ADVERTISEMENT

യുഎസിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കൊളബൈൻ കൂട്ടക്കുരുതിക്ക് ശേഷം ഇതുവരെ 200–ൽ ഏറെ അത്തരം സംഭവങ്ങൾ ഉണ്ടായി എന്നും ഈ വർഷം 33 തവണ അർദ്ധ യന്ത്രതോക്കുകൾ ഉപയോഗിച്ച് കൊലപാതകികൾ നിസ്സഹായരും നിരപരാധികളുമായ  ജനങ്ങളെ വെടി വച്ചു വീഴ്ത്തി എന്നും ജസ്റ്റീസ് ഡിപ്പാർട്ട്മെന്റ് പറയുന്നു. 

 

അമേരിക്കൻ ജനതയുടെ മനസ് രോഗാതുരമായോ എന്ന് ചോദിക്കുന്നവർ വർധിച്ച് വരികയാണ്. ഉള്ളിലെ നിരാശയും തിരസ്കരണ ബോധവും അയൽക്കാരനെ വെറുക്കാൻ പ്രേരിപ്പിക്കുന്നതാണോ അതോ എല്ലാറ്റിനോടുമുള്ള അമർഷം പുകഞ്ഞ് പുറത്തേയ്ക്ക് അക്രമമായി പ്രവഹിക്കുന്നതാണോ എന്ന് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

 

ഓരോ കൂട്ടക്കൊലപാതകങ്ങൾക്കും ശേഷം തോക്ക് നിയന്ത്രണത്തിനും തോക്ക് നിരോധനത്തിനും വേണ്ടി മുറവിളി ഉയരാറുണ്ട്. തോക്ക് നിരോധം നിലവിലെ നിയമ സംവിധാനത്തിൽ പല സംസ്ഥാനങ്ങളിലും അസാധ്യമാണ്. ഫെഡറൽ സംവിധാനത്തിൽ ഭരണഘടനയുടെ രണ്ടാം ഭേദഗതി തോക്ക് കൈവശം വയ്ക്കുവാൻ അനുവാദം നൽകുന്നു. ചില സംസ്ഥാനങ്ങൾ ഇത് പരസ്യമായി തന്നെ ധരിക്കുവാൻ അനുമതി നൽകുന്നുണ്ട്. ഓട്ടോമാറ്റിക്  റൈഫിളുകൾ കൈവശം വയ്ക്കുവാൻ മിക്ക സംസ്ഥാനങ്ങളും അനുവദിക്കുന്നില്ല. എന്നാൽ സെമി ഓട്ടോമാറ്റിക് റൈഫിളുകൾ കൈവശം വയ്ക്കുവാൻ അനുവദിക്കുന്ന ധാരാളം സംസ്ഥാനങ്ങളുണ്ട്.

 

തോക്കുകൾക്ക് ലൈസൻസ് ഉണ്ടായിരിക്കണം എന്നു നിർബന്ധമാണ് എന്നാൽ ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് കൈമാറി കിട്ടുന്ന തോക്കുകൾക്ക് പലപ്പോഴും ലൈസെൻസ് ഉണ്ടാവാറില്ല. തോക്കുകൾ രജിസ്റ്റർ ചെയ്തിരിക്കണം എന്ന നിയമവും ചിലപ്പോൾ പാലിക്കപ്പെടാറില്ല എന്നാരോപണമുണ്ട്. റജിസ്റ്റർ ചെയ്യുമ്പോൾ ഉടമസ്ഥാവകാശം ഉള്ള വ്യക്തിയുടെ ക്രമിനിൽ പശ്ചാത്തലം പരിശോധിക്കണമെന്നും ക്രിമിനൽ ചരിത്രം ഉള്ളവർക്ക് തോക്ക് നൽകാനാവില്ല എന്നും നിയമമുണ്ട്.  എന്നാൽ ഒഡേസയിൽ കൂട്ടക്കൊല നടത്തിയ ഘാതകന് ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരുന്നിട്ടും തോക്കുകൾ വാങ്ങാൻ അനുവദിച്ചു എന്ന് ആരോപണമുണ്ട്. എത്ര തോക്കുകൾ ഒരു വ്യക്തിക്ക് വാങ്ങാം എന്നു വ്യക്തമായ നിബന്ധകളില്ല. രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെ പലർക്കും ഒന്നിലധികം തോക്കുകൾ കൈവശം ഉണ്ട്. എത്ര തോക്കുകൾ തങ്ങളുടെ പക്കൽ ഉണ്ടെന്ന് വെളിപ്പടുത്തുവാൻ തോക്ക് നിയന്ത്രണത്തിനുവേണ്ടി ശബ്ദം ഉയർത്തുന്ന നേതാക്കൾ പോലും തയാറല്ല.

 

ബൈബിളിലെ പുറപ്പാട് പുസ്തകത്തിലെ 22–ാം അധ്യായം രണ്ടാം വാക്യത്തിൽ കള്ളൻ ഭവനഭേദനം നടത്തി പിടിക്കപ്പെട്ടാൽ അവനെ കൊല്ലുന്നത് തെറ്റല്ല എന്നെഴുതിയിരിക്കുന്നത് ടെക്സസ് സെനറ്റർ ടെഡ് ക്രൂസ് ഉദ്ധരിച്ചത് വിവാദമായിരിക്കുകയാണ്. തോക്ക് ഉടമകളുടെ സംഘടന നാഷണൽ റൈഫിൾ അസോസിയേഷൻ (എൻആർഎ) രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക്, പ്രത്യേകിച്ച് റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾക്ക് ലോഭം ഇല്ലാതെ സംഭാവന  നൽകാറുണ്ട്. ഈ സംഘടനയുടെ സംഭാവന തങ്ങൾ സ്വീകരിക്കില്ല എന്നു പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥികളുമുണ്ട്.

 

ഒഡേസയിൽ ഒരു പോസ്റ്റൽ ട്രക്ക് തട്ടിക്കൊണ്ട് പോയാണ് ഘാതകൻ കണ്ണിൽ കണ്ടവരെയെല്ലാം തുരുതുരെ വെടിവച്ചത്. അഞ്ചു പേർ മരിച്ചു. 20–ൽ ഏറെ പേർക്ക് വെടിയേറ്റു. മരിച്ചവരിൽ ഒഡേസ ഹൈസ്കൂളിൽ പഠിച്ചിരുന്ന 15 വയസ്സുകാരൻ ലീല ഹെർനാണ്ടസും ഉൾപ്പെടുന്നു. സഹപാഠികളെ സാന്ത്വനിപ്പിക്കുവാൻ താൻ അനുഭവിക്കുന്ന ബദ്ധപ്പാട് വിവരിച്ച് ഇംഗ്ലീഷ് അധ്യാപകൻ ഡാനിയേൽ ന്യൂമാൻ ഒരു ദിനപ്പത്രത്തിൽ ലേഖനമെഴുതി.

 

ഒഡേസ കൂട്ടക്കുരുതിക്ക് ശേഷം ടെക്സസ് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റുകൾ ഗവർണർ ഗ്രെഗ് ആബട്ടിന് സഭയുടെ ഒരു പ്രത്യേക സമ്മേളനം വിളിച്ചു കൂട്ടി തോക്ക് അക്രമം നിയന്ത്രിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com