sections
MORE

റെയ്ഡുകളിൽ അനാഥരായി കുട്ടികൾ

SHARE

ന്യൂയോർക്ക്∙ മിസിസിപ്പിയിലെ വീട്ടിൽ കിച്ചൻ കൗണ്ടറിലേക്ക് ചാഞ്ഞ് ഇരിക്കുന്ന പന്ത്രണ്ടു വയസ്സുകാരി വാന ആൻഡ്രസ് തന്റെ അച്ഛന്റെ മൊബൈൽ ഫോണിൽ മുറുകെ പിടിച്ച് ദുഃഖം മുഴുവൻ ഉള്ളിലൊതുക്കി. 14 കാരനായ മൂത്ത സഹോദരൻ എ‍ഡ്‌വർഡോ തന്റെ ഐപാഡിലേയ്ക്കു കണ്ണും നട്ടിരുന്നു. അവന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.

കോഷ് ഫുഡ് ഇങ്കിൽ ജോലി ചെയ്തിരുന്ന അവരുടെ മാതാപിതാക്കളെ രണ്ടു ദിവസം മുമ്പാണ് ഇമ്മിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസ്) ഏജന്റുമാർ ഫാക്ടറിയിൽ നടത്തിയ റെയ്ഡിൽ പിടിച്ചു കൊണ്ടുപോയത്. മോർട്ടൻ നഗരത്തിന്റെ  ഹൃദയഭാഗത്താണ് കോഷ് ഫുഡ്സിന്റെ പ്ലാന്റ്. പിടിക്കപ്പെട്ടവർക്ക് കയ്യാമം വച്ചത് പ്ലാസ്റ്റിക് ടേപ്പുകൾ കൊണ്ടാണ്. അവരെ ബസുകളിലേയ്ക്ക് തള്ളിക്കയറ്റിയത്  കോഴികളെ എത്തിക്കുന്നതുപോലെ ആയിരുന്നു എന്ന് കണ്ടു നിന്നവരിൽ ചിലർ പരാതിപ്പെട്ടു.

വാനയ്ക്കു രാഷ്ട്രീയത്തെപ്പറ്റിയോ, കുടിയേറ്റത്തിനെ പറ്റിയോ ഒന്നും അറിയില്ല. എന്റെ മാതാപിതാക്കൾ എത്രയും വേഗം വീട്ടിൽ തിരിച്ചെത്തണം എന്നാണ് എന്റെ ആഗ്രഹം, അവൾ പറഞ്ഞു. ഐസ് തന്റെ മാതാപിതാക്കളെ എങ്ങോട്ടാണ് കൊണ്ടു പോയതെന്ന് അവൾക്കറിയില്ല. ഗോട്ടിമാലക്കാരായ അവർ കഴിഞ്ഞ എട്ട് വർഷമായി ദക്ഷിണ ഉൾ‍പ്രദേശത്തുള്ള ടൗണിൽ ജോലി ചെയ്തു ജീവിക്കുന്നു. ജീവിതത്തിന് അമേരിക്കയുടെ എല്ലാ സുഖ സൗകര്യങ്ങളുമുള്ള റാഞ്ചിലെ നാല് ബെഡ്റൂം വീട്. 

എന്നാൽ ഇപ്പോൾ വാനയുടെയും എഡ്‌വർഡോയും ജീവനാഡി  ലാൻഡ് ലൈൻ ഫോൺ മാത്രമാണ്. അതിൽ ഒരിക്കൽ അജ്ഞാതമായ ഒരു നമ്പറിൽ നിന്ന് ഒരു ഫോൺ വന്നു. വാന ഫോൺ എടുത്ത് അമ്മാവൻ പെഡ്റോ ഫെലി പേയ്ക്ക് നൽകി. അങ്ങേത്തലയ്ക്കൽ അവളുടെ അമ്മ ആന അൻഡ്രസ് ആയിരുന്നു. കുട്ടികളെ സംരക്ഷിക്കുക. അവർക്ക് ആഹാരം നൽകുക, ആന കരഞ്ഞു കൊണ്ട് പറയുന്നത് കുട്ടികളും കേട്ടു.

ആറാം ക്ലാസിലെത്തിയ വാന മിഡിൽ സ്കൂളിൽ പഠനം തുടങ്ങിയതേയുള്ളൂ. രണ്ടാം ദിവസം ബുധനാഴ്ചയാണ് ഫെഡറൽ എജന്റുമാർ വിശാലമായ കോഷ് ഫുഡ്സ് പ്ലാന്റിൽ റെയ്ഡ് നടത്തിയത്. കോഷ് ഫുഡ് പ്ലാന്റിൽ പിതാവ് നൈറ്റ് ഷിഫ്റ്റ് അവസാനിപ്പിക്കുകയായിരുന്നു. ഡേ ഷിഫ്റ്റിലെ തന്റെ ജോലി ആരംഭിക്കുവാൻ മാതാവ് തയാറെടുക്കുകയായിരുന്നു.

പിന്നീട് അരങ്ങേറിയ രംഗം മിസിസിപ്പിയിലെ ഏതാണ്ട് എല്ലാ ഫുഡ് പ്രോസസിങ് പ്ലാന്റുകളിലും സമാനമായിരുന്നു. ഫെഡറൽ ഏജന്റുമാർ നൂറു കണക്കിന് ലറ്റിനോ ജോലിക്കാരെ മുറികളിൽ ഒന്നിച്ചു കൂട്ടി ചോദ്യം ചെയ്തു. യുഎസിൽ നിയമ വിരുദ്ധമായി എത്തിയവർ എന്ന് സംശയിക്കുന്നവരെ സൂക്ഷ്മ പരിശോധനകൾക്ക് വിധേയരാക്കി. സംസ്ഥാനത്ത് അങ്ങോളം ഇങ്ങോളം പരിശോധനകൾ നടത്തി ഏറ്റവും വലിയ സംഘം ജോലിക്കാരെ (680 പേരെ) ഡ റ്റെയിൻ ചെയ്തു. ഒരു ദശകത്തിനുള്ളിൽ ഒരു ദിവസം ഇത്രയധികം പേരെ തടഞ്ഞു വയ്ക്കുന്നത് ഇതാദ്യമാണ്.

ഇതിനെതിരെ ഏറ്റവുമധികം പ്രതിഷേധം ഉയർന്നതും 3,600 പേർ മാത്രം ജനസംഖ്യയുള്ള മോർട്ടനിലാണ്. 200 തൊഴിലാളികളെ തടഞ്ഞ് വച്ചപ്പോൾ തന്നെ കുടുംബങ്ങൾ ചുട്ടു പൊള്ളുന്ന വെയിലിൽ പഴയ കപ്പൽ പ്ലാന്റിനടുത്ത് തടിച്ചു കൂടി. ഉപയോഗശൂന്യമായ ലോഹക്കഷണങ്ങളും മറ്റും നിറഞ്ഞ വളരെ മോശമായ പരിസരത്ത് ഒന്നിച്ചു കൂടി ഇവർ പ്രതിഷേധിച്ചു. 11 വയസുള്ള ഒരു കുട്ടി  ഗവൺമെന്റിനോട് ഒരല്പം ദയവ് കാട്ടൂ എന്ന് അഭ്യർഥിക്കുന്ന വിഡിയോ നിമിഷങ്ങൾക്കുള്ളിൽ വൈറലായി. മറ്റെല്ലാവരെയും പോലെ സ്വതന്ത്രരാവാൻ എന്റെ മാതാപിതാക്കളെ ദയവായി അനുവദിക്കുക. എനിക്ക് എന്റെ മാതാപിതാക്കളെ വേണം, വിഡിയോ അഭ്യർഥന തുടർന്നു.

വാനയും എഡ്‌വേർഡും റെയ്ഡിനെക്കുറിച്ചും തങ്ങളുടെ മാതാപിതാക്കളെ കൊണ്ടു പോയതിനെകുറിച്ചും അറിഞ്ഞത് ഉച്ചയ്ക്കുശേഷം അമ്മാവൻ സ്കൂളിൽ നിന്ന് അവരെ വീട്ടിലേക്ക് കൊണ്ടുപോകാൻ എത്തിയപ്പോഴാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN US
SHOW MORE
FROM ONMANORAMA