sections
MORE

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക കോൺഫറൻസിന് ആശംസകൾ

indiapressclub
SHARE

മാധ്യമപ്രവർത്തനത്തിനു വേറിട്ട മുഖം സമ്മാനിച്ച ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമതു വാർഷികത്തിനു തിരി തെളിയുകയാണ്. ഫോമയും ഫൊക്കാനയും കഴിഞ്ഞാൽ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സെക്കുലർ സംഗമം കൂടിയാണ് ഈ മാധ്യമസമ്മേളനം. എല്ലാ തുറയിലുള്ളവരെയും ഒന്നിച്ചു കൂട്ടി വിപുലമായ വിധത്തിലാണ് ഇതു സംവിധാനം ചെയ്തിരിക്കുന്നത്. അമേരിക്കൻ മലയാളികളുടെ മാധ്യമപ്രവര്‍ത്തനമെന്നത് വിശാലമായ അർഥത്തിൽ എന്താണെന്നും അതിനെ നാട്ടിലെ മാധ്യമപ്രവർത്തകർ എങ്ങനെ കാണുന്നുവെന്നും ഈ സമ്മേളനം വിളിച്ചുപറയും. ഇത്തവണ ന്യൂജേഴ്സിയിലെ ഇ–ഹോട്ടലിലാണ് സമ്മേളനം നടക്കുന്നത്. 

കൂട്ടായ്മയിലേക്ക് കേരളത്തില്‍ നിന്നും പ്രശസ്തരായ മാധ്യമപ്രവർത്തകർ എത്തുന്നുണ്ട്. രാഷ്ട്രീയരംഗത്ത് നിന്നൊരു മന്ത്രിയും എത്തുന്നു. അവരുടെ ഇടപെടലും ഉപദേശങ്ങളും ഇവിടുത്തെ മാധ്യമപ്രവർത്തകർക്ക് എന്നും ആവേശമാണ്. ഇവരുടെ പ്രവർത്തനങ്ങൾ കണ്ട് ആവേശത്തോടെ പ്രവർത്തിപഥങ്ങളിൽ നിറഞ്ഞുനിൽക്കുന്നവരാണ് ഇവിടെയുള്ള പത്രപ്രവർത്തകരെല്ലാം. മാധ്യമപ്രവർത്തനം എന്നാൽ അത്രവലിയ പ്രൊഫഷനാണോ എന്നുപലരും ചോദിക്കുന്നത് കേട്ടിട്ടുണ്ട്. വാർത്താ ചാനലുകളിൽ നിറഞ്ഞു നിൽക്കുന്നവരുടെയൊക്കെ വലിയ ഗ്ലാമർ ലോകത്തെക്കുറിച്ച് അറിയാത്തവരാണ് അങ്ങനെ പറയുന്നത് എന്നെനിക്ക് തോന്നിയിട്ടുണ്ട്. എന്തായാലും ലോകത്ത് ഏറ്റവും മുന്നിൽ നിൽക്കുന്ന ചില മാധ്യമപ്രവർത്തകരെ ഞാൻ പരിചയപ്പെടുത്താം.

സിഎൻഎൻ ചാനലിലെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയപ്പെട്ട ഷോ ആണ് അൻഡേഴ്സൺ കൂപ്പർ 360 ഡിഗ്രി. ജേർണലിസത്തിൽ പ്രാഥമിക പരിചയംപോലുമില്ലാതെയിരുന്നിട്ടും ഇന്ന് അദ്ദേഹത്തിന്റെ വരുമാനം 11 മില്യൺ ഡോളർ ആണ്. അൻഡേഴ്സൺ ലൈവ് എന്ന ടിവി ഷോയുടെ അവതാരകനായാണ് ശ്രദ്ധിക്കപ്പെടുന്നത്. സിഎൻഎന്നിലേക്ക് എത്തുന്നതിന് മുൻപ് റോയിട്ടേഴ്സിലും ജറുസലേം പോസ്റ്റിലുമായിരുന്നു വോൾഫിന്റെ സേവനം. ഇദ്ദേഹത്തിന്റെ ഇന്നത്തെ വരുമാനം 5 മില്യൺ. ബർബറാ വാൾട്ടേഴ്സ് 12 മില്യൺ സമ്പാദിക്കുന്നുണ്ട്. എബിസി ഈവനിങ് ന്യൂസ് അവതരിപ്പിക്കുന്ന ബാർബറയുടെ പിന്നാലെ ടിവി അവതരണത്തിലേക്ക് എത്തിയത് നിരവധി വനിതകളാണ്.

