ADVERTISEMENT

ഹൂസ്റ്റണ്‍∙ കോവിഡ് മരണനിരക്ക് കുതിച്ചു കയറുന്നതിനിടെ, സംസ്ഥാനങ്ങളെ നിലയ്ക്കു നിര്‍ത്താന്‍ ഫെഡറല്‍ സര്‍ക്കാര്‍ മൂക്കുകയറെടുത്തു. അമേരിക്കയില്‍, ഇതുവരെ 93842 പേര്‍ മരിച്ചു. 1,575,927 പേര്‍ക്ക് രോഗംപിടിപ്പെട്ടു. 361,564 പേര്‍ രോഗം സുഖമായി ആശുപത്രികള്‍ വിട്ടു. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി എന്നീ സംസ്ഥാനങ്ങളൊഴിച്ച് മിക്കയിടത്തും പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലേക്ക് മടങ്ങി വരുന്നുണ്ട്. 

ഇതിനെത്തുടര്‍ന്നു, നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി തുറക്കുന്ന സംസ്ഥാനങ്ങള്‍ക്കു കര്‍ശന നിര്‍ദ്ദേശവുമായി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സെന്റര്‍ രംഗത്തുവന്നു. കൊറോണ വൈറസ് പകര്‍ച്ചവ്യാധികള്‍ക്കിടയിലും സുരക്ഷിതമായി തുറക്കാമെന്ന പ്രതീക്ഷയില്‍ വിവിധ സംസ്ഥാനങ്ങള്‍ സ്‌കൂളുകള്‍, ബിസിനസുകള്‍, ട്രാന്‍സിറ്റ് സംവിധാനങ്ങള്‍, മറ്റ് വ്യവസായങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കിയിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് കൂടുതല്‍ വിശദമായ മാർഗനിര്‍ദ്ദേശങ്ങള്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തിറക്കിയത്. ഈ നിര്‍ദ്ദേശങ്ങളടങ്ങിയ 60 പേജുള്ള ഡോക്യുമെന്റ്, അപ്‌ലോഡു ചെയ്തതായി ഒരു സിഡിസി വക്താവ് പറഞ്ഞു. പകര്‍ച്ചവ്യാധിക്കുശേഷം എക്‌സ്‌പോഷര്‍, റിസ്‌ക് എന്നിവ അടിസ്ഥാനമാക്കി വൈറസ് കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വിവിധ മേഖലകള്‍ക്ക് നിര്‍ദ്ദിഷ്ട നിര്‍ദ്ദേശങ്ങളും ഇതു നല്‍കുന്നു. 

കർശന നിർദേശങ്ങൾ

ഒരു സ്‌കൂള്‍ കെട്ടിടത്തിലെ ഒരാള്‍ പോസിറ്റീവ് ആണെന്ന് തിരിച്ചറിയുകയാണെങ്കില്‍, അപകടസാധ്യത വിലയിരുത്തി ഏകദേശം 25 ദിവസത്തേക്ക് സ്‌കൂള്‍ അടച്ചിടണമെന്നാണ് സിഡിസി നിര്‍ദ്ദേശിക്കുന്നത്. കെട്ടിടം വൃത്തിയാക്കാനും അണുവിമുക്തമാക്കാനും പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കണമെന്നും കമ്മ്യൂണിറ്റി സ്‌പ്രെഡിന്റെ നിലയെ അടിസ്ഥാനമാക്കി വ്യത്യസ്ത നടപടികള്‍ സ്വീകരിക്കണമെന്നും പറയുന്നു. റെസ്‌റ്റോറന്റുകളും ബാറുകളും തുറക്കുമ്പോള്‍, ഉപഭോക്താക്കളുമായുള്ള ജീവനക്കാരുടെ ഇടപെടല്‍ പരിമിതപ്പെടുത്തണമെന്നും ശുപാര്‍ശ ചെയ്യുന്നു. സാമൂഹ്യ അകലം അനുവദിക്കുന്നതിനായി തുടക്കത്തില്‍ പരിമിതമായ ഇരിപ്പിടങ്ങളോടെ മാത്രമേ തുറക്കാവൂ. പൂര്‍ണ്ണമായും തുറന്നുകഴിഞ്ഞാല്‍, മാസ്‌ക്ക് ധരിക്കുന്നത് ഉള്‍പ്പെടെ ശുചിത്വ നിയമങ്ങള്‍ പാലിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. രോഗികളായ ജീവനക്കാര്‍ എപ്പോള്‍ വീട്ടില്‍ നില്‍ക്കണം എന്നതിനെക്കുറിച്ച് സി.ഡി.സിക്കു വ്യക്തമായ നയമുണ്ടെന്നും അതനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ഇപ്പോള്‍ പുറത്തിറക്കിയ ഡോക്യുമെന്റില്‍ പ്രതിപാദിക്കുന്നു.

