ADVERTISEMENT

ടൊറന്റോ∙ ഭരണകക്ഷിയായ ലിബറൽ പാർട്ടി , മുഖ്യപ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡ, ഇപ്പോൾ മൂന്നാം സ്ഥാനത്തുള്ള ന്യൂ ഡെമോക്രാറ്റിക് പാർട്ടി, ബ്ളോക്ക് കെബെക്വ, ഗ്രീൻ പാർട്ടി- ഈ പാർട്ടികൾക്കാണ് സാധാരണ ദേശീയ സംവാദവേദികളിൽ ഇടംകിട്ടിവരുന്നത്. ഇക്കുറി ഒരിടത്ത് പുതിയ പാർട്ടിയായ പീപ്പിൾസ് പാർട്ടി ഓഫ് കാനഡയ്ക്കും അവസരം ലഭിച്ചു. കൺസർവേറ്റീവ് പാർട്ടി നേതാവാകാൻ ആൻഡ്രൂ ഷീയറിനെതിരെ മൽസരരംഗത്തുണ്ടായിരുന്ന മാക്സിം ബെർണേ 2018ൽ രൂപീകരിച്ച പാർട്ടി 315 റൈഡിങ്ങുകളിലാണ് സ്ഥാനാർഥികളെ അവതരിപ്പിച്ചിരിക്കുന്നത്. മാക്സിമം വോട്ട് പിടിച്ച് ശക്തി തെളിയിക്കുകയെന്നതാകും മുൻ ഫെഡറൽ മന്ത്രികൂടിയായ ബെർണെയുടെ ഉന്നം. കാനഡയിലേക്കുള്ള കുടിയേറ്റപ്രവാഹം കുറയ്ക്കുകയെന്നതാണ് പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്ന്. 

പേരിന്റെ കാര്യത്തിൽ ഏറ്റവും പാരമ്പര്യമുള്ള കക്ഷി ലിബറൽ പാർട്ടിയാണ് - 1867ൽ സ്ഥാപിതമായ കക്ഷി. മുഖ്യപ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡ ഇപ്പോഴത്തെ നിലയിലായത് 2003ൽ പല ചേരികളിലായിരുന്ന ടോറികൾ ഒന്നിച്ചതോടെയാണ്. ഇവരുടെ തുടക്കമാകട്ടെ കാനഡയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജോൺ എ. മക്ഡോൺൾഡ് നേതാവായിരുന്ന ലിബറൽ കൺസർവേറ്റീവ് പാർട്ടിയിലൂടെയാണ്. 1873 ആയപ്പോഴേക്കും പേര് കൺസർവേറ്റീവ് പാർട്ടി എന്നു ചുരുങ്ങി. 1921ൽ പാർട്ടി മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ, മാനിറ്റോബ പ്രീമിയറായിരുന്ന ജോൺ ബ്രാക്കന്റെ നേതൃത്വത്തിലുള്ള പ്രോഗ്രസീവ് പാർട്ടിയുമായി ചേരാൻ നിർബന്ധിതമായി, ബ്രാക്കൻ പാർട്ടി നേതാവായി, പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി എന്ന പേരുമായി. 1984ൽ ആണ് പാർട്ടി പിന്നീട് വൻ പ്രതിസന്ധി നേരിട്ടത്. പ്രവിശ്യാ പാർട്ടികളുടെ ആധിപത്യത്തിലേക്കാണ് ഇതു വഴിയൊരുക്കിയത്. 2003ൽ കനേഡിയൻ അലയൻസും പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടിയും ലയിച്ചു; കനേഡിയൻ അലയൻസിന്റെ ലീഡറായിരുന്ന സ്റ്റീഫൻ ഹാർപറുടെ നേതൃത്വത്തിൽ. അവിടുന്നങ്ങോട്ടുള്ള കൺസർവേറ്റീവ് പാർട്ടിയാണ് സമീപകാല കനേഡിയൻ രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്നത്. ഹാർപർക്കുശേഷം ഒരു തിരിച്ചുവരവിനുള്ള തീവ്രശ്രമത്തിലാണ് പാർട്ടി ഇപ്പോൾ. 

