ADVERTISEMENT

ഹൂസ്റ്റണ്‍ ∙ കോവിഡ് രോഗികളുടെ എണ്ണത്തില്‍ യാതൊരു ശമനവുമില്ലാതെ കുതിച്ചു കയറുന്നതായി റിപ്പോര്‍ട്ട്. പുതിയ സാമൂഹികവ്യാപനം ടെക്‌സസ്, ഫ്ലോറിഡ, കാലിഫോര്‍ണിയ സംസ്ഥാനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. മരണനിരക്കും വര്‍ദ്ധിച്ചിട്ടുണ്ട്. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 54,31,091 പിന്നിട്ടിരിക്കുന്നു. മരിച്ചവരാകട്ടെ 1,70,775 കവിഞ്ഞിട്ടുണ്ട്. അതു കൊണ്ടു തന്നെ മിക്ക സംസ്ഥാനങ്ങളും കാര്യക്ഷമമായി കോവിഡ് നിയന്ത്രണങ്ങളിലേക്ക് നീങ്ങാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഉപദേശം തേടിയിട്ടുണ്ട്. നിര്‍ബന്ധിത മാസ്‌ക്ക് ഉത്തരവുകള്‍ നീക്കിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ ജനങ്ങള്‍ സ്വന്തം നിലയ്ക്ക് ഫേസ് മാസ്‌ക്ക് വച്ചു തുടങ്ങിയിരിക്കുന്നു. ഇത്തരത്തില്‍ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സാമൂഹിക അകലം പാലിക്കുന്നതിലും ജനങ്ങള്‍ ജാഗ്രത പാലിക്കുന്നുണ്ട്. 

പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഇളയ സഹോദരന്‍ റോബര്‍ട്ട് ട്രംപിനെ ഗുരുതരാവസ്ഥയില്‍ ന്യൂയോര്‍ക്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വൈറ്റ് ഹൗസ് വെള്ളിയാഴ്ച സ്ഥിരീകരിച്ചു. ട്രംപ് വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ തന്റെ സഹോദരനെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'രാഷ്ട്രപതിയുടെ സഹോദരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിക്കാന്‍ കഴിയും,' – ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ജഡ് ഡിയര്‍ പറഞ്ഞു. റോബര്‍ട്ട് ട്രംപ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് എബിസി ന്യൂസ് ആണ്. ട്രംപ് ഓര്‍ഗനൈസേഷന്റെ മുന്‍ ടോപ്പ് എക്‌സിക്യൂട്ടീവ് ആയിരുന്നു റോബര്‍ട്ട് ട്രംപ്. അന്തരിച്ച ഫ്രെഡ് ട്രംപ്, ജൂനിയര്‍ ഉള്‍പ്പെടെ പ്രസിഡന്റിന്റെ മറ്റ് നാല് സഹോദരങ്ങളില്‍ ഒരാളാണ് അദ്ദേഹം. കോവിഡ് ബാധയുണ്ടോയെന്ന വാര്‍ത്ത പുറത്തുവന്നിട്ടില്ല.

അതേസമയം, വാക്‌സിനേഷന്‍ എന്നു നടത്തുമെന്ന കാര്യത്തില്‍ ഇതുവരെയും കൃത്യമായ തീയതി പറയാന്‍ കഴിയാത്തതില്‍ ആരോഗ്യവകുപ്പ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളെ സമ്മര്‍ദ്ദത്തിലാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി രാജ്യത്തു കൂടുന്നത് വലിയ തോതില്‍ മാന്ദ്യാവസ്ഥ ഉണ്ടാക്കിയിരിക്കേ എത്രയും പെട്ടെന്ന് സ്ഥിതി നിയന്ത്രണ വിധേയമാക്കാനാണ് വൈറ്റ്ഹൗസ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ചന്ദ്രനില്‍ ഒരു മനുഷ്യനെ എത്തിക്കാനുള്ള യുഎസ് ദൗത്യവുമായി താരതമ്യപ്പെടുത്തുന്ന വിശാലമായ ശ്രമം പോലെയാണ് വാക്‌സിനേഷന്‍ സംരംഭത്തെ ഓപ്പറേഷന്‍ വാര്‍പ്പ് സ്പീഡ് എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്നത്. 2021 ജനുവരിയില്‍ 300 ദശലക്ഷം 'സുരക്ഷിതവും ഫലപ്രദവുമായ' ഡോസുകള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെയ് 15 ന് ഇത് ആരംഭിച്ചത്.

ഏറ്റവും മികച്ച എട്ട് വാക്‌സിന്‍ കാന്‍ഡിഡേറ്റുകളാണ് ഈ മിഷനില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. യുഎസ് ഗവണ്‍മെന്റ് മെഷീന്റെ പൂര്‍ണ്ണ ശക്തിയാല്‍ ഇവരെ പിന്തുണയ്ക്കുന്നുമുണ്ട്. വാക്‌സിന്‍ ശ്രമങ്ങള്‍ക്കായി 12.3 ബില്യണ്‍ ഡോളറിലധികം നീക്കിവച്ചിട്ടുണ്ട്. വാക്‌സിന്‍ വികസനത്തിനും സംഭരണത്തിനുമായി 10.8 ബില്യണ്‍ ഡോളര്‍, നിര്‍മ്മാണത്തിനും വിതരണത്തിനുമായി 1.5 ബില്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ് ഇതിന്റെ കണക്ക്. ഈ കരാറുകളുടെ ഭാഗമായി, ദശലക്ഷക്കണക്കിന് ഡോസ് വാക്‌സിന്‍ നിര്‍മ്മാണത്തില്‍ നിക്ഷേപിക്കാന്‍ യുഎസ് സമ്മതിച്ചിട്ടുണ്ട്, അതിനാല്‍ ഒന്ന് അംഗീകരിക്കപ്പെട്ടാല്‍, അത് ഇതിനകം തന്നെ വിതരണത്തിനായി സ്‌കെയില്‍ ചെയ്യുകയും അമേരിക്കന്‍ വിപണിക്ക് ഉറപ്പ് നല്‍കുകയും ചെയ്യുന്നു.

എന്നാല്‍ കരാറുകള്‍ സുരക്ഷിതമാക്കുന്ന പ്രക്രിയയില്‍, യുഎസ് വിദേശത്ത് പ്രത്യേകിച്ച് യൂറോപ്പില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കു തുടക്കമിട്ടിട്ടുണ്ട്. ഫ്രഞ്ച് ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ സനോഫിക്ക് 30 മില്യണ്‍ ഡോളര്‍ പ്രാരംഭ ധനസഹായം ബാര്‍ഡയില്‍ നിന്ന് ലഭിച്ചപ്പോള്‍, അതിന്റെ സിഇഒ സൂചിപ്പിച്ചത് ഒരു വാക്‌സിനായി യുഎസ് ഒന്നാമതായിരിക്കുമെന്ന്. എന്നാല്‍ ഇതിനെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നേരിട്ടതിങ്ങനെ, ഒരു കോവിഡ് 19 വാക്‌സിന്‍ 'ലോകത്തിന് പൊതുനന്മയാണ്, വിപണിയിലെ നിയമങ്ങള്‍ക്ക് വിധേയമല്ല.' ഫ്രാന്‍സും യുഎസും തമ്മിലുള്ള നയതന്ത്രത്തിന് കഴിഞ്ഞ കുറച്ചു കാലങ്ങളായി മങ്ങലേറ്റിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മക്രോണിന്റെ പ്രസ്താവന വന്നത്. എന്നാല്‍ ഇതിനോട് ട്രംപ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

English Summary: USA covid update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com