ADVERTISEMENT

നെവാഡ കോക്കസ് വിജയത്തോടെ സെനറ്റർ ബേണി സാൻഡേഴ്സ് ഡെമോക്രാറ്റിക് പാർട്ടിയിൽ തന്റെ ശക്തി സംശയ ലേശമന്യേ തെളിയിച്ചു. തുടർന്ന് ശനിയാഴ്ച നടക്കുന്ന സൗത്ത് കാരലിന പ്രൈമറിയിൽ  സാൻഡേഴ്സ് വിജയം ആവർത്തിക്കുമെന്ന് കരുതുന്നില്ലെങ്കിലും 2016 ൽ ഡോണൾഡ് ട്രംപ് പിന്നിൽ നിന്നെത്തി റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിത്വം നേടിയത് പോലെ സൂപ്പർ ട്യൂസ് ഡേയ്ക്കുശേഷം സാൻഡേഴ്സ് വ്യക്തമായി മറ്റ് സ്ഥാനാർത്ഥികളെ ബഹുദൂരം പിന്നിലാക്കി പാർട്ടി ടിക്കറ്റ് നേടാനുള്ള സാധ്യത തള്ളികളയാനാവില്ല.

പാർട്ടി ഭാരവാഹികൾ ഏറ്റവുമധികം ഭയക്കുന്നതും ഇതാണ്. അവർ പ്രതീക്ഷിക്കുന്നത് മിൽവോക്കിയിൽ പാർട്ടിയുടെ നോമിനിയെ നിശ്ചയിക്കുവാൻ ദേശീയ കൺവെൻഷൻ ചേരുമ്പോൾ ഒരു സ്ഥാനാർത്ഥിക്കും ആവശ്യമായ ഡെലിഗേറ്റുകൾ ഇല്ലാതെ വരികയും ഒരു കൺടെസ്റ്റഡ് നോമിനേഷൻ നടപടികൾ ആവശ്യമായി വരികയുമാണ്.  അങ്ങനെ  സംഭവിച്ചാൽ ആദ്യ ബാലറ്റിൽ തീരുമാനിക്കുവാൻ കഴിയാതെ വരികയും സെക്കൻഡ് ബാലറ്റിലേയ്ക്ക് പ്രക്രിയ നീങ്ങുകയും ചെയ്യും.  1952 ലാണ് ഇതിന് മുൻപ്  സെക്കൻഡ് ബാലറ്റിലേയ്ക്ക് നീങ്ങിയിട്ടുള്ളത്. 68 വർഷങ്ങൾക്കുശേഷം ഡെമോക്രാറ്റിക് പാർട്ടിയുടെ ഒരു കൺവെൻഷനിൽ വീണ്ടും ഒരു സെക്കൻഡ് ബാലറ്റ് ചരിത്രം ആവർത്തിക്കുമോ എന്ന് നിരീക്ഷകർ സംശയിക്കുന്നു.

ഒരു വർഷം മുൻപ് ഡെമോക്രാറ്റിക് പാർട്ടിയുടെ മത്സര രംഗം പാർട്ടിയുടെ ശക്തിയും നാനാ സമൂഹത്തിനെ ഉൾക്കൊള്ളാനുള്ള കഴിവുമായി പ്രവർത്തകർ പ്രഘോഷിച്ചിരുന്നു. മുമ്പൊരിക്കലും ഇല്ലാത്ത അത്രയും സ്ത്രീകളും നിറമുള്ളവരും മത്സരിക്കുവാൻ ഉണ്ടായിരുന്നു. ഗവർണർമാരും  സെനറ്റർമാരും ജനപ്രതിനിധികളും മേയർമാരും വ്യവസായികളും എല്ലാം ഉണ്ടായിരുന്നു.

വളരെ പ്രസിദ്ധരും ആരും അറിയാത്തവരും ഉണ്ടായിരുന്നു. വോട്ടർമാർ ആകെ ചിന്താകുഴപ്പത്തിലായി. ആരെ സ്വീകരിക്കണം ? ആരെ നിരാകരിക്കണം.  ആദ്യം അവസരം ലഭിച്ച അയോവയിലെയും ന്യൂഹാംഷെയറിലെയും വോട്ടർ റെക്കാർഡ് ഭേദിച്ച് സ്്ഥാനാർത്ഥികളെ കാണാനെത്തി. സ്ഥാനാർത്ഥികൾ പലരെയും അവർക്കിഷ്ടമായി. എന്നാൽ ആരെയും സ്നേഹിക്കുവാൻ അവർക്ക് കഴിഞ്ഞില്ല.

