ADVERTISEMENT

വാഷിങ്ടൻ ∙ ഡെമോക്രാറ്റിക് സ്ഥാനാർഥിയാവുമെന്ന് കരുതപ്പെടുന്ന ജോ ബൈഡൻ തന്നോടൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിക്കുക ആരായിരിക്കും എന്ന് വ്യക്തമാക്കി. പാതി കറുത്തവർഗക്കാരിയും പാതി ഇന്ത്യൻ വംശജയുമായ കലിഫോർണിയ സെനറ്റർ കമല ഹാരിസാണ് ബൈഡന്റെ റണ്ണിങ് മേറ്റ് ആവുക. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയാവാൻ പ്രൈമറികളിൽ മത്സരിക്കുകയും ബൈഡനെ നിശിതമായി ഡിബേറ്റുകളിൽ വിമർശിക്കുകയും ചെയ്തു ദേശീയ മാധ്യമങ്ങളിൽ നിറഞ്ഞ ഹാരിസ് പ്രചരണ ഫണ്ടുകളുടെ ദൗർലഭ്യം ചൂണ്ടിക്കാട്ടി മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇത്  വിപി ടിക്കറ്റ് ലക്ഷ്യമിട്ട് നടത്തിയ തന്ത്രപരമായ നീക്കമായി നിരീക്ഷകർ വിശേഷിപ്പിച്ചു. ആരായിരിക്കും ബൈഡന്റെ വിപി സ്ഥാനാർത്ഥി എന്ന്  മാധ്യമങ്ങൾ സജീവമായി ചർച്ച ചെയ്തപ്പോഴും ബൈഡൻ മനസു തുറന്നില്ല. സാധാരണ എന്തും  വെട്ടിത്തുറന്ന് പറയുന്ന ഹാരിസിന്റെ മൗനം നിരീക്ഷകരെ അമ്പരപ്പിച്ചു. പ്രഖ്യാപനം ബൈഡനിൽ നിന്ന് ഉണ്ടാകുന്നത് വരെ കാത്തിരിക്കുവാൻ തന്നെ അവർ തീരുമാനിച്ചു. 2008 ന് ശേഷം കറുത്ത വർഗക്കാർക്ക് പ്രത്യേക പരിഗണനകളാണ് ലഭിക്കുന്നത്. അതിനിടയിൽ അവർക്കെതിരെ ഉണ്ടായ അനീതിയും അധികൃതരുടെ ക്രൂരതയും വലിയ പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും കാരണമായി.

സ്ത്രീകൾക്ക് വളരെ വൈകിയാണ് യുഎസിൽ വോട്ടവകാശം ലഭിച്ചത്. പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനാർഥികളായി പ്രധാന രാഷ്ട്രീയ പാർട്ടികൾ സ്ത്രീകളെ പരിഗണിച്ചിരുന്നില്ല. 1984 ൽ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി വാൾട്ടർ മൊണ്ടേലിന്റെ റണ്ണിംഗ് മേറ്റായി ജെറാൾഡിൻ ഫെറാറോ എത്തിയതാണ് ഇതിന് അപവാദമായത്. ഒരു അഭിഭാഷകയായിരുന്ന അവർ ‌ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി റൊണാൾഡ് റീഗനോട് പരാജയപ്പെട്ടപ്പോൾ അഭിഭാഷക വൃത്തിയിലേയ്ക്ക് മടങ്ങി. 2011 ൽ 75–ാം വയസിൽ മരിച്ചു. റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ജോൺ മക്കെയിന്റെ റണ്ണിങ് മേറ്റായ സാറ പേലിനാണ് രണ്ടാമത്തെ വനിത വിപി സ്ഥാനാർത്ഥി. 2008 ൽ മക്കെയിൻ പ്രസിഡന്റ് ബരാക്ക് ഒബാമയോട് പരാജയപ്പെട്ടതോടെ പേലിനും തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു. ഇവർ അലാസ്ക ഗവർണറും റിയാലിറ്റി ഷോ കമന്റേറ്ററും ആയിരുന്നു.