ഗതാഗതം പുനരാരംഭിക്കുമ്പോള്‍, വിവിധ തലത്തിലുള്ള വൈറസ് വ്യാപനത്തെ അടിസ്ഥാനമാക്കി റൂട്ടുകള്‍ ക്രമീകരിക്കാനും മാസ്‌ക്ക് ധരിക്കുന്നതു പോലെയുള്ള പ്രതിരോധ തന്ത്രങ്ങളെക്കുറിച്ച് പ്രാദേശിക ആരോഗ്യ ഉേദ്യാഗസ്ഥരുമായി ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കാനും ഏജന്‍സി സംസ്ഥാനങ്ങളോടു ശുപാര്‍ശ ചെയ്യുന്നു. ഇതിനു പുറമേ, പാന്‍ഡെമിക് സമയത്ത് ശിശു സംരക്ഷണം നല്‍കുന്ന ബിസിനസുകള്‍ക്കായി, സിഡിസി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്നു. ഉദാഹരണത്തിന്, സ്റ്റാഫ് അംഗങ്ങള്‍ക്ക് അസുഖമുണ്ടെങ്കില്‍ പകരക്കാരായ തൊഴിലാളികളെ നിയോഗിക്കുക, കൂടാതെ സ്റ്റാഫും രണ്ടില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികളും നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഈ നിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള മാറ്റങ്ങള്‍ ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതോടെ, 50 സംസ്ഥാനങ്ങളും വീണ്ടും തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. കൊറോണ വൈറസ് രാജ്യത്തെ ലോക്ക്ഡൗണിലേക്ക് തള്ളിവിട്ട് രണ്ട് മാസത്തിലേറെയായെങ്കിലും സംസ്ഥാനങ്ങള്‍ എങ്ങനെയാണ് തുറക്കാന്‍ തീരുമാനിക്കുന്നതെന്നതില്‍ വലിയ പൊരുത്തക്കേടുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

കണക്റ്റിക്കട്ട് ബുധനാഴ്ച നിയന്ത്രണങ്ങള്‍ മറികടന്ന് വീണ്ടും തുറന്നിരുന്നു. ഇവിടെ സ്‌റ്റേഹോം ഓര്‍ഡര്‍ എടുത്തുകളഞ്ഞപ്പോള്‍ സ്‌റ്റോറുകള്‍, മ്യൂസിയങ്ങള്‍, ഓഫീസുകള്‍ എന്നിവ വീണ്ടും തുറക്കാന്‍ അനുവദിച്ചു. എന്നാല്‍, ന്യൂജഴ്‌സിയില്‍ വീണ്ടും തുറക്കുന്നത് കൂടുതല്‍ പരിമിതപ്പെടുത്തി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പശ്ചിമതീരത്തെ സംസ്ഥാനങ്ങളും മിഡ്‌വെസ്റ്റിലെ ഡെമോക്രാറ്റിക് നേതൃത്വത്തിലുള്ള സംസ്ഥാനങ്ങളും വീണ്ടും തുറക്കുന്നതിലേക്ക് വളരെ സാവധാനത്തിലാണ് നീങ്ങിയത്. സാമൂഹികഅകലം പാലിക്കല്‍ ആവശ്യകതകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, റസ്റ്ററന്റുകള്‍, സലൂണുകള്‍, ജിമ്മുകള്‍, മറ്റ് ബിസിനസുകള്‍ എന്നിവ ജോര്‍ജിയയില്‍ ആഴ്ചകളായി തുറന്നിരിക്കുന്നു. അലാസ്‌ക കുറച്ചുകൂടി മുന്നോട്ട് പോയി. ചൊവ്വാഴ്ച, ഗവര്‍ണര്‍ മൈക്ക് ഡന്‍ലേവി, ആഴ്ചാവസാനത്തോടെ ബിസിനസുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കുമെന്ന് പറഞ്ഞു, റസ്റ്ററന്റുകള്‍, ബാറുകള്‍, ജിമ്മുകള്‍ എന്നിവയും മറ്റുള്ളവയും പൂര്‍ണ്ണ ശേഷിയിലേക്ക് മടങ്ങാന്‍ അനുവദിച്ചു. ഇവിടെ കായിക വിനോദ പരിപാടികള്‍ അനുവദിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com