ADVERTISEMENT

ചില വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവാസി ഇന്ത്യക്കാരെ അത്യധികം വലച്ച പാസ്‌പോര്‍ട്ട് സറണ്ടര്‍ ആക്ട് എന്ന ഊരാക്കുടുക്കില്‍ നിന്നും രക്ഷിച്ച തോമസ് ടി ഉമ്മനെ  മറക്കാന്‍ കഴിയില്ല. 40 വര്‍ഷം മുമ്പു പോലും അമേരിക്കന്‍ പൗരത്വം എടുത്തവര്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് കോണ്‍സുലേറ്റില്‍ കൊണ്ടുപോയി സറണ്ടര്‍ ചെയ്യുകയും അതിന് 175 ഡോളര്‍ ഫീസും പിഴകളും നല്‍കണമെന്നും ഇന്ത്യാ ഗവണ്‍മെന്റ് ചട്ടം കൊണ്ടുവന്നപ്പോള്‍ ഇതിനെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് ഫോമയും തോമസ് ടി. ഉമ്മനുമാണ്. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ അതിനു മുമ്പ് ഒരു പ്രതിക്ഷേധ റാലി ഉണ്ടായിട്ടില്ല.

സ്വന്തം സഹോദരന്‍ മരിച്ചിട്ടും തോമസ് ടി. ഉമ്മൻ പ്രക്ഷോഭത്തിനു വന്നത് പലരും ഓര്‍ക്കുന്നുണ്ടാവണം. ആ സമരം മൂലം 175 ഡോളര്‍ ഫീസ് എന്നത് 20 ഡോളറാക്കി. (2010 വരെ പൗരത്വമെടുത്തവര്‍ക്ക്). അധികൃതര്‍ക്ക് ഇന്ത്യക്കാര്‍ പ്രതിക്ഷേധിക്കുമെന്ന പേടി വന്നു. ഉത്തരേന്ത്യന്‍ സംഘടനകള്‍ മലയാളി സമൂഹത്തെ ആദരവോടെ അപ്പോഴെങ്കിലും നോക്കി.

ദുരവസ്ഥ നേരിടുന്ന മലയാളികള്‍ മിക്കപ്പോഴും തോമസ് ടി. ഉമ്മന്റെ സഹായമാണ് അവ പരിഹരിക്കാന്‍ തേടുന്നത്.ഫോമായുടെ ട്രഷററായി മത്സരിക്കുന്ന തോമസ് ടി. ഉമ്മനുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്

കൊറോണ നിങ്ങളുടെ നഗരത്തിൽ ശക്തമാണോ? നിങ്ങളും കുടുംബവും  സുരക്ഷിതർ എന്ന് പ്രതീക്ഷിക്കുന്നു. എന്തു മുൻ കരുതലുകളാണ് എടുക്കുന്നത്?

ന്യൂയോർക്കിൽ  കൊറോണയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്.  ഗവൺമെന്റിന്റെ മാർഗ നിർദ്ദേശങ്ങൾ  ഭൂരിപക്ഷം ആളുകളും പാലിക്കുന്നുണ്ട്. മാസ്കുകളുടെയും സാനിറ്റയിസറിന്റെയും  ഉപയോഗം സർവ്വസാധാരണമായിരിക്കുന്നു. എങ്കിലും പലരുടെയും  അലംഭാവത്തോടെയുള്ള  സമീപനം ഗുരുതരമായ പ്രശ്നങ്ങൾക്കു കാരണമായേക്കാം.  

ഇലക്ഷൻ പ്രചാരണം എങ്ങനെ നടക്കുന്നു?

സ്ഥാനാർഥി ആരെന്നു ഡെലിഗേറ്റ്സിനു അറിയണം, സ്ഥാനാർഥിക്കു മറിച്ചും.  മാധ്യമങ്ങൾ, സോഷ്യൽ മീഡിയ, ഫോൺ, ഇന്റർനെറ്റ്, ഇമെയിൽ എന്നിവ വഴി ഡെലിഗേറ്റുകളുമായി  ബന്ധപ്പെടുന്നു.

ട്രഷററായി  മത്സരിക്കുവാൻ കാരണമെന്ത്?

