ADVERTISEMENT

ന്യൂയോര്‍ക്ക് ∙ ലീല മാരേട്ട് ടീമിനു പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് അലക്‌സ് ഏബ്രഹാം വീണ്ടും ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.  കേരളത്തില്‍ സാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കും നഴ്‌സിങ് കോളേജുകള്‍ക്കും എതിരെ നടന്ന സമരത്തെ മുന്നില്‍ നിന്നു നയിച്ച അലക്‌സ് ഏബ്രഹാം  ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ആയും, ജോയിന്റ് സെക്രട്ടറി ആയും കമ്മറ്റി അംഗമായും 2012 മുതല്‍ സംഘടനയില്‍ സജീവമാണ്.

തിരുവനതപുരം മെഡിക്കല്‍ കോളേജില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് 1995 ല്‍ സർക്കാർ സാശ്രയ മേഖലയില്‍ നിരവധി മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരെ സമരം നടത്തിയ കേരള ബിഎസ്‌സി നഴ്‌സിങ് അസോസിയേഷന്‍ (കെ.ബിഎസ് എന്‍ .എ) സംസ്ഥാന സെക്രട്ടറി ആയിരുന്ന അലക്‌സ്.

സ്കൂള്‍ തലം മുതല്‍ പ്രസംഗ വേദികളിലും ക്വിസ് കോംപിറ്റീഷന്‍ എന്നിവയില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ അലക്‌സ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ പ്രതിനിധീകരിച്ചു നിരവധി പ്രസംഗമത്സരങ്ങളിലും ക്വിസ് മത്സരങ്ങളിലും ജേതാവായിരുന്നു. സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷന്‍ സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്.

കെ.ബി.എസ്.എ യെ പ്രതിനിധികരിച്ചു  നിംഹാംസ്, ഭോപ്പാല്‍ മെഡിക്കല്‍ കോളേജ്, എന്നിവിടങ്ങളില്‍ പ്രതിനിധിയായി പ്രസംഗിക്കുകയും നിരവധി സെമിനാറുകളില്‍ പങ്കെടുക്കുകയും, നിരവധി നഴ്‌സിങ് ജേര്‍ണലുകളില്‍ പ്രബന്ധനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മംഗലാപുരം എന്‍.വി. ഷെട്ടി നഴ്‌സിങ് കോളജില്‍ മൂന്നു വര്‍ഷം അധ്യാപകനായിരുന്നു.

പിന്നീട് യൂ.എ.ഇയില്‍ ദുബായ് ഹോസ്പിറ്റലില്‍ നഴ്‌സിംഗ് ഇന്‍സ്ട്രുക്ടര്‍ ആയി രണ്ടു വര്‍ഷം സേവനം ചെയ്തു. 2001 ഇല്‍ അമേരിക്കയിലേക്ക് കുടിയേറിയ അലക്‌സ് കഴിഞ്ഞ 17 വര്‍ഷമായി വൈറ്റ് പ്ലൈന്‍സില്‍ ഉള്ള വൈറ്റ് പ്ലൈന്‍സ് മാര്‍ട്ടിന്‍ സെന്റര്‍ ഫോര്‍ റീഹാബിലേഷന്‍ ആന്‍ഡ് നഴ്‌സിങ്ങിൽ നഴ്‌സ് മാനേജര്‍ ആയി പ്രവര്‍ത്തിച്ചു വരികയാണ്. ഇപ്പോള്‍ ഫാമിലി നഴ്‌സിങ്ങില്‍ എംഎസ്എന്നിന് പഠിക്കുന്നു.

കൊല്ലം ചാത്തമംഗലം സ്വദേശിയും കോണ്‍ഗ്രസ് അനുഭാവിയുമായിരുന്ന പരേതനായ കെ. ഏബ്രഹാമിന്റെയും മറിയാമ്മയുടെയും അഞ്ചു മക്കളില്‍ ഇളയവനാണ് അലക്‌സ്. 

ഭാര്യ ഷീബ അലക്‌സ് നഴ്‌സ് ആയി ജോലി ചെയ്യുന്നു. ഏഴാം ക്ലാസ് വിദ്യാർഥിയായ മകന്‍ എബി അലക്‌സ് ഫൊക്കാന നാഷണല്‍ സ്‌പെല്ലിങ് ബിയില്‍ 2016  ഉള്‍പ്പെടെ മൂന്നു തവണ തുടച്ചയായി ചാംപ്യന്‍ ആണ്. കൂടാതെ സ്കൂള്‍ തലത്തിലും സ്‌പെല്ലിങ് ബി മത്സരത്തിലെ വിജയിയാണ്. മകള്‍ ടാനിയ അലക്‌സ് മെഡിക്കല്‍ വിദ്യാർഥിയാണ്. 

അലക്‌സിന്റെ രാഷ്ട്രീയ പാരമ്പര്യവും നേതൃഗുണവും ഫൊക്കാനയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നു പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീലാ മാരേട്ടും, ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി അലക്‌സ് തോമസും അഭിപ്രായപ്പെട്ടു. 

ഇവരെ കൂടാതെ അപ്പുക്കുട്ടന്‍ പിള്ള (കമ്മിറ്റി അംഗം) സണ്ണി ജോസഫ് (ട്രസ്റ്റി ബോര്‍ഡ് അംഗം)ഷാജു സാം, ന്യൂയോര്‍ക്ക് റീജണല്‍ പ്രസിഡന്റ്, അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍ (ചിക്കാഗോ റീജണല്‍ പ്രസിഡന്റ്) ജേക്കബ് കല്ലുപുര (ന്യൂ ഇംഗ്ലണ്ട് റീജണല്‍ പ്രസിഡന്റ്,) റെജി കുര്യന്‍ കുര്യന്‍ (ചിക്കാഗോ റീജിയന്‍ പ്രസിഡന്റ)്, ജോജി തോമസ് കടവില്‍ (ഫിലാഡല്‍ഫിയ റീജന്‍ പ്രസിഡന്റ്), കെ.പി ആന്‍ഡ്രൂസ് (ഓഡിറ്റര്‍) എന്നിവര്‍ മത്സരിക്കുന്നു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com