ADVERTISEMENT

ഫിലഡല്‍ഫിയ∙  ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രം സെപ്റ്റംബര്‍ 7 ശനിയാഴ്ച വൈകുന്നേരം  അമേരിക്കയിലെ ഒരു "ചിന്ന വേളാങ്കണ്ണി"യായി മാറി. കിഴക്കിന്‍റെ ലൂര്‍ദ്ദായ വേളാങ്കണ്ണിയിലെ പുണ്യഭൂമിയില്‍നിന്നും ഏഴാം കടലിനക്കരെയെത്തി സഹോദരസ്നേഹത്തിന്‍ നഗരമായ ഫിലാഡല്‍ഫിയയ്ക്കു തിലകമായി വിരാജിക്കുന്ന ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ സ്ഥിരപ്രതിഷ്ഠനേടിയ ആരോഗ്യമാതാവിന്‍റെ തിരുസ്വരൂപം വണങ്ങി ആയിരങ്ങള്‍ ആത്മനിര്‍വൃതിയടഞ്ഞു.

velankanni

 

ഭക്തിനിര്‍ഭരമായി ആഘോഷിച്ച വേളാങ്കണ്ണി ആരോഗ്യമാതാവിന്‍റെ തിരുനാളില്‍ വര്‍ണ, വര്‍ഗ, ഭാഷാവ്യത്യാസം മറന്ന് തമിഴരും, തെലുങ്കരും, കന്നടക്കാരും, ഹിന്ദിക്കാരും, മലയാളികളും ഉള്‍പ്പെടെയുള്ള വിവിധ ഇന്‍ഡ്യന്‍ ക്രൈസ്തവസമൂഹങ്ങളും, ലാറ്റിനോ ക്രൈസ്തവരും, ഹിന്ദുക്കള്‍ ഉള്‍പ്പെടെ നാനാജാതിമതസ്ഥരായ മരിയഭക്തരും പങ്കെടുത്തു.

velankanni-pic

 

പരിശുദ്ധകന്യാമറിയത്തിന്‍റെ ജനനത്തിരുനാളും, വേളാങ്കണ്ണിആരോഗ്യ മാതാവിന്‍റെ തിരുനാളും സംയുക്തമായി സെപ്റ്റംബര്‍ 7 ശനിയാഴ്ച്ച ഭക്തിപുരസ്സരം ആഘോഷിക്കപ്പെട്ടു. ഹൂസ്റ്റണ്‍ സെ. ജോസഫ് സീറോമലബാര്‍ ഫൊറോനാപള്ളി അസിസ്റ്റന്‍റ് വികാരി റവ. ഫാ. രാജീവ് വലിയവീട്ടില്‍, സീറോമലബാര്‍പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കി. സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. വില്യം ജെ. ഒബ്രയിന്‍, സി. എം.; അസോസിയേറ്റ് ഡയറക്ടര്‍ റവ. ഫ്രാന്‍സിസ് സാക്സ്, സി. എം.; എന്നിവര്‍ സഹകാര്‍മ്മികരായി.

 

ഇറ്റാലിയന്‍, സ്പാനീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ മാറിമാറി ചൊല്ലിയ ജപമാലപ്രാര്‍ത്ഥനയോടൊപ്പം വേളാങ്കണ്ണി മാതാവിന്‍റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുനടത്തിയ ഭക്തിനിര്‍ഭരമായ പ്രദക്ഷിണം മരിയഭക്തര്‍ക്കും, രോഗികള്‍ക്കും സൗഖ്യദായകമായിരുന്നു. വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്‍റെ തിരുസ്വരൂപം 2012 സെപ്റ്റംബര്‍ എട്ടിനാണു ഫിലഡല്‍ഫിയാ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ പ്രതിഷ്ഠിച്ചത്. സിറോമലബാര്‍ ഇടവകയും വിവിധ ഇന്ത്യന്‍ ക്രൈസ്തവരും ഒന്നുചേര്‍ന്ന് തുടര്‍ച്ചയായി എട്ടാംവര്‍ഷമാണു വേളാങ്കണ്ണി മാതാവിന്‍റെ തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിക്കുന്നത്.

 

മിറാക്കുലസ് മെഡല്‍ നൊവേന, ആഘോഷമായ തിരുനാള്‍ കുര്‍ബാന, വേളാങ്കണ്ണി മാതാവിന്‍റെ നൊവേന, വേളാങ്കണ്ണി മാതാവിന്‍റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, വിവിധഭാഷകളിലുള്ള ജപമാലപ്രാര്‍ത്ഥന, തിരുസ്വരൂപം വണങ്ങി നേര്‍ച്ചസമര്‍പ്പണം എന്നിവ യായിരുന്നു തിരുനാള്‍ ദിവസത്തെ തിരുക്കര്‍മ്മങ്ങള്‍. ഇന്ത്യന്‍ അമേരിക്കന്‍ ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിന്‍റെയും, പൈതൃകത്തിന്‍റെയും, മരിയന്‍ ഭക്തിയുടെയും അത്യപൂര്‍വമായ കൂടിവരവ വായിരുന്നു ഈ തിരുനാളിലൂടെ പ്രകടമായത്. സീറോമലബാര്‍ യൂത്ത് കൊയര്‍ ആലപിച്ച മരിയഭക്തിഗാനങ്ങള്‍ എല്ലാവരെയും ആകര്‍ഷിച്ചു. ഫാ. രാജീവ് ദിവ്യബലിമധ്യേ തിരുനാള്‍ സന്ദേശം നല്‍കി. മിറാക്കുലസ് മെഡല്‍ ഷ്രൈന്‍ അസോസിയേറ്റ് ഡയറക്ടര്‍ റവ. ഫ്രാന്‍സിസ് സാക്സ്, സി. എം. എല്ലാവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്തു.

 

സിറോ മലബാര്‍ ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, കൈക്കാരന്മാരായ സജി സെബാസ്റ്റ്യന്‍, ബിനു പോള്‍, പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ്, സെക്രട്ടറി ടോം പാറ്റാനിയില്‍, തിരുനാള്‍ കോര്‍ഡിനേറ്റര്‍ ജോസ് തോമസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ തിരുനാള്‍ ക്രമീകരണങ്ങള്‍ ചെയ്തു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com