ADVERTISEMENT

ഹൂസ്റ്റൺ∙ അമേരിക്കയിലെ സിറോ മലബാർ വിശ്വാസ സമൂഹം വളരെ പ്രതീക്ഷയോടും ആകാംക്ഷയോടും കൂടി കാത്തിരിക്കുന്ന ഏഴാം കൺവൻഷൻ ഓഗസ്റ്റ് ഒന്നു മുതൽ നാലുവരെ ഹൂസ്റ്റണിലുള്ള ഹിൽട്ടൻ അമേരിക്കാസ് കൺവൻഷൻ സെന്ററിൽ നടക്കുകയാണല്ലോ. പരസ്പരം പരിചയപ്പെടുന്നതിനും പുതിയ സുഹൃദ്ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും പരിചയങ്ങൾ പുതുക്കുന്നതിനുമെല്ലാം ഉപരി, അമേരിക്കയിൽ വളരുന്ന നമ്മുടെ മക്കളേയും മഹത്തായ ഈ വിശ്വാസ സമൂഹത്തിന്റെ ഭാഗമായി നിലനിർത്തുന്നതിനും ഹൂസ്റ്റൻ കൺവൻഷൻ സഹായകരമാകും.

 

കൂടാതെ സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പും കർദ്ദിനാളുമായ മാർ ജോർജ് ആലംഞ്ചേരി പിതാവ് മുതൽ സഭയിലെ വിവിധ പിതാക്കന്മാർക്കും വൈദീകർക്കും സന്യസ്തർക്കും ആത്മായർക്കുമൊപ്പം ഒരേ കൂടാരത്തിൻ കീഴിൽ ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുകയും അപ്പം മുറിക്കുകയും വചനം ശ്രവിക്കുകയും അന്തിയുറങ്ങുകയും ആശയ വിനിമയം നടത്തുകയും ചെയ്യുന്ന നാലു ദിവസങ്ങൾ അതെത്ര സന്തോഷപ്രദമായിരിക്കും.

 

മെച്ചമായ ഒരു ജീവിത സാഹചര്യം തേടി നാടുവിട്ട നമ്മൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറി. അറുപതുകളിലും എഴുപതുകളിലുമായി ധാരാളം മലയാളികൾ അമേരിക്കയിൽ എത്തി. അവരിൽ  നല്ല ഭാഗവും സിറോ മലബാർ വിശ്വാസികളായിരുന്നു. ആദ്യ കാലത്തു വന്നവരിൽ ഭൂരിഭാഗവും ഡോക്ടേഴ്സ്, എഞ്ചിനീയേഴ്സ്, ശാസ്ത്രജ്ഞർ, നഴ്സുമാർ, കോളേജ് അധ്യാപകർ തുടങ്ങിയ പ്രഫഷനുകളിൽപെട്ടവരായിരുന്നു. അവരിവിടെ വന്നു കാലുറച്ചതിനുശേഷം മാതാപിതാക്കളേയും സഹോദരങ്ങളേയും ഇവിടേക്ക് കൊണ്ടുവന്നു. കൂടുതൽ കുടുംബങ്ങൾ വന്നു തുടങ്ങിയപ്പോൾ സ്വഭാവികമായും കൂട്ടായ്മകളും രൂപപ്പെട്ടു തുടങ്ങി. 

 

തങ്ങളുടെ വിശ്വാസത്തിലും പാരമ്പര്യത്തിലും പൈതൃകത്തിലും ഭാഷയിലും ദിവ്യബലി അർപ്പിക്കുന്നതിനും മറ്റ് മതാനുഷ്ഠാനങ്ങൾ നടത്തുന്നതിനുമുള്ള മാർഗങ്ങളെപ്പറ്റി ഈ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ആലോചിച്ചു തുടങ്ങി.

