ADVERTISEMENT

ഹൂസ്റ്റണ്‍: ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി (ജെഎച്ച്യു) ശേഖരിച്ച കണക്കുകള്‍ പ്രകാരം 47,30,769 പേര്‍ക്ക് ഇതുവരെ അമേരിക്കയില്‍ കോവിഡ് ബാധിച്ചു കഴിഞ്ഞു. മരിച്ചവരുടെ സംഖ്യ 1,57,194 പിന്നിട്ടു. ജൂലൈ മാസത്തില്‍, യുഎസിന്റെ കോവിഡ് മരണനിരക്ക് 10 തവണയാണ് ആയിരത്തിലധികം പ്രതിദിനം കവിഞ്ഞത്. ജൂണില്‍, 30 ദിവസങ്ങളില്‍ മൂന്നു ദിവസം മാത്രമാണ് പ്രതിദിന മരണങ്ങളുടെ എണ്ണം 1,000 ല്‍ എത്തിയത്. ജെഎച്ച്‌യു സമാഹരിച്ച വിവരമനുസരിച്ച് യുഎസില്‍ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയ മരണനിരക്ക് ഏപ്രില്‍ 17 ന് 2,614 ആണ്.

കൊറോണ വൈറസ് രാജ്യത്തെ പസഫിക് വടക്കുപടിഞ്ഞാറന്‍, വടക്കുകിഴക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇപ്പോഴത് തെക്ക് കുറുകെ പടരുകയാണ്. ഇപ്പോള്‍ മിഡ്‌വെസ്റ്റിലെ മിക്ക ഭാഗങ്ങളിലും വൈറസ് വീണ്ടും അപകടകരമായ വേഗത കൈവരിക്കുന്നു. മിസിസിപ്പി, ഫ്‌ലോറിഡ, ടെക്‌സസ് മുതല്‍ കാലിഫോര്‍ണിയ വരെയുള്ള നഗരങ്ങളില്‍, ഏറ്റവും മോശമായ അവസ്ഥയിലാണ് കാര്യങ്ങള്‍. കേസുകളുടെ രണ്ടാം തരംഗത്തിലേക്ക് അമേരിക്ക കടന്നുപോകുമ്പോള്‍, ദിവസേനയുള്ള പുതിയ അണുബാധകള്‍ ഭയാനകമായ രീതിയില്‍ ഉയരുകയാണ്.

മിസോറി, വിസ്‌കോണ്‍സിന്‍, ഇല്ലിനോയിസ് എന്നിവിടങ്ങളില്‍, ദുരിതത്തിലായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ താമസക്കാര്‍ക്കും ബിസിനസുകള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ വീണ്ടും കൂട്ടുകയാണ്. കൂടാതെ കൊറോണ വൈറസുമായി ബന്ധപ്പെട്ട ആശുപത്രികളില്‍ രോഗികളുടെ വന്‍ വര്‍ദ്ധനവുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. തെക്ക്, പടിഞ്ഞാറ് എന്നിവിടങ്ങളില്‍ നിരവധി സംസ്ഥാനങ്ങള്‍ അവരുടെ ഏറ്റവും പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഒരുപോലെയാണ് ഇതിന്റെ വ്യാപനതോത് കാണിക്കുന്നത്.

ഇല്ലിനോയിസില്‍, ഗവര്‍ണര്‍ ജെ.ബി.പ്രിറ്റ്‌സ്‌ക്കര്‍ കഴിഞ്ഞ ആഴ്ച അസാധാരണമായ ഒരു പ്രസ്താവന നടത്തി. ഇല്ലിനോയിസുകാര്‍ കൊറോണ വൈറസ് അണുബാധയുടെ ആദ്യതരംഗത്തിനെതിരെ പോരാടുകയും പിന്നീട് വൈറസിന്റെ വ്യാപനം കുറയ്ക്കുകയും ചെയ്തുവെങ്കിലും, അതു ക്ഷണികമാണെന്നാണ് പ്രിറ്റ്‌സ്‌ക്കര്‍ പറഞ്ഞത്. വ്യാഴാഴ്ച വരെ, സംസ്ഥാനത്ത് ഒരു ദിവസം ശരാശരി 1,400 കേസുകള്‍ ഉണ്ടായിരുന്നു, ജൂലൈ തുടക്കത്തില്‍ ഇത് 800 ആയിരുന്നുവെന്ന് ഓര്‍ക്കണം. വ്യാഴാഴ്ച, ഡെമോക്രാറ്റായ വിസ്‌കോണ്‍സനിലെ ഗവര്‍ണര്‍ ടോണി എവേഴ്‌സ് തന്റെ സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെടുന്നതിനെ നേരിടാന്‍ മറ്റൊരു ശ്രമം നടത്തി, എല്ലാ ജനങ്ങളും ശനിയാഴ്ച മുതല്‍ വീടിനുള്ളിലും മാസ്‌ക് ധരിക്കണമെന്ന് ഉത്തരവാണ് അദ്ദേഹം പുറപ്പെടുവിച്ചത്.

