ADVERTISEMENT

ന്യൂയോർക്ക്∙ അമേരിക്കയിൽ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനായിരത്തോട് അടുക്കുമ്പോൾ  ആരോഗ്യ പ്രവർത്തകർ കടുത്ത ആശങ്കയിലാണ്. ന്യൂയോർക്കിൽ മാത്രം എല്ലാ രണ്ടര മിനിറ്റിലും ഒരാൾ വീതം മരിക്കുന്നു. മരിച്ചവരിൽ മലയാളികളും ഉൾപ്പെടുന്നത് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന മലയാളികളുടെ ആശങ്ക വർധിപ്പിക്കുന്നു. നിരവധി ആരോഗ്യ പ്രവർത്തകർക്കു ജീവൻ നഷ്ടപ്പെട്ടു. അനേകം പേർ ചികിത്സായിലാണ്. അമേരിക്കയിൽ കുടിയേറിയ മലയാളികളിൽ നല്ലൊരു ശതമാനവും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ ആയതിനാൽ ഓരോ ദിവസം കഴിയുംതോറും അവരുടെ ആശങ്ക കൂടി വരുന്നു.

അമേരിക്കയിലെ ആശുപത്രികളിലും നഴ്സിങ് ഹോമുകളിലും ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്‌സുമാർ, റെസ്പിറേറ്ററി തെറാപ്പിസ്റ്റുകൾ തുടങ്ങി ശൂചികരണ തൊഴിലാളികൾ വരെ ഓരോ ദിവസവും ഭയത്തോടെയാണ് ജോലിക്കു പോകുന്നത്. ശരിയായ പരിരക്ഷണ ഉപകരണങ്ങൾ (PPE) ഇല്ലാതെ ജോലി ചെയ്യുന്നത് അവരുടെയും കുടുംബാംഗങ്ങളുടെയും ജീവൻ അപകടത്തിലാക്കുന്നു. ന്യൂജഴ്‌സിയിൽ ഐസിയുവിൽ ജോലി ചെയ്യുന്ന സുജ ചോദിക്കുന്നു "തോക്കുകളില്ലാതെ നമ്മൾ പട്ടാളക്കാരെ യുദ്ധ മുഖത്തേക്കയക്കുമോ? പൊലീസുകാരെ വെടിവയ്പ് നടക്കുന്നിടത്തു ബുള്ളറ്റ്പ്രൂഫ് വെസ്റ്റില്ലാതെ അയയ്ക്കുമോ? അഗ്നിശമനക്കാർ ഉപകരണകളില്ലാതെ തീയണയ്ക്കാൻ പോകുമോ? പിന്നെ എന്തുകൊണ്ട് ആവശ്യമായ സേഫ്റ്റിയില്ലാതെ ഞങ്ങളെ രോഗികളെ ശുശ്രുഷിക്കാൻ അയക്കുന്നു? ഞങ്ങളുടെയും കുടുംബത്തിന്റെയും ജീവനു വിലയില്ലേ?"

അമേരിക്കയിൽ ആകെയുള്ള കൊറോണ ബാധിതരുടെയും മരിച്ചവരുടെയും പകുതിയോളം ന്യൂയോർക്ക്, ന്യൂജഴ്‌സി സംസ്ഥാനങ്ങളിലാണ്. അവിടെ ആശുപത്രികൾ കോവിഡ് രോഗികളെകൊണ്ട് നിറഞ്ഞു കഴിഞ്ഞു. മോർച്ചറികളിൽ ശവം സൂക്ഷിക്കുവാൻ പോലും ഇടം ഇല്ലാതായി. ന്യൂയോർക്കിൽ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോക്ടർ വിനോദ് പയറുന്നു. "ഈ നില തുടർന്നാൽ ഇവിടെ വെന്റിലേറ്ററുകൾ തികയാതെ വരും. കൂടുതൽ ജീവിക്കുവാൻ സാധ്യതയുള്ള രോഗിക്ക് അവ  നൽകി മറ്റുള്ളവരെ മരിക്കാൻ വിടേണ്ടി വരും. ഇപ്പോൾത്തന്നെ പലരോടും DNR (do not resuscitate) ഒപ്പിടാനായി ആവശ്യപ്പെടുന്നു. ഇവിടെ വളരെ ശോചനീയമായ അവസ്ഥയിലാണ്”.

"ദൈവത്തിന്റെ മാലാഖമാരെന്നൊക്കെയാണ് ഇപ്പോൾ ഞങ്ങളുടെ വിളിപ്പേര്" മറ്റൊരു നഴ്‌സായ മോളി പറയുന്നു "കൊറോണ അണുക്കളുമായി വീട്ടിലെത്തി കുടുംബാംഗങ്ങൾക്ക് പങ്കു വച്ചാൽ പിന്നെ വിളിപേരെല്ലാം മാറും". മരിക്കാൻ പലർക്കും ഭയമില്ല. എന്നാൽ ഉറ്റവരോ ഉടയവരോ അടുത്തില്ലാതെ ഏകയായി മരണത്തോട് മല്ലടിക്കാൻ പലരും ഭയക്കുന്നു. മരണ ശേഷം ശരീരം എവിടെ സൂക്ഷിക്കുമെന്നോ എപ്പോൾ എങ്ങിനെ സംസ്കാര ക്രിയകൾ നാടക്കുമെന്നോ ആർക്കും ഒരു നിശ്ചയവുമില്ല. ആരോഗ്യ പ്രവർത്തകരുടെ ഇടയിലെ ആശങ്ക വർധിപ്പിക്കാൻ ഇതും ഒരു കാരണമാകുന്നു. അമേരിക്കയിലെ ആരോഗ്യ പ്രവർത്തകരെ ദെയ്‌വം കാക്കട്ടെ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com