50-ാം വയസ്സിൽ പുതിയ കരിയർ: ഇന്ത്യൻ നേവിയിൽ നിന്ന് ന്യൂസീലൻഡ് ഡിഫൻസിലേക്ക്; 80 ലും ചുറുചുറുക്കോടെ മലയാളി മിസൈൽ വിദഗ്ധന്

Mail This Article
ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിൽ ഉയർന്ന പദവി വഹിക്കുന്നതിനിടെ വിആർഎസ് എടുത്ത് 50–ാമത്തെ വയസ്സിൽ ന്യൂസീലൻഡ് ഡിഫൻസ് വിങ്ങിൽ ബിസിനസ് എക്സലൻസ് മാനേജർ ആയി ജോലിയിൽ പ്രവേശിച്ച ജോസഫ് മാത്യുവിനെ പരിചയപ്പെടാം. ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമായ, യുവതലമുറയ്ക്ക് ഉത്തമ മാതൃകയായ ജോസഫ് മാത്യൂ ഇന്ത്യൻ നേവിയിൽ നിന്ന് ന്യൂസീലൻഡ് ഡിഫൻസിന്റെ ഭാഗമായി മാറിയ വിജയ ചരിത്രമറിയാം.
∙ ഇന്ത്യൻ ഡിഫൻസിലെ ഉയർന്ന പദവിയിൽ നിന്ന് വിആർഎസ് എടുത്ത് ന്യൂസീലൻഡിലെത്തി 50–ാം വയസ്സിൽ ഇവിടെ പുതിയ കരിയർ പടുത്തുയർത്താനുള്ള ധൈര്യം എങ്ങനെ കിട്ടി?
ന്യൂസീലൻഡിൽ വന്നത് മകളുടെ മെഡിസിൻ പ്രവേശനവുമായി ബന്ധപ്പെട്ടാണ്. ഇങ്ങോട്ട് വരുന്നതിന് മുൻപ് തന്നെ എനിക്ക് സ്കിൽ കാറ്റഗറിയിൽ പെർമനന്റ് റസിഡൻസി ലഭിച്ചിരുന്നു. മകളുടെ പ്രവേശനം നീണ്ടതോടെ റസിഡൻസി ഉപയോഗിക്കാൻ തീരുമാനിച്ചു. ഇവിടെ താമസിക്കാമെന്ന് കരുതി. ഒരു ബ്രിട്ടീഷ് എൻജിനീയറെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ കൂടെയായിരുന്നു ആദ്യകാലം താമസം.
വീട് വാടകയ്ക്ക് എടുക്കാനായി പിന്നീട് പത്രത്തിൽ കാണുന്ന പരസ്യങ്ങളിലെ നമ്പറുകളിൽ വിളിച്ചു. മുന്നാല് തവണ വിളിച്ച് സംസാരിക്കുമ്പോൾ പലരും മുറി ഇല്ലെന്നാണ് പറഞ്ഞത്. ഇത് ആവർത്തിച്ചപ്പോൾ എന്റെ ഭാഷയിൽ എന്തോ കുഴപ്പമുണ്ടെന്ന് തോന്നി. ഇന്ത്യൻ ആയതു കൊണ്ട് ആക്സന്റിൽ പ്രശ്നമുണ്ടെന്നാണ് ആദ്യം കരുതിയത്. അങ്ങനെ എന്റെ സുഹൃത്തിനോട് ചോദിച്ചു. ഇന്ത്യക്കാരോട് തെറ്റിദ്ധാരണയുണ്ടോയെന്ന് തിരക്കി.
നോർത് ഷോറിലാണ് ഞാൻ താമസിച്ചിരുന്നത്. അവിടെ ഇന്ത്യക്കാർ കുറവാണ്. അവിടെയുള്ളവർക്ക് ഇന്ത്യക്കാരെക്കുറിച്ച്, പ്രത്യേകിച്ച് ജീവിതശൈലി, പാചകം സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടായിരുന്നു. ഞാൻ ഇംഗ്ലിഷുകാരൻ അല്ലാത്തവരുടെ ഉടമസ്ഥതയിലുള്ള വീടുകൾ തേടി. ഒടുവിൽ ഒരു ചൈനക്കാരന്റെ വീടാണ് വാടകയ്ക്ക് എടുത്തത്. അങ്ങനെയാണ് ന്യൂസീലൻഡ് ജീവിതത്തിന് തുടക്കമായത്.
