sections
MORE

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ്; നിർദേശങ്ങളുമായി സംഘാടകർ

family-youth-conference-logo
SHARE

വാഷിംഗ്ടൺ ഡിസി∙ മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിൽ പങ്കെടുക്കുന്നവർക്കായുള്ള വിവിധ നിർദ്ദേശങ്ങൾ സംഘാടകർ പുറപ്പെടുവിച്ചു. ജൂലൈ 17 മുതൽ 20 പെൻസിൽവേനിയയിലെ പോക്കോണോസ് കലഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിലാണ് കോൺഫറൻസ് നടക്കുക. കോൺഫറൻസിന്റെ വിജയത്തിനുവേണ്ടി സംഘാടകർ അറിയിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപോലീത്താ അറിയിച്ചു.

ഈ വർഷത്തെ കോൺഫറൻസിന്റെ ചിന്താവിഷയം: യേശു ക്രിസ്തു ഇട്ടിരിയ്ക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്ന് ഇടുവാൻ ആർക്കും കഴിയുകയില്ല.  1 കൊരിന്ത്യർ 3:11 എന്ന ബൈബിൾ വാക്യത്തെ ആസ്പദമാക്കി ക്രമീകരിച്ചിരിയ്ക്കുന്നു. മുതിർന്നവർക്കായി ക്ലാസുകൾ നയിക്കുന്നത് ഓർത്തഡോക്സ് തിയോളജിയ്ക്കൽ ലക്ചറർ ഫാദർ ഏബ്രഹാം തോമസാണ്. യുവജനങ്ങൾക്കായി ക്ലാസുകൾ നയിക്കുന്നത് സെന്റ് തിക്കോൺ ഓർത്തഡോക്സ് തിയോളജിയ്ക്കൽ ഡീനും, ഡിപ്പാർട്ട്മെന്റ് ഓഫ് ഇവാൻ‍ഞ്ചലൈസേഷൻ ഓഫ് ദി ഓർത്തഡോക്സ് ചർച്ച് ഇൻ അമേരിക്കയുടെ ചെയറുമായ റവ. ഡോ. ജോൺ ഈ പാർക്കർ III ആണ്. കൂടാതെ സഭയിലെ പ്രഗത്ഭരായ വൈദീകർ നിരവധി സൂപ്പർ സെഷനുകൾക്ക് നേതൃത്വം നൽകും.

കോൺഫറൻസിന് എത്തും മുൻപേ റജിസ്ട്രേഷൻ കൺഫമേഷൻ ഉറപ്പാക്കണമെന്ന് സംഘാടകർ അറിയിച്ചു. റജിസ്റ്റർ ചെയ്യാത്തവർക്ക് കോൺഫറൻസിൽ പ്രവേശനമില്ല. ഫാദർ സണ്ണി ജോസഫ്, ശോഭാ ജേക്കബ് എന്നിവർക്കാണ് റജിസ്ട്രേഷന്റെ ചുമതല. ഇവരുമായി ബന്ധപ്പെട്ട് റജിസ്ട്രേഷന്റെ കാര്യം ഉറപ്പാക്കേണ്ടതുണ്ട്. ഫോണിലോ, ഈമെയിൽ വഴിയോ റജിസ്ട്രേഷൻ കമ്മിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്. അനി നൈനാൻ, അനു പീറ്റർ, ഷീലാ ജോസഫ് എന്നിവർക്കാണ് എന്റർടെയിൻമെന്റ് പരിപാടികളുടെ ചുമതല. പരിപാടികളിൽ പങ്കെടുക്കാനുള്ളവർ മുൻകൂട്ടി തന്നെ ഇവരുമായി ബന്ധപ്പെടണം.

rev-parker-abraham

വിശുദ്ധ ബൈബിൾ, കുർബാന ക്രമം എന്നിവ കോൺഫറൻസിന് എത്തുന്നവർ സ്വന്തം നിലയിൽ കരുതുന്നത് നന്നായിരിക്കും. സ്പോർട്സ് ആൻഡ് ഗെയിംസിൽ പങ്കെടുക്കുന്നവർ അതിനുവേണ്ടതായ സാമഗ്രികൾ, വസ്ത്രങ്ങൾ കൊണ്ടുവരണമെന്ന് കമ്മിറ്റി അറിയിച്ചു. ഘോഷയാത്ര, ഗ്രൂപ്പ് ഡിസ്കഷൻ എന്നിവയ്ക്കുവേണ്ടി ഓരോ ഏരിയായിൽ നിന്നുമുള്ളവർ അതാത് ഏരിയയുടെ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിയ്ക്കണം.

ജൂലൈ 17 ന് 10 മണി മുതൽ റജിസ്ട്രേഷൻ കൗണ്ടർ തുറക്കും. റജിസ്ട്രേഷൻ കൺഫർമേഷൻ കത്ത് ഇവിടെ കാണിക്കണം. ഇവിടെ നിന്നും ചെക്ക് ഇൻ പാക്കറ്റ് ലഭിയ്ക്കും. റൂമിന്റെ കീ, നെയിം ബാഡ്ജ് എന്നിവ പായ്ക്കറ്റിൽ ലഭ്യമാണ്. മുറികൾ റെഡിയാക്കുന്നതനുസരിച്ച് മൊബൈൽ ഫോൺ വഴി നിങ്ങൾക്ക് അറിയിപ്പുകൾ ലഭിയ്ക്കും അതനുസരിച്ച് മൂന്ന് മണി മുതൽ മുറികളിലേക്ക് പോകാവുന്നതാണ്. റിസോർട്ടിലെ കോമൺ പാർക്കിങ്ങ് ഏരിയയിൽ നിന്നും കോൺഫറൻസിൽ പങ്കെടുക്കുന്നവർ തങ്ങളുടെ വാഹനം ഓരോരുത്തർക്കും അനുവദിച്ച മുറികളുടെ സമീപത്തേക്ക് പാർക്ക് ചെയ്തു ലഗേജ് ഇറക്കാവുന്നതാണ്. അതിനുശേഷം കാറുകൾ കൺവൻഷൻ സെന്ററിന്റെ ഇടതു വശത്ത് പാർക്ക് ചെയ്യുക. കൺവൻഷൻ സെന്ററിന്റെ മുൻ വശത്തായി ഒരു വലിയ ബാനർ നിങ്ങൾക്ക് കാണുവാൻ സാധിക്കും.

രാവിലെ എത്തുന്നവർക്ക് വാട്ടർ തീം പാർക്കിലേക്കുള്ള ബാഡ്ജ് കൗണ്ടറിൽ ലഭിയ്ക്കും. മുറികൾ ലഭ്യമാകുന്നതുവരെ നിങ്ങൾക്ക് വാട്ടർ തീം പാർക്കിൽ സമയം ചിലവഴിയ്ക്കാവുന്നതാണ്. ബുധനാഴ്ച ഡിന്നർ അഞ്ചിനു തുടങ്ങി ആറിന് അവസാനിയ്ക്കും. ലോബിയിൽ നിന്നും വൈകിട്ട് ആറു മണിക്ക് ഘോഷയാത്ര ആരംഭിക്കും. ഇത് വർണ്ണാഭവും നിറപ്പകിട്ടാർന്നതുമായ വിധത്തിൽ മനോഹരമാക്കാൻ ഓരോരുത്തരും ശ്രദ്ധിയ്ക്കണമെന്നും സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: കോ ഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ് : 718 608 5583, ജനറൽ സെക്രട്ടറി ജോബി ജോൺ : 201 321 0045, ട്രഷറാർ മാത്യു വർഗീസ് : 631 891 8184.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
FROM ONMANORAMA