sections
MORE

ഡബ്യുസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഡോ. എലിസബത്ത് ജോയിയെ നാമനിർദേശം ചെയ്തു

dr-elizabeth-joy
SHARE

ജനീവ/ന്യൂയോർക്ക് ∙ വേൾഡ് കൗൺസിൽ ഓഫ് ചർച്ചിന്റെ (ഡബ്യുസിസി) അടുത്ത ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മലങ്കര ഓർത്തഡോക്സ് സഭാംഗമായ ഇംഗ്ലണ്ടിൽ നിന്നുള്ള ഡോ. എലിസബത്ത് ജോയിയെ നാമനിർദേശം ചെയ്തു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള റവ. പ്രൊഫ. ഡോ. ജെറി പിള്ളെയും (പ്രിസ്ഡിറ്റേറിയൻ സഭ) നാമനിർദേശം ചെയ്യപ്പെട്ട രണ്ടുപേരിൽ ഒരാളാണ്. അന്തിമ തീരുമാനം തിരഞ്ഞെടുപ്പിലൂടെയാണ്. 2020 മാർച്ച് 18 മുതൽ 24 വരെ സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കുന്ന സമ്മേളനത്തിലാണ് ജനറൽ സെക്രട്ടറിയെ തീരുമാനിക്കുക. ഇതുസംബന്ധിച്ച എല്ലാ ഔദ്യോഗിക പ്രക്രിയയും അഭിമുഖങ്ങളും പൂർത്തിയാക്കി അടുത്ത തിരഞ്ഞെടുപ്പിനായി കേന്ദ്ര കമ്മിറ്റിക്ക് രണ്ടു പേരുകൾ നിർദേശിക്കാൻ സമവായത്തോടെ തീരുമാനിച്ചു. ഡബ്യൂസിസി ജനറൽ സെക്രട്ടറി സെർച്ച് കമ്മിറ്റി മോഡറേറ്റർ പ്രൊഫ. ഡോ. ഫെർണാണ്ടോ എൻസ് ഇക്കാര്യം സെൻട്രൽ കമ്മിറ്റിയുടെ മോഡറേറ്റർ ഡോ. ആഗ്നസ് അബൂമിനെ അറിയിച്ചു.

ഡബ്യൂസിസി ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പ് സംബന്ധിച്ചു കേന്ദ്ര കമ്മിറ്റി നിയോഗിച്ച സെർച്ച് കമ്മിറ്റി ഈ ആഴ്ചയാണ് യോഗം ചേർന്ന് കാര്യങ്ങൾ തീരുമാനിച്ചത്. നിലവിലെ ജനറൽ സെക്രട്ടറി റവ.ഡോ. ഒലവ് ഫിക്സ് ട്വീറ്റ് ഇനി മൽസരിക്കാനില്ലെന്ന് 2018 ജൂണിൽ കേന്ദ്ര കമ്മിറ്റിയെ അറിയിച്ചിരുന്നു. അഞ്ചു വർഷമാണ് ഒരു ടേം. അദ്ദേഹം രണ്ടു തവണ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മലങ്കര ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന അധ്യക്ഷൻ സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പൊലീത്തയും ഏതൻസിൽ നടന്ന സെർച്ച് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നു.

