‘അന്ന് ഞാനിരുന്നതും 11എ സീറ്റിൽ’: വികാരാധീനമായ 'ഫ്ലാഷ്ബാക്ക് '; നടനും ഗായകനുമായ താരം പറയുന്നു

Mail This Article
ബാങ്കോക്ക് (തായ്‌ലൻഡ്) ∙ എയർ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനാപകടത്തെക്കുറിച്ചുള്ള വാർത്ത വായിക്കുമ്പോൾ തായ്‌ലൻഡിലെ നടനും ഗായകനുമായ റുവാങ്സോക് ജയിംസ് ലോയ്ചുസകിന്റെ കണ്ണുകൾ ഒരു സീറ്റ് നമ്പറിൽ തട്ടിനിന്നു–11എ. 242 യാത്രക്കാരിൽ രക്ഷപ്പെട്ട ഒരേയൊരാളായ വിശ്വാസ് കുമാർ രമേഷ് ഇരുന്ന സീറ്റ്.
ലോയ്ചുസക് ഒരുവേള സ്തബ്ധനായി, പിന്നെ വികാരാധീനനായി. 27 വർഷം മുൻപ് തായ് എയർവേയ്സ് വിമാനം അപകടത്തിൽപ്പെടുമ്പോൾ ലോയ്ചുസക് ഇരുന്നതും ഇതുപോലൊരു 11എ സീറ്റിലായിരുന്നു.
1998 ഡിസംബർ 11ന് ടിജി261 വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു, അന്ന് ഇരുപതുകാരനായ ലോയ്ചുസക്. ദക്ഷിണ തായ്‌ലൻഡിലെ സൂറത്ത് ഥാനി നഗരത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ചതുപ്പിൽ വിമാനം തകർന്നുവീണു. 146 യാത്രക്കാരിൽ 101 പേരും കൊല്ലപ്പെട്ടു. രക്ഷപ്പെട്ടവരിൽ ലോയ്ചുസകും ഉണ്ടായിരുന്നു. അദ്ഭുതകരമായി രക്ഷപ്പെട്ടപ്പോൾ ഇരുന്ന സീറ്റിന്റെ നമ്പർ അദ്ദേഹം എന്നും ഹൃദയത്തിൽ സൂക്ഷിച്ചു. വിശ്വാസിന്റെ അതിജീവന വാർത്ത വായിച്ച ലോയ്ചുസക്, പഴയ അപകടത്തെക്കുറിച്ച് സമൂഹമാധ്യമത്തിൽ എഴുതുകയും ചെയ്തു.