ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസിലെ മുൻനിര വൈദ്യുത വാഹന നിർമാതാക്കളായ ടെസ്‍ല രണ്ട് മോഡലുകൾക്കു വിലക്കിഴിവ് പ്രഖ്യാപിച്ചു. മുന്തിയ മോഡലുകളായ മോഡൽ എസ് സെഡാന്റെ വിലയിൽ 3,000 ഡോളറി (2.09 ലക്ഷത്തോളം രൂപ)ന്റെയും സ്പോർട് യൂട്ടിലിറ്റി വാഹന(എസ്‌യുവി)മായ ‘മോഡൽ എക്സി’ന്റെ വിലയിൽ 2,000 ഡോളറി(ഏകദേശം 1.39 ലക്ഷം രൂപ)ന്റെയും ഇളവാണു ടെസ്‍ല പ്രഖ്യാപിച്ചത്.

tesla-model-x

കമ്പനിയുടെ ഓഹരി വില ഇടിയുകയും വാഹന വിൽപ്പനയെക്കുറിച്ച് ആശങ്ക പെരുകുകയും ചെയ്യുന്നതിനിടെയാണ് ടെസ്‍ലയുടെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. ഈ തീരുമാനത്തോടെ ‘മോഡൽ എസ്’ ശ്രേണിയുടെ വില 71,250 ഡോളറി(49.67 ലക്ഷം രൂപ)ലാണ് ആരംഭിക്കുക; ‘മോഡൽ എക്സ്’ വിലയാവട്ടെ 71,950 ഡോളറിലും (50.16 ലക്ഷത്തോളം രൂപ). ഫെഡറൽ, സംസ്ഥാന നികുതികൾ ഇതിനു പുറമേയാണ്. 

മറ്റു നിർമാതാക്കളെ പോലെ വാഹന വിലയിൽ കാലാനുസൃത പരിഷ്കാരം വരുത്തുക മാത്രമാണു കമ്പനി ചെയ്തതെന്നാണു ടെസ്‍ലയുടെ വിശദീകരണം. എന്തായാലും ഈ ഇളവോടെ ഒരു മാസം മുമ്പ് ടെസ്‍ല നടപ്പാക്കിയ വില വർധനയുടെ അധിക ബാധ്യത ഒഴിവായിട്ടുണ്ട്. ആയൂർദൈർഘ്യമേറിയ ബാറ്ററിയുടെയും പുത്തൻ ഡ്രൈവ് സിസ്റ്റവും സസ്പെൻഷനും ഘടിപ്പിച്ചതിന്റെയും പേരിലായിരുന്നു ആ വില വർധന. ഈ തീരുമാനത്തിന്റെ ഫലമായി കാർ വിൽപ്പനയിൽ ഇടിവു നേരിട്ടോയെന്നു ടെസ്‍ല വ്യക്തമാക്കിയിരുന്നില്ല. 

‘മോഡൽ എസി’നും ‘മോഡൽ എക്സി’നും രണ്ടു മുതൽ മൂന്നു ശതമാനം വരെ വിലക്കിഴിവ് അനുവദിക്കുന്നെന്നായിരുന്നു ടെസ്‍ലയുടെ പ്രഖ്യാപനം. അതേസമയം, കമ്പനിക്ക് ഏറ്റവുമധികം വിൽപ്പന നേടിക്കൊടുക്കുന്ന ‘മോഡൽ ത്രീ’യുടെ വില കഴിഞ്ഞ ആഴ്ച ടെസ്‍ല വർധിപ്പിച്ചിരുന്നു; 400 ഡോളർ (ഏകദേശം 27,887 രൂപ) ഉയർന്നതോടെ ‘മോഡൽ ത്രീ’ വില 35,400 ഡോളർ (24.68 ലക്ഷം രൂപ) ആയി. ഇത്തരം ചെറിയ മാറ്റങ്ങൾ വാർത്താപ്രാധാന്യം അർഹിക്കുന്നില്ലെന്ന നിലപാടാണ് അന്നു ടെസ്‌ല സ്വീകരിച്ചത്.

ഇക്കൊല്ലം ജനുവരിയിൽ ടെസ്‍ല കാറുകൾക്ക് 2,000 ഡോളർ വിലക്കിഴിവ് അനുവദിച്ചിരുന്നു; നികുതി ഇളവ് ഇനത്തിൽ വൈദ്യുത കാറുകൾക്ക് ലഭ്യമായിരുന്ന 7,500 ഡോളർ ആനുകൂല്യം പിൻവലിക്കുന്നത് വാഹന വിൽപ്പനയ്ക്ക് തിരിച്ചടി സൃഷ്ടിക്കുമെന്ന ആശങ്കയിലായിരുന്നു ആ നടപടി. ഈ വർഷം അവസാനത്തോടെ ടെസ്‍ലയ്ക്കുള്ള നികുതി ഇളവ് പൂർണമായും ഇല്ലാതാവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com