അങ്ങനെ ഇവിടുത്തെ ദേവാലയങ്ങളിൽ ശുശ്രൂഷ ചെയ്തിരുന്ന മലയാളി വൈദികരേയും കോളജുകളിൽ പഠിക്കാൻ വന്ന വൈദികരേയും ഒക്കെ കണ്ടുപിടിച്ച്, ക്രിസ്മസിനും ഈസ്റ്ററിനും മറ്റ് വിശേഷ ദിവസങ്ങളിലും മലയാളത്തിൽ ദിവ്യബലി അർപ്പിക്കുകയും അതിൽ പങ്കുചേർന്ന് ചാരിതാർത്ഥ്യരാകുകയും ചെയ്തു പോന്നു. ക്രമേണ മാസത്തിലൊരിക്കൽ മലയാളത്തിൽ വി. കുർബാന അമേരിക്കയിലെ വിവിധയിടങ്ങളിൽ ആയിത്തുടങ്ങി. എൻപതുകളിൽ നമ്മുടെ കുടിയേറ്റം കൂടുതൽ ശക്തമായി. അതോടൊപ്പം സ്വന്തമായി ദേവാലയവും വൈദികരേയും വേണമെന്ന ആവശ്യവും ബലപ്പെട്ടു.

 

നമ്മുടെ നിരന്തരമായ അപേക്ഷകൾ പരിഗണിച്ചുകൊണ്ട് 1984–ൽ സിറോ മലബാർ പ്രവാസി മിഷന്റെ ചുമതല ഉണ്ടായിരുന്ന ബിഷപ്പ് മാർ  ജോസഫ് പള്ളിക്കാപ്പറമ്പിൽ, സ്വന്തം രൂപതയിൽ നിന്നും ഫാ. ജേക്കബ് അങ്ങാടിയത്തിനെ (നമ്മുടെ ഇപ്പോഴത്തെ പിതാവ്) അമേരിക്കയിലെ പ്രവാസികളായ സിറോ മലബാർ വിശ്വാസികളുടെ മതപരമായ ശുശ്രൂഷകൾ നടത്തുന്നതിനായി വിട്ടു തന്നു. ഫാ. അങ്ങാടിയത്ത് ഡാലസിൽ എത്തിച്ചേരുകയും അവിടെ സെന്റ് പീയൂസ് 10–ാം കാതോലിക്കാ ദേവാലയത്തിൽ അസിസ്റ്റന്റ് വികാരിയായി നിന്നു കൊണ്ട് സീറോ മലബാർ വിശ്വാസികളെ ഏകോപിപ്പിക്കുകയും തുടർന്ന് സിറോ മലബാർ മിഷൻ ആരംഭിക്കുകയും ചെയ്തു. അച്ചന്റെ കഠിനാദ്ധ്വാനം കൊണ്ട് 1992–ൽ സെന്റ് തോമസ് അപ്പസ്തോലിക് ഇന്ത്യൻ കാത്തലിക് ചർച്ച് ഗാർലാന്റിൽ സ്ഥാപിച്ചു.

 

1995–ൽ സിറോ മലബാർ ബിഷപ്പ് സിനഡ് ഫാ. ജോസ് കണ്ടത്തിക്കുടിയെ അമേരിക്കയിലേക്ക് അയച്ചു ജോസച്ചൻ ഷിക്കാഗോയിലെ വിശ്വാസികളെ സംഘടിപ്പിക്കുകയും മിഷൻ ആരംഭിക്കുകയും ചെയ്തു. ഇതും സഭയുടെ അമേരിക്കയിലെ വളർച്ചക്കു വേഗത കൂട്ടി.

