ADVERTISEMENT

മാർച്ചിലും ഏപ്രിലിലും കോവിഡ്–19 പിടിപെടുന്നവർ കുറെയൊക്കെ പ്രായം ചെന്നവരായിരുന്നു. എന്നാലിപ്പോൾ രോഗ ബാധിതരാകുന്നവരുടെ പ്രായം 15 വയസ് കുറഞ്ഞിരിക്കുന്നതായി വൈറ്റ് ഹൗസ് ഹെൽത്ത് അഡ്‌വൈസർ ഡോക്ടർ ആന്തണി ഫൗച്ചി പറഞ്ഞു. യുഎസിന്റെ സൺ ബെൽറ്റ് മേഖലയിൽ രോഗം പടരുന്നതിനെകുറിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആന്റ് ഇൻഫെക്ഷ്യസ് ഡിസീസ് ഡയറക്ടർ ഫൗച്ചി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ ഓഫ് ഹെൽത്ത് ഡയറക്ടർ ഡോ. ഫ്രാൻസിസ് കൊളിൻസിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു.

ഇത് അതീവ ഗുരുതര പ്രശ്നമാണ്. നാം ഉടനെ നേരിടേണ്ടിയിരിക്കുന്നു. ഈ വൈറസ് എല്ലാ പ്രായത്തിലും ഉള്ളവരെ ഒരു പോലെ ബാധിക്കുകയില്ല. ജനറേഷൻ വൈ, മില്ലേനിയൽ ഗ്രൂപ്പുകളിൽ  മരണം കുറവാണ്. 80 കളിലും 90 കളിലും ഉള്ളവരിൽ കൂടുതലും. ചെറുപ്പക്കാരിൽ ചിലപ്പോൾ രോഗലക്ഷണങ്ങൾ കുറവായിരിക്കും. എന്നാൽ ഇതിനർത്ഥം മറ്റുള്ളവരിലേയ്ക്കു രോഗം പകർത്താൻ കഴിയുകയില്ല എന്നല്ല. രോഗലക്ഷണങ്ങൾ പുറമെ കാണാത്തതിനാൽ നിസാരമായി കാണുന്നത് അപകടകരമാണ്. ചെറുപ്പക്കാരിൽ രോഗം ഗുരുതര പ്രശ്നങ്ങൾ ഉയർത്തിയില്ലെങ്കിലും ആഴ്ചകളോളം സജീവമായിരിക്കുവാൻ അനുവദിക്കുകയില്ല. ഇവർക്ക് മറ്റുള്ളവരിലേയ്ക്കു രോഗം പടർത്തുവാൻ കഴിയും എന്ന് മറക്കരുത്. കെമോതെറാപ്പി കഴിഞ്ഞിരിക്കുന്ന പ്രായം ചെന്നവരുടെ അടുത്ത് ഇവർ ചെന്നാൽ അവർക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. നിങ്ങൾ ഒരു മഹാമാരിയുടെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നതിനാൽ അത് പടർത്താതിരിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. –ഫൗച്ചി പറഞ്ഞു.

ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ജൂലൈ 4 ന് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ റിക്കാർഡ് കേസുകളെ കുറിച്ച് സംസാരിച്ചു. തന്റെ സംസ്ഥാനത്തിൽ കോവിഡ്–19 രോഗികളുടെ ശരാശരി പ്രായം 33 ആയി താണിരിക്കുകയാണെന്ന് പറഞ്ഞു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇത്  50 ഉം 60 ഉം ആയിരുന്നു. സ്ഥാപനങ്ങൾ വീണ്ടും തുറന്നത് വളരെ നേരത്തേ ആയതാണ് കാരണം. ഇപ്പോൾ മിക്കവാറും ഇവയെല്ലാം തന്നെ വീണ്ടും അടച്ചിരിക്കുകയാണ്.