ന്യൂ ഡെമോക്രാറ്റിക് പാർട്ടി -1961, ഗ്രീൻ പാർട്ടി -1983, ബ്ളോക്ക് കെബെക്വ-1991 എന്നിങ്ങനെയായിരുന്നു മറ്റു പാർട്ടികളുടെ പിറവി. ഒരേ പേര് നിലനിർത്തുന്നത് കണക്കിലെടുത്താൽ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ കക്ഷി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കാനഡയാണ്. മാർക്സിസ്സ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് കാനഡ (1970) , മർവാന (2000), ആനിമൽ പ്രൊട്ടക്ഷൻ (2005) , പാർട്ടി റൈനോസറസ് (2006) തുടങ്ങി 21 പാർട്ടികളാണ് തിരഞ്ഞെടുപ്പ് രംഗത്തുള്ളത്. ഈ വർഷം രൂപീകൃതമായ കാനഡാസ് ഫോർത്ത് ഫ്രണ്ട് എന്ന കക്ഷിയും രംഗത്തുണ്ട്. മാർക്കം മേയർ സ്ഥാനത്തേക്ക് പലതവണ മൽസരിച്ച പർതാബ് ദുവയാണ് സ്ഥാപകൻ. ബ്രാംപ്ടൺ ഈസ്റ്റ് മണ്ഡലത്തിലാണ് ദുവ ഒരു കൈ നോക്കുന്നത്. ഒരു വ്യാഴവട്ടംമുന്പ് യുണൈറ്റഡ് പീപ്പിൾ പാർട്ടിക്കു രൂപംനൽകി രംഗത്തിറങ്ങിയിരുന്നെങ്കിലും പിടിച്ചുനിൽക്കാനായിരുന്നില്ല. സ്റ്റോപ്പ് ക്ളൈമറ്റ് ചേഞ്ച്, ദ് യുണൈറ്റഡ് പാർട്ടി, വെറ്ററൻസ് കോയിലിഷൻ, പാർട്ടി പുവർ ലെൻഡെപെൻഡോൻസ് ഡു കെബെക്ക്  എന്നിവയാണ് ഈ വർഷം റജിസ്റ്റർ ചെയ്തിട്ടുള്ള മറ്റു ദേശീയ കക്ഷികൾ. ലിബർട്ടേറിയൻ പാർട്ടി (1973), ക്രിസ്റ്റ്യൻ ഹെറിറ്റേജ് പാർട്ടി (1986), നാഷനൽ സിറ്റിസെൻസ് അലയൻസ് (2014), കനേഡിയൻ നാഷനലിസ്റ്റ് പാർട്ടി (2017) എന്നിവയാണ് മറ്റ് റജിസ്ട്രേഡ് കക്ഷികൾ. 

കനേഡിയൻ ലേബർ കോൺഗ്രസും കോ-ഓപ്പറേറ്റീവ് കോമൺവെൽത്ത് ഫെഡറേഷനും ലയിച്ച്, എൻഡിപി രൂപീകൃതമായി ഒരു വർഷത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ പത്തൊൻപത് സീറ്റാണ് പേരിലാക്കിയത്. ടോമി ഡഗ്ളസിന്റെ നേതൃത്വത്തിൽ 1963ൽ- 17, 1965ൽ-  21, 1968ൽ- 22 എന്നിങ്ങനെയായിരുന്നു സീറ്റ് നില. ഡേവിഡ് ലൂയിസ് നേതൃത്വമേറ്റെടുത്തതോടെ 31 ആയി. എഡ് ബ്രോഡ്ബെന്റ് നേതാവായതോടെ 1988 ആയപ്പോഴേക്കും സീറ്റ് 43 ആയി ഉയർന്നു.  ജാക്ക് ലെയ്റ്റന്റെ നേതൃത്വത്തിൽ 2011ൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച എൻഡിപി 103 സീറ്റുകളുമായി ഔദ്യോഗിക പ്രതിപക്ഷമായി. അതേവർഷം മരണപ്പെട്ട ലെയ്റ്റന്റ് പിൻഗാമിയായി തോമസ് മൾക്കെയ്ർ നേതൃത്വത്തിലെത്തിയതിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സീറ്റ് 44 ആയി കുറഞ്ഞു. അതുകൊണ്ടുതന്നെ എൻഡിപിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുക എന്നതാണ് ഇന്ത്യൻ വംശജനായ ജഗ്മീത് സിങ്ങിന്റെ ദൌത്യം. സംവാദങ്ങളിലൂടെയും അഭിപ്രായ സർവേകളിലൂടെയും നേടി മികവ് സിങ്ങിന്റെ പാർട്ടിക്ക് നിലനിർത്താനായാൽ അതു മറ്റൊരു ചരിത്രമാകും. 

ഗ്രീൻപാർട്ടി ആദ്യമായി പച്ചതൊട്ടത് പാർട്ടി രൂപീകരിച്ച് പതിനേഴ് വർഷങ്ങൾക്കുശേഷം 2011ൽ അണ്. അമേരിക്കയിൽ ജനിച്ച് നോവസ്കോഷ്യയിലേക്കു കുടിയേറിയ എലിസബത്ത് മേയിലൂടെ. കഴിഞ്ഞതവണയും മേ സീറ്റ് നിലനിർത്തി. കാലാവസ്ഥാന വ്യതിയാനവും കാർബൺ ടാക്സുമൊക്കെ നിറഞ്ഞുനിൽക്കുന്ന ഈ തിരഞ്ഞെടുപ്പിനെ കൂടുതൽ പച്ചയണിയിക്കാനാകുമോയെന്ന നോട്ടത്തിലാണ് ഗ്രീൻ പാർട്ടി. 

