ADVERTISEMENT

ന്യൂജഴ്സി∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒക്ടോബറിൽ നടക്കുന്ന എട്ടാമത് ദേശീയ കോൺഫറൻസിന് മുന്നോടിയായി ന്യൂജഴ്സിയിലെ ദേശീയ സംഘടനകളുടെയും പ്രാദേശിക സംഘടനകളുടെയും നേതാക്കളുടെ സംയുക്തയോഗം ദേശീയ കോൺഫറൻസ് സ്വീകരണ കമ്മിറ്റി ചെയർമാൻ രാജു പള്ളം അധ്യക്ഷനായി എഡിസനിൽ നടന്നു. നാഷണൽ കോൺഫറൻസിൽ വരുത്തേണ്ട കാലോചിതമായ മാറ്റങ്ങളെ കുറിച്ചും സംഘടനാ തലത്തിലുള്ള പ്രാതിനിധ്യത്തെ കുറിച്ചും യുവജനങ്ങൾക്ക് പ്രയോജനകരമായ രീതിയിൽ ഗുണകരമായ സെഷനുകൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും വിശദമായ ചർച്ചകൾ യോഗത്തിൽ നടന്നു.

സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ട കാര്യങ്ങളിൽ ഉൾക്കൊള്ളിക്കാൻ ആവുന്നത് കൂടി ഉൾക്കൊള്ളിച്ചു കൊണ്ടാവും ഇത്തവണത്തെ കോൺഫറൻസ് എന്ന് ദേശീയ പ്രസിഡണ്ട് മധു കൊട്ടാരക്കര പറഞ്ഞു.ഇന്ത്യാ പ്രസ് ക്ലബ് നേതാക്കളും വിവിധ സംഘടനകളും തമ്മിലുള്ള കാലാകാലങ്ങളായുള്ള ഊഷ്മളമായ ബന്ധം ഈ കോൺഫറൻസ് വിജയകരമാക്കാൻ ഉപകാരപ്പെടണമെന്ന് നേതാക്കൾ അഭ്യർഥിച്ചു. ഇതാദ്യമായാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക വിവിധ സംഘടനാ നേതാക്കളെയും കൂടി കോർത്തിണക്കിക്കൊണ്ട് ഒരു കോൺഫറൻസിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്.

ഒക്ടോബർ 10, 11, 12 തീയതികളിൽ ന്യൂജഴ്സിയിലെ എഡിസനിലുള്ള ഈ ഹോട്ടലിൽ നടക്കുന്ന കോൺഫറൻസിൽ കേരളത്തിൽ നിന്ന് മന്ത്രി കെ ടി ജലീൽ, മാധ്യമപ്രവർത്തകരായ മാതൃഭൂമിയിലെ വേണു ബാലകൃഷ്ണൻ, ഏഷ്യാനെറ്റിലെ എം ജി രാധാകൃഷ്ണൻ, ഹിന്ദു പത്രത്തിന്റെ ജോസി ജോസഫ്, സോഷ്യൽ മീഡിയയിലൂടെ തരംഗമായി മാറിയ വിനോദ് നാരായണൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുക്കുന്നതാണ്.

ഇതു സംബന്ധിച്ച് ചേർന്ന യോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡൻറ് രാജു പള്ളം, റെജി ജോർജ്, ജോർജ് തുമ്പയിൽ, മധു കൊട്ടാരക്കര, ഫ്രാൻസിസ് തടത്തിൽ, ഷിജോ പൗലോസ്, ജീമോൻ ജോർജ്, മഹേഷ് മുണ്ടയാട് തുടങ്ങിയവരും കമ്മ്യൂണിറ്റി നേതാക്കളായ മാധവൻ നായർ, അനിയൻ ജോർജ്, ജിബി തോമസ്, സജിമോൻ ആൻറണി, ജോൺ ജോർജ്, ബൈജു വർഗീസ്, ജെയിംസ് ജോർജ്, സജി മാത്യു, ഷാലു പുന്നൂസ്, സണ്ണി വലിയപ്ലാക്കൽ, യോഹന്നാൻ ശങ്കരത്തിൽ എന്നിവരും പങ്കെടുത്തു.ഫൊക്കാന പ്രസിഡന്റ്‌ മാധവൻ നായരുടെ മകൾ ജാനകിയുടെ വേർപാടിലും തിരുവനന്തപുരത്ത്‌ മരണമടഞ്ഞ സിറാജ്‌ പത്രത്തിന്റെ ബഷ്‌Iറിനും യോഗം അനുശോചനം രേഖപ്പെടുത്തി. മികച്ച മാധ്യമ പ്രവർത്തനത്തിനുള്ള ബർഗ്ഗൻഫീൽഡ്‌ കൗണ്ടി അവാർഡ്‌ നേടിയ ഏഷ്യാനെറ്റിന്റെ ഷിജോ പൗലോസിനെ യോഗം പ്രത്യേകം അഭിനന്ദിച്ചു.

എട്ടാമത് ദേശീയ  കോൺഫറൻസ് സര്‍വകാല വിജയമാക്കാന്‍ മധു കൊട്ടാരക്കര ( പ്രസിഡന്റ്),സുനില്‍ തൈമറ്റം (സെക്രട്ടറി), സണ്ണി പൌലോസ് (ട്രഷറര്‍),ജയിംസ് വര്‍ഗീസ്  (വൈസ് പ്രസിഡന്റ്),  അനില്‍ ആറന്മുള  (ജോയിന്റ് സെക്രട്ടറി), ജീമോന്‍ ജോര്‍ജ്,  (ജോയിന്റ് ട്രഷറര്‍), തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവേശനം സൗജന്യമായ ഈ സമ്മേളനത്തിലേയ്ക്ക് വടക്കേ അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘടനകളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

ഇന്ത്യാ പ്രസ്ക്ലബിന്റെ 8 ചാപ്റ്ററുകളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍, വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തില്‍ സര്‍വസ്പര്‍ശിയായി പ്രവൃത്തിക്കുന്ന സാമുഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികള്‍, കേരളത്തില്‍ നിന്നുള്ള മാധ്യമ-രാഷ്ട്രീയ പ്രമുഖര്‍, സാഹിത്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com