sections
MORE

ട്രംപിന്റെ വ്യവസായം സാമ്പത്തിക ഞെരുക്കത്തിലെന്ന് റിപ്പോർട്ട്

trump
SHARE

ന്യൂയോർക്ക് ∙ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ട്രംപിന്റെ കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള ചില വ്യവസായങ്ങൾ സാമ്പത്തിക ഞെരുക്കത്തിലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

തന്റെ തിരഞ്ഞെടുപ്പ് പ്രാചരണത്തിന് വേണ്ടി സംഘടിപ്പിച്ച അത്താഴവിരുന്നിൽ ഷിക്കാഗോ ഡൗൺ ടൗണിലെ  ഹോട്ടലിലിരുന്ന് തന്നോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരോട് ട്രംപ് പറഞ്ഞു, എത്ര സുന്ദരമായ ബാൾ റൂം. കേട്ടിരുന്നവർ ചിരിച്ചു. ചിലർക്കെങ്കിലും അറിയാമായിരുന്നു അത് ട്രംപിന്റെ തന്നെ ഹോട്ടലാണെന്ന്. തന്റെ ഹോട്ടലിൽ പരിപാടി നടത്തി ചെലവുകളുടെ ബിൽ തന്റെ തന്നെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് അയയ്ക്കുക ട്രംപിന്റെ പതിവാണ്. ഷിക്കാഗോ അത്താഴത്തിന് ഹോട്ടലിന് ഒരു ലക്ഷം ഡോളറോളം നൽകേണ്ടി വന്നു എന്ന് പരിപാടി സംഘടിപ്പിച്ച റിപ്പബ്ലിക്കൻ നേതാവ് പറഞ്ഞു. ട്രംപിന്റെ സാന്നിധ്യം ഹോട്ടലിന്റെ ബിസിനസിന് താല്ക്കാലിക ഉണർവ് നൽകി. എന്നാൽ മറ്റു ചില ട്രംപ് വസ്തുവകകളെ പോലെ ഈ ഹോട്ടലിന്റെയും ലാഭം താഴേയ്ക്കു പോവുകയാണെന്നാണ് കണക്കുകൾ പറയുന്നത്.

2015–ൽ ഉണ്ടായിരുന്നതിനെക്കാൾ 89% കുറവാണ് 2018–ൽ ഹോട്ടലിന്റെ ലാഭം. 16.7 മില്യൻ ഡോളറിൽ നിന്ന് 1.8 മില്യൻ ഡോളറിലെക്കു കൂപ്പു കുത്തിയെന്ന് ഇല്ലിനോയ് കുക്ക് കൗണ്ടിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു. ചുറ്റളവിലുള്ള മറ്റ് ഹോട്ടലുകൾ വലിയ ലാഭം ഉണ്ടാക്കുമ്പോൾ ഈ ഹോട്ടലിന് മാത്രമാണ് ദുർഗതി.

മറ്റ് ഹോട്ടലുകളുടെ മത്സരമല്ല കാരണം, ട്രംപിന്റെ നയങ്ങൾ സൃഷ്ടിക്കുന്ന ആശാസ്യകരമല്ലാത്ത സമീപനമാണ് യഥാർത്ഥ കാരണമെന്ന് നിരീക്ഷകർ പറയുന്നു. ട്രംപ് ഭരണമേറ്റതിനെ തുടർന്നാണ് വ്യവസായങ്ങളുടെ വളർച്ചയിൽ ഇടിവുണ്ടായതെന്ന് വാഷിംഗ്ടൺ പോസ്റ്റിൽ കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഷിക്കാഗോയിലെ ട്രംപ് ഇന്റർനാഷണൽ ഹോട്ടൽ ആൻഡ് ടവർ അതിന്റെ ആഡംബര സമൃദ്ധിയിൽ അഭിമാനം കൊണ്ടിരുന്നു. എന്നാൽ ഇപ്പോൾ ചെലവ് ചുരുക്കലാണ്. ഒഴിവു വന്ന ജോലികളിലേക്ക് നിയമനം നടത്തിയിട്ടില്ല. അതിഥികൾക്കും കുട്ടികൾക്കും സമ്മാനങ്ങൾ നൽകുന്നത് കുറച്ചു , ശുചീകരണത്തിനും മറ്റും വില കുറഞ്ഞ സാധനങ്ങൾ വാങ്ങാൻ ആരംഭിച്ചു (ഇപ്പോൾ മറ്റ് ധാരാളം ഹോട്ടലുകളും ഇങ്ങനെ ചെയ്യുന്നുണ്ട്).

ട്രംപ് തന്റെ ഭരണത്തിന്റെ പ്രക്ഷുബ്ധമായ മൂന്നാം വർഷം പൂർത്തിയാക്കുമ്പോൾ ട്രംപ് പ്രസിഡന്റായത് വസ്തുവകകൾക്ക് നേട്ടമായോ എന്ന ചോദ്യം ഉത്തരമില്ലാതെ ശേഷിക്കുകയാണ്. താനും തന്റെ കുടുംബവും കെട്ടിപ്പടുത്ത് ഉയർത്തിയ സാമ്രാജ്യം വെല്ലുവിളികൾ നേരിടുകയാണ്. സാമ്പത്തികമായി സംഭവിച്ച തിരിച്ചടികളും നിയമയുദ്ധങ്ങളും ഇതിന് കാരണമായി. ട്രംപ് ബ്രാൻഡ് പേരിന്റെ യശസിനും കളങ്കമേറ്റു.

ട്രംപ് ഓർഗനൈസേഷൻ ചെലവു ചുരുക്കലിന് രണ്ട് വലിയ നീക്കങ്ങൾ കൂടി നടത്തി. ഡിസ്ട്രിക്ട് ഓഫ് കോളംബിയ (ഡിസി)യിലെ തങ്ങളുടെ വലിയ കൂടാര ഹോട്ടൽ വിൽക്കാൻ ഉദ്ദേശിക്കുകയാണെന്ന് കഴിഞ്ഞ മാസം അറിയിച്ചു.

ന്യൂയോർക്കിൽ സെൻട്രൽ പാർക്കിൽ കമ്പനിയുടെ രണ്ട് ഐസ് സ്ക്കേറ്റിങ് തറകളിലെ ട്രംപ് നാമധേയം ചെറുതാക്കുകയാണെന്നും അറിയിച്ചു. ഇതും ചെലവു ചുരുക്കൽ നടപടി ആയാണ് വീക്ഷിക്കപ്പെടുന്നത്. ടിം ഒബ്രിയൻ എന്ന പത്രപ്രവർത്തകൻ ട്രംപ് വ്യവസായങ്ങളെ വർഷങ്ങളോളം നിരീക്ഷിച്ച് ഒരു പുസ്തകം എഴുതിയിരുന്നു.

ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ചില തിരിച്ചടികൾ ഉണ്ടായി. ട്രംപിനെതിരായ ഇംപീച്ച്മെന്റ് വിചാരണ ഈ മാസം തന്നെ ആരംഭിക്കുമെന്ന് സ്പീക്കർ നാൻസി പെലോസി പറഞ്ഞു. ഇതിനിടയിൽ ട്രംപിന് ആശ്വാസകരമായി ഒരു വാർത്തയുണ്ട്. ഏറ്റവും പുതിയ അഭിപ്രായ സർവേയിൽ ട്രംപിനെതിരായി ഇംപീച്ച്മെന്റ് എൻക്വയറിയെ അനുകൂലിക്കാത്തവർ 51% ആണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
FROM ONMANORAMA