∙ 50–ാം വയസ്സിൽ ജോലി ലഭിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നോ?
ജോലിക്കായി പലർക്കും ബയോഡേറ്റ അയച്ചു. ആരും പ്രതികരിച്ചില്ല. 40 വയസ്സ് കഴിഞ്ഞാൽ പോലും ജോലി കിട്ടാൻ ബുദ്ധിമുട്ടാണെന്നിരിക്കെ 50–ാം വയസ്സിൽ ജോലി പ്രയാസമായിരിക്കുമെന്ന് സുഹൃത്തുക്കളും പറഞ്ഞു. ന്യൂസീലൻഡ് ഹെറാൾഡിൽ നേവൽ അഡ്വൈസറിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചതു കണ്ടു.
അതിനായി നല്ലൊരു സിവി റെഡിയാക്കി. സിവി എങ്ങനെ നൽകണമെന്നറിയാൻ റിക്രൂട്ട്മെന്റ് ഏജൻസിയെ സമീപിക്കാൻ സുഹൃത്തുക്കൾ പറഞ്ഞു. അങ്ങനെ അപേക്ഷ നൽകാനായി നഗരത്തിലെ ഫെറി ബിൽഡിങ്ങിലെ ഏജൻസിയെ സമീപിച്ചു. അവിടെ ചെന്നപ്പോൾ ഇന്ത്യക്കാരനാണെന്നറിഞ്ഞപ്പോ ജോലി കിട്ടില്ലെന്നാണ് അയാൾ പറഞ്ഞത്. റോയൽ ന്യൂസീലൻഡ് നേവിയിലേക്കാണ് അപേക്ഷ നൽകുന്നത്.
അതിലേക്ക് യുകെ, യുഎസ്എയിൽ നിന്നുള്ളവർക്കേ ജോലി ലഭിക്കുകയുള്ളു. എനിക്ക് കിട്ടില്ലെന്ന് പറഞ്ഞു. അതുകേട്ടപ്പോ ആദ്യം ഞാൻ മരവിച്ചു പോയി. ഒരു പ്രശ്നം ഉണ്ടാക്കേണ്ടെന്ന് കരുതി സിവി തിരികെ വാങ്ങി ഇറങ്ങി പോരുകയായിരുന്നു. വേക്കൻസി പരസ്യത്തിനൊപ്പം ഡിഫൻസിന്റെ മേൽവിലാസമുണ്ടായിരുന്നു. അതിലേക്ക് സിവി തപാൽ ആയി അയച്ചു. അയച്ചു കഴിഞ്ഞപ്പോൾ അതു കിട്ടിക്കാണുമോ എന്നായിരുന്നു സംശയം.
മേൽവിലാസത്തിനൊപ്പമുണ്ടായിരുന്ന ഫോൺ നമ്പറിലേക്ക് വിളിച്ചു. തപാൽ കിട്ടിയോ എന്നു ചോദിച്ചു. അവർക്ക് കിട്ടിയെന്ന് പറഞ്ഞു. അപ്പോഴാണ് ആശ്വാസമായത്. ന്യൂസീലൻഡ് ഡിഫൻസിനെക്കുറിച്ചും മൊത്തം കപ്പലുകളെക്കുറിച്ചുമെല്ലാം ഞാൻ നന്നായി മനസ്സിലാക്കിയിരുന്നു. ഇവിടെ ചെറിയ എണ്ണം കപ്പലുകളേയുള്ളു. ഇന്ത്യയിലെ നേവൽ പോർട്ടില് ദിവസേന ഞാൻ കൈകാര്യം ചെയ്തിരുന്ന കപ്പലുകളുടെ എണ്ണമേയുള്ളു.
