓപ്പറേഷൻ സിന്ദൂർ നിർത്തിവയ്ക്കുന്നതായി മേയ് 10 ന് ഇന്ത്യ പ്രഖ്യാപിച്ചതോടെ എല്ലാം പകൽപോലെ വ്യക്തമായി. ജമ്മു കശ്മീർ പ്രശ്നത്തിൽ ഇന്ത്യ ഇതുവരെ സ്വീകരിച്ചുപോന്ന നിലപാടിനു മാറ്റമില്ല എന്നതാണ് അതിൽ പ്രധാനം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള എല്ലാ ഭിന്നതകളും ഇടനിലക്കാരില്ലാതെ പരസ്പരം ചർച്ച ചെയ്യും. ഭിന്നതകളെന്നാൽ, ഭീകരതയും പാക്കിസ്ഥാൻ കയ്യടക്കിവച്ചിരിക്കുന്ന കശ്മീരിന്റെ കാര്യങ്ങളുമല്ലാതെ മറ്റൊന്നുമല്ല. വാണിജ്യ വിലക്ക് തുടരും.
ഭീകരപ്രവർത്തനം സംബന്ധിച്ച പുതിയ പ്രമാണമാണ് 4 ദിവസത്തെ യുദ്ധത്തിന്റെ അനന്തരഫലമെന്ന് ഇന്ത്യ പറയുന്നു. ഇന്ത്യ ഇനി മുതൽ പിന്തുടരാൻ ഉദ്ദേശിക്കുന്ന ആ പ്രമാണമനുസരിച്ച് പാക്കിസ്ഥാൻ ഇന്ത്യൻ മണ്ണിൽ നടത്തുന്ന ഏതുതരം ഭീകരപ്രവർത്തനവും യുദ്ധമായി കണക്കാക്കി ഉചിതമായ തുടർനടപടി സ്വീകരിക്കും. വെടിനിർത്തൽ കരാറോ പ്രഖ്യാപനങ്ങളോ ഇല്ല. സൈനിക നടപടി തൽക്കാലം മരവിപ്പിക്കും. ഭീകരരെ ഇനിയും കയറൂരിവിട്ടാൽ നടപടി പുനരാരംഭിക്കും.
ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം ദിവസം പാക്കിസ്ഥാൻ നടത്തിയ പ്രത്യാക്രമണം അൽപം ആശ്ചര്യപ്പെടുത്തിയെങ്കിലും പിറ്റേന്നുതന്നെ ഇന്ത്യ ആധിപത്യം കൈവരിച്ചതായി ലോകമെങ്ങുമുള്ള സൈനികവിദഗ്ധർ വിലയിരുത്തുന്നു. എന്നാൽ, ഇന്ത്യയിലെ നിരവധി വനിതകളുടെ നെറ്റിയിൽ നിന്ന് സിന്ദൂരം മായിച്ചുകളഞ്ഞ ഭീകരസംഘാംഗങ്ങളുടെ ഭാര്യമാരെയും അതേ നിലയിലാക്കാൻ മാത്രമേ ഉദ്ദേശിക്കുന്നുള്ളൂവെന്ന് ഈ നടപടിയുടെ തുടക്കത്തിൽത്തന്നെ നമ്മൾ വ്യക്തമാക്കിയിരുന്നു. ലക്ഷ്യം നേടിയ സാഹചര്യത്തിൽ സൈനികനടപടി തുടരാൻ പിന്നെ കാരണമുണ്ടായിരുന്നില്ല. പാക്കിസ്ഥാന്റെ ഭൂമി പിടിച്ചെടുക്കാനോ സാമ്പത്തികമായി അവരെ തകർക്കാനോ ഇന്ത്യ ഉദ്ദേശിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ, ഏറ്റുമുട്ടൽ അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാൻ അഭ്യർഥിച്ചപ്പോൾ ഇന്ത്യ അതു സ്വീകരിച്ചു. ഇത്തരം സന്ദർഭങ്ങളിൽ അവർ പ്രയോഗിക്കാറുള്ള ആണവായുധ ഭീഷണി ഇത്തവണയും വിലപ്പോയില്ല.
