ADVERTISEMENT

ഹൂസ്റ്റണ്‍: ഫ്ലോറിഡയില്‍ വൈറസ് വ്യാപനം ഏറ്റവും തീവ്രമായ രീതിയില്‍ ഉയര്‍ന്നതോടെ ജനങ്ങള്‍ ഭീതിയിൽ. അതിനിടയിലാണ് ന്യൂനമര്‍ദ്ദവുമായി കൊടുങ്കാറ്റ് ഇസായാസ് ഫ്ലോറിഡ തീരത്തേക്ക് കടക്കാനൊരുങ്ങുന്നത്. രാജ്യത്ത് ഞായറാഴ്ച രാവിലെയോടെ, 47,65,342 ല്‍ അധികം ആളുകള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നും കുറഞ്ഞത് 1,57,921 പേര്‍ മരിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകൾ. ഓഗസ്റ്റ് 1 ന് അമേരിക്കയില്‍ കുറഞ്ഞത് 1,057 പുതിയ കോവിഡ് മരണങ്ങളും 58,194 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പ്രതിദിനം ശരാശരി 62,581 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, രണ്ടാഴ്ച മുമ്പുള്ള ശരാശരിയേക്കാള്‍ 5 ശതമാനം കുറവ്. ഫ്ലോറിഡയില്‍ ഇപ്പോള്‍ 4,80,020 പേര്‍ക്ക് രോഗമുണ്ട്. അതായത് ഒരു ലക്ഷം പേരില്‍ 2,325 പേര്‍ക്ക് കോവിഡ്! ടെക്‌സസില്‍ 4,48,182 പേര്‍ക്ക് രോഗമുണ്ട്. മിസ്സിസ്സിപ്പിയില്‍ 59,991 പേര്‍ക്കും ലൂസിയാനയില്‍ 1,16,394 പേര്‍ക്കും ടെന്നിസിയില്‍ 1,05,445 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. നെവാദയില്‍ 49,207 അരിസോണയില്‍ 1,77,019 അലബാമയില്‍ 89,249 ജോര്‍ജിയയില്‍ 1,74, 834 സൗത്ത് കരോലിനയില്‍ 90,599 എന്നിങ്ങനെയാണ് രോഗികളുടെ കണക്ക്.

ഫ്ലോറിഡയില്‍ പുതിയ ചുഴലിക്കാറ്റ് വരുന്നതിന്റെ ആശങ്കയും കോവിഡിന്റെ ഭീതിയും നിഴലിച്ചു നില്‍ക്കുകയാണ്. പെന്‍സകോള മുതല്‍ കീ വെസ്റ്റ് വരെയുള്ള കമ്മ്യൂണിറ്റികളില്‍ വൈറസ് ബാധ തീവ്രമാണ്. ഇവിടെ 7,000 ല്‍ അധികം ഫ്ലോറിഡക്കാര്‍ കൊല്ലപ്പെടുകയും ചെയ്തു. വെള്ളിയാഴ്ച ഫ്ലോറിഡയിലെ 257 മരണങ്ങള്‍ അമേരിക്കയില്‍ അന്നു റിപ്പോര്‍ട്ട് ചെയ്ത കോവിഡ് 19 മൂലമുണ്ടായ മരണങ്ങളുടെ അഞ്ചിലൊന്ന് വരും. ഇതാണ് ഭീതികരമായ അവസ്ഥ. ഏറെ മലയാളികളുള്ളയിടമാണ് ഫ്ലോറിഡ. ഇതിനു പുറമേയാണ് ഇപ്പോള്‍ ചുഴലികൊടുങ്കാറ്റ് ഇസായാസ് വരുന്നത്. സ്ഥിതി അങ്ങേയറ്റം രൂക്ഷമാണെന്ന് ഫ്ലോറിഡയിലെ ട്രെഷര്‍ കോസ്റ്റിലെ സെന്റ് ലൂസി കൗണ്ടിയിലെ അഡ്മിനിസ്‌ട്രേറ്റര്‍ ഹോവാര്‍ഡ് ടിപ്റ്റണ്‍ പറഞ്ഞു. കൊടുങ്കാറ്റ് ഇസയാസ് മുഴുവന്‍ കിഴക്കന്‍ തീരത്തെയും ഭീഷണിയിലാഴ്ത്തിയിട്ടുണ്ട്. 

