sections
MORE

വ്യത്യസ്ത ആത്മീയാനുഭൂതി പകർന്നു പ്രഥമ മാർത്തമറിയം വനിതാ സമാജം റിട്രീറ്റ്

mmvs-virtual-retreat
SHARE

ന്യൂയോർക്ക്∙ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ നോർത്ത്ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മർത്തമറിയം വനിതാ സമാജം ജൂൺ മാസം 20 നു സംഘടിപ്പിച്ച ആദ്യ വെർച്വൽ റിട്രീറ്റ് വേറിട്ട ആത്മീയ അനുഭവം പകർന്നു നൽകി. ഭദ്രാസനത്തിലെ മുഴുവൻ പള്ളികളിൽ നിന്നും ആയിരത്തിലധികം ആളുകൾ റജിസ്റ്റർ ചെയ്തു പങ്കെടുത്തു. ആദ്യമായി ആണു മലങ്കര ഓർത്തഡോക്സ് സഭയുടെ ഒരു വെർച്വൽ സമ്മേളനം ഇത്രയും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നത്. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ആണ് മുൻ നിശ്ചയിച്ചിരുന്ന റിട്രീറ്റ് സൂം മാധ്യമം വഴി നടത്തുവാൻ തീരുമാനിച്ചത്. 

mmvs-virtual-retreat-2

ഭദ്രാസനത്തിലെ 55 പള്ളികളേയും 7 ഭാഗങ്ങളാക്കി തിരിച്ചുകൊണ്ട് എല്ലായിടത്തുനിന്നും പ്രാർത്ഥനാ ഗാനങ്ങൾ  തയാറാക്കിയത് മിഴിവേറുകയും വ്യത്യസ്തത  സമ്മാനിക്കുകയും ചെയ്തു. 

"മലകളെ നീക്കുന്ന വിശ്വാസം" (വി.മത്തായി 12:20) എന്നതായിരുന്നു യോഗത്തിന്റെ പ്രധാന ചിന്താവിഷയം. ഗായക സംഘത്തിന്റെ പ്രാർഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ ഭദ്രാസന സമാജം ജനറൽ സെക്രട്ടറി സാറാ വർഗീസ്  എല്ലാവരുടേയും കഠിനാധ്വാനങ്ങളും, പ്രയത്നങ്ങളും പ്രാർത്ഥനകളും ഫലപ്രദമായതിൽ ഉള്ള സന്തോഷം പങ്കുവച്ചുകൊണ്ടു സ്വാഗതം ആശംസിച്ചു.  

ന്യൂയോർക്കിലെ  സിറാക്കൂസ്‌ സെന്റ്.തോമസ് മലങ്കര ഓർത്തഡോക്സ് പള്ളി  വികാരിയും നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ മാർത്ത മറിയം വനിതാ സമാജം വൈസ് പ്രസിഡന്റുമായ  ഫാ. എബി പൗലോസ് അധ്യക്ഷത വഹിച്ചു. ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയാസ് മോർ നിക്കോളോവോസ് സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പെൻസിൽവാനിയയിലെ  ബൻസേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് പള്ളി,  വികാരി റവ. ഫാ. വി.എം. ഷിബു മുഖ്യ പ്രഭാഷണം നൽകി.

mmvs-virtual-retreat-4

ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാസ് മോർ നിക്കോളോവോസ് തൻ്റെ അനുഗ്രഹ പ്രഭാഷണത്തിൽ കാലത്തിൻ്റെ വെല്ലുവിളികളെ തുറന്ന മനസ്സോടെ  സമീപിക്കണമെന്നും, പുതിയ ഉൾക്കാഴ്ചകൾ ലോകത്തിനും ആത്മീയ സമൂഹത്തിനും നൽകണമെന്നും അപ്രതീക്ഷിതമായ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ പ്രാർത്ഥനാ ജീവിതത്തിലൂടെ അതിനുള്ള ഉത്തരം കണ്ടെത്തുവാൻ പരിശ്രമിക്കണമെന്നും, മഹാമാരിയായ കോവിഡ് 19 എന്ന "മല" നമ്മുടെ വിശ്വാസ ജീവിതവും പ്രാർത്ഥനകളും മുഖാന്തിരം മാറ്റുവാൻ സാധിക്കണം എന്നും ഓർമ്മിപ്പിച്ചു.