ഏതാണ്ട് നാല് പതിറ്റാണ്ടുകളിലേറെ അമേരിക്കയിൽ സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നതിന്റെ വെളിച്ചത്തിൽ ഒട്ടേറെ കാര്യങ്ങൾ നമ്മുടെ സമൂഹത്തിനു വേണ്ടി ചെയ്യുവാൻ സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്.  പലരും ഒഴിഞ്ഞു മാറി പോകുന്ന ഗൗരവമേറിയ വിഷയങ്ങളിൽ ഇടപെടുവാനും പ്രശ്ങ്ങൾ  പരിഹരിക്കാനും  സാധിച്ചിട്ടുണ്ട്. ദേശീയ വിഷയങ്ങളിൽ ഗൗരവമായി പങ്കെടുക്കുവാൻ ഫോമാ എന്ന മഹാ സംഘടനയുടെ ദേശീയ നേതൃത്വം വളരെ ഉപകാരപ്രദമാണെന്നു ഞാൻ കരുതുന്നു.  അധികാര സ്ഥാനങ്ങളിലുള്ളവരുമായി ഇടപെടുമ്പോൾ അത്  സഹായകമാണ്.  ഒരു ഡസനോളം ആളുകൾ വിവിധ പ്രശ്നങ്ങളുമായി ദിവസേന  രാപ്പകലെന്യേ സമീപിക്കാറുണ്ട്. ചെയ്യാവുന്നതിന്റെ പരമാവധി സഹായിക്കാറുമുണ്ട്.

പലരും വിളിക്കാനൊരു ഫോൺ നമ്പറും കേൾക്കാനൊരാളും  ഉണ്ടെന്നുള്ള സമാധാനത്തിലും ആശ്വാസത്തിലുമാണ്.  എന്റെ ഫോൺ നമ്പർ സേവ് ചെയ്തു വച്ചിട്ടുള്ള  അമേരിക്കയിലും കാനഡായിലുമുള്ള പല അപരിചിതരോടും കഴിഞ്ഞ കാലങ്ങളിൽ സംസാരിക്കാനിടയായതു ഈ അവസരത്തിൽ ഓർക്കുന്നു.  അവരുടെ നല്ല വാക്കുകളാണ് എന്റെ പ്രചോദനം.

ഇന്ത്യൻ ക്രിസ്ത്യൻ ഫോറമെന്ന പീഡനം അനുഭവിക്കുന്നവർക്ക് വേണ്ടി പൊരുതുന്ന പ്രസ്ഥാനത്തിന്റെ പ്രസിഡണ്ട് എന്ന നിലയിൽ വിവിധ ജാതിമതസ്ഥർക്കുവേണ്ടി ശബ്ദമുയർത്തുവാൻ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് സർവശക്തനായ  ദൈവത്തിലുള്ള എന്റെ വിശ്വാസത്തിന്റെ അടിസ്ഥാനമാണ്.

ഏതെങ്കിലും പാനലിൽ അംഗമാണോ? പാനൽ നല്ലതാണോ?

എനിക്ക് ഒരു പാനലുമില്ല. എന്നോട് സഹകരിക്കുന്നവരുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷമേയുള്ളൂ. പാനലിനു അതിന്റേതായ ഗുണവും ദോഷവുമുണ്ടെന്നു അറിയാമല്ലോ. പാനലുകൊണ്ടു ഏറെ ദോഷങ്ങളുണ്ടെങ്കിൽ അത് ഒഴുവാക്കുന്നതല്ലേ നല്ലതു? വ്യക്തമായ കാഴ്ചപ്പാടുകളാണ് തനിക്കുള്ളത്. പ്രസിഡന്റായി ആരുവന്നാലും സഹകരിക്കുന്നതിന്  പ്രശ്നങ്ങളൊന്നുമില്ല.

മുൻകാല  സംഘടനാ പ്രവർത്തനങ്ങൾ  വിവരിക്കാമോ?