ഇന്ത്യൻ നേവിയുടെ മുന്ന് ഡിവിഷനുകളിലൊന്നായ സതേൺ നേവൽ കമാൻഡിന്റെ വിഭാഗത്തിന്റെ ടെക്നിക്കൽ മേധാവിയായിരുന്നതിനാൽ കുറച്ച് കപ്പൽ വ്യൂഹങ്ങളുടെ മൊത്തം ചുമതലയായിരുന്നു എനിക്ക്. ന്യൂസീലൻഡിന് ആകെ ഒരു കപ്പൽവ്യൂഹമേയുള്ളു. ന്യൂസീലൻഡിലെ വലിയ കപ്പൽ ലിയാൻഡൽ ക്ലാസ് ഫ്രിഗറ്റ്സ് ആണ്. ഇന്ത്യൻ നേവിക്ക് ലിയാൻഡറിന്റെ രണ്ട് വ്യൂഹമുണ്ട്. ഇതെല്ലാം എനിക്ക് അനുകൂലമാകുമെന്ന് കരുതി.
അപേക്ഷ നൽകി മറുപടിക്കായി ഞാൻ കാത്തിരുന്നു. ഒരു ദിവസം ഇന്റർവ്യൂവിനായി കത്ത് കിട്ടി. അവിടെ ചെന്നപ്പോ യുകെ, ന്യൂസീലൻഡ്, യുഎസ് എന്നിവിടങ്ങളിൽ നിന്നെല്ലാം ആളുകൾ ഉണ്ടായിരുന്നു. ഇന്റർവ്യൂ ബോർഡിന് മുൻപിലെത്തിയപ്പോൾ അവർ പറഞ്ഞു. ന്യൂസീലൻഡിന് മിസൈൽ ഇല്ലെന്ന്. മിസൈൽ വിദഗ്ധൻ എന്ന് സിവിയിൽ വ്യക്തമാക്കിയിരുന്നു. കൂടുതൽ ചോദ്യങ്ങൾക്ക് മുൻപേ ഒരു വെള്ള പേപ്പറും പേനയും തന്നിട്ട് ഡിഫൻസിലേക്ക് തിരഞ്ഞെടുത്താൽ ന്യൂസീലൻഡ് നേവിക്കായി എന്ത് ചെയ്യുമെന്ന് എഴുതി തരാൻ പറഞ്ഞു.
ഞാൻ എഴുതി നൽകി. തിരികെ പോന്നു. വീട്ടിലെത്തിയപ്പോഴേയ്ക്കും ഫോൺ വന്നു. ഇന്റർവ്യൂ ബോർഡിന്റെ പ്രസിഡന്റ് ആണ് വിളിച്ചത്. ഇത്തവണ അവസരം ഇല്ലെന്ന് പറയാൻ ആയിരിക്കും വിളിച്ചതെന്നാണ് ഞാൻ കരുതിയത്. എന്നാൽ എനിക്കാണ് ഇന്റർവ്യൂവിൽ ഒന്നാം സ്ഥാനമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ജോലിയിൽ എന്ന് ജോയിൻ ചെയ്യാൻ പറ്റുമെന്നറിയാനാണ് വിളിച്ചതെന്ന് പറഞ്ഞപ്പോ എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല.
രണ്ടാഴ്ചക്കുള്ളിൽ ജോയിൻ ചെയ്യാമെന്ന് പറഞ്ഞു. ജോലിയിൽ പ്രവേശിക്കാൻ ചെന്നപ്പോൾവലിയ സ്വീകരണമാണ് ലഭിച്ചത്. അത്ഭുതമായിരുന്നു എനിക്ക്. ചോദിച്ചപ്പോൾ ഇന്ത്യൻ നേവിയിൽ ആയുധ ഉപകരണ വിഭാഗത്തിന്റെ ഡയറക്ടർ ഉൾപ്പെടെ നിർണായക പദവി വഹിച്ചിരുന്നതിനാൽ ആണ് ഇത്തരമൊരു സ്വീകരണം നൽകുന്നതെന്ന് പറഞ്ഞു.
