sections
MORE

വാക്‌സിന്‍ ഈ വര്‍ഷം തന്നെയെന്നു ഡോ. ഫൗസി, ഫ്രഞ്ച് കമ്പനിയുമായി മറ്റൊരു വാക്‌സിന്‍ കരാര്‍ കൂടി

coronavirus COVID-19 usa Las Vegas
SHARE

ഹൂസ്റ്റണ്‍ ∙ ഈ വര്‍ഷം അവസാനമോ 2021 ന്റെ തുടക്കത്തിലോ അമേരിക്കയ്ക്ക് സുരക്ഷിതവും ഫലപ്രദവുമായ കൊറോണ വൈറസ് വാക്‌സിന്‍ ലഭിക്കുമെന്ന് രാജ്യത്തെ മികച്ച പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ. ആന്റണി എസ്. ഫൗസി കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഉറപ്പുനല്‍കി. അതേസമയം, റഷ്യയുടെയും ചൈനയുടെയും ശ്രമങ്ങളില്‍ സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രംപ് ഭരണകൂടത്തിന്റെ കൊറോണ വൈറസ് പ്രതികരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ സ്പീക്കര്‍ നാന്‍സി പെലോസി സൃഷ്ടിച്ച പ്രത്യേക പാനലായ കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ചുള്ള ഹൗസ് സെലക്ട് ഉപസമിതിയുടെ ഹിയറിംഗിലാണ് ഡോ. ഫൗസി ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ വൈറസ് വാക്‌സിന്‍ ക്ലിനിക്കല്‍ ട്രയലുകള്‍ക്കായി റജിസ്റ്റര്‍ ചെയ്യാന്‍ 2,50,000 ത്തിലധികം ആളുകള്‍ താല്‍പര്യം പ്രകടിപ്പിച്ചതായും കൊറോണ വൈറസ് പ്രിവന്‍ഷന്‍നെറ്റ് വര്‍ക്കില്‍ സൈന്‍ അപ്പ് ചെയ്യാന്‍ പൊതുജനങ്ങളോട് ഡോ. ഫൗസി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

മറ്റ് വാക്‌സിന്‍ നിര്‍മ്മാതാക്കളെ കൂടാതെ ഫ്രഞ്ച് മരുന്ന് നിര്‍മാതാക്കളായ സനോഫി 2.1 ബില്യണ്‍ ഡോളറിന്റെ കരാര്‍ ഒപ്പിട്ടതായി പ്രഖ്യാപനം നടത്തി. അമേരിക്കന്‍ സര്‍ക്കാരിന് 100 ദശലക്ഷം ഡോസ് പരീക്ഷണാത്മക കൊറോണ വൈറസ് വാക്‌സിന്‍ വിതരണം ചെയ്യാനുള്ള തുകയാണിത്. കൊറോണ വൈറസ് വാക്‌സിന്‍ പ്രോജക്റ്റുകളില്‍ ട്രംപ് ഭരണകൂടത്തിന്റെ നിക്ഷേപം ഇതോടെ 8 ബില്യണ്‍ ഡോളറായി. വാക്‌സിനായുള്ള പരീക്ഷണം എത്രയും പെട്ടെന്നു പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം, കമ്പനിയുടെ വാക്‌സിന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സനോഫി പാസ്ചറിന്റെ ആഗോള തലവനുമായ തോമസ് ട്രയോംഫെ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

പ്രഖ്യാപിച്ച കരാര്‍ പ്രകാരം, സനോഫിക്കും അതിന്റെ പങ്കാളിയായ ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈനിനും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും വാക്‌സിന്‍ നിര്‍മ്മിക്കുന്നതിനും ഫെഡറല്‍ ഫണ്ട് ലഭിക്കും. 500 ദശലക്ഷം ഡോസുകള്‍ അധികമായി വിതരണം ചെയ്യുന്നതിനുള്ള ഓപ്ഷനും ഈ ഇടപാടില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് സനോഫി പറഞ്ഞു. സുരക്ഷയ്ക്കായി സെപ്റ്റംബറില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു, തുടര്‍ന്ന് ഈ വര്‍ഷം അവസാനിക്കുന്നതിനുമുമ്പ് അവസാന ഘട്ട ഫലപ്രാപ്തിയിലാവും പരീക്ഷണങ്ങള്‍. അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ റെഗുലേറ്ററി അംഗീകാരത്തിനായി അപേക്ഷിക്കുമെന്ന് സനോഫി പറഞ്ഞു.

