ADVERTISEMENT

മിസ്സിസാഗ∙ പൂക്കളവും കേരളീയ കലാരൂപങ്ങളുടെ സമന്വയവും മാത്രം മതി ഗ്രേറ്റർ ടൊറന്റോ മേഖലയിലെ ഏറ്റവും മികച്ച ഓണക്കാഴ്ചയാണ് മിസ്സിസാഗ കേരള ഒരുക്കിയതെന്ന് തെളിയിക്കാൻ. കേരളീയ കലാരൂപങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ആഘോഷത്തിൽ വേദി മുതൽ കലാപരിപാടികളിൽ വരെ പ്രഫഷനൽ മികവ് ഉറപ്പാക്കിയാണ് എംകെഎ ഓണവിരുന്ന് അവിസ്മരണീയമാക്കിയത്. ടൊറന്റോയിലെ ഇന്ത്യൻ കോൺസൽ ജനറലായി ചുമതലയേറ്റ അപൂർവ ശ്രീവാസ്തവയുടെ പൊതുചടങ്ങുകളിൽ ആദ്യത്തേതെന്ന പ്രത്യേകതയും എംകെഎ ഓണക്കാഴ്ചയ്ക്ക് സ്വന്തം.

MKA-Onam-News-2-gif

 

MKA-Onam-News-3-gif

വിശിഷ്ടാതിഥികൾ വന്നിറങ്ങിയപ്പോൾ തുടങ്ങി, ചെണ്ടമേളത്തിന്റെ ആരവം. മാവേലിയും വേഷഭൂഷാധികളോടെ സന്നിഹിതനായിരുന്നു. ചെണ്ടമേളത്തിന്റെയും പുലി’കുട്ടി’കളുടെയും താലപ്പൊലിയുടെയും മുത്തുക്കുടകളുടെയുമെല്ലാം അകന്പടിയോടെയാണ് അതിഥികളെ ആനയിച്ചത്. പാർലമെന്റംഗം ഒമർ അൽഗബ്ര, എംപിപിമാരായ ദീപക് ആനന്ദ്, റൂബി സഹോത്ത, ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൌൺ തുടങ്ങിയവർ ഓണക്കാഴ്ചയുടെ വേദിയിലെത്തി. റൂബി സഹോത്തയും പാട്രിക് ബ്രൌണും എംകെഎയ്ക്കുള്ള പ്രശംസാപത്രങ്ങൾ പ്രസിഡന്റ് പ്രസാദ് നായർക്ക് കൈമാറി. മെംബർ ഓഫ് ദ് ഓർഡർ ഓഫ് കാനഡ, പ്രവാസി ഭാരതീയ സമ്മാൻ ബഹുമതികൾ കരസ്ഥമാക്കിയിട്ടുള്ള സാംപ്രദായ ഡാൻസ് അക്കാദമി സ്ഥാപക ലത പദയെ ചടങ്ങിൽ എംകെഎ പൊന്നാട അണിയിച്ച് ആദരിച്ചു.

 

ആദ്യമായി ഓണം ആഘോഷിക്കുന്ന കുരുന്നുകൾക്ക് മാവേലിയുടെ വക ഓണക്കോടി സമ്മാനമായി നൽകി. മാവേലി വേഷമണിഞ്ഞത് രഞ്ജിത് വേണുഗോപാലാണ്. ചിത്രകാരൻ അജിത് വാസുദേവിന്റെ നേതൃത്വത്തിലാണ് നയനമനോഹരമായ പൂക്കളം ഒരുക്കിയത്. പൂക്കളത്തിനു സമീപത്തിരുന്ന് ചിത്രങ്ങളെടുക്കാൻ കുടുംബങ്ങൾ മൽസരിച്ചു. ചെണ്ടമേളം ഒരുക്കിയത് നയാഗ്ര തരംഗം. 

 

പവിത്ര രാജേഷിന്റെ പ്രാർഥനാ ഗാനത്തോടെ തുടക്കമിട്ട പരിപാടികളിൽ ആദ്യത്തേതും ഏറ്റവും ശ്രദ്ധേയവുമായത് പ്രഫഷനൽ കലാകാരന്മാരെ അണിനിരത്തി റെഗാറ്റ കലാകേന്ദ്ര ഒരുക്കിയ ‘സമ’ ദൃശ്യാവിഷ്കാരമാണ്. പ്രമുഖ നർത്തകനായ ഹരികിഷൻ എസ്. നായർ അണിയിച്ചൊരുക്കിയ കലാരൂപത്തെ സന്പുഷ്ടമാക്കിയത് പ്രീത കണ്ടൻചാത്ത, ഹരി വട്ടപ്പള്ളി, സുമ നായർ, അനന്യ കിഷോർ, ജെന്നിക, തുളസി, നിവീത, ദിലനി എന്നിവരുടെകൂടി ചുവടുവയ്പുകളുടെ മികവാണ്. 

 

 ഗ്രാൻഡ് റിവർ മെലഡീസിലെ ഗായകാരായ ശരത് ഗോപാലകൃഷ്ണൻ, ജോബി ജോർജ്, രമ്യ ശ്രീമഹേഷ്, ശ്രീമഹേഷ് ശിവരാമകൃഷ്ണൻ, മാളവിക രാമകൃഷ്ണൻ എന്നിവരാണ് ഓണസദ്യയ്ക്കൊപ്പം ഗാനസദ്യയുമായി എംകെഎ ഓണക്കാഴ്ച വേദിയെ ഉണർത്തിയത്. ജിഷ ഭക്തൻ ഒരുക്കിയ തിരുവാതിരകളി, രഗണ്യ പൊന്മനാടിയിലും ശ്വേത യഗ്നയും ചേർന്നൊരുക്കിയ ഡാൻസ് മെഡ്ലെ, അതുല്യ അജിത്, അനുഷ ഭക്തൻ, പ്രദീപ് സി. എന്നിവർ ചേർന്നൊരുക്കിയ ഫ്യൂഷൻ ഡാൻസ്, സുജാത ഗണേഷ്, പ്രോമിത റോയ് എന്നിവർ ചേർന്നൊരുക്കിയ കൈകൊട്ടിക്കളി, കവിത ജഗത് ഒരുക്കിയ ഇന്ത്യൻ ഫ്യൂഷൻ ഡാൻസ്, പ്രിയങ്ക നായർ ഒരുക്കിയ ഭരതനാട്യം എന്നിവയും ഗാനാലാപനങ്ങളുമാണ് കലാവേദിയെ ചടുലമാക്കിയത്. അറുപതിലേറെ കലാകാരന്മാരും കലാകാരികളുമാണ് ഈ പരിപാടികൾക്കായി വേദിയിലെത്തിയത്.

 

പ്രസിഡന്റ് പ്രസാദ് നായരുടെ നേതൃത്വത്തിൽ, ടൈറ്റിൽ സ്പോൺസർ ടി. ഡി. ബാങ്ക് പ്രതിനിധി ജയ ജേക്കബ്, ഗ്രാൻഡ് സ്പോൺസർ മനോജ് കരാത്ത എന്നിവരുൾപ്പെടെയുള്ള പ്രായോജകരെ ആദരിച്ചു. ഫൊക്കാന ജനറൽ സെക്രട്ടറി ടോമി കോക്കാട്, ബ്രാംപ്ടൺ മലയാളി സമാജം പ്രസിഡന്റ് കുര്യൻ പ്രക്കാനം, എംകെഎ വൈസ് പ്രസിഡന്റ് നിഷ ഭക്തൻ, ഓണക്കാഴ്ച കോ-ഓർഡിനേറ്റർമാരായ ദിവ്യ ചന്ദ്രശേഖരൻ, അർജുൻ രാജഗോപാലൻ എന്നിവർ പ്രസംഗിച്ചു. റെനു റോയ്, സുനിൽ നന്പ്യാർ എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ. 

 

സെക്രട്ടറി ചെറിഷ്, സ്റ്റേജ് മാനേജർ രാജേഷ് കെ. മണി, വിനയ് കമ്മത്ത്, ആരതി നായർ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി. എംകെഎയുടെ ചരിത്രത്തിലെ റെക്കോർഡ് ജനക്കൂട്ടം സദ്യയിലും കലാ-സാംസ്കാരിക പരിപാടികളും പങ്കാളികളായതിന്റെ അഭിമാനത്തിലാണ് സംഘാടകർ. റിയാസ് സിറാജ്, ഷാനുജിത് പറന്പത്ത്, പ്രശാന്ത് പൈ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ടുകൂട്ടം പായസമടക്കം ഇരുപത്തിയഞ്ചോളം വിഭവങ്ങളടങ്ങിയ ഓണസദ്യ അതിഥികൾക്കായി വിളന്പിയത്; ഉച്ചയ്ക്കുതന്നെ; അതും വാഴയിലയിൽ… സദ്യ ആസ്വദിക്കാനെത്തിയവരിൽ ഭാരതീയർ മാത്രമല്ല, വിദേശികളുമുണ്ടായിരുന്നു. അവരിൽ ചിലർ സദ്യവിളന്പാനും സംഘാടകർക്കൊപ്പം കൂടിയത് കൌതുകകാഴ്ചയായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com