ജോലി തുടരാൻ ഇന്ത്യൻ സർക്കാരിൽ നിന്ന് സുരക്ഷാ ക്ലിയറൻസ് ആവശ്യമാണെന്നും പറഞ്ഞു. ഡിഫൻസ് ആയതിനാൽ ന്യൂസീലൻഡിൽ ജോലി ചെയ്യുന്ന കാര്യം ഇന്ത്യൻ സർക്കാരിനോട് സംസാരിക്കാതിരുന്നാൽ ഒരു തർക്കത്തിന് ഇടയാക്കുമെന്നതിനെ തുടർന്നാണ് ക്ലിയറൻസ് ആവശ്യപ്പെട്ടത്. ക്ലിയറൻസിനായി ഞാൻ കാത്തിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും ഇന്ത്യയിൽ നിന്ന് മറുപടി ലഭിച്ചില്ലെന്ന് അവർ പറഞ്ഞു അതെനിക്ക് വിഷമമുണ്ടാക്കി.
ഞാൻ വേഗം നാട്ടിലെ സുഹൃത്തിനോട് സംസാരിച്ചു. പൊലീസ് ക്ലിയറൻസ് മാത്രം മതിയാകുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ ന്യൂസീലൻഡ് ഡിഫൻസിൽ ഇത്ര വലിയ പദവിയിൽ പ്രവേശിക്കുന്നയാൾക്ക് പൊലീസിന്റെ അല്ല പകരം റോയിൽ നിന്നുള്ള ക്ലിയറൻസാണ് ലഭിക്കേണ്ടതെന്ന് പറഞ്ഞു. റോയിലെ റിസർച്ച് ആൻഡ് അനാലിസിസിൽ നിന്ന്. അപ്പോഴാണ് ഗൗരവം മനസ്സിലായത്.
എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. അങ്ങനെ ആ സുഹൃത്ത് റോയെ നേരിട്ട് വിളിക്കാൻ പറഞ്ഞു നമ്പർ തന്നു. റോയിലേക്ക് വിളിച്ചപ്പോൾ ക്ലിയറൻസിനുള്ള മെയിൽ ലഭിച്ചിരുന്നു. പക്ഷേ അപ്രധാനമായ ഗ്രൂപ്പിലാണ് ഫയൽ ലഭിച്ചത് അതാണ് താമസം വന്നതെന്നു പറഞ്ഞു. ഉടൻ തന്നെ ന്യൂസീലൻഡ് സർക്കാരിന് മറുപടി അയച്ചോളാമെന്ന് റോയിലെ ഓഫിസർ പറഞ്ഞു. അങ്ങനെ വേഗം മറുപടി ലഭിച്ചു. എന്നെ നിയമിക്കാൻ രണ്ടു സർക്കാരിനും സമ്മതമായിരുന്നു.
∙ ന്യൂസീലൻഡ് ഡിഫൻസ് സേനയിൽ ജോലിയിൽ കയറിയത് നെവർ ഗീവ് അപ് ആറ്റിറ്റ്യൂഡിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമായാണ് കരുതുന്നത്. മകളുടെ വിദ്യാഭ്യാസത്തിനായാണ് എത്തിയതെങ്കിലും പ്രതിസന്ധികൾ തരണം ചെയ്ത് പൊരുതി നേടിയ ജോലിയാണിത്. ഇന്ത്യയിൽ കമാൻഡറിന്റെ ഔദ്യോഗിക പദവിയും അതിലൂടെ ലഭിക്കുന്ന വലിയ സൗകര്യങ്ങളും വേണ്ടെന്ന് വച്ച് ന്യൂസീലൻഡിൽ ജീവിതം തുടങ്ങിയപ്പോൾ എന്തായിരുന്നു തോന്നിയത് ?
ഡേവിഡ് എന്ന യൂറോപ്യൻ സുഹൃത്തിന്റെ വീട്ടിലായിരുന്നു ആദ്യ നാളുകളിലെ താമസം. നാട്ടിൽ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ജീവിച്ചത്. ഡ്രൈവർ ഉൾപ്പെടെ എല്ലാം. ഇവിടെ നമ്മൾ എല്ലാം തനിയെ ചെയ്യണം. പതുക്കെ ഇവിടുത്തെ ജീവിതത്തോട് പൊരുത്തപ്പെട്ടു. ഒരു വർഷം കഴിഞ്ഞപ്പോ പത്രങ്ങളിൽ നിന്ന് ചെറുകിട, ഇടത്തരം ബിസിനസുകളെക്കുറിച്ച് വായിച്ചറിഞ്ഞപ്പോ താൽപര്യം തോന്നി. ഇന്ത്യയിൽ ആയിരുന്നപ്പോൾ നേവിയിൽ നിന്ന് ഇറങ്ങിയ ശേഷം ഒരു കൺസൽറ്റൻസി തുടങ്ങിയിരുന്നു. ആ ഒരു ബിസിനസ് പരിചയമുണ്ടായിരുന്നു.
