ADVERTISEMENT

രാജുച്ചായൻ അറിഞ്ഞോ... നമ്മുടെ അറ്റ്‌ലാന്റയിലെ റെജി ചെറിയാൻ മരിച്ചു. ഇന്നലെ വൈകിട്ട് പ്രിയ സുഹൃത്ത്‌ ബെൻസൺ പണിക്കർ ഇത് എന്നോട് ഫോണിൽ  വിളിച്ചു പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. കുറെ നേരത്തേക്ക് പിന്നീടൊന്നും കേൾക്കുവാനോ പറയുവാനോ എനിക്ക് കഴിഞ്ഞില്ല. കാരണം റെജിച്ചായൻ വർഷങ്ങളായി എന്റെ സുഹൃത്താണ്. സൗഹൃദത്തിന്റെ വിലയെന്തെന്ന് മനസ്സിലാക്കിയത് അദ്ദേഹത്തിൽ കൂടിയാണ്. ഫെയ്‌സ്ബുക്കിൽ ഏവരുടെയും സൗഹൃദ വേദിയിലെ സ്ഥിര സാന്നിധ്യം ആയിരുന്നു അദ്ദേഹം. ഏതാനും ദിവസങ്ങൾക്കു മുൻപ് ബഡി ബോയ്‌സിന്റെ ഓണാഘോഷത്തിന് തലേദിവസം വൈകിട്ട് നടന്ന ആലോചനാ യോഗത്തിന്റെ അവസാനം ആരും പ്രതീക്ഷിക്കാതെ അദ്ദേഹം അവിടേക്ക് കടന്നു വന്നു. അപ്പോഴാണ് ഞാൻ അറിയുന്നത് അവിടെയുള്ളവരെല്ലാം അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണെന്ന്. അഴകേറിയ ആ ചിരിയും ഓരോരുത്തരെ പേരുപറഞ്ഞുള്ള വിളിയും ആ കുശലാന്വേഷണവും മനസ്സിൽനിന്നും മാറുന്നില്ല. 

ഫൊക്കാനാ ജോയിന്റ് ട്രഷറാർ ഷീലാ ജോസഫ്, വിൻസന്റ് ഇമ്മാനുവൽ എന്നിവർ ഈ മരണ വാർത്തയെക്കുറിച്ചു ഞാനുമായി സംസാരിച്ചപ്പോൾ അവരെല്ലാം പറഞ്ഞത് മാനുഷിക മൂല്യങ്ങൾക്കും സൗഹൃദങ്ങൾക്കും ഇത്രയധികം വിലകൽപ്പിച്ചിട്ടുള്ള ഒരാളെ കണ്ടിട്ടില്ല എന്നാണ്. അത് പകൽ വെളിച്ചം പോലെ യാഥാർഥ്യവുമാണ്. ഷീലാ ജോസഫ് പറഞ്ഞതുപോലെ, അദ്ദേഹത്തെ ഒന്ന് പരിചയപ്പെട്ടാൽ, സംസാരിച്ചാൽ  പിന്നീടൊരിക്കലും ആരും മറക്കുകയില്ല.  

reji-cheriyan-2

സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്കും പ്രാധാന്യം കൊടുത്തു പ്രവർത്തിച്ച റെജി കഴിഞ്ഞ വർഷം ഫോമാ തിരഞ്ഞെടുപ്പിന് കേവലം ഒരു വോട്ടിന്റെ വിത്യാസത്തിൽ തോൽവി ഏറ്റുവാങ്ങി. എങ്കിലും സൗഹൃദങ്ങളിൽ എന്നും മറ്റെല്ലാവരേക്കാളും മുന്നിലായിരുന്നു. ബഡി ബോയ്‌സിന്റെ ഓണാഘോഷങ്ങളിൽ ആദ്യാവസാനം വരെയും പങ്കെടുത്ത അദ്ദേഹം അവസാനമായി എന്നോട്  പറഞ്ഞ വാക്കുകൾ ഞാൻ ഇപ്പോൾ ഓർത്തുപോകുകയാണ്. "ശങ്കരത്തിലേ... ഞാൻ ഫോമായുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. എന്നേ സപ്പോർട്ട് ചെയ്യണം. കഴിഞ്ഞ ഇലക്ഷന് എനിക്ക് വോട്ടു തരാമെന്നു പറഞ്ഞവർ പലരും എന്നേ ചതിച്ചു. ഇപ്രാവശ്യം എങ്ങനെയാണെന്നറിയില്ല, തോളത്തു കൈയിട്ടു നടക്കുന്നവരെപ്പോലും വിശ്വസിക്കാൻ പറ്റില്ല എന്ന് അന്ന് ഞാൻ മനസിലാക്കിയതാ." 

ചതികൾ നിറഞ്ഞ ഈ ലോകത്തിൽ നിന്ന്, സ്റ്റേജിനും കസേരയ്ക്കും മൈക്കിനും വേണ്ടി ആരെയും ഇല്ലായ്‌മ ചെയ്യാൻ പോലും മടിക്കാത്ത അധികാരകൊതിയരോട് തോറ്റല്ല റെജി പോയത്. നിത്യതയുടെ കിരീടം അവകാശമാക്കുവാൻ, മത്സരങ്ങളില്ലാത്ത ലോകത്തേക്കാണ് അദ്ദേഹം യാത്രയായത്. 

reji-cheriyan-3

പ്രിയപ്പെട്ട റെജിച്ചായാ...ഒക്ടോബര്‍ 26-നു ഡാലസില്‍ ഫോമാ ജനറല്‍ ബോഡി യോഗത്തിനു വരുമ്പോൾ തമ്മിൽ കാണാം എന്ന് യാത്ര പറഞ്ഞു പിരിയുമ്പോൾ ഭൂമിയിലെ അവസാന യാത്രാപറച്ചിലാണ് എന്ന് ഞാൻ അറിഞ്ഞില്ല. പ്രിയപ്പെട്ട ഞങ്ങളുടെ െറജിച്ചായാ...സൗഹൃദങ്ങളുടെ രാജകുമാരാ അങ്ങേയ്ക്ക് യാത്രാമൊഴി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com