ദൈവികപ്രഭ നിറഞ്ഞു നിന്ന അന്തരീക്ഷത്തിൽ വളരുകയും വേദശാസ്ത്രങ്ങളുടെ  പൊരുൾ തേടി മേയുകയും സഭാസംബന്ധമായ വിഷയങ്ങളെ സമഗ്രമായി സംഗ്രഹിക്കുകയും ചെയ്ത എലിസബത്ത് ജോയി ദേശീയവും രാജ്യാന്തരവുമായ വേദികളിൽ തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. വേദശാസ്ത്ര വിശാരദന്മാരായ പതിനാലിലധികം പേരെ ലോകത്തെത്തിച്ച കുടുംബത്തിൽ ജനിക്കുകയും ഇവാഞ്ചലിക്കൽ ലുഫറൻ സഭയിൽ വളരുകയും ചെയ്തു. വെരി. റവ. ജോർജ് ജോയി കോർ എപ്പിസ്കോപ്പയുടെ സഹധർമ്മിണിയായി മലങ്കര ഓർത്തഡോക്സ് സഭയിലെ മിനിസ്ട്രിതല പ്രവർത്തനമേഖലയിൽ സജീവമായിരുന്നു. ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് സയൻസിൽ ബിരുദം നേടിയ ശേഷം ദൈവശാസ്ത്രത്തിൽ യുണൈറ്റഡ് തിയോളജിക്കൽ കോളജിൽ നിന്നു മറ്റൊരു ബിരുദവും നേടി. തുടർന്ന് അവിടെ നിന്നുതന്നെ തിയോളജിക്കൽ മാസ്റ്റേഴ്സും 1980 മുതൽ 1988 വരെ ക്രിസ്ത്യൻ മൂവ്മെന്റിൽ സജീവമായി പ്രവർത്തിച്ചു. ബൈബിൾ സൊസൈറ്റിയിൽ എഡിറ്റോറിയൽ ഓഫീസർ ആയും പ്രവർത്തിച്ചു. 1993 മുതൽ ആന്ധ്രാപ്രദേശ്, കർണാടക, കേരള, തമിഴ്നാട് ഏരിയകളിലെ ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയന്റെ റീജിയണൽ കോർഡിനേറ്റർ ആയി പ്രവർത്തിച്ചു. 2000ൽ സ്റ്റുഡന്റ് ക്രിസ്ത്യൻ മൂവ്മെന്റിന്റെ 90 വർഷ ചരിത്രത്തിലെ ആദ്യ വനിതാ ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റു. സഭയ്ക്കും സമൂഹത്തിനും ഉപകാരപ്രദമായ അനേകം കാര്യങ്ങളിൽ ഇടപെടുകയും ആഗോളവത്കരണം, കാലാവസ്ഥാ വ്യതിയാനം, വർണ/വർഗ അവബോധം തുടങ്ങി ഒട്ടേറെ മേഖലകളിൽ സജീവമാവുകയും ചെയ്തു.

2002 മുതൽ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ വേൾഡ് മിഷന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയാണ്. ലോകമെമ്പാടുമുള്ള 31 ക്രൈസ്തവ സഭകളുടെ കൂട്ടായ സംരംഭമാണ് കൗൺസിൽ ഫോർ വേൾഡ് മിഷൻ. ഈ സഭകളിലെ ധനം, ജനത, വൈദഗ്ധ്യം, ഉൾക്കാഴ്ച മുതലായവയൊക്കെ പങ്കുവെക്കുന്നതിലൂടെ പ്രേഷിത ദൗത്യം പ്രാദേശികമായി എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് കൗൺസിലിന്റെ ഉദ്ദേശലക്ഷ്യം. 1977ൽ ആണ് ഇത് സ്ഥാപിതമായത്. 

ലണ്ടനിലെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിലെ അസോസിയേറ്റ് വികാരിയായും ബ്ലാക്ക് ഫ്രയാർസ് ചാപ്പലിലും സേവനമനുഷ്ഠിക്കുന്ന റവ. ജോർജ് ജോയി കോർഎപ്പിസ്കോപ്പയുടെ സഹധർമ്മിണി. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിലെ പ്രധാന പ്രാസംഗികയായി രണ്ടുതവണ എത്തിയിരുന്നു. ഏവരും സ്നേഹത്തോടെ എലിസബത്ത് കൊച്ചമ്മയെന്നു വിളിക്കുന്ന ജോ. എലിസബത്ത് ജോയി എക്യുമെനിക്കൽ ലോകത്ത് മൂന്നു പതിറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ (ബിഎസ്ഐ), സ്റ്റുഡന്റ് ക്രിസ്ത്യൻ മൂവ്മെന്റ് ഓഫ് ഇന്ത്യ (എസ്‍സിഎംഐ), ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റഡി ഓഫ് റിലീജിയൻ ആൻഡ് സൊസൈറ്റി (സിഐഎസ്ആർഎസ്) ഇന്‍ ഇന്ത്യ, കൗൺസിൽ ഫോർ വേൾഡ് മിഷൻ (സിഡബ്യുഎം), ഡെപ്യൂട്ടി സെക്രട്ടറി ഫോർ എക്യൂമെനിക്കൽ റിലേഷൻസ് ഫോർ യുകെ റീജിയൻ ഓഫ് ദി മലങ്കര ഓർത്തഡോക്സ് ചർച്ച് ആൻഡ് ഡയറക്ടർ ഓഫ് ചർച്ചസ് ടുഗെതർ ഇൻ ഇംഗ്ലണ്ട് (സിടിഇ) എന്നിവയോടെല്ലാം ചേർന്നു പ്രവർത്തിക്കുന്നു. ലണ്ടനിലെ കിംങ്സ് കോളജിൽ നിന്നും 2018 ജൂലൈയിൽ തിയോളജിയിൽ ഡോക്ടറേറ്റ് നേടിയ എലിസബത്ത് ജാതി, വർണ, വർഗ, ലിംഗ സമത്വം തിയോളജിയിൽ വരുത്തുന്ന സ്വാധീനം ദലിത് കാഴ്ചപ്പാടിൽ എന്ന വിഷയത്തിലാണ് പഠനം നടത്തിയത്. ക്രിസ്ത്യൻ, ജൂത, ഹൈന്ദവ, മുസ്‍ലിം വിദ്യാലയങ്ങളിലെത്തി തന്റെ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് അനുഭവങ്ങൾ പങ്കുവെക്കുന്ന എലിസബത്ത് യുകെയിലെ 3എഫ്എഫ് (ത്രീ ഫെയ്ത്ത്സ് ഫോറം) എന്ന സംഘടനയിലെ സജീവ അംഗമാണ്. ചർച്ചസ് ടുഗെദർ ഇൻ ഇംഗ്ലണ്ട് (സിടിഇ)യിലെ ഡയറക്ടറായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു.

പോർട്ട് അലിഗ്രേ, ബുസാൻ എന്നിവിടങ്ങളിൽ നടന്ന വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ രണ്ട് അസംബ്ലിയിലും എലിസബത്ത് പങ്കെടുത്തു. കൊറിയയിലെ ബുസാനിൽ നടന്ന ഡബ്യൂസിസിയുടെ പത്താം അസംബ്ലിയിൽ കേന്ദ്രകമ്മിറ്റിയംഗമായി മലങ്കര നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയ മാർ നിക്കോളോവോസിനെയും തിരഞ്ഞെടുത്തിരുന്നു. സ്റ്റുഡന്റ് ക്രിസ്ത്യൻ മൂവ്മെന്റ് ഓഫ് ഇന്ത്യ (എസ്‌സിഎംഐ)യുടെ ആദ്യത്തെ വനിതാ ജനറൽ സെക്രട്ടറിയും സിഇഒയും ആയിരുന്നു. 2016ൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ എലിസബത്ത് അടക്കം 99 ക്രൈസ്തവനേതാക്കളെ വിളിച്ചുകൂട്ടി അവരുടെ സാമൂഹിക പ്രവർത്തനങ്ങളെ പ്രകീർത്തിച്ചിരുന്നു. ഐക്യരാഷ്ട്രസഭയിൽ സുസ്ഥിര വികസന നേട്ടങ്ങൾ (എസ്ഡിജി) എന്ന വിഷയത്തിൽ നടന്ന യോഗത്തിൽ പങ്കെടുക്കാനും സാധിച്ചു. മകൻ സുദർശൻ തോമസ് ജോയി, മകൾ ദീപ്തി റേച്ചൽ ജോയി. മരുമക്കൾ: ടെസ് മേരി തോമസ്, റോണി വറുഗീസ്. കൊച്ചുമക്കൾ: ജോഷ്വാ ഏബ്രഹാം ജോയി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
FROM ONMANORAMA