 

1996–ൽ പരിശുദ്ധ പിതാവ് (സ്വർഗ്ഗീയനായ) ജോൺ പോൾ രണ്ടാമൻ മാർപാപ്പ കുടിയേറ്റക്കാരായ നമ്മുടെ ആവശ്യങ്ങൾ പഠിക്കുന്നതിനായി ബിഷപ്പ് മാർ ഗ്രിഗ്രറി കരേട്ടെമ്പ്രാലിനെ ഇവിടേക്കയച്ചു. ഗ്രിഗ്രറി പിതാവ് മാർപാപ്പക്കു സമർപ്പിച്ച പഠന റിപ്പോർട്ടിലെ പ്രധാന നിർദ്ദേശങ്ങളിൽ ഒന്നായിരുന്നു. നമ്മുക്ക് സ്വന്തമായി ഒരു രൂപത അമേരിക്കയിൽ വേണമെന്നത്. മാർപാപ്പാ അത് അംഗീകരിക്കുകയും , 2001 മാർച്ച് 13നു ഷിക്കാഗോ കേന്ദ്രമായി സിറോ മലബാർ സഭയിലെ ആദ്യത്തെ പ്രവാസി രൂപതാ നിലവിൽ വരികയും മാർ ജേക്കബ് അങ്ങാടിയത്തിനെ പ്രഥമ ബിഷപ്പായി നിയമിക്കുകയും ചെയ്തു.

 

ഗ്രിഗറി പിതാവിനോട് അമേരിക്കയിലെ സിറോ മലബാർ വിശ്വാസികൾക്ക് വലിയ കടപ്പാട് ആണുള്ളത്. അതുപോലെ ആദ്യകാലത്ത് നമ്മുടെ കൂട്ടായ്മകളെ ശക്തിപ്പെടുത്തുകയും മാതൃഭാഷയിൽ ശുശ്രൂഷകൾ ചെയ്തു തരികയും ചെയ്ത നിരവധിയായ വൈദികരേയും ഒക്കെ നന്ദിയോടെ ഈ അവസരത്തിൽ സ്മരിക്കാം.

 

2001–ൽ ഷിക്കാഗോ രൂപതാ സ്ഥാപിതമായതിനുശേഷമുള്ള നമ്മുടെ വളർച്ച വളരെ ചിട്ടയോടുകൂടിയതും ദ്രുതഗതിയിലുമായിരുന്നു. ഏഴുവർഷം മുമ്പ്, 2012–ൽ 6–ാംമത് സീറോ മലബാർ കൺവൻഷൻ അറ്റ്ലാന്റയിൽ നടന്നപ്പോൾ 29 ഇടവകകളും, 36 മിഷനുകളുമാണ് ഷിക്കാഗോ രൂപതയുടെ കീഴിൽ ഉണ്ടായിരുന്നെങ്കിൽ, ഇന്നത് 46 ഇടവകകളും , 45 മിഷനുകളുമായി നമ്മൾ ഏറെ മുന്നോട്ടു പോയിരിക്കുന്നു. 

 

അജപാലന ശുശ്രൂഷകളിൽ മാർ അങ്ങാടിയ ത്തിനെ സഹായിക്കുന്നതിനായി, 2014 ജൂലൈ മാസം മാർ ജോയ് ആലപ്പാട്ടിനെ സഹായ മെത്രാനായി പരിശുദ്ധ സിംഹാസനം നമുക്ക് നൽകിയത് നമ്മുടെ രൂപതയുടെ വളർച്ചക്ക് കിട്ടിയ അംഗീകാരം കൂടിയാണ്. രൂപതയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വളരെ ഊർജ്ജ സ്വലയോടുകൂടി  പ്രവർത്തിക്കുന്ന ഒരു കുരിയായും ഇന്നുണ്ട്. ഇതിന്റെ ഒക്കെ ഫലമായി വളരെ നിഷ്ഠയോടു കൂടിയ മതപഠനവും പൂർവ്വികർ  മാതൃക കാട്ടിത്തന്ന പൈതൃകത്തിലും വിശ്വാസത്തിലും നമ്മുടെ മക്കൾ ഇന്നിവിടെ വളർന്നു വരുന്നു. നമ്മുടെ രൂപതയിൽ നിന്ന് ധാരാളം ദൈവ വിളികൾ ഇപ്പോൾ ഉണ്ടാകുന്നു. അവരിൽ നിന്നും ഫാ. കെവിൻ മുണ്ടക്കലും, ഫാ. രാജീവ് വലിയ വീട്ടിലും വൈദിക പട്ടം കഴിഞ്ഞ വർഷം സ്വീകരിച്ചു. നമ്മുടെ രൂപതയ്ക്കു അഭിമാന നിമിഷങ്ങളായിരുന്നു. പത്തിലധികം കുട്ടികൾ നമ്മുക്കായി വിവിധ സെമിനാരികളിൽ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നു. ഇതൊക്കെ കാണിക്കു ന്നത് നമ്മുടെ രൂപതയുടെ ആത്മീകമായ വളർച്ചയാണ്.