മുഖ്യ പ്രഭാഷണം നടത്തിയ  റവ.ഫാ. ഷിബു മത്തായി പ്രധാന ചിന്താവിഷയമായ "മലകളെ നീക്കുന്ന വിശ്വാസം" "Faith moves mountains" ( വി.മത്തായി 12:20) എന്നതിനെ വിശദീകരിച്ച് സംസാരിച്ചു.  വി. മാമോദീസ കൂദാശയിലൂടെ ലഭ്യമായ വി. മൂറോൻ്റെ സൗരഭ്യവാസന നമ്മുടെ ജീവിതത്തിലുടനീളം പരത്തുവാൻ കഴിയണം.  വൈകാരികമായ കണ്ണുനീർ കണങ്ങൾ കൊണ്ടല്ല, ആത്മതപനത്തിലൂടെയുള്ള അനുതാപത്തിന്റെ കണ്ണുനീർ കണങ്ങൾ മുഖാന്തിരം നമ്മുടെ ജീവിതത്തെ നനയിക്കുവാനും, പരിശുദ്ധാത്മ ഫലങ്ങൾ സ്വീകരിക്കുവാനും സാധിക്കണം. ലൗകീക ജീവിതത്തെ അതിജീവിക്കുവാൻ സ്നേഹം, വിശ്വാസം, പ്രത്യാശ എന്നീ ത്രിവിധ ആത്മീയാനുഭവങ്ങൾ നാം പുറപ്പെടുവിക്കണം. മാത്രമല്ല അഹരോന്റെ ധൂപവും മോശയുടെ പ്രാർത്ഥനയും ഫിനഫാസിന്റെ വാളും മുഖാന്തിരം യിസ്രായേൽ ജനം രക്ഷപ്രാപിച്ച പോലെ ഈ മഹാമാരിയിൽ നിന്നും നമ്മുടെ പ്രാർത്ഥനകളും, ആരാധനാ ജീവിതവും കൊണ്ട് ഈ ലോകത്തിലെ ജീവിത സാഹചര്യങ്ങളിൽ നിന്നും, പ്രതിസന്ധികളിൽ നിന്നും മുക്തി നേടുവാൻ ഇടയാകട്ടെ എന്നും ഉദ്ബോധിപ്പിച്ചു.

mmvs-virtual-retreat-3

തുടർന്ന് എല്ലാ പ്രദേശത്തേയും ഇടവകകളിലെ ഗായകർ ചേർന്ന് ഭക്തി ഗാനങ്ങൾ പാടുകയും, കോവിഡ് രോഗ ബാധിതരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ എല്ലാ മേഖലകളിലേയും കോർഡിനേറ്റർമാരും , പ്രതിനിധികളും ചേർന്ന് പങ്കുവച്ചു. 

സമാജം ഭാരാവാഹികളായ സാറാ വർഗ്ഗീസ്, ലിസി ഫിലിപ്പ്, എൽസി മാത്യു, സാറാ മാത്യു,  ദിവ്യബോധനം ലീഡർഷിപ്പ് ടെയിനിംഗ് പ്രോഗ്രാം കോർഡിനേറ്റർ മേരി എണ്ണച്ചേരിൽ, ചാരിറ്റി കോർഡിനേറ്റർ ഡോ: അമ്മു പൗലോസ്, റിട്രീറ്റ് കോർഡിനേറ്റർ ശോഭ ജേക്കബ് എന്നിവരുടേയും , 

ഈ റിട്രീറ്റ് ഭംഗിയായും ചിട്ടയായും സമയബന്ധിതമായും ഉത്തരവാദിത്തത്തോടെ നടത്തുവാൻ പ്രയത്നിച്ച ബോസ്റ്റൻ സെൻ്റ് മേരീസ് ഇടവകയുടെ ടെക്നിക്കൽ ടീം അംഗങ്ങളായ പ്രീത കിംഗ്‌സ്‌വ്യൂ, ജീസ്മോൻ ജേക്കബ്, സിബി കിംഗ്സ്‌വ്യൂ , ദീപ കുന്നത്ത്, ബിന്ദു തോമസ്, സാറാ തോമസ്, സോണിയ സൈലേഷ്, ജെഷ ജോൺ, നിധി ജോൺ എന്നിവരുടെ പ്രാർത്ഥനാപൂർവ്വമായ നിസ്തുല സേവനത്തിനും, കൂട്ടായ പരിശ്രമത്തിനും, കൂടാതെ പങ്കെടുത്ത എല്ലാ വൈദികരോടും സമാജാഗംങ്ങളോടും ഭംഗിയായി റിട്രീറ്റ് നടത്തുവാൻ സഹായിച്ച എല്ലാവരോടും ഉള്ള നന്ദി ഭദ്രാസന സമാജം വൈസ്. പ്രസിഡന്റ് റവ.ഫാ. എബി പൗലോസ്  അറിയിച്ചു. പ്രാർഥനയോടും ഗ്രൂപ്പ് ഫോട്ടോ ആശീർവാദം എന്നിവയോടും കൂടി റിട്രീറ്റ് അനുഗ്രഹകരമായി പൂർത്തിയാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA