sections
MORE

ഒസിഐ പുതുക്കാത്തതിനാൽ യാത്ര മുടക്കുന്നത് ജനദ്രോഹം: തോമസ് ടി. ഉമ്മൻ

thomas-t-oommen
SHARE

ന്യൂയോർക്ക്∙ ഒസിഐ കാർഡ് പുതുക്കിയില്ല എന്ന കാരണത്താൽ ഇന്ത്യയിലേക്കുള്ള യാത്ര മുടക്കുന്നത് ജനദ്രോഹമാണെന്നു ഫോമാ നേതാവ് തോമസ് ടി. ഉമ്മൻ ചൂണ്ടിക്കാട്ടി. എയർപോർട്ടിൽ ചെല്ലുമ്പോഴാണു ഒസിഐ പുതുക്കേണ്ടതായിരുന്നു എന്നറിയുന്നത്. പലർക്കും ഈ അനുഭവം ഉള്ളതു കൊണ്ടാണ് ഇതെഴുതുന്നത്.

20 വയസിനും 50 വയസിനും മുൻപ് ഒസിഐ എടുത്തവർ പുതിയ പാസ്പോർട്ട് എടുക്കുമ്പോൾ ഒസിഐ റീ– ഇഷ്യു ചെയ്യണം എന്ന നിബന്ധന പണ്ടേ ഉണ്ട്. റിന്യു (പുതുക്കൽ) എന്നതിനു  പകരം റീ– ഇഷ്യു (പുതുതായി നൽകുക) എന്ന പദപ്രയോഗം തന്നെ ദ്രോഹമാണ്. പാസ്പോർട്ടും ഡ്രൈവിംഗ് ലൈസൻസുമൊക്കെ പുതുക്കുകയാണു ചെയ്യുന്നത്. പുതിയ വിവരവും ഫോട്ടോയും ചേർക്കുന്നു. അല്ലാതെ ആദ്യം അത് കിട്ടാൻ വേണ്ടി ഉപയോഗിച്ച രേഖകൾ വീണ്ടും കൊടുക്കുകയല്ല ചെയ്യുന്നത്. ഒസിഐ പുതുക്കാൻ വീണ്ടും നാച്വറലൈസേഷൻ സർട്ടിഫിക്കറ്റും ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച രേഖയുമൊക്കെ (റിനൗൺസ്) ചോദിക്കുന്നതിലെ യുക്തി മനസിലാകുന്നില്ല. അതൊക്കെ കൊടുത്താണല്ലോ ഒസിഐ നൽകിയത്.

ഒസിഐ പുതുക്കാത്തവർക്ക് യാത്ര വിഷമകരമാകും എന്നു ഒരു മുന്നറിയിപ്പും കോൺസുലേറ്റോ എംബസിയൊ നൽകിയില്ല. ലഗേജുമൊക്കെയായി ബോർഡിംഗ് പാസിനു ചെല്ലുമ്പോഴാണു യാത്ര പറ്റില്ലെന്ന് അറിയുന്നത്. എന്തൊരു വിഷമമാണത് സൃഷ്ടിക്കുന്നത്. ടിക്കറ്റ് കാശ് പോകും, യാത്ര മുടങ്ങും.

ഒസിഐ പുതുക്കാത്തവർ പഴയ പാസ്പോർട്ട് കൂടി കൊണ്ടുപോയാൽ മതിയെന്നു ന്യുയോർക്ക് കോൺസൽ ജനറൽ ഹിന്ദു പത്രത്തോടു പറയുകയുണ്ടായി. എന്നാൽ അങ്ങനെ ചെന്ന ചിലരെയും കുവൈറ്റ് എയർവേസ് തിരിച്ചയച്ചു. ഇതു കഷ്ടമാണ്. ഒസിഐ പുതുക്കുന്നത് ഒരു സാങ്കേതിക കാര്യമാണ്. ആധികാരിക രേഖയായ അമേരിക്കൻ പാസ്പോർട്ടിനൊപ്പമാണ് അത് നൽകുന്നത്.

അതിനു പുറമെ വിസ ഓൺ അറൈവൽ ലഭിക്കാൻ അർഹതയുള്ളവരാണു അമേരിക്കൻ പൗരന്മാർ. അപ്പോൾ ചെറിയൊരു സാങ്കേതിക കാര്യം പ്രശ്നമാക്കുന്നതിൽ എന്താണർഥം ?

ഒസിഐ എപ്പോൾ പുതുക്കണമെന്നോ എന്നു പുതുക്കണമെന്നോ മിക്കവർക്കും അറിയില്ല. ഉദാഹരണത്തിനു 19 വയസിലോ 49 വയസിലോ ഒസിഐയും  പാസ്പോർട്ടും എടുത്ത ആൾ എന്നു വയ്ക്കുക. നിബന്ധന അനുസരിച്ച് അയാൾ 10 വർഷം കഴിഞ്ഞു പുതിയ പാസ്പോർട്ട് എടുക്കുമ്പോൾ ഒസിഐ പുതുക്കിയാൽ മതി.

പക്ഷെ 20 കഴിഞ്ഞവരും 50 കഴിഞ്ഞവരും പുതുക്കണ്ട എന്ന രീതിയിലാണു നിബന്ധനയിലെ ഭാഷാ പ്രയോഗം. അതും തെറ്റിദ്ധാരണ ഉണ്ടാക്കുന്നു.പക്ഷെ 20 കഴിഞ്ഞവരും 50 കഴിഞ്ഞവരും  പുതുക്കണ്ട രീതിയിലാണു നിബന്ധയിലെ ഭാഷാപ്രയോഗം. അതും  തെറ്റിദ്ധാരണ ഉണ്ടാക്കുന്നു. എന്തായാലും ഒസിഐയുമായി ചെല്ലുന്ന ആരുടെയും യാത്ര മുടക്കരുത്. അടുത്ത തവണ യാത്ര ചെയ്യുന്നതിനു മുൻപ് ഒസിഐ പുതുക്കണമെന്നു കാർഡിൽ എഴുതുകയോ സ്റ്റിക്കർ പതിക്കുകയോ ചെയ്താൽ പ്രശ്നം തീരും.

വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മലയാളിയാണ്. അദ്ദേഹത്തെ ഈ വിഷയം ധരിപ്പിച്ചാൽ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് കരുതാം. ജനദ്രോഹപരമായ പല നിബന്ധനയും സർക്കാർ നീക്കം ചെയ്തത് മറക്കുന്നില്ല.  ഒസിഐ –പാസ്പോർട്ട് റിനൺസിയേഷൻ തുടങ്ങിയ കാര്യങ്ങളിൽ ആദ്യകാലം മുതൽ ശക്തമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള തോമസ് ടി. ഉമ്മൻ പറഞ്ഞു. ഇതു സംബന്ധിച്ച് ന്യൂയോർക്ക് കോൺസലേറ്റ് അധികൃതരുമായി വൈകാതെ സംസാരിക്കുന്നുണ്ടെന്നും തോമസ് ടി. ഉമ്മൻ പറഞ്ഞു.

അതോടൊപ്പം ഓസിഐ കാർഡ് ഉടമകൾ തങ്ങളുടെ കാർഡ് റിന്യൂ ചെയ്യേണ്ട ആവശ്യമുണ്ടോ എന്നും പരിശോധിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN US
SHOW MORE
FROM ONMANORAMA