ADVERTISEMENT

സഫേൺ(ന്യൂയോർക്ക്) ∙ അപ്പോസ്തോലന്മാരുടെ ഇടയിൽ ഒരു തർക്കം. അപ്പോസ്തോലന്മാരിലെ പ്രധാനിമാരായ പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവർക്കിടയിലാണ് തങ്ങളിലാരാണ് വലിയവൻ എന്ന തർക്കം ഉണ്ടായത്. ഉള്ളിലൊളിപ്പിച്ചു വച്ച തർക്കം പക്ഷേ യേശുവിന് മനസിലാക്കുവാൻ സാധിച്ചു. അടുത്തുണ്ടായിരുന്ന ഒരു കുഞ്ഞിനെ എടുത്തിട്ട്, ഈ കുഞ്ഞിന്റെ അവസ്ഥയിൽ ജീവിക്കുന്നവനാണ് വലിയവൻ എന്ന് യേശു പറഞ്ഞ് ഒരു വലിയ പാഠം പഠിപ്പിച്ചു.

saffern-st-marys4-gif

 

saffern-st-marys2-gif

ജൂലൈ 14 ഞായറാഴ്ചയിലെ ഏവൻഗേലിയോൻ ഭാഗം എടുത്ത് പ്രഭാഷണം നടത്തുകയായിരുന്നു. മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലൂസ് ദ്വിതീയൻ കാതോലിക്ക ബാവ. സഫേൺ സെന്റ് മേരീസ് ഇടവകയുടെ ഇരുപതാം വാർഷിക ആഘോഷ പരിപാടികളുടെ ആരംഭം കുറിച്ച ചടങ്ങുകൾക്കു മുന്നോടിയായുള്ള വി. കുർബാന മധ്യേ ആയിരുന്നു പരി. ബാവയുടെ പ്രഭാഷണം.

saffern3-gif

 

ആധുനികതയുടെ കാലത്ത് ജീവിക്കുന്ന നമുക്കു ചുറ്റും കാണുന്നത് ഇത്തര ത്തിലുള്ള തർക്കങ്ങളും തന്നെത്താൻ വലിയവനാകുവാനുള്ള അഭിവാഞ്ജയുമാണ്. ഇടിച്ചിടിച്ച് നിന്ന് സ്വയം ഉയർത്താനുള്ള ചെറിയ പൊടിക്കൈകൾ അഭിലഷണീയമല്ല. കഴിഞ്ഞ വർഷം കേരളത്തിലുണ്ടായ മഹാപ്രളയകാലത്ത് എല്ലാവരും ഒന്നു ചേർന്നു. ആരാണ് വലിയവൻ എന്ന ചിന്ത അവിടെ ഉണ്ടായില്ല. ജാതിയോ മതമോ സഭയോ, സമുദായമോ നോക്കാതെ, എല്ലാവരും ഒന്നായി. ജീർണ്ണതകൾ ഒട്ടേറെ ഉള്ള സാഹചര്യത്തിലും ദൈവത്തിന്റെ ഒരു സന്ദേശമായിരുന്നു ആ മഹാപ്രളയം. കേരളമക്കൾ ഒന്നായി നിന്ന് ആ സന്ദേശം ഉൾക്കൊണ്ട് പ്രവർത്തിച്ചു.

 

ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വി. കുർബാനയ്ക്കുശേഷം കൂടിയ സമ്മേളനത്തിൽ സഭയുടെ ഏറ്റവും പുതിയ സംഭവ വികാസങ്ങളെ ക്കുറിച്ചാണ് പരി. ബാവ സംസാരിച്ചത്. ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ഒരു സഭയും സമൂഹവുമാണ് നമ്മുടേത്. അതുകൊണ്ടു തന്നെ. നമ്മുടെ ഉത്തരവാദിത്വം ദൈവത്തെ സ്നേഹിക്കുക എന്നതാണ്. ദൈവത്തെ സ്നേഹിക്കുന്നതിന് മനുഷ്യനെ സ്നേഹിക്കണം. ഇവിടെയാണ് നാം താഴ്മ കാണിക്കേണ്ടത്. നമ്മുടെ പിതാക്കന്മാർ ഒട്ടേറെ കഷ്ടതകളിൽ കൂടി കടന്നു പോയവരാണ്. അവർ കാപട്യമില്ലാത്തവരായിരുന്നു. അവരുടെ പ്രാർത്ഥനയും കോട്ടയും നമ്മോടൊപ്പമുണ്ട്. നമ്മുടെ ദൈനംദിന സഭാ കാര്യങ്ങളിൽ ദൈവത്തിന്റെ അളവറ്റ കൃപാവരം ഉള്ളതായി അനുഭവപ്പെടുന്നുണ്ട്. സുപ്രീം കോടതി വിധിയിൽ അത്യാഹ്ലാദത്തിന്റെ യാതൊരു ആവശ്യവുമില്ല. ഒരു കടുകുമണിക്ക് പോലും, ഏതൊക്കെ, എന്തൊക്കെ, സമ്മർദ്ദമുണ്ടായാലും പരി. സഭയെ ശുഭതുറമുഖത്തേക്ക് എത്തിക്കുവാൻ എല്ലാവരും പ്രാർത്ഥിക്കണം. എങ്ങനെയെങ്കിലും, എന്ത് ശരിയല്ല. കാര്യങ്ങളെപ്പറ്റി കൃത്യമായ വിവരം ഉണ്ടായിരിക്കണം. സൗമ്യതയും വിനയവും ദൈവാശ്രയ ബോധവും ഉണ്ടാവേണ്ട സമയമാണിത്. ഒന്നിലും അഹങ്കരിക്കരുത്– അമിതമായി. മലങ്കര സഭയെ നശിപ്പിക്കുവാൻ ആരെങ്കിലും ശ്രമിച്ചാൽ, അവർ നശിക്കും എന്ന സൂചനയോടെയാണ് പരി. ബാവ ഉപസംഹരിച്ചത്.