കെബെക്ക് പ്രവിശ്യയുടെ സ്വയംഭരണം ലക്ഷ്യമിട്ട് 1991ൽ രൂപീകൃതമായ പാർട്ടിയാണ് ബ്ളോക്ക് കെബെക്വ. രണ്ടു വർഷത്തിനുശേഷം നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ മേഖലയിലെ എഴുപത്തിയഞ്ച് പാർലമെന്റ് സീറ്റിൽ അൻപത്തിനാലും നേടിയാണ് ലൂസിയൻ ബോഷാർഡിന്റെ നേതൃത്വത്തിൽ രാഷ്ട്രീയഭൂകന്പം സൃഷ്ടിച്ചത്. ഔദ്യോഗിക പ്രതിപക്ഷവുമായി. പിറ്റേത്തവണ സീറ്റ് നാൽപത്തിനാല് ആയി കുറഞ്ഞു. അതു കഴിഞ്ഞ് മുപ്പത്തിയെട്ട് ആയി. എന്നാൽ, 2004ൽ വീണ്ടും സീറ്റ് വിഹിതം 54 ആയി ഉയർത്തി. 2006ൽ- 51,  2008ൽ- 49 എന്നിങ്ങനെയായിരുന്നു സീറ്റ് നില. 2011ൽ പക്ഷേ തകർന്നടിഞ്ഞു- നാല് സീറ്റ്. കഴിഞ്ഞതവണ നില മെച്ചപ്പെടുത്തി പത്തിലെത്തി, എന്നാൽ ഔദ്യോഗിക അംഗീകാരം നേടുന്നതിനുള്ള 12 സീറ്റ് എന്ന കടമ്പ കടക്കാനായില്ല. 

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കാനഡ ശതാബ്ദി ആഘോഷിക്കാൻ രണ്ടുവർഷം കൂടിയേയുള്ളു. ലിബറൽ പാർട്ടി കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ പഴക്കമുള്ള കക്ഷി. നിയമവിരുദ്ധമായ ഒരു കൂട്ടായ്മയായാണ് ഒന്റാരിയോ പ്രവിശ്യയിലെ ഗ്വുൽഫിലായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കാനഡയുടെ ഈ മണ്ണിലെ ‘തിരുവണ്ണൂർ’. ഒളിഞ്ഞും തെളിഞ്ഞുമായിരുന്നു പ്രവർത്തനം. നാൽപതുകളിൽ ഫെഡറൽ, പ്രവിശ്യാ, മുനിസിപ്പൽ തലങ്ങളിലായി നാൽപതോളം ജനപ്രതിനിധികളെ വിജയിപ്പെടുക്കാനായി. യൂണിറ്റി പാർട്ടി സ്ഥാനാർഥിയായി സാസ്കച്വാനിൽ നിന്നു ജയിച്ച ഡോർസി നീൽസൺ പിന്നീട് കാനഡ കമ്യൂണിസ്റ്റ് പാർട്ടി രൂപംനൽകിയ ലേബർ പ്രോഗ്രസീവ് പാർട്ടിയോട് ആഭിമുഖ്യം പ്രകടിപ്പിച്ച് 1943ൽ ഒപ്പംകൂടി, അടുത്ത തിരഞ്ഞെടുപ്പിൽ ജയിക്കുകയും ചെയ്തിരുന്നു. ഫ്രെഡ് റോസ് മോൺട്രിയോൾ റൈഡിങ്ങിൽനിന്ന് ഹൌസ് ഓഫ് കോമൺസിൽ എത്തിയെങ്കിലും സോവിയറ്റ് യൂണിയനായി ചാരപ്രവൃത്തി നടത്തിയെന്ന ആരോപണത്തെത്തുടർന്ന് അയോഗ്യക്കനാക്കപ്പെട്ടെന്നാണ് രേഖകൾ പറയുന്നത്. രണ്ടു രീതിയിലും ഫ്രെഡ് റോസ് ചരിത്രമെഴുതി, കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള പാർലമെന്റ് അംഗമായും ചാരവൃത്തിക്കു പുറത്താക്കപ്പെട്ട ആദ്യ ജനപ്രതിനിധിയായും! 1945ൽ 68 മണ്ഡലത്തിൽ സ്ഥാനാർഥികളെ നിർത്തിയ പാർട്ടി 111,892 വോട്ടാണ് പേരിലാക്കിയത്. എന്നാൽ 1953ൽ 100 സീറ്റിൽ മൽസരിച്ചെങ്കിലും വോട്ട് വിഹിതം 59,622 ആയി കുറഞ്ഞു. കഴിഞ്ഞതവണ ആയപ്പോഴേക്കും 26 സീറ്റിലെ വോട്ട് വിഹിതം 4382 ആയി. ഇക്കുറി 32 റൈഡിങ്ങിലാണ് സ്ഥാനാർഥികളുള്ളത്. 

