ADVERTISEMENT

വാഷിങ്ടൻ ∙ ഒൻപതും പതിമൂന്നും വയസ്സുള്ള പെൺകുട്ടികളെ ശാരീരികമായി പീഡിപ്പിച്ച വൈദികന് ശിക്ഷ വിധിച്ച് കോടതി. വാഷിങ്ടനിലെ കൊളംബിയ കോടതിയാണ് ഉർബനോ വാസ്‍ക്വാസ് (47) എന്ന വൈദികനെ ശിക്ഷിച്ചത്. 45 വർഷമാണ് ശിക്ഷാ കാലാവധിയെന്നാണ് റിപ്പോർട്ടുകൾ. കടുത്ത പരാമർശങ്ങളാണ് വിധിപുറപ്പെടുവിച്ച് കോടതി നടത്തിയത്. വൈദിക വേഷമണിഞ്ഞ് ചെകുത്താനെ പോലെയാണ് വൈദികൻ പെരുമാറിയതെന്ന് കോടതി നിരീക്ഷിച്ചു. പീഡനത്തിന് ഇരയായത് അൾത്താര ബാലികമാരാണ്. 13 വയസ്സുള്ള പെൺകുട്ടിയെ 2015ലും ഒൻപതു വയസ്സുകാരിയെ 2016ലും ആണ് ഇയാൾ ഉപദ്രവിച്ചത് എന്നാണ് കോടതി രേഖകൾ പറയുന്നത്. 

‘യേശുവിനെ പോലെയായിരുന്നു വൈദികന്റെ പെരുമാറ്റം. ആ പെൺകുട്ടികളുടെ ജീവിതം എന്നന്നേക്കുമായി അയാൾ മാറ്റി’ എന്നു കുറിച്ചുകൊണ്ടാണ് ഫെഡറൽ പ്രോസിക്യൂട്ടർ തന്റെ വാദം അവസാനിപ്പിച്ചത്. ഇരകളായ രണ്ടുപെൺകുട്ടികളെയും ഒൻപത് ദിവസം വിചാരണ നടത്തി. ഇവർ നിലപാടിലും പരാതിയിലും ഉറച്ചു നിൽക്കുകയും കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കുകയും ചെയ്തു. ഒരു പെൺകുട്ടി രക്ഷിതാക്കളിൽ നിന്നും എല്ലാം മറച്ചുവയ്ക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, പിന്നീട് എല്ലാം തുറന്നു പറയുകയായിരുന്നു. പള്ളിക്കുള്ളിൽ വച്ചും പരിസരങ്ങളിൽ വച്ചും വൈദികൻ മോശമായി പെരുമാറിയെന്നാണ് പെൺകുട്ടികളുടെ മൊഴി. പുറത്ത് പറഞ്ഞാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന വൈദികന്‍റെ ഭീഷണി അവഗണിച്ചാണ് പെണ്‍കുട്ടികൾ പീഡനവിവരം രക്ഷിതാക്കളെ അറിയിച്ചത്. 

രക്ഷിതാക്കളുടെ വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു പ്രതിയായ വൈദികന്റെ പീഡനമെന്നും കോടതി നിരീക്ഷിച്ചു. ആരോപണം ഉയര്‍ന്നതോടെ വൈദികന്‍റെ നേതൃത്വത്തില്‍ പെണ്‍കുട്ടികളെയും അവരുടെ കുടുംബങ്ങളേയും ഒറ്റപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. തന്‍റെ ഇളയ സഹോദരന്‍ മുറിയ്ക്ക് പുറത്തു നില്‍ക്കുമ്പോള്‍ പോലും പീഡിപ്പിക്കാന്‍ വൈദികന്‍ മടി കാണിച്ചില്ലെന്ന പരാതിക്കാരിയില്‍ ഒരാളുടെ പരാമര്‍ശം അതീവ ഗുരുതരമാണെന്നും കോടതി നിരീക്ഷിച്ചു. മറ്റു വൈദികരുടെ നേതൃത്വത്തില്‍ പ്രാർഥന നടക്കുമ്പോള്‍ അള്‍ത്താരയ്ക്ക് പിന്നില്‍ വച്ച് വൈദികന്‍ പെണ്‍കുട്ടികളെ ദുരുപയോഗിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. 2014ലാണ് ഇയാള്‍ കൊളബിയയിലെ ഈ ദേവാലയത്തിലേക്ക് നിയമിതനായത്. ഈ വൈദികനെതിരെ മറ്റൊരു സ്ത്രീയും പീഡന പരാതി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കേസിന്റെ വിധി അറിയുന്നതിനായി നിരവധി വിശ്വാസികൾ കോടതിയിൽ എത്തിയിരുന്നു. ഭൂരിപക്ഷം പേരും വൈദികനെ പിന്തുണയ്ക്കുന്നവർ ആയിരുന്നുവെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ചിലയാളുകൾ പെൺകുട്ടികൾക്ക് നീതി ലഭിച്ചുവെന്നും പ്രതികരിച്ചു. കുറ്റകൃത്യം ഒളിപ്പിക്കാൻ ശ്രമിച്ച പള്ളി അധികൃതരെയും കോടതി വിമർശിച്ചു. പ്രതിയായ വൈദികൻ കോടതിയിൽ കുറ്റം നിഷേധിച്ചു. തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്ന് വാദിച്ച ഇയാൾ ഒരിക്കലും ഇരകളായ പെൺകുട്ടികൾക്കൊപ്പം തനിച്ച് ഉണ്ടായിട്ടില്ലെന്നും പറഞ്ഞു. പെൺകുട്ടികൾ കോടതിയിൽ പറഞ്ഞ കാര്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ കാര്യങ്ങളിലും വൈരുദ്ധ്യമുണ്ടെന്നും വൈദികന്റെ അഭിഭാഷകൻ വാദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com