ഏറ്റുമുട്ടൽ ആണവയുദ്ധമായിത്തീരാതിരിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സഹപ്രവർത്തകരും മധ്യസ്ഥരുടെ പങ്ക് വഹിച്ചോ എന്നു മാത്രമേ ഇനി വ്യക്തമാകാനുളളൂ. അമേരിക്കയുടെ അവകാശവാദം ഇന്ത്യ നിഷേധിച്ചു. ലക്ഷ്യം നേടിയതുകൊണ്ടു മാത്രമാണ് സൈനികനടപടി മരവിപ്പിച്ചതെന്ന് ആവർത്തിക്കുകയും ചെയ്തു. ഇന്ത്യയുടെ ഈ നിലപാട് പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചങ്ങാത്തത്തെ എങ്ങനെ ബാധിക്കുമെന്ന് ഇരുരാജ്യങ്ങളും കണക്കിലെടുത്തിട്ടേയില്ല. ഈ ദിവസങ്ങളിൽ സൗദി അറേബ്യയിലും ഖത്തറിലും സന്ദർശനത്തിനു പോയ അമേരിക്കൻ പ്രസിഡന്റ്, ഖത്തർ സമ്മാനിച്ച ആഡംബര ബോയിങ് വിമാനവും സൗദിയുമായി ആയിരക്കണക്കിനു കോടി ഡോളറിന്റെ നിക്ഷേപ– പ്രതിരോധ കരാറുകളും നേടിയാണ് മടങ്ങിയത്. ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ അദ്ദേഹം ഇന്ത്യയെയും പാക്കിസ്ഥാനെയും നിർബന്ധിതരാക്കിയോയെന്നു വ്യക്തമല്ല. തോക്കുകൾ നിശബ്ദമാകുകയും ആണവായുധങ്ങൾ കലവറകളിലേക്കു തിരിച്ചുവയ്ക്കുകയും രക്തച്ചൊരിച്ചിൽ അവസാനിക്കുകയും ചെയ്യുമ്പോൾ, ആ സൽപ്രവൃത്തി ആരാണു ചെയ്തതെന്ന തർക്കം തന്നെ അപ്രസക്തമാണ്. ഗാസയും യുക്രെയ്നും ഉൾപ്പെടെയുള്ള യുദ്ധങ്ങളൊന്നും അവസാനിപ്പിക്കാൻ കഴിയാത്ത ട്രംപിന് ഇന്ത്യ–പാക്കിസ്ഥാൻ ഏറ്റുമുട്ടൽ താൻ ഇടപെട്ടു നിർത്തിയെന്നു പറയുന്നതുപോലും സന്തോഷകരമായി തോന്നിയേക്കാം.
അദ്ദേഹം സന്തോഷിക്കുന്നതിൽ ഉറ്റചങ്ങാതിയായ മോദിക്കും എതിർപ്പുണ്ടാകാൻ ഇടയില്ല. യുദ്ധം നിർത്തിയില്ലെങ്കിൽ ഇരുരാജ്യങ്ങളുമായുള്ള വാണിജ്യ ഇടപാടുകൾ അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പു നൽകിയതായി ട്രംപ് ഇതിനിടെ പറഞ്ഞു. അത് നിർമിതബുദ്ധിയിൽ തയാറാക്കിയ പ്രസ്താവനയായാലും അല്ലെങ്കിലും ഇന്ത്യ പാടേ നിഷേധിച്ചു.
കശ്മീർ വിഷയത്തിൽ മൂന്നാംകക്ഷിയുടെ ഇടപെടൽ അനുവദിക്കില്ലെന്ന നിലപാടുള്ള ഇന്ത്യ, ഇക്കാര്യങ്ങളിലൊന്നും ആരുടെയും സഹായം തേടാറില്ല. എന്നാൽ, ഭീകരപ്രവർത്തനവും അതുമൂലമുള്ള കെടുതികളും മറ്റു രാജ്യങ്ങളെ അപ്പപ്പോൾ അറിയിക്കാറുണ്ട്. പക്ഷേ, ചൈനയും തുർക്കിയും പാക്കിസ്ഥാനെ തുറന്നു പിന്തുണച്ചു. തുർക്കി പഴയകാലം മുതൽ പാക്കിസ്ഥാന്റെ സഖ്യകക്ഷിയാണല്ലോ. അവരുടെ ചിരകാല സുഹൃത്താണ് ചൈന. ഇരുവരും നൽകിയ വിമാനങ്ങളും യുദ്ധക്കപ്പലും മറ്റ് ആയുധങ്ങളുമാണ് പാക്കിസ്ഥാന്റെ ആവനാഴിയിലുള്ളത്.
ആകെക്കൂടി വിലയിരുത്തുമ്പോൾ, സൈനിക നടപടി മരവിപ്പിച്ച നിലയിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും സമാധാനത്തോടെ ഉറങ്ങാൻ കഴിയുമോയെന്ന ആശങ്കയുയരുന്നു.
ഏതായാലും പഹൽഗാം ഭീകരാക്രമണത്തിനു പ്രതികാരം ചെയ്തതിലൂടെ ഇന്ത്യ പുതിയൊരു പൊതുനിലയും (new normal) പ്രമാണവും (doctrine) സ്വീകരിച്ചിരിക്കുന്നു. കശ്മീർ പ്രശ്നത്തെ വീണ്ടും രാജ്യാന്തരതലത്തിലേക്കു കൊണ്ടുവന്ന പാക്കിസ്ഥാൻ ആണവയുദ്ധ ഭീഷണി ഒരിക്കൽക്കൂടി സജീവമാക്കി. നാലുദിവസത്തെ കെടുതികളും ആൾനാശവും മേഖലയിൽ സമാധാനവും ശാന്തിയും നിലനിർത്തുമോയെന്ന് വിധിയെഴുതാൻ ചരിത്രത്തിനു മാത്രമേ കഴിയൂ.