ഇവരിൽനിന്ന് വിഘടിച്ച് 1970 ൽ രൂപീകൃതമായ പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കാനഡ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) എന്ന സിപിസി (എംഎൽ). നാട്ടിലെ സിപിഐ കുടുംബത്തിൽനിന്നുള്ള, പത്തൊൻപതാം വയസിൽ കാനഡയിലേക്ക് കുടിയേറിയ സിഖ് വംശജനായ ഹാർഡിയൽ ബെയ്ൻസ് ആണ് പാർട്ടിക്ക് രൂപംനൽകിയത്. ബെയ്ൻസിന്റെ മരണത്തോടെ വിധവ സാൻഡ്ര എൽ. സ്മിത്ത് പാർട്ടിയുടെ ഫസ്റ്റ് സെക്രട്ടറിയായി. 1974ൽ 104 പേരെയും 1979ൽ 144 പേരെയും 1980ൽ 177 പേരെയും സ്ഥാർഥിക്കളാക്കിയെങ്കിലും എംഎല്ലിന് ഇതുവരെ തിരഞ്ഞെടുപ്പിൽ ആരെയും ജയിക്കാനായിട്ടില്ല. 

രണ്ടു പതിറ്റാണ്ട് മുൻപു സ്ഥാപിതമായതാണ് മർവാന പാർട്ടി. മർവാന നിയമവിധേയമാക്കുന്നതിനെതിരെ രംഗത്തുവന്ന കക്ഷികൾ. പക്ഷേ കഴിഞ്ഞതവണ അധികാരത്തിലേറിയ ജസ്റ്റിൻ ട്രൂഡോയുടെ ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നായിരുന്നു മെഡിക്കൽ ആവശ്യത്തിനായുള്ള് മാർവാന ഉഫയോഗിക്കുന്നതിന് നിയമപരിരക്ഷ നൽകുകയെന്നത്. രസകരമെന്നു പറയട്ടെ, ഈ പാർട്ടിയുടെ സ്ഥാപകൻ മാർക്-ബോറിസ് സെന്റ് മോറിസ്, പാർട്ടി സ്ഥാപിച്ച് അഞ്ചു വർഷം കഴിഞ്ഞതോടെ ലിബറൽ പാർട്ടി കൂടാരത്തിലെത്തി. മർവാന നിയമപരമാക്കുന്പോൾ വ്യവസ്ഥകൾ രൂപീകരിക്കുന്നതിൽ സഹായകമായ നിലപാട് എടുക്കുക എന്നതായിരുന്നു ലക്ഷ്യം. അവിടുന്നങ്ങോട്ട് ബ്ളെയ്ർ ലോങ്ലി ആണ് പാർട്ടിയുടെ ലീഡർ. തുടക്കകാലത്തെ പല മർവാന പാർട്ടി നേതാക്കളും പിന്നീട് പല പാർട്ടികളിലേക്കു ചേക്കേറി. രണ്ടായിരത്തിൽ രാജ്യമെന്പാടുമായി 73 സ്ഥാനാർഥികളെ നിർത്തി 66310 വോട്ട് നേടിയെങ്കിൽ കഴിഞ്ഞതവണ ആയപ്പോഴേക്കും സ്ഥാനാർഥികളുടെ എണ്ണം എട്ട്, വോട്ടുകളുടെ എണ്ണം 1626 എന്നിങ്ങനെയായി എരിഞ്ഞടങ്ങി. 

ആനിമൽ പ്രൊട്ടക്ഷൻ പാർട്ടി ഓഫ് കാനഡ- പേരിൽ സൂചിപ്പിക്കുന്നതോടെ മൃഗസംരക്ഷണവും പരിസ്ഥിതി സന്തുലിതാവസ്ഥയുമൊക്കെ മുദ്രാവാക്യം. വടക്കൻ അമേരിക്കയിൽ ഇത്തരത്തിലുള്ള ആദ്യ പാർട്ടിയാണെന്നും അവകാശപ്പെടുന്നു. ലിസ് വൈറ്റാണ് ലീഡർ. 

പാർട്ടി റൈനോസറസ് ഒരു ‘തമാശ’ സംഘമാണത്രെ. തിരഞ്ഞെടുക്കപ്പെട്ടാൽ വാഗ്ദാനങ്ങളൊന്നും പാലിക്കില്ലെന്നാണ് ഇവരുടെ പ്രകടനപത്രിക തന്നെ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com