മുൻ വൈസ് പ്രസിഡന്റ് ബൈഡൻ ഒരു തികഞ്ഞ സ്ഥാനാർത്ഥിയായി പലർക്കും തോന്നിയില്ല. നോമിനേഷൻ നേടുവാനും പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ തോല്പിക്കുവാനും ബൈഡന് കഴിയുമോ എന്നവർ സംശയിച്ചു.

2019 മുഴുവൻ അഭിപ്രായ സർവേകൾ‍ ബൈഡനൊപ്പമായിരുന്നു. അതിന് ശേഷമാണ് അയോവയിലെയും ന്യൂഹാം ഷെയറിലെയും വോട്ടർമാർ ബൈഡനെ നിഷ്കരുണം തഴഞ്ഞത്.

ബൈഡന്റെ തകർച്ച മത്സരത്തിന്റെ ഗതി തന്നെ മാറ്റി. സാൻഡേഴ്സും ബൈഡനും തമ്മിൽ ആകുമായിരുന്ന മത്സരത്തിൽ പെട്ടെന്ന് കളിക്കളം നിറഞ്ഞു. ബൈഡന് താൻ ആഗ്രഹിച്ചത് ചെയ്യുവാൻ കഴിഞ്ഞിരുന്നെങ്കിൽ മുൻ ന്യൂയോർക്ക് മേയർ മൈക്ക് ബ്ലൂം ബെർഗിനോ അദ്ദേഹത്തിന്റെ ധൂർത്ത് ചെലവിനോ ഇത്രയധികം ശ്രദ്ധ നേടുവാൻ കഴിയുമായിരുന്നില്ല.

സെന. എലിസബെത്ത് വാറന്റെ മത്സരത്തിലെ ഉയർച്ച താഴ്ചകളിലോ സെന. ഏമി കോബുച്ചറിന് എത്രദൂരം പോകാൻ കഴിയുമെന്നതിനെകുറിച്ചോ ഇത്രയും ചർച്ച ഉണ്ടാകുമായിരുന്നില്ല. മുൻ സൗത്ത് ബെൻഡ് മേയർ പീറ്റ് ബട്ടീജ് ഒരു വലിയ ചർച്ചയ്ക്ക് കാരണമാവുകയില്ല. മേയർ പ്രതീക്ഷകൾക്കപ്പുറം നേട്ടങ്ങൾ കൊയ്യുന്നുണ്ടെങ്കിൽ കൂടി ഒരു വലിയ ഭീഷണിയായി ഉയർന്നിട്ടില്ല.

ഇപ്പോൾ എല്ലാവരും സജീവമായി തന്നെ കളത്തിലുണ്ട്. സൗത്ത് കാരലിനയിൽ ബൈഡനും വാറനും ക്ലോബുച്ചറും ബട്ടീജൂം എങ്ങനെ ശോഭിക്കും എന്നത് നിർണായകമായിരിക്കും. സാന്റേഴ്സിന്റെ പ്രചരണ വിഭാഗം പ്രതീക്ഷിച്ചതിനെയും പ്രതീക്ഷിക്കാത്തതിനെയും നേരിടാൻ തയാറായിരുന്നു. ചെറിയ ചെറിയ തുകകളായി പ്രചരണ ഫണ്ടിലേക്ക് ഒഴുക്ക് തുടരുന്നതിനാൽ പണത്തിന് ക്ഷാമം അനുഭവപ്പെടുന്നില്ല. വിജയം ഉറപ്പിക്കുവാൻ സന്നദ്ധ സംഘാംഗങ്ങൾ വോട്ടർമാരെ കോക്കസ് കേന്ദ്രങ്ങളിലേയ്ക്ക് എത്തിച്ചുകൊണ്ടിരുന്നു. ഇങ്ങനെയാണ് നെവാഡ നേടിയതെന്ന് സാന്റേഴ്സ് സമ്മതിച്ചു. ചൊവ്വാഴ്ച സൗത്ത് കാരലിനയിലെ ചാൾസ്ടണിൽ നടക്കുന്ന ഡിബേറ്റിന് വലിയ പ്രാധാന്യമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com