ADVERTISEMENT
മോനിപ്പള്ളി ∙ മെറിന്റെ മൃതദേഹം നാളെ മരണാനന്തര ചടങ്ങുകൾക്കായി അമേരിക്കയിലുള്ള ബന്ധുക്കൾ ഏറ്റുവാങ്ങും.ഫ്ലോറിഡ ഡേവിയിലെ ജോസഫ് എ. സ്കെറാനോ ഫ്യൂണറൽ ഹോമിലാണു ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കുന്നത്.നാളെ അമേരിക്കൻ സമയം ഉച്ചയ്ക്കു 2 മുതൽ 6 വരെയാണ് (ഇന്ത്യൻ സമയം രാത്രി 11.30 മുതൽ തിങ്കളാഴ്ച പുലർച്ചെ 3.30 വരെ) ഇതിനുള്ള സമയമെന്ന് യുഎസിലുള്ള ബന്ധുക്കൾ അറിയിച്ചു.

യുഎസിലെ മയാമി കോറൽ സ്പ്രിങ്സ് ബ്രൊവാ‍‍‍ഡ് ഹെൽത്ത് ഹോസ്പിറ്റലിലെ നഴ്സായിരുന്ന മെറിൻ ജോയി (27) ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഫിലിപ് മാത്യു (നെവിൻ –34) അറസ്റ്റിലാണ്.തിങ്കളാഴ്ച തന്നെ മൃതദേഹം ന്യൂയോർക്കിൽ എത്തിക്കും. ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിക്കും. ന്യൂയോർക്കിൽ എത്തിച്ചാൽ രണ്ടു ദിവസത്തെ താമസമുണ്ടാകുമെന്ന് ട്രാവൽ എജൻസി അറിയിച്ചതായി മെറിന്റെ ബന്ധുക്കൾ പറഞ്ഞു. അടുത്ത ആഴ്ച അവസാനത്തോടെ മൃതദേഹം എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്രമന്ത്രി വി. മുരളീധരൻ ഇന്നലെ മെറിന്റെ പിതാവ് ജോയിയുമായി വിഡിയോ കോളിൽ സംസാരിച്ചു.

മൃതദേഹം മയാമിയിൽ നിന്ന് ന്യൂയോർക്കിൽ എത്തിച്ച ശേഷം ആദ്യ വിമാനത്തിൽത്തന്നെ ഇന്ത്യയിലേക്കെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നു മുരളീധരൻ വീട്ടുകാർക്ക് ഉറപ്പു നൽകി. മോനിപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ സംസ്കാരച്ചടങ്ങുകൾ നടത്താനാണ് വീട്ടുകാരുടെ തീരുമാനം. മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയി–മേഴ്സി ദമ്പതികളുടെ മകളാണു മെറിൻ ജോയി. സൗത്ത് ഫ്ലോറിഡയിലെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഇന്ന് മെറിന്റെ നിര്യാണത്തിൽ അനുശോചിക്കാൻ ഓൺലൈൻ വഴി പ്രാർഥനാ യോഗം ചേരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com