ഇന്ത്യയിൽ അപേക്ഷകർക്കായി ഒരു ട്രെയിനിങ്ങും ഉണ്ടാകും. ബിസിനസ്, ഫിനാൻസ് എന്നിവയെക്കുറിച്ചും എങ്ങനെ ബിസിനസ് നടത്തണം എന്നുമെല്ലാമാണ് പരിശീലനം നൽകുന്നത്. പരിശീലനത്തിൽ വിജയിച്ചാൽ മാത്രമേ ലോൺ ലഭിക്കൂ. ബിസിനസിനെക്കുറിച്ച് കമ്യൂണിറ്റിക്ക് ക്ലാസ് എടുക്കുന്നതിനെക്കുറിച്ച് അപ്പോഴാണ് ചിന്തിച്ചത്. വീട്ടിലേക്ക് പോകുന്ന വഴിയാണ് ടാക്കപുന ഗ്രാമർ സ്കൂൾ കണ്ടത്. അവിടെ പോയി ബിസിനസ് ക്ലാസ് എടുക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. ഒരു സിലബസ് ഉണ്ടാക്കാൻ അവർ പറഞ്ഞു. 86 ശതമാനം ബിസിനസുകളും പരാജയമാണ്. പരിശീലനം ആവശ്യമാണ്. അങ്ങനെ ഒരു സിലബസ് ഉണ്ടാക്കി അവിടെ ക്ലാസ് എടുക്കാൻ തുടങ്ങി.
പ്രധാനമന്ത്രി യോജന പദ്ധതി പ്രകാരമാണ് ലോൺ ലഭിക്കുക. ഒരുപാട് അപേക്ഷകരുണ്ട്. ഇത്രയും ആളുകളെ എങ്ങനെയാണ് പരിശീലിപ്പിക്കുന്നത് എന്നതും ഒരു പ്രശ്നമായിരുന്നു. അങ്ങനെ സിലബസുമായി കിറ്റ്കോയെ സമീപിച്ചു. കേരളത്തിന് മുഴുവനായി പരിശീലനം നൽകാൻ കഴിയില്ലെന്ന് പറഞ്ഞു. കോട്ടയം, കോഴിക്കോട്, ആലപ്പുഴ, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിൽ ഒഴികെ ബാക്കി എല്ലാ ജില്ലകളിലും പരിശീലനം നൽകാമെന്ന് ഞാൻ പറഞ്ഞു.
കിറ്റ്കോ മാനേജിങ് ഡയറക്ടർ ചോദിച്ചു എനിക്ക് പരിശീലിപ്പിച്ചു കൂടെയെന്ന്. അങ്ങനെ ട്രെയിനിങ് നൽകാൻ സർക്കാർ സമ്മതിച്ചു. സംസ്ഥാനത്തുടനീളം പരിശീലനത്തിന് കുറച്ച് നിക്ഷേപം ആവശ്യമായിരുന്നു. 5 ജില്ലകളിൽ ആദ്യം ഞാൻ പരിശീലനം നൽകി. ആദ്യത്തെ പരിശീലനം മികച്ച സംരംഭകനായ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയെ കൊണ്ടായിരുന്നു. ജില്ലാ വ്യവസായ ഓഫിസിൽ നിന്നും എല്ലാത്തിൽ നിന്നും വിവരങ്ങൾ ലഭിക്കുകയും ചെയ്തു. ആലപ്പുഴയിൽ തന്നെ 40 പേരോളം പരിശീലനത്തിനായെത്തി. അങ്ങനെയായിരുന്നു നാട്ടിലെ ബിസിനസ് പരിചയം.
