sections
MORE

കോവിഡ് പടരുന്നു, ആശുപത്രികൾ നിറയുന്നു; ആശങ്ക ഒഴിയാതെ ഫ്ലോറിഡയ്ക്ക് പിന്നാലെ ടെക്‌സസും

Covid-19 coronavirus usa
ഹൂസ്റ്റണിലെ യുണൈറ്റഡ് മെമ്മോറിയൽ മെഡിക്കൽ സെന്ററിലെ കോവിഡ് 19 യൂണിറ്റിലെ രോഗിയെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തക.
SHARE

ഹൂസ്റ്റണ്‍ ∙ മാസത്തിലെ ആദ്യ അഞ്ച് ദിവസങ്ങളില്‍, അമേരിക്കയിൽ ഏറ്റവും വലിയ മൂന്ന് ദൈനംദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പതിനാല് സംസ്ഥാനങ്ങളില്‍ ഒറ്റ ദിവസത്തെ ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി. രാജ്യത്തൊട്ടാകെ 250,000 പുതിയ കേസുകള്‍ പ്രഖ്യാപിക്കപ്പെട്ടു. രാജ്യത്ത് ഇതുവരെ, 2,986,269 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 132,616 പേര്‍ മരിച്ചു കഴിഞ്ഞു.

ഞായറാഴ്ച, ടെക്‌സാസും ഫ്ലോറിഡയും മൊത്തം 200,000 കേസുകള്‍ മറികടന്നു. മിസിസിപ്പിയിലും കേസുകളുടെ വർധനവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ടെക്‌സസിലെ സ്റ്റാര്‍ കൗണ്ടിയില്‍, മെക്‌സിക്കന്‍ അതിര്‍ത്തിയില്‍, നൂറുകണക്കിന് ആളുകള്‍ക്കാണ് കോവിഡ് തിരിച്ചറിയുകയും ആശുപത്രികള്‍ മുറിയില്ലാതെ പ്രതിസന്ധിയില്‍ പെട്ടിരിക്കുകയും ചെയ്യുന്നത്. 'പ്രാദേശിക ആശുപത്രികള്‍ക്ക് പൂര്‍ണ്ണ ശേഷിയുണ്ട്, എന്നാല്‍ കൂടുതല്‍ കിടക്കകളില്ല,' സ്റ്റാര്‍ കൗണ്ടിയിലെ ഉന്നത ഉദേ്യാഗസ്ഥന്‍ എലോയ് വെറ പറഞ്ഞു. 'ഞങ്ങളുടെ എല്ലാ താമസക്കാരോടും വീട്ടില്‍ തന്നെ കഴിയാനും പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മുഖം മൂടാനും സാമൂഹിക അകലം പാലിക്കാനും അഭ്യർഥിക്കുന്നു.' 

ജീവിതം സാധാരണഗതിയിൽ, കേസുകൾ ഉയരുന്നു

ആളുകള്‍ അവരുടെ ദിനചര്യകള്‍ പുനരാരംഭിച്ചതോടെ പുതിയ കേസുകള്‍ വലിയ തോതിലാണ് ഉയരുന്നത്. സാന്‍ അന്റോണിയോയിലെ ഒരു പള്ളിയുമായി ബന്ധപ്പെട്ട് 16 രോഗികളെയാണ് തിരിച്ചറിഞ്ഞത്. കാലിഫോര്‍ണിയയിലെ ഓക്‌സ്‌നാര്‍ഡിലെ ഫാം വര്‍ക്കര്‍മാര്‍ക്കുള്ള ഭവന നിര്‍മ്മാണ കേന്ദ്രത്തില്‍ 95 പേര്‍ക്കു കോവിഡ് പോസിറ്റീവായി. ഇവിടങ്ങളില്‍ സാമൂഹികവ്യാപനം നടന്നിട്ടുണ്ടെന്നു തന്നെയാണ് കരുതുന്നത്. ഇങ്ങനെ സ്ഥിരീകരിച്ചാല്‍ പ്രാദേശിക കര്‍ഫ്യൂവിനാണ് ഉദ്യോഗസ്ഥര്‍ ലക്ഷ്യം വയ്ക്കുന്നത്.

