sections
MORE

പ്രവാസികളുടെ നെഞ്ചുരുക്കിയ പ്രളയത്തിന് ഒരു വയസ്സ്

Fomaa-chamathil
ഫോമ പ്രസിഡന്റ് ഫിലിപ് ചാമത്തിൽ
SHARE

ന്യൂയോർക്ക് ∙ 2018 ഒാഗസ്റ്റ് മാസം കേരളത്തിലുണ്ടായ പ്രളയവും അതിൽ നിന്നും നമ്മുടെ നാട് ഒത്തൊരുമയോടെ കരകയറിയതും ലോകം മുഴുവൻ കണ്ടതാണ്. ഇപ്പോൾ വീണ്ടും ഒരു ഒാഗസ്റ്റ് മാസം എത്തുമ്പോൾ ആ പ്രളയ ദിനങ്ങളാണ് മനസ്സിലേക്ക് വരുന്നത്. ഈ കുറിപ്പെഴുതുമ്പോൾ കേരളത്തിൽ പെയ്യുന്ന അതിശക്തമായ മഴയുടെ വാർത്തകളും ദൃശ്യങ്ങളുമാണ് ടെലിവിഷനിൽ. മുൻപ് സംഭവിച്ചതുപോലെ അപകടങ്ങൾ ഒന്നും സംഭവിക്കരുതേ എന്നാണ് പ്രാർഥന. കഴിഞ്ഞ ഒാഗസ്റ്റിൽ കേരളത്തിലുണ്ടായ പ്രളയ വാർത്ത നെഞ്ചുരുകിയാണ് ഞാനുൾപ്പെടെയുള്ള പ്രവാസികൾ കേട്ടത്. ടെലിവിഷൻ ചാനലുകൾ മാറ്റി മാറ്റി ദിവസങ്ങളോളം വിവരങ്ങൾ അറി‍ഞ്ഞു. ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെടാൻ പോലും പറ്റാത്ത സാഹചര്യം. ഡാമുകൾ തുറന്നുവിടുന്നതും തോരാതെ പെയ്യുന്ന മഴയും രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങളും പ്രവാസികൾ ഏറെ ഞെട്ടലോടെ ടെലിവിഷനിലൂടെയാണ് കണ്ടത്. 

എന്തുചെയ്യണമെന്ന് അറിയാതെ ഓരോ നിമിഷവും ഞങ്ങൾ തള്ളിനീക്കി. ഒടുവിൽ മഴ കുറഞ്ഞുവെന്നും വെള്ളം ഇറങ്ങുന്നുവെന്നുമുള്ള വാർത്ത വന്നതോടെയാണ് ഞങ്ങളുടെ മനസ്സിൽ തളം കെട്ടിയ ദുഃഖം മാറിയത്. ആ സമയത്തൊക്കെ ശരീരം മാത്രമാണ് വിദേശത്ത് ഉണ്ടായിരുന്നത്. മനസ്സ് പൂർണമായും കേരളത്തിലും ഇവിടെയുള്ള ജനങ്ങൾക്കും ഒപ്പമായിരുന്നു. സാഹചര്യം വലിയ കുഴപ്പമില്ലെന്ന അവസ്ഥയിൽ എത്തിയപ്പോൾ ശക്തമായ മഴയുടെ ദുരിതം അനുഭവിച്ചവരെ എങ്ങനെയെങ്കിലും സഹായിക്കണമെന്ന ചിന്തയായിരുന്നു പ്രവാസികൾക്ക്. വീടുകൾ പൂർണമായും തകർന്നവർ, ഒരു ജന്മത്തിൽ സമ്പാദിച്ചത് മുഴുവൻ നശിച്ചവർ അങ്ങനെ വിറങ്ങലിച്ചു നിന്ന ഒരു സമൂഹത്തെ എങ്ങനെ സഹായിക്കാം എന്ന ചിന്തയായിരുന്നു ഞങ്ങൾ പ്രവാസികൾക്ക്. 

floods-rescue-1
2018ലെ പ്രളയത്തിന്റെ രക്ഷാ പ്രവർത്തനത്തിൽ നിന്നുള്ള ദൃശ്യം.

പ്രളയത്തിനു മുൻപ് കേരളത്തിൽ മഴയിൽ ദുരിതം അനുഭവിച്ചവരെ സഹായിച്ചതിനു ശേഷം ഞാൻ തിരികെ അമേരിക്കയിൽ എത്തിയപ്പോഴാണ് മഹാപ്രളയം എന്ന വലിയ ദുരന്ത വാർത്ത അറിഞ്ഞത്. വിവിധ ജില്ലകളിൽ പതിനായിരക്കണക്കിന് ആളുകൾക്ക് അന്ന് ആവശ്യമായ സഹായങ്ങൾ ഫോമ ചെയ്തിരുന്നു. അതോടൊപ്പം ഹൂസ്റ്റണിലെ ‘ലെറ്റ്സ്‍ ദെം സ്മൈൽ എഗൈയ്ൻ’ എന്ന സംഘടനയുമായി സഹകരിച്ച് അമേരിക്കയിൽ നിന്നും മെഡിക്കൽ പ്രൊഫഷനിൽ ഉള്ള ഏതാണ്ട് 35 പേരെ കേരളത്തിൽ എത്തിച്ച് മൂന്നു ജില്ലകളിലായി 15 ക്യാംപുകൾ സംഘടിപ്പിച്ചു. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ വച്ച് 30 ജനറൽ സർജറികളും ഫോമയുടെ നേതൃത്വത്തിൽ സൗജന്യമായി നടത്തിയിരുന്നു.

