ADVERTISEMENT

ഹൂസ്റ്റണ്‍∙ ഇന്തോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ ആറാം രാജ്യാന്തര മീഡിയ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് അച്ചടിമധ്യമരംഗത്ത മികവിനുള്ള മീഡിയ എക്‌സലന്‍സ് അവാര്‍ഡിന് ഫോര്‍ട്ട് ബെന്‍ഡ് ഇന്‍ഡിപെന്‍ഡന്റ് എന്ന കമ്മ്യൂണിറ്റി ദിനപത്രത്തിന്റെ പ്രസാധകനും പത്രാധിപരുമായ ശേഷാദ്രി കുമാര്‍ അര്‍ഹനായി. ടെക്സസിലെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ പ്രചാരമുള്ള പത്രത്തിന് ആഴ്ചയില്‍ 45,000 വരിക്കാരുണ്ട്. ഇന്ത്യ ഹെറാള്‍ഡ് എന്ന മറ്റൊരു പ്രതിവാര പത്രവും ഇദ്ദേഹം പ്രസിദ്ധീകരിക്കുന്നു. ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ പ്രദേശത്തെ ഇന്ത്യന്‍ അമേരിക്കക്കാരുടെ വംശീയ സമൂഹത്തിന്റെ ശബ്ദമായും യുഎസിലെ മറ്റിടങ്ങളിലേക്കുള്ള പാലമായും ഈ പത്രം പ്രവര്‍ത്തിക്കുന്നു.

 

1977-ല്‍ ഇന്ത്യയിലെ പ്രമുഖ പത്രമായ ടൈംസ് ഓഫ് ഇന്ത്യയില്‍ ജേണലിസ്റ്റ് ട്രെയിനിയായി മാധ്യമപ്രവര്‍ത്തനം ആരംഭിച്ച ശേഷാദ്രി കുമാര്‍, പിന്നീട് ഹൂസ്റ്റണിലെ രണ്ടു പത്രങ്ങളുടെ പ്രസാധകന്‍ എന്ന നിലയിലേക്കു വളര്‍ന്നു.

 

സയന്‍സ് ജേണലിസത്തിലാണു ശേഷാദ്രി കുമാര്‍ സ്പെഷലൈസ് ചെയ്തിരുന്നത്. ടൈംസ് ഓഫ് ഇന്ത്യയിലെ 13 വര്‍ഷ കാലയളവില്‍ മുംബൈ ന്യൂക്ലിയര്‍ റിസര്‍ച്ച് സെന്ററിലെ സന്ദര്‍ശകരായ നിരവധി ആണവ ശാസ്ത്രജ്ഞരെയും നൊബേല്‍ പുരസ്‌കാര ജേതാക്കളെയും അഭിമുഖം ചെയ്യാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു.

 

1989-ല്‍ ദുബായിയിലേക്കു പോയ ശേഷാദ്രി കുമാര്‍, ഗള്‍ഫ് യുദ്ധം, കുവൈറ്റ് പ്രതിസന്ധി എന്നിവ സംബന്ധിച്ചു നടത്തിയ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടു. സയന്‍സ്, ബിസിനസ്, സാമ്പത്തികം എന്നീ മേഖലകളിലെ റിപ്പോര്‍ട്ടിംഗിലും അദ്ദേഹം പ്രാവീണ്യം വികസിപ്പിച്ചു. 1992-ല്‍ അദ്ദേഹം കുടുംബത്തോടൊപ്പം ഹ്യൂസ്റ്റണിലേക്കു ചേക്കേറി. അവിടെ ഇന്ത്യ ഹെറാള്‍ഡ് ആരംഭിക്കുന്നതിനുമുമ്പു മറ്റു രണ്ട് ഇന്ത്യന്‍ കമ്മ്യൂണിറ്റി പത്രങ്ങളില്‍ ശേഷാദ്രി കുമാര്‍ പ്രവര്‍ത്തിച്ചു.

 

മുഖ്യധാരാ റിപ്പോര്‍ട്ടിങ്ങുമായി എപ്പോഴും ബന്ധം പുലര്‍ത്തിയിരുന്ന ശേഷാദ്രി കുമാര്‍, 1997-ല്‍ ഫോര്‍ട്ട് ബെന്‍ഡ് സണ്‍ എന്ന കമ്മ്യൂണിറ്റി ദിനപത്രത്തില്‍ ജോലി ആരംഭിച്ചു. ഹൂസ്റ്റണ്‍ മേഖലയിലെ 35 പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ ഒന്നായിരുന്നു ഇത്. പിന്നീട് ഫോര്‍ട്ട് ബെന്‍ഡ് സണ്ണിന്റെ പത്രാധിപരായി മാറിയെങ്കിലും പുതിയ മാനേജ്മെന്റ് ഭരണം ഏറ്റെടുത്തപ്പോള്‍ രാജിവച്ചു. ഫോര്‍ട്ട് ബെന്‍ഡ്, അലീഫ് മേഖലകളിലെ റിപ്പോര്‍ട്ടിംഗിനായി ഹൂസ്റ്റണ്‍ ക്രോണിക്കിള്‍ കുമാറിനെ നിയമിച്ചു. രണ്ടുവര്‍ഷത്തോളം അദ്ദേഹം ഈ ജോലിയില്‍ തുടര്‍ന്നു.

 

ഇതിനുശേഷമാണ് ശേഷാദ്രി കുമാര്‍ സ്വന്തം സംരംഭത്തിനു തുടക്കം കുറിക്കുന്നത്. 2008-ല്‍ ഫോര്‍ട്ട് ബെന്‍ഡ് ഇന്‍ഡിപെന്‍ഡന്റ് ആരംഭിച്ചു. ഫോര്‍ട്ട് ബെന്‍ഡ് ഇന്‍ഡിപെന്‍ഡന്റ് സൗജന്യമാണ്. അതേസമയം ഇന്ത്യ ഹെറാള്‍ഡ് ഒരു സബ്സ്‌ക്രിപ്ഷന്‍ പത്രമായി തുടരുന്നു.

 

ഒക്ടോബര്‍ 11 മുതല്‍ 14 വരെ ഹൂസ്റ്റണിലെ ദി ഡബിള്‍ട്രീയില്‍ നടക്കുന്ന ഐഎപിസിയുടെ  ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫറന്‍സില്‍ അവാര്‍ഡ് വിതരണം ചെയ്യും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com