വൈറസ് പടരുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ പല സംസ്ഥാനങ്ങളും പുതിയ നിയന്ത്രണങ്ങളിലേക്ക് നീങ്ങിയിട്ടുണ്ട്. മറ്റേതൊരു സംസ്ഥാനത്തേക്കാളും 5,00,000 കോവിഡ് കേസുകളുള്ള കാലിഫോര്‍ണിയയില്‍ സ്ഥിതി രൂക്ഷമാണ് ഇപ്പോള്‍. ഇവിടെ, വീണ്ടും തുറക്കുന്നത് വലിയ വിനാശകരമാവുമെന്ന സൂചന. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ പാന്‍ഡെമിക് നാശം വിതച്ചപ്പോള്‍, കാലിഫോര്‍ണിയയിലെ പ്രതിദിന കേസുകളുടെ എണ്ണം രണ്ടായിരത്തോളമായിരുന്നത് ഇപ്പോള്‍ ശരാശരി നാലിരട്ടിയിലധികമായി. അതായത്, ഒരു ദിവസം 8,500 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോസ് ഏഞ്ചല്‍സ്, കാലിഫോര്‍ണിയ കൗണ്ടികളെ അപേക്ഷിച്ച് ഇപ്പോള്‍ സംസ്ഥാനത്തെ ഭൂരിഭാഗത്തും ഇപ്പോള്‍ വൈറസ് ഉണ്ട്.

ചിക്കാഗോയുടെ ലൂപ്പിലെ ചരിത്രപരമായ ബെര്‍ഗോഫ് റെസ്‌റ്റോറന്റ് മാസങ്ങള്‍ അടച്ചതിനുശേഷം ജൂണ്‍ അവസാനം വീണ്ടും തുറന്നത് ഇപ്പോള്‍ വീണ്ടും അടക്കാനൊരുങ്ങുന്നു. ഈ ആഴ്ച, ഇല്ലിനോയിസില്‍ കൊറോണ വൈറസ് അണുബാധ വര്‍ദ്ധിച്ചതോടെയാണിത്. അരിസോണ, സൗത്ത് കരോലിന, ടെക്‌സസ് എന്നിവയുള്‍പ്പെടെ ഏതാനും സ്ഥലങ്ങള്‍ വലിയ കേസുകള്‍ക്ക് ശേഷം പുതിയ കേസ് കുറയാന്‍ തുടങ്ങി. എന്നാല്‍, കാലിഫോര്‍ണിയ, ഫ്‌ലോറിഡ, ലൂസിയാന എന്നിവിടങ്ങളില്‍ പകര്‍ച്ചവ്യാധിയുടെ ഏറ്റവും ഉയര്‍ന്ന ദൈനംദിന റിപ്പോര്‍ട്ടുകള്‍ തുടരുന്നു. ടെക്‌സസിലെ റിയോ ഗ്രാന്‍ഡെ വാലി ഒരുപക്ഷേ രാജ്യത്തെ ഏറ്റവും മോശമായ അവസ്ഥയാണ് അനുഭവിക്കുന്നത്. ഇവിടെ ഒരു ദിവസം നൂറുകണക്കിന് പുതിയ കേസുകളും ഡസന്‍ മരണങ്ങളും സംഭവിക്കുന്നു.

മിസോറിയിലും ഒക്ലഹോമയിലും കേസുകള്‍ ഭയാനകമായ തലത്തിലേക്ക് വളര്‍ന്നു കഴിഞ്ഞു. രണ്ട് സംസ്ഥാനങ്ങളും ഇപ്പോള്‍ ശരാശരി 1,000 ല്‍ കൂടുതല്‍. മേരിലാന്‍ഡിലും റോഡ് ഐലന്‍ഡിലും, സ്ഥിരമായ പുരോഗതിക്ക് ശേഷം ദിവസേനയുള്ള കേസുകളുടെ എണ്ണം വീണ്ടും മുകളിലേക്ക് ഉയരുന്നു. രാജ്യത്തുടനീളം, കൊറോണ വൈറസില്‍ നിന്നുള്ള മരണങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ജൂലൈ തുടക്കത്തില്‍ രാജ്യം ശരാശരി 500 ആയിരുന്നു. കഴിഞ്ഞ ആഴ്ചയില്‍, ഇത് ശരാശരി ആയിരത്തിലധികം പ്രതിദിനം നേടിയിട്ടുണ്ട്, അവയില്‍ പലതും സണ്‍ ബെല്‍റ്റ് സംസ്ഥാനങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ബുധനാഴ്ച, കാലിഫോര്‍ണിയ, ഫ്‌ലോറിഡ, ടെക്‌സസ് എന്നിവിടങ്ങളില്‍ 724 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ നാലാമത്തെ വലിയ നഗരമായ ഹൂസ്റ്റണിലെ ഹാരിസ് കൗണ്ടി വെള്ളിയാഴ്ച 2,100 പുതിയ കേസുകളുമായി ഏകദിന റെക്കോര്‍ഡ് തകര്‍ത്തു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഹാര്‍വി ചുഴലിക്കാറ്റിനെ അതിജീവിച്ച് ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷം കോവിഡിനെ മുന്നില്‍ മുട്ടുമടക്കുന്ന അവസ്ഥയാണ് ഇവിടെയുള്ളത്.

English Summary: USA covid situation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com