ADVERTISEMENT

ഷിക്കാഗോ∙അമേരിക്കയിലെ ആരോഗ്യ രംഗത്ത് ജോലിചെയ്യുന്ന ഇന്ത്യൻ വംശജരായ നഴ്‌സുമാരുടെ സാന്നിധ്യത്തെപ്പറ്റി കൂടുതൽ അറിയാനും പഠിക്കാനുമായി, അമേരിക്കയിലെ ഇന്ത്യൻ നഴ്‌സുമാരുടെ ദേശീയ സംഘടനയായ നാഷണൽ നഴ്‌സസ് ഓഫ് അമേരിക്ക - നൈനയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന നാഷണൽ സർവ്വേയ്ക്ക് പിന്തുണയുമായി യുഎസ് കോൺഗ്രസ്സിലെ ഇന്ത്യൻ വംശജനായ പ്രതിനിധി രാജാ കൃഷ്ണമൂർത്തി. ഇതുസംബന്ധിച്ച് അദ്ദേഹം പുറത്തിറക്കിയ വിഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. 

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സ്തുർത്യർഹമായ സേവനം കാഴ്ചവച്ചു കൊണ്ടിരിക്കുന്ന ഇന്ത്യൻ നഴ്‌സുമാർക്ക് അദ്ദേഹം തന്റെ സന്ദേശത്തിലൂടെ നന്ദി അർപ്പിക്കുകയും ഇന്ത്യൻ നഴ്‌സിങ് സമൂഹത്തിന്റെ വിവരങ്ങൾ ശേഖരിക്കുന്ന ഈ ഉദ്യമത്തിൽ പങ്കാളികളാകുവാൻ എല്ലാ നഴ്സുമാരോടും അഭ്യർഥിക്കുകയും ചെയ്തു.  

Raja-Krishnamoorthi

ചുരുങ്ങിയ കാലം കൊണ്ട് തന്നെ 3000ലധികം പേര് സർവേയിൽ പങ്കെടുത്തു എങ്കിലും കൂടുതൽ നഴ്‌സുമാർ അമേരിക്കയിലെ വിവിധ പ്രദേശങ്ങളിലായി, വൈവിധ്യമാർന്ന മേഖലകളിൽ സേവനം ചെയ്യുന്നുണ്ട് എന്നുള്ള യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ട്, കൂടുതൽ ആളുകളെ ഈ സർവ്വേയിൽ പങ്കെടുപ്പിക്കുവാനായുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് എന്നു നൈനയുടെ പ്രസിഡന്റ് ആഗ്നസ് തേരാടി അറിയിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നും സർവ്വേയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന പിന്തുണയ്ക്ക്  ആഗ്‌നസ് തേരാടി നന്ദി അറിയിച്ചു.  

നോർത്ത് അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ കുടിയേറ്റത്തിനും അതിജീവനത്തിനും ശക്തമായ പിന്തുണ നൽകിയ നഴ്‌സിങ് മേഖലയിൽ ആയിരക്കണക്കിന് ഇന്ത്യൻ വംശജർ ജോലി ചെയ്യുന്നുണ്ട് എങ്കിലും, ഏഷ്യൻ നഴ്‌സസ് എന്ന വിഭാഗത്തിലേക്ക് ഔദ്യോഗികമായി ഒതുങ്ങേണ്ടി വരുന്നവരാണ് ഇന്ത്യൻ നഴ്‌സുമാർ. അതുകൊണ്ടു തന്നെ അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്‌സുമാരെ സംബന്ധിച്ചുള്ള പൂർണ്ണമായ വിവരം സമാഹരിച്ച്, ദേശീയ തലത്തിൽ അർഹമായ സ്ഥാനം ലഭ്യമാക്കുവാൻ വേണ്ടിയുള്ള പരിശ്രമമാണ് ഈ നഴ്സിങ്ങ് സർവ്വേയിലൂടെ ലക്ഷ്യമിടുന്നത്. 

അമേരിക്കൻ ഭരണ സിരാകേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജരായ പ്രമുഖ വ്യക്തികളുടെ പിന്തുണയോടെ നടത്തുന്ന ഈ സർവ്വേ, അമേരിക്കൻ ഇന്ത്യൻ നഴ്‌സുമാരുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറും എന്നുള്ള ഉത്തമ വിശ്വാസത്തോടെയാണ് ഈ സർവ്വേയുമായി നൈന  മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് എന്ന് പ്രസിഡണ്ട് ആഗ്നസ് തേരാടി  അറിയിച്ചു. 

നൈനയുടെ ഔദ്യോഗിക വെബ്‌സെറ്റിലൂടെയും (www.nainausa.com) http://nainausa.com/index.php/national-survey-of-asian-indian-nurses/  എന്ന ഡയറക്റ്റ് ലിങ്കിലൂടെയും സർവ്വേ പൂർത്തീകരിക്കാവുന്നതാണ്. കൂടാതെ  1 -888 -61 NAINA (1 -888 - 616 - 2462) എന്ന toll free നമ്പറിൽ വിളിച്ചും  വിവരങ്ങൾ നൽകാവുന്നതാണ്.  ഇതു സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ മേൽപറഞ്ഞ ടോൾ ഫ്രീ നമ്പരിലൂടെയും nainagb2015@gmail.com എന്ന ഇ മെയിലിലൂടെയും ലഭ്യമാക്കുന്നതായിരിക്കും . നൈനയുടേ സർവ്വേയുടെ നടത്തിപ്പിനായി രുപീകരിച്ച കമ്മിറ്റിക്ക് വേണ്ടി  Simi Jesto Joseph, DNP, APN, NP-C   ( Public Relations NAINA National Survey Task Force), Suja Thomas, MSN. Ed., RN, CWOCN ( NAINA Communications Chair ) എന്നിവർ അറിയിച്ചതാണിത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com