അതിനുശേഷമാണ് പതിനായിരക്കണക്കിന് വീടുകൾ പൂർണമായും ഭാഗികമായും തകരുകയും നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്യുന്നത്. പ്രവാസികൾ എന്ന നിലയിൽ ഇതാണ് സ്വന്തം നാടിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിനുള്ള കൃത്യമായ സമയം എന്ന് എനിക്ക് തോന്നി. ഇതിന്റെ ഭാഗമായാണ് എന്തു കൊണ്ട് ഫോമയുടെ ഒരു ഗ്രാമം നിർമിച്ചുകൂടാ എന്ന ആശയം ഞാൻ ഫോമയുടെ നാഷനൽ കമ്മറ്റിയിൽ മുന്നോട്ടുവച്ചത്. അത് നാഷനൽ കമ്മിറ്റി അംഗങ്ങൾ സ്വീകരിക്കുകയും ചെയ്തു. കേരളത്തിലെ മൂന്നു ജില്ലകളിയായി ഫോമ വില്ലേജ് പടുത്തുയർത്താനുള്ള പദ്ധതികൾ ആരംഭിക്കുകയും ചെയ്തു. ഫോമയ്ക്ക് ഏറെ അഭിനന്ദനവും പ്രശംസയും ലഭിച്ച ഒരു പദ്ധതിയായിരുന്നു ഇത്.

foma12
തിരുവല്ലയിലെ കടപ്രയിൽ ഫോമയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകിയ വീടുകൾ.

ജനുവരി 13ന് തിരുവല്ല കടപ്രയിൽ ഫോമ വില്ലേജിന്റെ തുടക്കം കുറിക്കുകയും ജൂൺ രണ്ടിന് 36 വീടുകളുടെ താക്കോൽ ദാനം നടത്തുകയും ചെയ്തു. പ്രളയത്തെ അതിജീവിക്കുന്ന തരത്തിലുള്ള വീടുകൾ ആണ് നിർമിച്ച് നൽകിയത്. രണ്ടു മുറികൾ, അടുക്കള, ലിവിങ് റൂം എന്നിവ ഉൾപ്പെട്ട കോൺക്രീറ്റ് ചെയ്ത് പെയിന്റ് അടിച്ച് മനോഹരമാക്കിയ വീടുകളാണ് ഫോമ നിർമിച്ചത്. ഫോമയുടെ ഈ വലിയ പദ്ധതിയ്ക്ക് സർക്കാരിന്റെ മികച്ച പിന്തുണയും ലഭിച്ചു. സംസ്ഥാന സർക്കാരിന്റെ സൈറ്റിൽ പോലും ഫോമ വില്ലേജിന്റെ ചിത്രങ്ങൾ കാണാം. 

flood

ഇത്രയും വലിയൊരു പദ്ധതിക്കായി ഫോമയെ സഹായിച്ചത് അമേരിക്കയിലെ വിവിധ വ്യക്തികളും സന്നദ്ധ സംഘടനകളുമാണ്. ഈ വ്യക്തികൾക്കും സംഘടനകൾക്കും ഫോമ പ്രസിഡന്റ് എന്ന നിലയിൽ വ്യക്തിപരമായി നന്ദിയും സ്നേഹവും അറിയിക്കുന്നു. പ്രവാസി മലയാളി സംഘടനകളിലെ ഏറ്റവും ശക്തമായ സംഘടനയായ ഫോമ, മറ്റു പ്രവാസി സംഘടനകളിൽ നിന്നും വ്യത്യസ്തമായി പ്രളയ ദുരിതാശ്വാസ രംഗത്ത് നേരിട്ട് രംഗത്തിറങ്ങിയാണ് ഇടപെടലുകൾ നടത്തിയത്. പ്രവാസി മലയാളി സംഘടനകൾക്കെല്ലാം അഭിമാനിക്കാവുന്ന പ്രവർത്തനമാണ് ഫോമ നടത്തുന്നത്. ഫോമ ഉണ്ടാക്കിയ വില്ലേജുകളിൽ ജീവിക്കുന്നവർക്ക് വിദ്യാഭ്യാസത്തിനും മികച്ച തൊഴിൽ നേടുന്നതിനുമുള്ള അവസരം ഒരുക്കുകയാണ് ഫോമയുടെ ഇനിയുള്ള ലക്ഷ്യം. 

foma13

ആദ്യം സൂചിപ്പിച്ചതു പോലെ ഇനിയും ഇത്തരത്തിലുള്ള ഒരു പ്രളയം വരാതിരിക്കട്ടെയെന്നു തന്നെയാണ് ആത്മാർഥമായി പ്രാർഥിക്കുന്നത്. ഇപ്പോഴുള്ള ശക്തമായ മഴയും മറ്റുപ്രശ്നങ്ങളും നേരിടാൻ കേരളത്തിലെ ജനങ്ങൾക്കും സർക്കാർ സംവിധാനങ്ങൾക്കും സാധിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം ഇതിലും വലിയ പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ടവരാണല്ലോ നമ്മൾ മലയാളികൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
FROM ONMANORAMA