വിപി സ്ഥാനാർഥിയാവുന്ന മൂന്നാമത്തെ സ്ത്രീയാണ് ഹാരിസ്. മാതാവ് ഇന്ത്യൻ വംശജയും പിതാവ് കറുത്ത വർഗക്കാരനായ അമേരിക്കക്കാരനും. വിപി സ്ഥാനാർഥിയാവുന്ന ആദ്യ (ഏഷ്യൻ) ഇന്ത്യനും ആദ്യ കറുത്ത വർഗക്കാരിയായ അമേരിക്കക്കാരിയുമാണ് ഹാരിസ്. ഒരു ഇന്ത്യൻ വംശജയായി അറിയപ്പെടാൻ ആഗ്രഹിക്കുന്നതിനെക്കാൾ ഉപരി ഒരു കറുത്ത വർഗക്കാരിയായി അറിയപ്പെടാനാണ് ഇവർ ആഗ്രഹിക്കുന്നത്. ഇതിന് അതിന്റേതായ ന്യായീകരണങ്ങളുമുണ്ട്. കറുത്ത വർഗക്കാരായ വോട്ടർമാർ 13% ത്തോളം വരും. ഇന്ത്യൻ വംശജരായ വോട്ടർമാർ 2% ത്തോളം വരും. 

55 വയസുകാരിയ ഹാരിസ് സെനറ്റിലെ ആദ്യ ടേം മുന്നോട്ടുകൊണ്ടുപോകുന്നു. സാൻഫ്രാൻസിസ്കോ ഡി ഡിസ്ട്രിക്ട് അറ്റേണി ജനറലും കലിഫോർണിയ സംസ്ഥാന അറ്റേണി ജനറലുമായിരുന്നു. പ്രോസിക്യൂട്ടറായിരിക്കെ അവർ സ്വീകരിച്ച കടുത്ത നിലപാടുകൾ വിമർശന വിധേയമായിരുന്നു. പാർട്ടിയിലെ ലിബറലുകൾക്ക് അവരുടെ നിലപാടുകൾ സ്വീകാര്യമായിരുന്നിട്ടില്ല.

കുറെ‌ വർഷങ്ങളായി ബൈഡനും ഹാരിസും സൗഹൃദത്തിലായിരുന്നു. ബൈഡന്റെ മൂത്ത മകൻ അന്തരിച്ച ബ്യൂ അറ്റേണി ജനറലായിരിക്കുമ്പോൾ ഹാരിസിന്റെ അടുത്ത സുഹൃത്തായിരുന്നു. ബൈഡന്റെ ഇപ്പോഴത്തെ ഭാര്യ ജില്ലും ഹാരിസിനെ ഇഷ്ടപ്പെടുന്നു. ജില്ലിന്റെയും കൂടി ശുപാർശ മാനിച്ചാണ് ബൈഡൻ അവരെ റണ്ണിങ് മേറ്റ് ആക്കിയത്. ഒരു സ്ത്രീയെ റണ്ണിംഗ് മേറ്റാക്കും എന്ന് ബൈഡൻ പറഞ്ഞിരുന്നു. വെളുത്ത വർഗക്കാരിയായ ഏമി ക്ലോബുച്ചറിനെയും ഹിസ്പാനിക്കായ എലിസബെത്ത് വാറനെയും ബൈഡൻ പരിഗണിച്ചിരുന്നു. അതിനിടയിലാണ് ഫ്ലോറിഡയിൽ ഒരു കറുത്ത വർഗക്കാരനെ പൊലീസ് അതിദാരുണമായി കൊലപ്പെടുത്തിയത്. ഹാരിസിന്റെ സാധ്യത വളരെ മുകളിലായി. വളരെ അപൂർവമായാണ് ഇത്തരം അംഗീകാരങ്ങൾ ഇന്ത്യൻ വംശജർക്ക് നൽകുന്നത്. ഇത് ഇന്ത്യക്കാർക്കും അഭിമാനിക്കാവുന്ന നേട്ടമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com