ADVERTISEMENT

വാഷിങ്ടൻ∙ യുഎസിൽ കഴിഞ്ഞയാഴ്ച പ്രതിദിനം 50,000 കോവിഡ്–19 കേസുകൾ ഉണ്ടായി. ദിനംപ്രതിയുള്ള ഈ നിരക്ക് വർധിച്ചു കൊണ്ടിരിക്കുകയാണ്. 1,30,000 പേർ ഇതിനകം രോഗം പിടിപ്പെട്ടു മരിച്ചു. ആകെ രോഗബാധിതരായവർ 28 ലക്ഷത്തിൽ അധികമാണ്. ഫ്ലോറിഡയും ടെക്സസും തങ്ങളുടെ ഇതുവരെയുള്ള കേസുകളിൽ ഏറ്റവും ഉയർന്ന സംഖ്യ റിപ്പോർട്ടു ചെയ്തു. ഫ്ലോറിഡയിൽ ശനിയാഴ്ച 11,443 ഉം ഞായറാഴ്ച 9,999 ഉം, ടെക്സസിൽ ശനിയാഴ്ച 8,258 ഉം ഞായറാഴ്ച 3,449 ഉം അരിസോണയിൽ 3,536 ഉം കാലിഫോർണിയയിൽ 5,410 ഉം പുതിയ കേസുകൾ ഞായറാഴ്ച മാത്രവും റിപ്പോർട്ട് ചെയ്തു.

സൗത്ത് ടെക്സസിലെ രണ്ട് ഹോസ്പിറ്റലുകൾ നിറഞ്ഞതായി റിപ്പോർട്ട് ചെയ്തു. ടെക്സസും കലിഫോർണിയയും അരിസോണയും സ്ഥാപനങ്ങൾ വീണ്ടും തുറക്കുന്നത് മാറ്റി വയ്ക്കുകയാണെന്ന് അറിയിച്ചു. ഫ്ലോറിഡയിൽ വീണ്ടും തുറക്കുന്നതിൽ നിന്നു പിന്നോട്ടില്ലെന്നു ഗവർണർ റോൺ സാന്റിസ് (റിപ്പബ്ലിക്കൻ) അറിയിച്ചു. ചെറുപ്പക്കാരാണ് രോഗം വ്യാപനം  ഉയർത്തുന്നതെന്നും പ്രായമായവരിൽ രോഗവ്യാപനം ഇല്ലെന്നും സാന്റിസ് പറഞ്ഞു. വീണ്ടും തുറക്കുമ്പോൾ രോഗ വ്യാപനം ഇല്ല എന്ന രീതിയിൽ സോഷ്യലൈസിങ് നടത്തുന്നതാണ് രോഗം വളരെ വേഗം പടരാൻ കാരണം. രോഗ പരിശോധന സാമഗ്രികളുടെ ദൗർലഭ്യവും മറ്റൊരു കാരണമാണ്. ആരിസോണ വളരെ വേഗം തുറന്നതാണ് രോഗ വ്യാപന കാരണമെന്ന് ഫീനിക്സ് മേയർ കേറ്റ് ഗാലഗോ (ഡെമോക്രാറ്റ്) പറഞ്ഞു. ടെസ്റ്റിംഗിന് വേണ്ടി ആളുകൾക്ക് പലപ്പോഴും 13 മണിക്കൂർ ക്യൂവിൽ കാത്തു നിൽക്കേണ്ടി വന്നു. വളരെ വൈകി സ്റ്റേ അറ്റ് ഹോം ഓർഡർ പുറപ്പെടുവിക്കുകയും വളരെ പെട്ടെന്ന് ഇതു പിൻവലിക്കുകയും ചെയ്ത സംസ്ഥാനമാണ് അരിസോണ. അരിസോണയിൽ രോഗ വ്യാപനം വർധിക്കുന്നതിനാൽ മെക്സിക്കോ അധികൃതർ ഇവിടെ നിന്ന് അതിർത്തി കടക്കുന്നത് നിരോധിച്ചു. 