യുഎസ് –മെക്സിക്കോ അതിർത്തികൾ അടയ്ക്കുവാൻ ഓർഡറുകൾ ഉണ്ടായെങ്കിലും ഇവ പൂർണമായി നടപ്പിലാക്കിയിട്ടില്ല. സിയുഡാഡ് ഹുവാരസ് എന്ന മെക്സിക്കൻ അതിർത്തി പട്ടണത്തിൽ ടെക്സസ് ലൈസൻസ് പ്ലേറ്റുള്ള വാഹനങ്ങൾ നിരയായി അമേരിക്കൻ അതിർത്തി നഗരമായ അൽപാസോയിലേയ്ക്കു തിരിച്ചു വരാൻ കാത്തു നില്ക്കുന്നത് കാണാം. വൈറസിന് അതിർത്തികളില്ലെന്ന് ഒരു കാഴ്ചക്കാരൻ പറഞ്ഞു.

അതിർത്തിയിൽ പുതിയ മതിൽ കെട്ടി എന്ന് പ്രസിഡന്റ് ട്രംപ് പറയാറുണ്ടെങ്കിലും ധാരാളം ദൂരം പണിപൂർത്തിയാകാതെയും മതിൽ ഇടയ്ക്കിടെ ഭേദിച്ചും  കിടക്കുന്നു. ഓർഡർ പറയുന്നത് അത്യാവശ്യ സേവനങ്ങൾക്ക് ഒഴികെ നാല്, മാസത്തേയ്ക്കു അതിർത്തി അടച്ചിരിക്കുകയാണ് എന്നാണ്. എന്നാൽ നിർബാധം അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയും രോഗവ്യാപനവും തുടരുന്നു. രണ്ട് രാജ്യങ്ങളിലെയും ജനങ്ങളുടെ ജീവിതങ്ങൾ രോഗത്തെ വെല്ലു വിളിക്കുന്നു. 

അമേരിക്കക്കാർ അതിർത്തി കടന്ന് ദക്ഷിണ പ്രദേശമായ മെക്സിക്കോയിലെത്തി ഷോപ്പിംഗ് നടത്തുവാനും ബന്ധുമിത്രാദികളെ സന്ദർശിക്കുവാനും സ്വാഗതം ചെയ്യപ്പെടുന്നു. എന്നാൽ മെക്സിക്കൻസിന് അമേരിക്കയിൽ ഇതിന് ഇപ്പോൾ അവകാശമില്ല.

ആരംഭ കാലത്ത് മെക്സിക്കോയിൽ കൊറോണ രോഗികൾ യുഎസിനെക്കാൾ കുറവായിരുന്നു. ഇപ്പോൾ മെക്സിക്കൻ നഗരങ്ങളിൽ കോവിഡ്–19 വളരെ വേഗം പടരുകയാണ്. അമേരിക്കയോട് ചേർന്നുള്ള മെക്സിക്കൻ നഗരങ്ങളിൽ അതിർത്തിക്ക് ഇപ്പുറത്തുള്ള നഗരങ്ങളുടെ ഇരട്ടി ജനസംഖ്യയുണ്ട്. ഇപ്പോൾ ഇവയിൽ മൂന്നിരട്ടി കോവിഡ്–19 രോഗികളുണ്ടെന്ന് കണക്കുകൾ പറയുന്നു.

അൽപാസോ– ഹുവാരസ് നഗരങ്ങളിൽ വെള്ളിയാഴ്ച വരെ 660 മരണം ഉണ്ടായി. ഇവയുടെ ജനസംഖ്യ 23 ലക്ഷമാണ്. 26 ലക്ഷം ജനങ്ങളുള്ള ഡാലസ് കൗണ്ടിയിൽ 393 മരണങ്ങളേ ഉണ്ടായുള്ളൂ. ടെക്സസിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള (47 ലക്ഷം) ഹാരിസ് കൗണ്ടി റിപ്പോർട്ട് ചെയ്തത് 384 മരണമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com