ന്യൂസീലൻഡിൽ ബിസിനസ് കോഴ്സ് തുടങ്ങിയതോടെ പതുക്കെ ആളുകൾ അറിഞ്ഞു തുടങ്ങി. ഇവിടുത്തെ സർവകലാശാലയുമായി ബന്ധപ്പെട്ടു കൂടേയെന്ന് പലരും ചോദിച്ചു. അവിടെ ബിസിനസിനായി പ്രത്യേക വിഭാഗം തന്നെയുണ്ട്. അങ്ങനെ ഓക്ലൻഡ് സർവകലാശാലയിൽ പോയി അവരുമായി സംസാരിച്ചു. ഈവനിങ് ക്ലാസിൽ ചേരാൻ കഴിയില്ലെന്ന് പറഞ്ഞു. അങ്ങനെ ശനിയാഴ്ചകളിൽ പോയി കോഴ്സ് പൂർത്തിയാക്കി.
ഒടുവിൽ അവർ എന്നോട് ചോദിച്ചു പാരലൽ ആയി കോഴ്സ് എന്തുകൊണ്ട് ചെയ്തുകൂടാ എന്ന് ചോദിച്ചു. ജോലിയുള്ളതിനാൽ പറ്റില്ലാന്ന് പറഞ്ഞു. ഞായർ ദിവസങ്ങളിൽ ചെയ്യാമോയെന്ന് ചോദിച്ചു. അങ്ങനെ ഞായറാഴ്ചകളിൽ സർവകലാശാലയിൽ പോയി ക്ലാസ്സെടുക്കാൻ തുടങ്ങി. എഡ് വാർട്ട് ഉൾപ്പെടെ മിക്ക കോളജുകളിലും ക്ലാസ് എടുത്തിട്ടുണ്ട്.
∙ ഇന്നത്തെ യുവതലമുറ മനസിലാക്കേണ്ട കാര്യം താങ്കളുടെ ട്രാൻസ്ഫറബിൾ സ്കിൽ ആണ്. 50–ാം വയസ്സിൽ ഇവിടെയെത്തി പുതിയ കരിയർ തുടങ്ങി. ഇപ്പോൾ 80–ാം വയസ്സിലേക്കാണ്. 30 വർഷക്കാലം നാടിനെ മിസ് ചെയ്തിട്ടുണ്ടോ?
നാട്ടിൽ പോകുമ്പോൾ സുഹൃത്തുക്കളെയെല്ലാം കാണും. അടുത്തകാലത്ത് നല്ല തിരക്കായതിനാൽ നാടിനെ മിസ് ചെയ്യാറില്ല.
∙ എൻജോയ് ചെയ്യുന്നത് എന്തിലൊക്കെയാണ്?
ജനങ്ങൾക്ക് വേണ്ടിയാണ് എല്ലാം ചെയ്യുന്നത്. സിറ്റിസൻസ് അഡ്വൈസ് ബ്യൂറോയിൽ ജസ്റ്റിസ് ഫോർ പീപ്പിൾ (ജെപി) ആയി. ഓൺലൈനിൽ പരീക്ഷ എഴുതിയാണ് ജെപിയായത്.
∙ അവസരങ്ങൾ നേട്ടമാക്കാൻ ശ്രമിച്ചതിലെ വിജയമാണ് ഈ പ്രായത്തിലും ഇവിടെ വരെ എത്തിച്ചത്. എല്ലാത്തിനോടുമുള്ള പാഷൻ കുട്ടിക്കാലം മുതൽക്കേയുണ്ടായിരുന്നോ? പഠനത്തിലെല്ലാം ഒന്നാമതായിരുന്നല്ലോ ?
സേക്രട്ട് ഹാർട്ടിലാണ് പഠിച്ചത്. നേവൽ എൻസിസിയിലുണ്ടായിരുന്നു. അങ്ങനെയാണ് നേവിയിലേക്ക് എത്തിയത്. ഹൈസ്കൂളിൽ മികച്ച കേഡറ്റ് ഉൾപ്പെടെ മെഡലുകൾ കിട്ടിയിരുന്നു. കേരളത്തിന്റെ പ്രതിനിധിയായി കോളജിൽ നിന്ന് റിപ്പബ്ലിക് പരേഡിന് പോയിട്ടുണ്ട്. അതുവഴി അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവുമായി നേരിട്ട് സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം എന്റെ വയസ് ചോദിച്ചു. അന്ന് 14 വയസ്സായിരുന്നു എനിക്ക്.
∙ ഇന്ത്യൻ നേവിയിൽ ചെലവിട്ട കാലത്ത് അഭിമാനകരമായ തോന്നിയ നിമിഷം ഏതായിരുന്നു ?
എനിക്ക് ആദ്യം പ്രവേശനം ലഭിച്ചത് ഐഎൻഎസ് വിക്രാന്ത് എന്ന കപ്പലിൽ ആയിരുന്നു. ഇന്ത്യൻ നേവിയുടെ ഫ്ളാഗ് ഷിപ്പ് ആണത്. 1500 ജീവനക്കാരും 150 ഓഫിസർമാരുമാണ് അതിൽ ജോലി ചെയ്തിരുന്നത്. ഫ്ളാഗ്ഷിപ്പ് ആയതിനാൽ എല്ലാ ദിവസവും പാർട്ടിയുണ്ടായിരുന്നു. വിക്രാന്തിലെ ഓൺ ബോർഡിലെ ജീവിതം വലിയ അനുഭവമായിരുന്നു.
മറ്റൊന്ന് റീജനൽ എൻജിനീയറിങ് കോളജിൽ മെറിറ്റിൽ തിരഞ്ഞെടുത്തതാണ്. സ്കോളർഷിപ്പോടു കൂടിയാണ് പഠിച്ചത്. അതിന് ശേഷം മദ്രാസ്, കരക്പൂർ, കോൺപൂർ എന്നീ 3 ഐഐടികളിൽ വിവിധ സ്പെഷൽ കോഴ്സുകളിൽ പഠിക്കാൻ കഴിഞ്ഞു. നേവൽ കോളജ് ഓഫ് എൻജിനീയറിങ്ങിൽ പഠിപ്പിക്കാൻ അവസരം ലഭിച്ചു. ഇന്ത്യ ഉൾപ്പെടെ 7 രാജ്യങ്ങളിൽ നിന്നുള്ള ഓഫിസർമാർ ആയിരുന്നു ക്ലാസിൽ പങ്കെടുത്തത്.
∙ 80–ാം വയസ്സിലേക്കാണ് എത്തുന്നത്. പുതു തലമുറയോട് പറയാനുള്ളത് എന്താണ്?
കോൺഫിഡൻസിന്റെ കാര്യത്തിൽ കോംപ്രമൈസ് ചെയ്യരുത്. നമ്മൾ ആരുടെയും താഴെയല്ല എന്ന് മനസ്സിലാക്കണം. പ്രൊബസ് ക്ലബ് എന്നൊരു യൂറോപ്യൻ സംഘടനയുണ്ട്. 40 വർഷമായി ന്യൂസീലൻഡിൽ പ്രവർത്തിക്കുന്നതാണിത്. ക്ലബ്ബിന്റെ പ്രസിഡന്റ് ഉൾപ്പെടെ എല്ലാ അംഗങ്ങളും യൂറോപ്യൻസ് ആണ്. വർഷങ്ങൾക്ക് മുൻപ് അവിടെ പ്രസംഗിക്കാൻ ക്ഷണം ലഭിച്ചു. പ്രസിഡന്റ് ചോദിച്ചു എന്തുകൊണ്ടാണ് ക്ലബ്ബിൽ ചേരാത്തതെന്ന്.
ഞാൻ യൂറോപ്യൻ അല്ലെന്ന് അദ്ദേഹം കരുതിയില്ല. അങ്ങനെ ഞാനും ഭാര്യയും അവിടുത്തെ ആദ്യത്തെ നോൺ–യൂറോപ്യൻ അംഗങ്ങളായി. ക്ലബ്ബിന്റെ 40–ാം വർഷത്തെ പ്രസിഡന്റായി എന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. ആദ്യത്തെ യൂറോപ്യൻ ഇതര പ്രസിഡന്റായിരുിന്നു ഞാൻ. അംഗങ്ങളിൽ ചിലർ എനിക്കെതിരെ പ്രവർത്തിക്കാൻ ശ്രമിച്ചു. പക്ഷേ എന്റെ കോൺഫിഡൻസ് എന്നെ നയിച്ചു. അതുകൊണ്ട് നമ്മൾ നമ്മുടെ കോൺഫിഡൻസ് കളയാതെയിരുന്നാൽ മതി.