ADVERTISEMENT

ക്വാലലംപൂർ ∙ മനുഷ്യക്കടത്തിന് ഇരയായി മലേഷ്യയിലെത്തി ഗാർഹിക ജോലിക്കിടെ ഗുരുതരമായി പൊള്ളലേറ്റ മലയാളി വനിതയെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി. മിനി ഭാർഗവനെ (54) ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും പൊള്ളലേറ്റ് മാർച്ച് ഏഴിനാണ് പൊള്ളലേറ്റ നിലയിൽ പെനാങ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചത്. ഇക്കാര്യം തൊഴിലുടമ മിനിയുടെ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. ചികിത്സയിലിരിക്കെ ശ്വാസകോശത്തിലെ അണുബാധയും വൃക്ക സംബന്ധമായ അസുഖങ്ങളും മൂർച്ഛിച്ചതോടെ മിനിയുടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളാവുകയായിരുന്നു.

മിനിയെ തുടർച്ചയായി ഫോണിൽ ബന്ധപ്പെടാൻ കഴിയാതായതോടെയാണ് കുടുംബം ലോക കേരള സഭ സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ടത്. തുടർന്ന് മലേഷ്യയിലെ ലോക കേരള സഭാ പ്രതിനിധികൾക്ക് വിവരം കൈമാറി. ലോക കേരള സഭാംഗവും സാമൂഹിക പ്രവർത്തകനുമായ ആത്മേശൻ പച്ചാട്ടിന്റെ പ്രാഥമികാന്വേഷണത്തിലാണ് രണ്ടുമാസത്തിലധികമായി 26 ശതമാനത്തോളം ഗുരുതരമായ പൊള്ളലേറ്റ്, വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വാസോച്ഛ്വാസം പോലും വീണ്ടെടുക്കാനാവാതെ അബോധാവസ്ഥയിൽ കഴിയുന്ന മിനിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകമറിയുന്നത്.

ശേഷം ആത്മേശനും മലേഷ്യയിലെ ഇന്ത്യൻ ഹെറിറ്റേജ് സൊസൈറ്റി ഭാരവാഹി ശശികുമാർ പൊതുവാളും ചേർന്ന് വിഷയത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ എംബസിയെ സമീപിച്ചു. 

steps-to-return-mini-bhargavan-to-back-home-completed-1
ചികിത്സയിലിരിക്കെ ശ്വാസകോശത്തിലെ അണുബാധയും വൃക്ക സംബന്ധമായ അസുഖങ്ങളും മൂർച്ഛിച്ചതോടെ മിനിയുടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളാവുകയായിരുന്നു.

തുടരന്വേഷണത്തിൽ ജോലിക്കുള്ള വീസ നൽകാമെന്ന വ്യാജേന ഗാർഹിക തൊഴിലാളികളായി സന്ദർശക വീസയിൽ മലേഷ്യയിലേക്ക് കടത്തിയ മിനിയുടെ സഹോദരിയടക്കം 42 സ്ത്രീകളിൽ ഒരാൾ മാത്രമാണ് മിനിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏജന്റിന്റെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്ന സഹോദരിയെയും മറ്റൊരു സ്ത്രീയെയും എംബസിയുടെ നേതൃത്വത്തിൽ പ്രത്യേക ഷെൽട്ടറിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്ത്യൻ എംബസിയിലെ ലേബർ വിങ്ങിലെ ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടൽ തൊഴിലുടമക്കും ഏജന്റിനുമെതിരെയുള്ള നടപടികൾ വേഗത്തിലാക്കി. നിലവിൽ മിനിയുടെ ആരോഗ്യസ്ഥിതിയിലെ പുരോഗതിയെ തുടർന്ന് ആശുപത്രി അധികൃതരും എംബസി ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയുടെ ഫലമായി തുടർ ചികിത്സയ്ക്കായി നാട്ടിലെത്തിക്കാനും അവസരമൊരുങ്ങിക്കഴിഞ്ഞു. മനുഷ്യക്കടത്തിനെതിരെയുള്ള നിയമനടപടികളുടെ ബലത്തിൽ ഇരയെ നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും തൊഴിലുടമയെ കൊണ്ട് വഹിപ്പിക്കാനുള്ള ഇന്ത്യൻ എംബസിയുടെ നയതന്ത്ര ഇടപെടലും ഫലം കണ്ടതോടെ മിനിക്ക് വേണ്ടി എയർ ആംബുലൻസും സജ്ജമായി.

ഷെഡ്യൂൾ ചെയ്തത് പ്രകാരം മേയ് 22ന് രാത്രി ക്വലാലംപൂരിൽ നിന്നും മലേഷ്യൻ എയർലൈൻസിന്റെ പ്രത്യേക എയർ ആംബുലൻസിൽ കൊച്ചിയിലെത്തിക്കും. തുടർ ചികിത്സകൾക്കായി നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ എറണാംകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ എല്ലാ സജ്ജീകരണങ്ങളും ചെയ്ത് കഴിഞ്ഞു. മനുഷ്യക്കടത്തിന്റെ ഇരയായ മലയാളി പ്രവാസിയെ എയർ ആംബുലൻസ് ഉപയോഗിച്ച് നാട്ടിലേക്ക് എത്തിക്കുന്നത് ഇതാദ്യമാണ്.

English Summary:

Steps have been completed to repatriate Mini Bhargavan (54), who was seriously burned while working as a domestic worker in Malaysia.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com