usa-covid-190607

ഫ്ലോറിഡയില്‍ ആരോഗ്യ വകുപ്പ് ശനിയാഴ്ച 11,400 ലധികം അണുബാധകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് രാജ്യത്തെ രോഗികളില്‍ 20 ശതമാനത്തോളം വരും. കോവിഡ് 19 രോഗികളെ കൊണ്ട് ഫ്ലോറിഡ ഹോസ്പിറ്റലുകളിലെ വാര്‍ഡുകള്‍ നിറയാന്‍ തുടങ്ങി, ചില ആശുപത്രികള്‍ ശസ്ത്രക്രിയകള്‍ നിര്‍ത്തി കൊറാണ രോഗികളെ മാത്രമാണ് ഇപ്പോള്‍ ചികിത്സിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ കഴിഞ്ഞതോടെ മിക്കയിടത്തും ബീച്ചുകള്‍ അടച്ചു. കൊറോണ വൈറസ് ഭൂരിപക്ഷമുള്ള ഭാഗങ്ങളില്‍, മാസ്‌കുകള്‍, ഹാന്‍ഡ് സാനിറ്റൈസര്‍മാര്‍, ഫ്‌ലയര്‍ എന്നിവ വീടുതോറും വിതരണം ചെയ്യുന്നുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പുറമേ സംസ്ഥാനത്ത് പലേടത്തും വോളന്റിയര്‍മാരും രംഗത്തിറങ്ങി. ഇവിടെ കൂടുതല്‍ ടെസ്റ്റിങ് സെന്ററുകളും ട്രെയിസിങ് യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഫ്ലോറിഡയിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് സംസ്ഥാനത്ത് ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു പുതിയ അടച്ചുപൂട്ടല്‍ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചുപറയുന്നു. എന്നാല്‍ ഇപ്പോള്‍ സാമൂഹികവ്യാപനം ശക്തമായിരിക്കെ ബദല്‍ മാര്‍ഗങ്ങളൊക്കെയും പരാജയപ്പെടുകയാണ്. പ്രാദേശികമായി സ്ഥിതിഗതികള്‍ നിയന്ത്രിക്കാനാണ് ശ്രമം. ബാറുകളില്‍ മദ്യപാനം നിരോധിച്ചു. മിയാമിഡേഡ് കൗണ്ടി വിനോദ വേദികള്‍ വീണ്ടും അടയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. ഫ്ലോറിഡ ആരോഗ്യവകുപ്പില്‍ 1,600 വിദ്യാർഥികളും എപ്പിഡെമിയോളജിസ്റ്റുകളും മറ്റ് സ്റ്റാഫുകളും കോണ്‍ടാക്റ്റ് ട്രേസിംഗ് നടത്തുന്നുണ്ട്. നാഷണല്‍ അസോസിയേഷന്‍ ഓഫ് കൗണ്ടി, സിറ്റി ഹെല്‍ത്ത് ഓഫീസര്‍മാര്‍ ശുപാര്‍ശ ചെയ്യുന്ന ഒരു ലക്ഷത്തില്‍ 30 പേര്‍ക്ക് 30 ട്രേസറുകള്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിനു വേണ്ടിയുള്ള തീവ്രശ്രമത്തിലാണ്. കമ്മ്യൂണിറ്റികളില്‍ രോഗം വ്യാപിച്ചതോടെ, എല്ലാ പോസിറ്റീവ് കേസുകളുടെയും സമ്പര്‍ക്കം കണ്ടെത്താന്‍ ശ്രമിക്കുന്നത് വിജയിക്കാനിടയില്ലെന്നു പൊതുജനാരോഗ്യ ഉദേ്യാഗസ്ഥര്‍ പറഞ്ഞു.