ചെറുപ്പകാലത്ത് മലയാള മനോരമ ബാലജനസഖ്യത്തിന്റെ തിരുവല്ലാ യൂണിയൻ പ്രസിഡന്റ്, സംസ്ഥാന സമിതിയംഗം, സോഷ്യൽ സർവീസ് ലീഗ് സെക്രട്ടറി, കോളേജ് യൂണിയൻ ഭാരവാഹി, യൂണിവേഴ്സിറ്റി യൂണിയൻ  കൗണ്സിലർ, ട്രേഡ് യൂണിയൻ ഭാരവാഹി എന്നിങ്ങനെ വിവിധ നിലകളിൽ നാട്ടിൽ വച്ച് പ്രവര്ത്തിച്ചു

ഇവിടെ വന്ന ശേഷം   ലിംകയുടെ സ്ഥാപക പ്രസിഡന്റ്,  ഫൊക്കാന റിലീജിയസ്  ഹാർമണി  കമ്മിറ്റി ചെയര്മാൻ,  ഫോമാ നാഷണൽ കമ്മറ്റിയംഗം, ഫോമാ പൊളിറ്റിക്കൽ ഫോറം ചെയര്മാന്,  ഫോമാ നാഷണൽ അഡ്വൈസറി കൗൺസിൽ ചെയര്മാന്,  നോർത്ത് അമേരിക്കയിലെ  ഫ്രണ്ട്സ്  ഓഫ്  തിരുവല്ലാ എന്ന സംഘടനയുടെ  സ്ഥാപകാംഗം,  പ്രസിഡണ്ട് ,  സി എസ ഐ  ന്യൂ യോർക്ക് ഇടവക ഭാരവാഹി, സൺഡേ സ്കൂൾ അദ്ധ്യാപകൻ, സി എസ ഐ നോർത്ത് അമേരിക്കൻ കൗൺസിൽ സെക്രട്ടറി, ആദ്യകാല പ്രവാസികളുടെ കൂട്ടായ്മയായ പയനിയർ ക്ലബ് സെക്രട്ടറി  തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ. 

എന്റെ പ്രവർത്തനങ്ങൾക്കു രാവും പകലുമെന്ന വ്യത്യാസമില്ല. സമയക്ലിപ്തതയുമില്ല. പലപ്പോഴും ഉറക്കം വളരെ കുറച്ചു മാത്രം.

ഫോമായിൽ എന്തെല്ലാം മാറ്റം വരണമെന്നാണ് ആഗ്രഹിക്കുന്നത്?  

ദേശീയ നേതൃത്വത്തിൽ  50/50 എന്ന അനുപാതമാണ് അഭികാമ്യം. അതായത്  പ്രവർത്തന പരിചയം നേടിയ ദീര്ഘവര്ഷങ്ങളായി സംഘടനക്കുവേണ്ടി അദ്ധ്വാനിച്ചു വന്നവർ  ദേശീയകമ്മിറ്റിയിൽ ഉണ്ടാവണം. അതോടൊപ്പം സമീപ കാലത്ത് പ്രവർത്തനങ്ങളിൽ വ്യാപൃതരായ സമർപ്പണബോധമുള്ള  യുവതലമുറയും. വനിതകൾക്ക് കമ്മിറ്റികളിൽ അർഹമായ പ്രാതിനിധ്യം ഉണ്ടാവണം. സംഘനക്കുവേണ്ടി വര്ഷങ്ങളോളം പ്രവർത്തിച്ചു വന്നവരാണ് ഈ പ്രസ്ഥാനത്തിന്റെ നെടും തൂണുകൾ.

ഫോമയെപ്പറ്റിയുള്ള കാഴ്ചപ്പാട് എന്താണ്? സംഘടന എങ്ങനെ ആയിരിക്കണം?

മലയാളി സമൂഹത്തിന്റെ മൊത്തം ഉന്നമനം ലക്ഷ്യമാക്കുന്ന സംഘടനയാവണം ഫോമ എന്നതാണ് എന്റെ കാഴ്ചപ്പാട്. ആഘോഷം സംഘടിപ്പിക്കുന്ന ഒരു സംഘടന മാത്രമല്ല ഇത്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കണം. ഉത്തരേന്ത്യന്‍ സംഘടനകള്‍ ഡല്‍ഹിയിലെ അധികാര കേന്ദ്രങ്ങളില്‍ നേടിയെടുത്ത സ്വാധീനം ഫോമയും കൈവരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com