ADVERTISEMENT

യുഎസിന്റെ വിവിധ സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും കോവിഡ്–19 വ്യാപനവും മരണവും പുതിയ റിക്കാർഡുകൾ സ്ഥാപിക്കുകയാണ്. രോഗവ്യാപനം തീവ്രമായത് ജനസംഖ്യ കൂടിയ സംസ്ഥാനങ്ങളിലാണ്.ഏറ്റവുമധികം രോഗവ്യാപനം  ഉണ്ടായ കാലിഫോർണിയയിലും ഫ്ലോറിഡയിലും ദിവസേന പുതിയ റെക്കാർഡുകൾ ആണ്. ഒരു ഉന്നത തലത്തിലെത്തി രോഗവ്യാപനവും മരണവും അതേ നിലയിൽ തുടരും എന്ന ആരോഗ്യവിദഗ്ദ്ധരുടെ പ്രവചനം ഇത് വരെ യാഥാർത്ഥ്യമായിട്ടില്ല. ഈയാഴ്ച മരണ സംഖ്യ 13% ഉയർത്തിയ ടെക്സസ് സംസ്ഥാനം ബുധനാഴ്ച മരണത്തിൽ പുതിയ റെക്കോർഡ് റിപ്പോർട്ട് ചെയ്തു.

ജൂണിൽ ആരംഭിച്ച രോഗവ്യാപനത്തിന്റെ പുതിയ തിരകൾ ദക്ഷിണ, പശ്ചിമ ഭാഗങ്ങളിൽ ഒതുങ്ങുമെന്നാണ് കരുതിയിരുന്നത്. എന്നാൽ യുഎസിന്റെ പകുതി സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകളിൽ രോഗികളുടെയും മരണത്തിന്റെയും സംഖ്യകൾ കുറയുകയോ പഴയപടി തന്നെ തുടരുകയോ ചെയ്യുന്നില്ലെന്ന് ജോൺസ് ഹോപ്കിൻസ് സ്റ്റാറ്റിക്സ് പറയുന്നു.‌‌

ഓഗസ്റ്റ് 15ന് അവസാനിക്കുന്ന ആഴ്ചയിൽ ഫ്ലോറിഡയിലും ടെക്സസിലും കാലിഫോർണിയയിലും സംഭവിക്കുന്ന മരണങ്ങൾ ഉൾപ്പടെ കോവിഡ്–19 മൂലം മരിക്കുന്നവർ 7,506 ആയിരിക്കുമെന്ന് യൂണിവേഴ്സിറ്റി ഓഫ്  മാസച്യൂസറ്റ്സിന്റെ ആംഹെഴ്സറ്റ്സ് ലാബ് പ്രോജക്ട് ചെയ്തു. ഈ മരണങ്ങൾ കൂടി കണക്കിലെടുമ്പോൾ യുഎസിൽ ഓഗസ്റ്റ് മദ്ധ്യത്തോടെ കോവിഡ് –19 മൂലം മരിച്ചവർ 1,66,748 ആയിരിക്കുമെന്നും ലാബ് പ്രവചിച്ചു. കുറെക്കൂടി ആശങ്കാജനകമാണ് വാഷിംഗ്ടൺ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആന്റ് ഇവാല്യുവേഷൻ മോഡൽ നൽകുന്ന പ്രൊജക്ഷൻ. സെപ്റ്റംബർ 29 ആകുമ്പോൾ‍ യുഎസിലെ ആകെ കോവിഡ് മരണം 2,00,000 കവിയുമെന്ന് ഇവാല്യുവേഷൻ മോഡൽ പറയുന്നു.

ചില സംസ്ഥാനങ്ങൾ ഒരു ഉന്നത തടത്തിൽ എത്തി എന്ന് കരുതാം. മറ്റ് സംസ്ഥാനങ്ങൾ ഇവിടേയ്ക്കുള്ള കയറ്റം തുടരുകയാണ്. ഇല്ലിനോയി 1,393 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. തലേന്ന് 1,076 പുതിയ കേസുകളേ ഉണ്ടായിരുന്നുള്ളൂ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.8 ആണ്. എന്നാൽ മിസ്സൗറിയിലെ മെട്രോ ഈസ്റ്റ് ഏരിയ (സെന്റ് ലൂയിസ്) നിരക്ക് 7.8% ആണ്. സംസ്ഥാനം യൂത്ത്, അഡൽറ്റ് റിക്രിയേഷനൽ ആക്ടിവിറ്റികളിലും പൊതു പരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

ഡാലസ് കൗണ്ടിയിൽ ബുധനാഴ്ച ഉണ്ടായ റിക്കാർഡ് 36 മരണങ്ങൾ വിഷണ്ണമായ ഒരു ഓർമ്മപ്പെടുത്തലാണെന്ന് കൗണ്ടി ജഡ്ജ്  ക്ലേ ജെൻകിൻസ് പറഞ്ഞു. ജൂലൈ 22ന് രേഖപ്പെടുത്തിയ 30 മരണങ്ങളാണ് ഇതിന് മുൻപുണ്ടായിരുന്ന  ഏറ്റവും ഉയർന്ന ഒരു ദിവസത്തെ മരണം. കൊറോണ വൈറസ് ടെസ്റ്റുകൾ മന്ദഗതിയിലാണ് കൗണ്ടിയിൽ പുരോഗമിക്കുന്നത്. 704 പുതിയ കേസുകൾ ഉണ്ടായി. കുറെക്കൂടി വേഗത്തിൽ ടെസ്റ്റുകൾ നടത്തിയിരുന്ന ജൂലൈ ആരംഭ ആഴ്ചകളിൽ 18 ദിവസം തുടർച്ചയായി കുറഞ്ഞത് 1,000 പുതിയ കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്തിരുന്നു.

ടെക്സസ് സംസ്ഥാനത്ത് ബുധനാഴ്ച 313 മരണവും 9042 പുതിയ കേസുകളും ഉണ്ടായതായി ഡിപ്പാർട്ടുമെന്റ് ഓഫ് സ്റ്റേറ്റ് ഹെൽത്ത് സർവീസസ് പറഞ്ഞു. സംസ്ഥാനത്ത് 59,000 ഹോസ്പിറ്റൽ കിടക്കകളുണ്ട്. ഇവയിൽ 12,200 ബെഡ്ഡുകൾ പുതിയ രോഗികൾക്ക് ലഭ്യമാണ്. ഡാലസ് –ഫോർട്ട്‌വർത്ത് നഗരസമൂഹത്തിൽ 13,115 ഹോസ്പിറ്റൽ ബെഡ്ഡുകൾ ഉള്ളതിൽ 2071 കിടക്കകൾ ലഭ്യമാണ്.

ഡാലസ് നഗരസഭ ജീവനക്കാരുടെ ഫർലോ സെപ്തംബർ 30 വരെ നീട്ടിയിരിക്കുകയാണ്. വേതനമില്ലാതെയുള്ള അവധിയിലാണ് മിക്ക ജീവനക്കാരും. കോവിഡ്–19 ന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മെയ്‍യിലാണ് ഫർലോ ആരംഭിച്ചത്. സിറ്റി ഓഫ് ഡാലസിന്റെ ബജറ്റിലെ 25 മില്യൺ ഡോളർ കമ്മിയും ഇതിന് കാരണമായി. 13,000 പേരാണ് ഡാലസ് നഗരത്തിന് വേണ്ടി ജോലി ചെയ്യുന്നത്. ഇതിൽ എത്ര ജീവനക്കാരെയാണ് ഫർലോ ബാധിക്കുന്നത് എന്ന കൃത്യമായ വിവരം ലഭ്യമായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com