വാരാന്ത്യത്തിൽ ബീച്ചുകളിലേക്കെത്തുന്നവരുടെ യാത്രയും തടഞ്ഞു.വെള്ളിയാഴ്ച 54,000 പുതിയ കേസുകളുമായി യുഎസ് പുതിയ റിക്കാർഡ് സൃഷ്ടിച്ചു. ശനിയാഴ്ചയും 50,000 ൽ അധികം കേസുകൾ ഉണ്ടായതായി ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി റിപ്പോർട്ട് ചെയ്തു. യുഎസിലെ 28 ലക്ഷം കേസുകൾ ലോകത്തിലെ മൊത്തം കേസുകളുടെ നാലിലൊന്നിനടുത്ത് വരും. ശനിയാഴ്ച വരെ ഫ്ലോറിഡയിലെ ആകെ രോഗബാധിതർ 1,90,000 ആയിരുന്നു. ടെക്സസിൽ ജൂൺ മദ്ധ്യത്തിന്ശേഷം ദിവസവും ആശുപത്രിയിലാകുന്നവരുടെ സംഖ്യ വർധിച്ചുവരികയാണ്. ശനിയാഴ്ച റിപ്പോർട്ട് ചെയ്ത 2,595 മരണം ഉൾപ്പടെ ടെക്സസിൽ ഇതുവരെ 7,890 മരണം ഉണ്ടായി.

ജൂലൈ 4 വാരാന്ത്യത്തിൽ  പിക്നിക്കും സ്വിമ്മിംഗും ബാക്ക് യാർഡ് പാർട്ടികളും തോളോട് തോൾ ചേർന്ന് നിന്ന് പരേഡും ഫയർ വർക്സും വീക്ഷിക്കുയും ചെയ്യുന്ന ഒരു ജനതയ്ക്കു മുന്നിൽ മുന്നറിയിപ്പുകൾക്ക് വലിയ വിലയുണ്ടായില്ല. ആഘോഷങ്ങൾക്കുശേഷം യഥാർത്ഥ ലോകത്തിൽ മടങ്ങിയെത്തുമ്പോൾ ആനന്ദത്തിന് വലിയ വില നൽകേണ്ടി വരുന്നു.

ചില സമൂഹങ്ങൾ ആഘോഷങ്ങൾ റദ്ദു ചെയ്യുകയും മുൻ കരുതലുകളെ കുറിച്ച് മറ്റും ബോധവാന്മാരാക്കുവാൻ ശ്രമിക്കുകയും ചെയ്തു. ഫ്ലോറിഡയിൽ സംസ്ഥാനം ഒട്ടാകെ ബാറുകൾ അടഞ്ഞു കിടന്നു. പ്രാദേശിക ആകർഷണ കേന്ദ്രങ്ങളായ മയാമി സൂ, ജംഗിൾ ഐലൻഡ് എന്നിവ അടച്ചുപൂട്ടി. സൗത്ത് ഫ്ലോറിഡയിൽ‍ മയാമി ഡേഡ് കൗണ്ടി, ഫ്ലോറിഡ കീസ് എന്നിവ ബീച്ചുകൾ വാരാന്ത്യം വരെ അടച്ചു.

ഫ്ലോറിഡയിലെ മറ്റ് ബീച്ചുകൾ തുറന്ന് പ്രവർത്തിച്ചു. ഗൾഫ് ഓഫ് മെക്സിക്കോയിലെ സെന്റ് പീറ്റ് ബീച്ചിൽ ശനിയാഴ്ച പാർക്കിംഗിന് സ്ഥലം കണ്ടെത്തുവാൻ വാഹനം ഉമടകൾക്ക് പ്രയാസമായിരുന്നു. നൂറു കണക്കിനാളുകൾ ബീച്ചിലെ മണൽപരപ്പിൽ വലിയ കുടകൾക്കും കബാനകൾക്കും കീഴിൽ ഒഴിവ് സമയം ആസ്വദിച്ചു.

കലിഫോർണിയയിലെ ടൂറിസം പ്രധാന കൗണ്ടികളിൽ സാമ്പത്തിക പ്രശ്നങ്ങൾ സംസ്ഥാന നിവാസികളെ സംസ്ഥാനത്തിനുള്ളിൽ തന്നെ ഒഴിവു ദിനം ആഘോഷിക്കുവാൻ നിർബന്ധിച്ചു. പൊതുജന ആരോഗ്യ വിദഗ്ധരും മേയർമാരും ജനങ്ങളോട് വീടിനുള്ളിൽ തന്നെ കഴിയുവാൻ അഭ്യർത്ഥിച്ചു. ഹോളിഡേ വീക്കെൻഡ് ആഹ്ലാദത്തിമിർപ്പിന് അന്ത്യം കുറിച്ചാണ് ആരംഭിച്ചത്. ഗവർണർ ഗേവിൻ ന്യൂസം മൂന്നാഴ്ച ബാറുകളും പല ഇൻഡോർ സ്ഥാപനങ്ങളും അടച്ചിടാൻ ഓർഡറിട്ടു. ഈ ഓർഡർ പ്രാബല്യത്തിൽ വന്ന കൗണ്ടികളിലാണ് സംസ്ഥാനത്തിലെ നാലിൽ മൂന്ന് ജനങ്ങളും പാർക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com