ബ്രിട്ടിഷ് ഇറാനിയൻ വനിതയായി സിഎൻഎന്നിന്റെ ഡെസ്ക്ക് അസിസ്റ്റന്റായി ജോലിക്കു കയറിയ ക്രിസ്റ്റ്യാൻ അമൻപോറിന്റെ വരുമാനം രണ്ടു മില്യൺ ആണ്. ഗൾഫ് യുദ്ധമാണ് ഇവരെ ശ്രദ്ധേയയാക്കിയത്. ഇന്ന് സിഎൻഎന്നിന്റെ ചീഫ് ഇന്റർനാഷനൽ ആംഗറാണ്. ഒപ്പം അമൻപോർ ആൻഡ് കമ്പനി എന്ന പേരിൽ നിരവധി വാർത്തകൾ അവതരിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നു. ജോർജ് സ്റ്റെഫ്നോപൊലിസ് എന്നയാൾ മാസ്റ്റേഴ്സ് ഓഫ് ആർട്സ് ആണ്. ഏതുവിഷയത്തിലാണെന്നോ, തിയോളജിയിൽ. അതും ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും. അദ്ദേഹത്തെ ഒരു പാതിരിയോ, വക്കീലോ ആക്കാനായിരുന്നു പിതാവിന്റെ താൽപര്യം. എന്നാൽ, ജോർജ് വന്നെത്തിയതാകട്ടേ ജേർണലിസം രംഗത്തും. 1992ൽ ബിൽക്ലിന്റന്റെ പ്രസിഡൻഷ്യൽ കാംപെയിനിൽ കമ്യൂണിക്കേഷൻസ് ഡയറക്ടറായിരുന്നു അദ്ദേഹം. ഇപ്പോൾ എബിസി ന്യൂസിന്റെ ചീഫ് പൊളിറ്റിക്കൽ കറസ്പോണ്ടന്റും ഗുഡ് മോണിങ് അമേരിക്കയുടെ കോ ആംഗറുമാണ്. 10 മില്യൺ ഡോളർ ആണ് അദ്ദേഹത്തിന്റെ വരുമാനം. 

മുഖ്യധാരാ മാധ്യമപ്രവർത്തനം ഇങ്ങനെ മില്യൺ കണക്കിനു ഡോളറിനു വിലസുമ്പോൾ പത്തു പൈസപോലും വരുമാനമില്ലാതെയാണ് അമേരിക്കയിലെ മലയാളികളുടെ മാധ്യമപ്രവർത്തനം (ഒറ്റപ്പെട്ട ചില നല്ല പ്രവണതകളുണ്ടെന്നത് മറക്കുന്നില്ല). മോർട്ഗേജ് അടക്കേണ്ട തിരക്കാർന്ന ജോലിക്കിടയിലും വാർത്തകളെഴുതി എല്ലാ മാധ്യമങ്ങൾക്കും എത്തിക്കുന്നത് ഭഗീരഥപ്രയത്നം തന്നെയാണെന്നു പറയേണ്ടിവരും. തികച്ചു സൗജന്യമായി ചെയ്യുന്ന ഈ സേവനത്തിനു (അതേ, സേവനം തന്നെ) പലപ്പോഴും ഒരു നന്ദി വാക്കുപോലും കിട്ടാറില്ലെന്നതാണു സത്യം. മുൻപുണ്ടായിരുന്ന പ്രിന്റ് മീഡിയകളിൽ പലതും വെബ് മീഡിയയായി മാറി. അവരടക്കം ധാരാളം പേർ ഇന്ന് മലയാള പത്രപ്രവർത്തനത്തിന്റെ മുൻനിരയിൽ തന്നെ ഇവിടെയുണ്ട്. അക്ഷരങ്ങളോടുള്ള പ്രതിബദ്ധതയും മലയാണ്മയെക്കുറിച്ചുള്ള മനസ്സടുപ്പവുമാണ് ഒരു പ്രയോജനവും ഇല്ലാതിരുന്നിട്ടും ഇവരെ തുടരാൻ പ്രരിപ്പിക്കുന്നത്. അവരടക്കമുള്ളവരുടെ കൂട്ടായ്മയാണ് ന്യൂജേഴ്സിയിൽ നടക്കുന്നത്. 

പ്രസിഡന്റ് മധു കൊട്ടാരക്കര, സെക്രട്ടറി സുനിൽ തൈമറ്റം, ട്രഷറർ സണ്ണി പൗലോസ്, വൈസ് പ്രസിഡന്റ് ജയിംസ് വറുഗീസ്, ജോ. സെക്രട്ടറി അനിൽ ആറന്മുള, ജോ. ട്രഷറർ ജീമോൻ ജോർജ്, റിസപ്ഷൻ ചെയർമാൻ രാജു പള്ളത്ത്, ഫിനാ‍ൻസ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ്, പബ്ലിസിറ്റി ചെയർമാൻ സുനിൽ ട്രൈസ്റ്റാർ തുടങ്ങിയവർ ചുക്കാൻ പിടിക്കുന്ന കോൺഫറൻസിന് അഡ്വൈസറി ബോർഡിന്റെ പരിപൂർണ പിന്തുണയുമുണ്ട്. ഈ വലിയ മുന്നേറ്റത്തിന് എല്ലാവിധ ആശംസകളും അറിയിക്കുകയാണ്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക കൂടുതൽ ഉയരങ്ങളിലെത്തി പരിലസിക്കട്ടെ എന്നും പ്രാർഥിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
FROM ONMANORAMA