ADVERTISEMENT

കോട്ടയം ∙ ഒളശ്ശയിലെ സർക്കാർ അന്ധവിദ്യാലയത്തിലെ വിദ്യാർഥികൾ വരച്ച ചിത്രമുൾക്കൊള്ളിച്ച് സ്കൂൾ കലണ്ടർ തയാറാക്കി. ഈ കലണ്ടറിന്റെ പെരുമയാണ് ഇപ്പോൾ കടൽ കടന്ന് അമേരിക്കയിലെ ഷിക്കാഗോ വരെ എത്തിയിരിക്കുന്നത്. സ്കൂൾ പിടിഎ വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. വൊളന്റിയർമ്മാരുടെ സഹായത്തോടെ അന്ധരായ വിദ്യാർഥികൾ തയാറാക്കിയ ചിത്രങ്ങളിൽനിന്നും മികച്ച 12 ചിത്രങ്ങൾ തെരഞ്ഞെടുക്കുകയായിരുന്നു. ഈ ചിത്രങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ കലണ്ടർ എൻഎസ്എസ് ഓഫ് ഷിക്കാഗോ എന്ന സംഘടനയുടെ സഹായത്തോടെ ഷിക്കാഗോയിൽ വിറ്റഴിച്ച് നേടിയത് മൂന്നര ലക്ഷം രൂപയാണ്. 

nss-of-chicago

സമാഹരിച്ച തുക ഫെബ്രുവരി 13ന് നടന്ന ചടങ്ങിൽ സ്കൂൾ അധികൃതർക്ക് കൈമാറി. തുകകൊണ്ട് സ്കൂളിലേക്ക് കംപ്യൂട്ടർ, എസ്എസ്കെവിയുടെ ഇൻവെർട്ടർ, പമ്പുസെറ്റ് എന്നിവ വാങ്ങിക്കുകയും അധ്യാപകന് ഒരു വർഷത്തെ ശമ്പളം നൽകുകയും ചെയ്തു. എൻഎസ്എസ് ഓഫ് ഷിക്കാഗോ സംഘടനയെ പ്രതിനിധീകരിച്ച് വാസുദേവൻ പിള്ള, സുമതി പിള്ള, പ്രൊഫ. കല ജയൻ എന്നിവർ പങ്കെടുത്തു. ഹെഡ്മാസ്റ്റർ ഇ.ജെ. കുര്യൻ, അനന്തു വാസുദേവ്, ലാൻസ് കുര്യൻ, പിടിഎ ഭാരവാഹികൾ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

എൻഎസ്എസ് ഓഫ് ഷിക്കാഗോ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ്. കുട്ടികളുടെ പഠനത്തിനായി 'അക്ഷരം' , ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനായി 'ആരണ്യം', വീട്ടമ്മമാരുടെ ഉന്നമനത്തിനായി 'അതിജീവനം' എന്നീ പദ്ധതികൾ കേരളത്തിൽ നടപ്പാക്കുന്നു. ആദ്യത്തെ അതിജീവനം യൂണിറ്റ് ഈ മാസം അവസാനത്തോടെ വൈക്കത്തിനടുത്ത് വെച്ചൂരിൽ ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com