 

പ്രാർത്ഥനയുടെ അടിസ്ഥാനത്തിലുള്ള കൂട്ടായ്മയെക്കുറിച്ചു പറഞ്ഞാണ് മാർ നിക്കോളോവോസ് തന്റെ ഹ്രസ്വമായ ആശംസാ പ്രസംഗം തുടങ്ങിയത്. ഒരു തിരിഞ്ഞു നോട്ടത്തിന്റെ ആവശ്യമുണ്ട്. കടന്നു പോയ പാതകളെക്കുറിച്ച് ബോധ്യമുണ്ടാകണം. ദൈവം നടത്തിയ വഴികളെക്കുറിച്ചോർക്കണം. രാജു വറുഗീസ് അച്ചന്റെ നേതൃത്വത്തിലുള്ള ഇടവക ഉത്തരോത്തരം  അഭിവൃദ്ധി പ്രാപിച്ചു വരുന്നതിൽ മാർ നിക്കോളോവോസ് സംതൃപ്തി രേഖപ്പെടുത്തി.

 

വൈദിക ട്രസ്റ്റി ഫാ. ഡോ. എം. കെ. ജോൺ, ഭദ്രാസന സെക്രട്ടറി ഫാ. ഡോ. വറുഗീസ് എം. ഡാനിയൽ, കൗൺസിൽ അംഗം ഫാ. മാത്യു തോമസ്, ക്ലാർക്ക്സ്ടൗൺ സൂപ്പർവൈസർ ജോർജ് ഹോമാൻ, ഭദ്രാസന കൗൺസിലിനെ പ്രതിനിധീകരിച്ച് സജി എം. പോത്തൻ. സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളെ പ്രതിനിധീകരിച്ച് ജോർജ് തുമ്പയിൽ, ഇടവകയെ പ്രതിനിധീകരിച്ച് മിഷേൽ പോത്തൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

 

വാർഷികാഘോഷങ്ങളുടെ ഭാഗമായി പരി. ബാവയും വിശിഷ്ടാതിഥികളും ഇടവക ഭാരവാഹികളും നിലവിളക്ക് കൊളുത്തി. പരി. ബാവയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രസ്ഥാനമായ സ്നേഹ സ്പർശത്തിലേക്ക് ഇടവകയുടെ സംഭാവന ട്രസ്റ്റി റെജി കുരീക്കാട്ടിൽ കൈമാറി.

 

സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ റോയി എണ്ണച്ചേരിൽ, ജോസഫ് ഏബ്രഹാം, കൗൺസിൽ അംഗങ്ങളായ ഡോ. ഫിലിപ്പ് ജോർജ്, സാജൻ മാത്യു, സന്തോഷ് മത്തായി, മുൻ മാനേജിങ് കമ്മിറ്റി അംഗങ്ങളായ പോൾ കറുകപ്പിള്ളിൽ, വറുഗീസ് പോത്താനിക്കാട്, പരി. ബാവയുടെ സെക്രട്ടറി ഫാ. ജിസ് ജോൺസൺ തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു.

 

ഇടവക വികാരി ഫാ. ഡോ. രാജു വറുഗീസ് പരി. ബാവയെയും മാർ നിക്കോളോവോസിനെയും പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. എംസിയായി പ്രവർത്തിച്ച ഇടവക സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു. ഇടവക ക്വയറിന്റെ കാതോലിക്ക മംഗള ഗാനാലാപനത്തോടെയും ശ്ലൈഹീക വാഴ്‌വോടെയും ചടങ്ങുകൾ സമാപിച്ചു. വിഭവ സമൃദ്ധമായ ഭക്ഷണവും ക്രമീകരിച്ചിരുന്നു. ഇടവക ഭാരവാഹികളും ജനങ്ങളും വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com