കോവിഡ് കേസുകൾ അടുത്തിടെ വർധിച്ച തെക്കന്‍ സംസ്ഥാനങ്ങളായ ജോര്‍ജിയ, സൗത്ത് കരോലിന, നോര്‍ത്ത് കരോലിന എന്നിവിടങ്ങളിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കു ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇവിടുത്തെ ആശുപത്രികളെ ശേഷിക്ക് അപ്പുറത്തേക്ക് ബുദ്ധിമുട്ടിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് കണ്ടറിയണം. ഷല്‍ട്ടറുകളില്‍ വൈറസ് ബാധിക്കുന്നത് ഒഴിവാക്കാന്‍, വെള്ളപ്പൊക്കത്തിന് ഇരയാകുന്ന വീടുകളിലെ തീരദേശവാസികള്‍ക്ക് ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ താമസിക്കേണ്ടി വരികയാണെങ്കില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കാനും സാമൂഹികമായി അകലം പാലിക്കാനും ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. 

ജൂലൈയില്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ 1.9 ദശലക്ഷത്തിലധികം പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, പാന്‍ഡെമിക് ആരംഭിച്ചതിനുശേഷം രാജ്യത്താകമാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 4.5 ദശലക്ഷത്തിലധികം കേസുകളില്‍ 42 ശതമാനവും മറ്റേതൊരു മാസത്തിലും രേഖപ്പെടുത്തിയതിന്റെ ഇരട്ടിയിലധികം കേസുകളാണിത്. മിഡ്‌വെസ്റ്റിലെ മിക്ക ഭാഗങ്ങളിലും വൈറസ് അപകടകരമായ വേഗത കൈവരിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മിസിസിപ്പി, ഫ്ലോറിഡ മുതല്‍ കാലിഫോര്‍ണിയ വരെയുള്ള സംസ്ഥാനങ്ങളില്‍ സ്ഥിതി അതീവഗുരുതരമാണ്. പല സംസ്ഥാനങ്ങളിലും, ദുരിതത്തിലായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ താമസക്കാര്‍ക്കും ബിസിനസുകള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കുകയാണ്, കൂടാതെ വൈറസുമായി ബന്ധപ്പെട്ട ആശുപത്രികളില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.

ഒരുകാലത്ത് വൈറസിന്റെ ഏറ്റവും വലിയ ഹോട്ട് സ്‌പോട്ടായ നോര്‍ത്ത് ഈസ്റ്റ്, ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് നിന്ന് വളരെയധികം മെച്ചപ്പെട്ടെങ്കിലും ഇവിടങ്ങളില്‍ ചെറിയ തോതില്‍ വ്യാപനമുണ്ടാകുന്നതായി ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തിറക്കിയ കണക്കുകള്‍ പറയുന്നു. ന്യൂജേഴ്‌സി, റോഡ് ഐലന്‍ഡ്, മസാച്യുസെറ്റ്‌സ് എന്നിവിടങ്ങളില്‍ കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, കാരണം താമസക്കാര്‍ കൂടുതല്‍ സ്വതന്ത്രമായി സഞ്ചരിക്കുകയും ഗ്രൂപ്പുകളില്‍ ഇടയ്ക്കിടെ കൂടുകയും ചെയ്യുന്നു.