വാക്‌സിന്‍ വിജയകരമാണെങ്കില്‍, ഇത് നല്‍കുന്നതിന് ദാതാക്കള്‍ ഈടാക്കുന്ന തുക ഒഴികെ യാതൊരു വിലയും കൂടാതെ അമേരിക്കക്കാര്‍ക്ക് ലഭ്യമാക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഓരോ കമ്പനിക്കും ഫെഡറല്‍ പണം എത്രത്തോളം പോകുമെന്ന് സനോഫിയും ജിഎസ്‌കെയും പറഞ്ഞിട്ടില്ല. എന്നാല്‍ തുകയില്‍ സനോഫിയ്ക്കാവും ഏറ്റവും കൂടുതല്‍ ലഭിക്കുക. ഓപ്പറേഷന്‍ വാര്‍പ്പ് സ്പീഡ് എന്നറിയപ്പെടുന്ന ഈ വിപുലമായ മള്‍ട്ടിജന്‍സി ശ്രമം ഒന്നിലധികം വാക്‌സിനുകളില്‍ നിര്‍മ്മിക്കുന്നതിനാണ് ശ്രമിക്കുന്നത്. ഒരു വാക്‌സിന്‍ ഇതിനകം തന്നെ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തിലാണെന്നും ഡോ. ഫൗസി പറഞ്ഞു.

ആരോഗ്യ അസിസ്റ്റന്റ് സെക്രട്ടറി അഡ്മിറല്‍ ബ്രെറ്റ് പി. ഗിരോയിര്‍, സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഡോ. റോബര്‍ട്ട് ആര്‍. റെഡ്ഫീല്‍ഡ് എന്നിവരും ഡോ. ഫൗസിക്കൊപ്പമുണ്ടായിരുന്നു. ഒഹായോ റിപ്പബ്ലിക്കന്‍ പ്രതിനിധി ജിം ജോര്‍ദാന്‍, ഡോ. ഫൗസിക്ക് പൂര്‍ണ പിന്തുണ നല്‍കി. പാനലിലെ പ്രമുഖ ഡെമോക്രാറ്റുകളില്‍ പലരും ക്ലൈബര്‍ണും കാലിഫോര്‍ണിയയിലെ പ്രതിനിധി മാക്‌സിന്‍ വാട്ടേഴ്‌സും ഉള്‍പ്പെടെ ഫൗസിയുടെ അഭിപ്രായങ്ങള്‍ക്കു പിന്തുണ നല്‍കി. പൊതുജനങ്ങള്‍ക്ക് വൈറസുമായി ബന്ധപ്പെട്ടു ഉണ്ടാകാനിടയുള്ള സംശയങ്ങള്‍ക്ക് കൃത്യമായ മറുപടിയും അദ്ദേഹം നല്‍കി. 4,657,129 പേര്‍ക്ക് ഇതുവരെ രാജ്യത്തെ കോവിഡ് പിടിപെട്ടു കഴിഞ്ഞു. മരണനിരക്ക് 155,757 കവിഞ്ഞു.

അഞ്ചു വര്‍ഷത്തെ വളര്‍ച്ചയെ തുടച്ചുനീക്കുന്നതാണ് ഇപ്പോഴത്തെ മൂന്ന് മാസത്തെ സാമ്പത്തിക തകര്‍ച്ചയെന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. 2020 ലെ തിരഞ്ഞെടുപ്പ് തീയതി മാറ്റുക എന്ന ആശയം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ചെങ്കിലും ഇത് നടപ്പിലാക്കാന്‍ അദ്ദേഹത്തിന് അധികാരമില്ലെന്നും ഇത് റിപ്പബ്ലിക്കന്‍മാരില്‍ നിന്നു തന്നെ വിമര്‍ശനത്തിനിടയാക്കുകയും ചെയ്തു. അതേസമിയം, ഇന്ന് കാലഹരണപ്പെടുന്ന തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ വീണ്ടും നല്‍കുന്നതില്‍ യുഎസ് നിയമനിര്‍മ്മാതാക്കള്‍ പരാജയപ്പെട്ടു. വ്യാഴാഴ്ച, സെനറ്റ് സാമ്പത്തിക സ്ഥിരത പാക്കേജുമായി മുന്നോട്ടു പോയെങ്കിലും ഇരുപക്ഷവും ഡ്യുവലിംഗ് നിര്‍ദ്ദേശങ്ങളുമായി തമ്മില്‍ ഏറ്റുമുട്ടി. ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ മാസങ്ങളായി ആഴ്ചയില്‍ 600 ഡോളര്‍ എന്ന തൊഴിലില്ലായ്മ സഹായത്തെ ആശ്രയിച്ചിരിക്കുകയായിരുന്നു. ഇതാണ് ഇന്നു മുതല്‍ ഇല്ലാതാകുന്നത്.

അതിനിടയ്ക്ക്, ന്യൂജേഴ്‌സിയിലെ കേസുകള്‍ വീണ്ടും ഉയരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഒരാഴ്ച മുമ്പ്, സംസ്ഥാനത്തിന്റെ ഏറ്റവും കുറഞ്ഞ ഏഴ് ദിവസത്തെ ശരാശരി കേസുകള്‍ 224 ആയിരുന്നത്, ഇപ്പോഴത് പ്രതിദിനം ശരാശരി 416 കേസുകളായി മാറി. ഫ്‌ലോറിഡയിലും സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. ഒരു ദിവസം ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമായി വെള്ളിയാഴ്ച മാറി. ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനം 257 അധിക മരണങ്ങള്‍ പ്രഖ്യാപിച്ചു.

English Summary: Anthony Fauci optimistic about Covid-19 vaccine

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA