‘കേരളത്തിലെ ഹർത്താലിന്റെ പ്രതീതിയാണ് ഇസ്രയേലിന്, പുറത്തിറങ്ങരുതെന്ന് നിർദേശമുണ്ട്’

Mail This Article
റാന്നി ∙ ഇസ്രയേലും ഇറാനുമായുണ്ടായ സംഘർഷത്തെ തുടർന്ന് മലയാളി സമൂഹത്തിലും വലിയ ആശങ്ക. ഇസ്രയേലിൽ കഴിയുന്നത് ഭയപ്പെടുന്ന അന്തരീക്ഷത്തിലാണെന്നു കഴിഞ്ഞ 5 വർഷമായി ഇസ്രയേലിൽ നഴ്സായി ജോലി ചെയ്യുന്ന മറിയാമ്മ വർഗീസ് പറഞ്ഞു. എരുമേലി മംഗലത്തു കരോട്ട് സ്കറിയ തോമസിന്റെ (സിജു) ഭാര്യയാണു മറിയാമ്മ.
ടെൽ അവീവ് വിമാനത്താവളത്തിനടുത്താണു മറിയാമ്മ ജോലി നോക്കുന്നത്. വിമാന സർവീസുകളെല്ലാം നിലച്ചിരിക്കുകയാണ്. കേരളത്തിലെ ഹർത്താലിന്റെ പ്രതീതിയാണ് ഇസ്രയേലിലെന്നു മറിയാമ്മ കുടുംബത്തോടു പറഞ്ഞു. വിഡിയോ കോളിലൂടെ ഇതു കാണിക്കുകയും ചെയ്തു. നിരത്തുകൾ വിജനമാണ്.
ജനത്തെ കാണാനില്ല. വാഹനങ്ങളെല്ലാം ഒതുക്കിയിട്ടിരിക്കുകയാണ്. പുറത്തിറങ്ങരുതെന്ന് നിർദേശമുണ്ട്. ഡ്രോൺ ആക്രമണം തുടരെ അതിർത്തിയിൽ നടക്കുന്നുണ്ട്. ആക്രമണം നടക്കുമ്പോൾ മൊബൈലിൽ അലാം കേൾക്കും. അപ്പോൾ പരിചരിക്കുന്ന രോഗിയെയും കൂട്ടി ബങ്കറിലേക്കു മാറും. വീടിന്റെ ഒരു ഭാഗം ബങ്കറാണ്. ആശങ്കയോടെയാണ് ഇവിടെ ജോലി ചെയ്യുന്ന മലയാളികൾ കഴിയുന്നത്.