കൊറോണ വൈറസ് കേസുകള്‍ അമേരിക്കയിലുടനീളം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, ആളുകളെയും ബിസിനസുകളെയും പ്രതിസന്ധി നേരിടാന്‍ സഹായിക്കുന്നതിനായി വാഷിംഗ്ടണില്‍ ഒരു പുതിയ ദുരിതാശ്വാസ പാക്കേജിനെക്കുറിച്ചുള്ള ചര്‍ച്ച വരും ആഴ്ചയില്‍ അന്തിമഘട്ടത്തിലെത്തും. യുഎസ് സമ്പദ്‌വ്യവസ്ഥ മരവിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും ഉന്നത കോണ്‍ഗ്രസ് ഡെമോക്രാറ്റുകളും ശനിയാഴ്ച ക്യാപിറ്റല്‍ ഹില്ലില്‍ കൂടിക്കാഴ്ച നടത്തിയത്. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണിത്. ന്യൂയോര്‍ക്കിലെ സെനറ്റര്‍ ചക് ഷുമറുമായി കൂടിക്കാഴ്ച നടത്തിയ സ്പീക്കര്‍ നാന്‍സി പെലോസി, ഞായറാഴ്ച സ്റ്റാഫ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും പ്രധാന ചര്‍ച്ചകള്‍ തിങ്കളാഴ്ച വീണ്ടും വിളിക്കുമെന്നും പറഞ്ഞു. ശനിയാഴ്ച നടന്ന ചര്‍ച്ചയില്‍ പല കാര്യങ്ങളിലും തീരുമാനം ഉണ്ടാകാതെ ഇരുപക്ഷവും അകലം പാലിച്ചുവെന്ന് അവര്‍ പറഞ്ഞു. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും മുന്നോട്ടുവച്ച ഏറ്റവും പുതിയ ദുരിതാശ്വാസ പാക്കേജുകള്‍ തമ്മിലുള്ള അന്തരം വലുതാണെന്നും നാന്‍സി വെളിപ്പെടുത്തി.

കഴിഞ്ഞയാഴ്ച സെനറ്റ് റിപ്പബ്ലിക്കന്‍മാരും അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരും പുറപ്പെടുവിച്ച ഒരു ട്രില്യണ്‍ ഡോളറിന്റെ നിര്‍ദ്ദേശത്തില്‍ ഏപ്രില്‍ മുതല്‍ തൊഴിലാളികള്‍ക്ക് ലഭിച്ച തൊഴിലില്ലായ്മ പേയ്‌മെന്റുകള്‍ ആഴ്ചയില്‍ മൂന്നില്‍ രണ്ട് ഭാഗവും വെട്ടിക്കുറയ്ക്കുകയും ബിസിനസുകള്‍ക്ക് നികുതി വെട്ടിക്കുറവും ബാധ്യത പരിരക്ഷയും നല്‍കുകയും ചെയ്യുന്നു. മെയ് മാസത്തില്‍ ഹൗസ് ഡെമോക്രാറ്റുകള്‍ അംഗീകരിച്ച 3 ട്രില്യണ്‍ ഡോളര്‍ ദുരിതാശ്വാസ പാക്കേജില്‍ തൊഴിലില്ലായ്മ സഹായം, വാടക സഹായത്തിനും മോര്‍ട്ട്‌ഗേജ് ദുരിതാശ്വാസത്തിനുമായി ഏകദേശം 200 ബില്യണ്‍ ഡോളര്‍, തിരഞ്ഞെടുപ്പ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന് 3.6 ബില്യണ്‍ ഡോളര്‍, ഭക്ഷ്യസഹായത്തിനുള്ള അധിക സഹായം എന്നിവ ഉള്‍പ്പെടുന്നു. കൂടുതല്‍ ധനസഹായത്തിനായി, പ്രത്യേകിച്ച് സ്‌കൂളുകള്‍ക്കായി ഫണ്ട് ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പെലോസി പറഞ്ഞു. എന്നാല്‍ ഒരു ട്രില്യണ്‍ ഡോളറിനു മുകളില്‍ ചെലവ് അനുവദിക്കരുതെന്ന് ഭൂരിപക്ഷ നേതാവായ കെന്റക്കിയിലെ സെനറ്റര്‍ മിച്ച് മക്കോണെല്‍ മുന്നറിയിപ്പ് നല്‍കി. സഹായ ഇടപാടിനെക്കുറിച്ചുള്ള മുഖ്യ ചര്‍ച്ചകള്‍ പെലോസി, ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യുചിന്‍ എന്നിവരുമായി ഇന്നു ചര്‍ച്ചചെയ്യും.

English Summary: Hurricane Isaias along with Covid crisis; Florida natives worried

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com