 

പഴയ കാലത്ത് മാതാപിതാക്കളെ മാനസികമായി ഏറെ ബുദ്ധിമുട്ടിച്ചിരുന്ന ഒരു കാര്യം മക്കളുടെ വിവാഹം ആയിരുന്നു. ഇപ്പോൾ നമ്മുടെ യൂത്ത് അപ്പസ്തലേറ്റിന്റേയും ഫാമിലി അപ്പസ്തലേറ്റിന്റേയും പ്രവർത്തന ഫലമായി രൂപതയുടെ കീഴിലുള്ള വിവിധ ഇടവകകളിൽ നിന്ന് യൂവതീ– യൂവാക്കൾ മതപരമായി വിവാഹം കഴിക്കുകയും, മാതൃകാപരമായി ജീവിക്കുകയും ചെയ്യുന്നു. മാത്രമല്ല, അവരിന്ന്, നമ്മുടെ ഇടവകകളുടെ ദൈനംദിന പ്രവർത്തനങ്ങളിലും ഭരണത്തിലും സജീവം മാണെന്നുള്ളത് നമ്മുടെ രൂപതയുടെ ഭാവി ശോഭനമാണെന്നതിനുള്ള തെളിവുകൂടിയാണ്.

 

ഈ പശ്ചാത്തലത്തിൽ നോക്കിക്കാണുമ്പോൾ ഹൂസ്റ്റൻ കൺവൻഷന് വലിയ അർഥവും മാനവും കൈവരുന്നു. ക്രിസ്തീയ സഭകൾ പൊതുവിലും സീറോ മലബാർ സഭ പ്രത്യേകിച്ചു വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്.

 

നാടിനെ അപേക്ഷിച്ച് കൂടുതൽ ഒരുമയോടെ ഇവിടെ നിൽക്കേണ്ടത് അത്യാവശ്യമാണ്. നമ്മുക്ക് ഒരിക്കലും സന്ധി ചെയ്യുവാൻ സാധിക്കാത്ത തിന്മകളും പ്രലോഭനങ്ങളും ഈ നാട്ടിലുണ്ട്. ആ തിന്മകൾക്കെതിരെ പ്രതികരിക്കുന്നതിനും നമ്മുടെ മക്കളെ ബോധവൽക്കരിക്കുന്നതിനുമുള്ള ശക്തമായ പ്രവർത്തനങ്ങൾ ഉണ്ടാകണം. അതിന് ഇത്തരത്തിലുള്ള കൺവൻഷനുകൾ വേദിയാകും എന്നതിന് രണ്ടഭിപ്രായം ഇല്ല.

 

ആദ്യം പ്രതിപാദിച്ചതുപോലെ സഭാ പിതാക്കന്മാർക്കും വൈദികർക്കും സന്യസ്തർക്കും ആത്മായർക്കുമൊപ്പമുള്ള നാലു ദിവസത്തെ ഈ ഒത്തുചേരൽ, ഒത്തിരി സന്തോഷം പങ്കുവയ്ക്കുന്നതോടൊപ്പം സഭയുടെ വളർച്ചയുടെ പുതിയ പടവുകളിലേക്ക് വെളിച്ചം വീശുന്നതുമായിരിക്കും എന്നതിൽ സംശയമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com