ADVERTISEMENT

ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ ആഗ്രഹിക്കുന്ന ഹവായിൽ നിന്നുള്ള കോൺഗ്രസംഗം തുൾസി ഗബാർഡും മുൻ  പ്രഥമ വനിത ഹിലറി ക്ലിന്റണും തമ്മിലുള്ള വാക്പോര് മറ നീക്കി രംഗത്ത് വന്നു. റഷ്യാക്കാർ  2016 ലെ പോലെ ഇത്തവണയും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടപെടുമെന്നും ഒരു മൂന്നാം പാർട്ടി സ്ഥാനാർഥിയെ വളർത്തി കൊണ്ടുവന്ന് തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുമെന്നും ഹിലറി ഒരു സാമൂഹ്യ മാധ്യമത്തിലെ അഭിമുഖത്തിൽ വെളിപ്പെടുത്തി.

2008 ലെ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ പ്രചരണ മാനേജരായിരുന്ന ഡേവിഡ് പ്ലൗഫിന് നൽകിയ അഭിമുഖത്തിലാണ് ഹിലറി വിവാദത്തിന് തിരികൊളുത്തിയത്. അവർ വീണ്ടും മൂന്നാം പാർട്ടി സ്ഥാനാർത്ഥിയെ കൊണ്ടു വരും. അവർ കണ്ണു വച്ചിരിക്കുന്നത് ഡെമോക്രാറ്റിക് പ്രൈമറിയിലുള്ള ഒരാളാണ്. അവളെ മൂന്നാം പാർട്ടി സ്ഥാനാർത്ഥിയാക്കുവാൻ വളർത്തി കൊണ്ടുവരികയാണ്. ഹിലറി പറഞ്ഞു.

2016–ൽ ജിൽ സ്റ്റെയിൻ റഷ്യൻ സ്വത്താണെന്ന് ഹിലറി ഹിലറി പറഞ്ഞിരുന്നു. ഇത്തവണ സ്റ്റെയിൻ അവൾക്കു വേണ്ടി മാറികൊടുക്കുമെന്നും അവൾ റഷ്യൻ സ്വത്താണെന്നും ഹിലറി കൂട്ടിച്ചേർത്തു. ഹിലറി അവൾ എന്ന് ഉദേശിച്ചത് തന്നെയാണെന്നു തുൾസി ഗബാർഡ് പെട്ടെന്നു മനസ്സിലാക്കി. ഗബാർഡിന്റെ റഷ്യൻ ചായ്‌വും  2017–ൽ സിറിയൻ  നേതാവ് ആസാദുമായി നടത്തിയ കൂടിക്കാഴ്ചയും വിവാദങ്ങളായിരുന്നു.

ട്വിറ്ററിൽ മൂന്നു കുറിപ്പുകളിലായി ഗബാർഡ് ഹിലറിക്കെതിരെ പ്രതികരിച്ചു. ഹിലറി യുദ്ധ വെറിയന്മാരുടെ രാജ്ഞിയാണ്. അഴിമതിയുടെ പൂർണ രൂപമാണ്. ഡെമോക്രാറ്റിക് പാർട്ടിയിൽ വളരെക്കാലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പുഴുക്കുത്താണ്. ഒടുവിൽ കർട്ടനു പിന്നിൽ നിന്നു മുന്നിലേയ്ക്ക് വന്നിരിക്കുന്നു. ഞാൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ദിവസം മുതൽ ഒരു ഗൂഡാലോചന എന്റെ സൽപേര് കളങ്കപ്പെടുത്താൻ നടന്നു വരികയാണ്. ഇതു വരെ ആരാണ് ഇതിന് പിന്നിൽ എന്ന് ഞാൻ അമ്പരന്നിരുന്നു. ഇപ്പോൾ ഞങ്ങൾക്കറിയാം, എപ്പോഴും ഇതിന് പിന്നിൽ നിങ്ങൾ (ഹിലറി) തന്നെ ആയിരുന്നുവെന്ന്. നിങ്ങളുടെ പകരക്കാരും ശക്തരായ കോർപ്പറേറ്റ് മാധ്യമങ്ങളും നിങ്ങളുടെ വാർമെഷീനും ഞാൻ മുന്നോട്ട് വയ്ക്കുന്ന ഭീഷണി ഭയന്നു. പകരക്കാരുടെ പിന്നിൽ ഒരു ഭീരുവിനെപോലെ ഒളിച്ചിരിക്കാതെ പരസ്യമായി മത്സരത്തിൽ ചേരൂ.

ന്യൂയോർക്ക് ടൈംസും സിഎൻഎനും എന്നെ പോലെയുള്ള വിമുക്ത സേനാംഗങ്ങളെ താറടിച്ചു കാണിക്കുവാൻ ശ്രമിക്കുന്നു. കാരണം (സിറിയയിലെയും മറ്റും) ഭരണമാറ്റയുദ്ധം അവസാനിപ്പിക്കണമെന്ന് പറഞ്ഞതാണ്. ഗബാർഡിന്റെ കുറിപ്പുകൾ ആരോപിച്ചു.

മറ്റു ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥികൾ ഈ ആക്രമണ, പ്രത്യാക്രമണത്തിൽ പങ്ക് ചേരാൻ മടിച്ചു, വ്യവസായ പ്രമുഖൻ ആൻഡ്രൂയാംഗ് ഒഴികെ. യാംഗ് ഗബാർഡിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തു. തുൾസി ഗബാർഡ് ഇതിനെക്കാൾ കൂടുതൽ ബഹുമാനവും നന്ദിയും അർഹിക്കുന്നു. അവർ വിദേശത്ത് നമ്മുടെ രാജ്യത്തെ സേവിച്ചിട്ട് മടങ്ങി എത്തിയതേ ഉള്ളൂ. യാംഗ് എഴുതി. ഗബാർഡ് സിബിഎസ് എന്നിനോട് പറഞ്ഞതിങ്ങനെയാണ് : ഞാൻ വളരെ വ്യക്തമാക്കിയിട്ടുണ്ട്. ഡെമോക്രാറ്റിക് പാർട്ടി വിടുകയില്ല. ഞാൻ ഒരു ഡെമോക്രാറ്റായി മത്സരിക്കുന്നത് പാർട്ടിയെ യുദ്ധ മോഹികളും അഴിമതിക്കാരുമായ ഹിലറി ക്ലിന്റനെ പോലെ ഭരണ സംവിധാനത്തിലുള്ളവരിൽ നിന്നു മോചിപ്പിക്കാനാണ്. വീണ്ടും ഡെമോക്രാറ്റിക് പാർട്ടിയെ ജനങ്ങളുടെയും ജനങ്ങളാൽ ഭരിക്കപ്പെടുന്നതും ജനങ്ങൾക്ക് വേണ്ടിയുള്ളതുമായ പാർട്ടിയാക്കി മാറ്റണം. ജനങ്ങൾക്കുവേണ്ടി സമരം ചെയ്യണം, ഈ ഉപഗ്രഹത്തെ സംരക്ഷിക്കാൻ വേണ്ടി സമരം ചെയ്യണം, സമാധാനത്തിനുവേണ്ടി സമരം ചെയ്യണം. അങ്ങനെയുള്ള പാർട്ടിയായി ഡെമോക്രാറ്റിക് പാർട്ടി മാറണം.

ഹിലറിയുമായുള്ള വാക്‌പോരും തന്റെ നിലപാടും വിശദീകരിച്ച് ഗബാർഡ് സംഭാവനകൾ അഭ്യർഥിച്ച് ദാതാക്കൾക്ക് വീണ്ടും ഇമെയിലുകൾ അയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com