ADVERTISEMENT

ടൊറന്റോ∙ കാനഡയിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രമുഖ രാഷ്ട്രീയകക്ഷികളുടെ സ്ഥാനാർഥിപട്ടികയിൽ മലയാളി സാന്നിധ്യം. ഒന്റാരിയോ പ്രവിശ്യയിലുള്ള മിസ്സിസാഗ- മാൾട്ടൻ റൈഡിങ്ങിലെ പ്രോഗ്രസീവ് കൺസർവേറ്റിവ് പാർട്ടിയുടെ സ്ഥാനാർഥിയായി ടോം വർഗീസിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്ഥാർഥിയാകാൻ തുടക്കത്തിൽ രംഗത്തുണ്ടായിരുന്നത് മൂന്നു പേരാണ്. വോട്ടെടുപ്പിന് സമയമായപ്പോഴേക്കും ഒരാൾ പിന്മാറിയതിനാൽ അതു രണ്ടായി. വോട്ടെടുപ്പിന്റെ തലേന്നാണ് ഒരു മൽസരത്തിലേക്ക് പോകാതെതന്നെ ടോം വർഗീസിന് കുറിവീണത്. ഇനി ടോം വർഗീസിനെ അങ്കക്കളത്തിൽ കാത്തിരിക്കുന്നത് ദേശീയതലത്തിൽതന്നെ ശ്രദ്ധേയമായേക്കാവുന്ന പോരാട്ടമാണ്. വിഐപി എതിരാളി- ലിബറൽ പാർട്ടിയുടെ സ്ഥാനാർഥി നിലവിലുള്ള മന്ത്രികൂടിയായ നവദീപ് ബെയ്ൻസ് ആണ്.

ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രിയായ ഭരണകക്ഷി ഇക്കുറി ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥിയാണ് നവദീപ് ബെയ്ൻസ്. തിരഞ്ഞെടുപ്പിന് 500 ദിവസങ്ങൾ ബാക്കിനിൽക്കെ. റൈഡിങ്ങിൽ 1.20 ലക്ഷത്തോളം പേരാണുള്ളത്. സ്വദേശികൾതന്നെയാണ് പ്രബലരെങ്കിലും നവകുടിയേറ്റക്കാർക്കും നിർണായക സ്വാധീനമുള്ള റൈഡിങ്ങാണിത്. രണ്ടു പ്രമുഖ പാർട്ടികൾക്കുവേണ്ടിയും കളത്തിലിറങ്ങുന്നത് ഇന്ത്യൻ വംശജരാണെന്നതുതന്നെ ഇതിനു തെളിവ്. ആയിരത്തോളം മലയാളികളുമുണ്ട് ഈ മണ്ഡലത്തിൽ. 

A better ‘TOM’orrow എന്നതാണ് ടോമിന്റെ വാഗ്ദാനം. എൽ4ടി, എൽ4സെഡ്, എൽ5ആർ, എൽ5എസ്, എൽ5ടി എന്നീ പോസ്റ്റൽ കോഡ് മേഖലയിലുള്ളവരാണ് മിസ്സിസാഗ മാൾട്ടൺ റൈഡിങ്ങിൽ ഉൾപ്പെടുന്നത്. മാസങ്ങൾക്കുമുൻപ് പ്രവിശ്യയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടിയിലെ ദീപക് ആനന്ദാണ് വിജയിച്ചത്. കഴിഞ്ഞതവണ നവദീപ് ബെയ്ൻസിനെതിരെ മൽസരരംഗത്തുണ്ടായിരുന്ന സ്ഥാനാർഥിയെ പാർട്ടി തന്നെ പാതിവഴിയിൽ തള്ളിപ്പറയേണ്ട സാഹചര്യമുണ്ടായിരുന്നു. മണ്ഡലപുനർവിഭജനത്തിന് മുൻപ് വിജയിച്ചത് കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥിയാണ്. ഇതൊക്കെയാണ് ടോം വർഗീസിനുള്ള ആനുകൂല്യങ്ങൾ. 

നിലവിലുള്ള ഭരണകക്ഷിക്കെതിരായി ഉയരുന്ന രാഷ്ട്രീയ ആരോപണങ്ങളും തുണയാകുമെന്ന പ്രതീക്ഷയിലാണ് കൺസർവേറ്റീവ് ക്യാംപ്. സർക്കാരിന്റെ നയങ്ങൾക്കും എസ്എൻസി ലാവലിൻ, പൈപ്പ് ലൈൻ തുടങ്ങിയ വിഷയങ്ങളിലും ഉയരുന്ന ജനവികാരം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലിലുമാണ് ഇവർ. പക്ഷേ, നിലവിലുള്ള മന്ത്രിയാണ് എതിരാളിയെന്നതാണ് നേരിടുന്ന വെല്ലുവിളികളിൽ പ്രധാനം. പാർട്ടി സ്ഥാനാർഥിയാകാനുള്ള കടമ്പയിലുടനീളം ഒപ്പമുണ്ടായിരുന്ന അനുകൂലഘടകങ്ങൾ പൊതുതിരഞ്ഞെടുപ്പിലും ടോം വർഗീസിന് കൂട്ടായി ഉണ്ടാകുമോയെന്നാണ് ഇനി അറിയേണ്ടത്. 

റൈഡിങ്ങിൽ ഉൾപ്പെടെ സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നത് തുണയാകുമെന്ന വിശ്വാസത്തിലാണ് ടോം. മിസ്സിസാഗ-മാൾട്ടൺ റോട്ടറി ക്ളബ് സെക്രട്ടറിയായിരുന്നു. ഇപ്പോൾ കൺസർവേറ്റീവ് പാർട്ടിയുടെ റൈഡിങ് ഡയറക്ടർ ബോർഡ് അംഗവുമാണ്. റാന്നിയിൽനിന്ന്34 വർഷങ്ങൾക്കു മുൻപാണ് ടോം വർഗീസ് കാനഡയിൽ എത്തിയത്. ടൊറന്റോ രാജ്യാന്തര വിമാനത്താവളം കൺട്രോൾ ടവറിൽ ഏപ്രൺ കോ-ഓർഡിനേറ്ററായിരുന്നു. റാന്നി കപ്പമാമൂട്ടിൽ കെ. ടി. വർഗീസിന്റെയും ചിന്നമ്മയുടെയും മകനാണ്. ജിജിയാണ് ഭാര്യ. മക്കൾ: ഡാനി, ജോനഥൻ. 

സ്ഥാനാർഥിയാകാനുള്ള ഒരുക്കംമുതൽ ഒപ്പമുണ്ടായിരുന്ന മലയാളിസമൂഹത്തിന്റെ പിന്തുണ തുടർന്നും ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ടോം വർഗീസ്. പ്രചാരണം സജീവമാക്കുന്നതിൽ ഇവരുടെ സാന്നിധ്യവും പ്രധാനമാണ്. ഒട്ടേറെ മലയാളികൾ ഇവിടേക്ക് കുടിയേറുന്നുണ്ടെങ്കിലും രാഷ്ട്രീയരംഗത്ത് എടുത്തുപറയാവുന്ന മലയാളിസാന്നിധ്യമില്ല. ഇതുവരെ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി ജോ ഡാനിയേലാണ്. നാലു വർഷം മുൻപ് പൊതുതിരഞ്ഞെടുപ്പിൽ രണ്ട് മലയാളികൾക്ക്  സ്ഥാനാർഥിത്വം ലഭിച്ചിരുന്നു. ജോ ഡാനിയേലിനും മാർക്കം-തോൺഹിൽ റൈഡിങ്ങിലെ സ്ഥാനാർഥി ജോബ്സൺ ഈശോയ്ക്കും. കൺസർവേറ്റീവ് പാർട്ടിക്കാരായ ഇരുവരും ഇത്തവണ സ്ഥാനാർഥികളല്ല. ജോയും ജോബ്സണും ടോമും പത്തനംതിട്ട ജില്ലക്കാരാണെന്നതും പ്രത്യേകതയാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com