ജീവനക്കാരെ തിരിച്ചുവിളിച്ച് ഓഫീസുകൾ

രാജ്യത്ത് വൈറസ് കേസുകള്‍ വർധിക്കുമ്പോഴും ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാരെ തിരിച്ച് ഓഫീസുകളിലേക്കു വിളിക്കുകയാണ്. സ്വാതന്ത്ര്യദിനാഘോഷത്തിനു ശേഷം ഇതിന് ആക്കം കൂടിയതായാണ് റിപ്പോര്‍ട്ട്. അണുബാധകള്‍ കുറഞ്ഞ പ്രദേശങ്ങളില്‍ നിന്നും ഫെഡറല്‍ ഗവണ്‍മെന്റിന്റെ 2.1 ദശലക്ഷം ജീവനക്കാര്‍ അവരുടെ ഓഫീസുകളിലേക്ക് മടങ്ങാന്‍ താത്പര്യം കാണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. രാജ്യ തലസ്ഥാനത്തെ ഊര്‍ജ്ജ വകുപ്പിന്റെ ഓഫീസില്‍ 20 ശതമാനം ജീവനക്കാര്‍ക്ക് മടങ്ങിയെത്തിയപ്പോള്‍, ആഭ്യന്തര വകുപ്പിലും ജീവനക്കാരുടെ ക്ഷാമത്തിന് അറുതിയായിട്ടുണ്ട്. കഴിഞ്ഞ മാസം ആയിരത്തോളം തൊഴിലാളികള്‍ വൈറ്റ് ഹൗസിനടുത്തുള്ള പ്രധാന ഓഫീസിലേക്ക് മടങ്ങിയെത്തിയെന്ന് ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. 

COVID-19 coronavirus usa

പ്രതിരോധ വകുപ്പ് തങ്ങളുടെ തൊഴില്‍ സേനയുടെ 80 ശതമാനം വരെ ഓഫീസ് സ്ഥലങ്ങളിലേക്ക് മടങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇത് പെന്റഗണിനുള്ളില്‍ 18,000 വരെ ജീവനക്കാരെ സൃഷ്ടിക്കാനിടയുണ്ടെന്ന് ഒരു വക്താവ് പറഞ്ഞു. എന്നാല്‍, 'ഫെഡറല്‍ ജീവനക്കാര്‍ മുഴുവന്‍ പകര്‍ച്ചവ്യാധികള്‍ക്കിടയിലാണ് പ്രവര്‍ത്തിക്കുന്നത്, ഇത് പ്രതിഷേധാര്‍ഹമാണ്,' അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് എംപ്ലോയീസിന്റെ ദേശീയ പ്രസിഡന്റ് എവററ്റ് കെല്ലി പറഞ്ഞു. കൊളംബിയ ഡിസ്ട്രിക്റ്റിലെ ഫെഡറല്‍ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ യൂണിയനാണിത്. 'ജീവനക്കാരെ വീണ്ടും ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിലൂടെ സര്‍ക്കാര്‍ തെറ്റായൊരു സന്ദേശമാണ് നല്‍കുന്നത്. ഇത്തരത്തില്‍ വീണ്ടും തുറന്നതായി ഭരണകൂടത്തിന് പറയാന്‍ കഴിയുന്നത് നിരുത്തരവാദപരമാണ്.' കെല്ലി പറഞ്ഞു.

വാഷിംഗ്ടണിലെ കേസുകള്‍ കുറഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴും കൊളംബിയ, മേരിലാന്‍ഡ്, വിര്‍ജീനിയ എന്നിവിടങ്ങളിലെ കേസുകള്‍ ഇപ്പോഴും സ്ഥിരമായി തുടരുകയാണ്. ന്യൂയോര്‍ക്ക് സിറ്റിയില്‍ പൊതുഗതാഗതം പഴയനിലയിലേക്ക് മടങ്ങുന്നുണ്ട്. മൂന്നുമാസത്തെ ഷട്ട്ഡൗണിനുശേഷം നഗരം വീണ്ടും തുറക്കാന്‍ തുടങ്ങിയപ്പോള്‍ ബസുകളില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ജൂണില്‍ ശരാശരി സബ്‌വേയ്ക്കായി 752,000 റൈഡറുകളും ബസുകള്‍ക്ക് 830,000 യാത്രക്കാരുമാണുണ്ടായിരുന്നത്. യാത്രികരില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വർധനവ് ഉണ്ടായേക്കുമെന്നാണ് സൂചനകള്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA