സിഡ്നിയിൽ പെൻറിത്ത് വള്ളംകളി ഓഗസ്റ്റ് രണ്ടിന്

Mail This Article
സിഡ്നി∙ ഓസ്‌ട്രേലിയയിലെ പ്രധാന ജലോത്സവങ്ങളിൽ ഒന്നായ പെൻറിത്ത് വള്ളംകളി ഓഗസ്റ്റ് രണ്ടിന് പെൻറിത്ത് മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സിഡ്നി ഇന്റർനാഷനൽ റെഗാട്ട സെന്ററിൽ നടക്കും. കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ ചുണ്ടൻ വള്ളങ്ങൾ പായുമ്പോൾ കാണികൾക്കായി തെയ്യം, കഥകളി, ചെണ്ടമേളം, വടംവലി, വെടിക്കെട്ട് തുടങ്ങിയ കലാസാംസ്‌കാരിക പരിപാടികളും അരങ്ങേറും. ഓസ്‌ട്രേലിയയിലെ പ്രമുഖ വള്ളംകളി ടീമുകളായ ‘കണ്ണൻ സ്രാങ്കും’, ‘പറക്കും ചുണ്ടനും’ ഇത്തവണയും മത്സരത്തിൽ പങ്കെടുക്കും.
നിലവിലെ ചാംപ്യന്മാരായ സ്കോഫീൽഡ്സ് സ്പോർട്ടിങ് ക്ലബിന്റെ ‘കണ്ണൻ സ്രാങ്കും’, രണ്ടാം സ്ഥാനക്കാരായ ‘പറക്കും ചുണ്ടനും’ മറ്റു ടീമുകളോടൊപ്പം മാറ്റുരയ്ക്കാൻ തയ്യാറെടുക്കുകയാണ്. ഇതാദ്യമായി വനിതകളുടെ വള്ളംകളി മത്സരവും ഉണ്ടായിരിക്കും. സ്കോഫീൽഡ്സ് സ്പോർട്ടിങ് ക്ലബിന്റെ ടീമായ ‘കാന്തരീസ്’ പെൻറിത്ത് ജലറാണിയുമായി മത്സരിക്കും.
ഈ ജലോത്സവം കാണാനായി മൂവായിരത്തോളം പേരെ പ്രതീക്ഷിക്കുന്നതായി സംഘാടകരായ റെക്സ് ജോസ് പുല്ലൻ, റിജോ മാത്യു എന്നിവർ അറിയിച്ചു.
വാർത്ത അയച്ചത്∙ ജോൺസൺ ഫിലിപ്പ്