ഓസ്ട്രേലിയയിലെ കേരളം: റോഡ് അടച്ച് പ്രവർത്തിക്കുന്ന ഈ ‘കേരളാ മോഡൽ സ്പെഷൽ ചന്ത’യിൽ എന്തും കിട്ടും

Mail This Article
ബ്രിസ്ബെയ്ൻ ∙ കേരളത്തിലെ അങ്ങാടി ചന്തകളെ അനുസ്മരിപ്പിക്കുന്ന ഒരു ചന്തയുണ്ട് അങ്ങ് ഓസ്ട്രേലിയയിൽ. ബ്രിസ്‌ബെയ്‌നിലെ ലോഗൻ നഗരത്തിൽ ക്വീൻസ്‌ലാൻഡിലുള്ള സൺഡേ മാർക്കറ്റാണിത്. . മാർക്കറ്റിന്റെ കവാടത്തിൽ കേൾക്കുന്ന സംഗീതം ഒരു ഉത്സവ പ്രതീതി നൽകുന്നു. അകത്തേക്ക് കടക്കുമ്പോൾ കപ്പ, ചീനി കിഴങ്ങ്, പലതരം പുളികൾ, ഏത്തക്കായ, വാഴച്ചുണ്ട്, അച്ചിങ്ങ, മത്തൻ, കുമ്പളങ്ങ, പഴുത്തതും പച്ചയായതുമായ ചക്ക, ചേമ്പ്, കാച്ചിൽ, കറിവേപ്പില, മാങ്ങ, മുരിങ്ങക്കായ, പച്ചമഞ്ഞൾ, കരിമ്പ് തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ സുലഭമായി കാണാം. തേങ്ങ, വിവിധയിനം ചീരകൾ, വൈവിധ്യമാർന്ന പഴങ്ങൾ എന്നിവയും ഇവിടെയുണ്ട്. ഈ കാഴ്ചകൾ കേരളത്തിലെ ഒരു ഗ്രാമീണ ചന്തയുടെ അതേ അനുഭവം നൽകുന്നു.
പ്രാദേശിക കൃഷിയിടങ്ങളിൽ നിന്നുള്ള വിളവുകൾ കർഷകരും മറ്റ് വ്യാപാരികളും നേരിട്ട് വിറ്റഴിക്കുന്ന ഒരു കൂട്ടായ്മയാണ് ഈ മാർക്കറ്റ്. ഇവിടെ കൂടുതലും വിറ്റുപോകുന്നത് കർഷകർ സ്വന്തമായി കൃഷി ചെയ്ത ഉൽപന്നങ്ങളാണ്. ഏഷ്യൻ, മിഡിൽ ഈസ്റ്റേൺ വിഭവങ്ങൾ വരെ ഈ സൺഡേ മാർക്കറ്റിൽ ലഭ്യമാണ്.
ലോഗൻ സിറ്റി ഡ്രൈവിലെ റോഡ് അടച്ചാണ് ഈ മാർക്കറ്റ് പ്രവർത്തിക്കുന്നത്. ഞായറാഴ്ച രാവിലെ 6 മണി മുതൽ 12 മണി വരെയാണ് ഇവിടുത്തെ കച്ചവട സമയം. ഗ്ലോബൽ ഫുഡ് മാർക്കറ്റ് എന്നറിയപ്പെടുന്ന ഇവിടെ ഇന്ത്യൻ, തായ്, ചൈനീസ്, ആഫ്രിക്കൻ ഉൽപന്നങ്ങളും സുലഭമായി വിറ്റുപോകുന്നണ്ട്.

പാടോംഗോ, ഹൈനാനീസ് ചിക്കൻ റൈസ്, തായ് ഡൊണറ്റുകൾ, ഐസ്ക്രീം, ജ്യൂസ്, ചായ, കാപ്പി തുടങ്ങിയവയെല്ലാം ഈ മാർക്കറ്റിൽ ലഭ്യമാണ്. ഉൽപന്നങ്ങൾ ന്യായമായ വിലയ്ക്ക് വാങ്ങാൻ കഴിയും എന്നതാണ് ഇവിടുത്തെ പ്രധാന ആകർഷണം.

ഗ്ലോബൽ ഫുഡ് മാർക്കറ്റ് കൂടാതെ ബിൻ ലിഷോ ഗ്രൗണ്ട്മാർക്കറ്റ്, ടാനാ മെറ കമ്മ്യൂണിറ്റി മാർക്കറ്റ്, ജാൻ പവേഴ്സ് ഫാർമേഴ്സ് മാർക്കറ്റ്, മിൽട്ടൺ മാർക്കറ്റ്, ഓൾഡ് പെട്രി ടൗൺ മാർക്കറ്റ് എന്നിങ്ങനെ നിരവധി സൺഡേ മാർക്കറ്റുകൾ ബ്രിസ്‌ബെയ്നിലുണ്ട്.
ഒരു തിരക്കും കൂട്ടാതെ ആളുകൾ സന്തോഷത്തോടെയും സമാധാനത്തോടെയും സാധനങ്ങൾ വാങ്ങുകയും ചെറുചിരിയോടെ മടങ്ങുകയും ചെയ്യുന്നു എന്നത് ഇവിടുത്തെ പ്രത്യേകതയാണ്. . ഒരു ചെറിയ പ്രശ്നമുണ്ട്, സാധനങ്ങൾ വാങ്ങുന്നതൊക്കെ കൊള്ളാം, റെഡി കാഷ് കൊടുക്കണം. കാർഡ് വഴി പണം വാങ്ങുന്ന രീതി ഇല്ല. അതാണ് രീതി. കൃത്യം 12 മണി ആകുമ്പോൾ മാർക്കറ്റ് കാലിയാകും. അപ്പോഴും റോഡ് നല്ല വൃത്തിയോടെയും വെടിപ്പോടെും കിടക്കും.