ADVERTISEMENT

ടെക്സസ്∙ മാസങ്ങൾക്കു മുൻപ് ടെക്സസിനെ വിശേഷിപ്പിച്ചിരുന്നത് ഒരു ടോസ് അപ് സ്റ്റേറ്റ് എന്നാണ്. കഴിഞ്ഞ 40 വർഷങ്ങളായി റിപ്പബ്ലിക്കൻ പാർട്ടി ആധിപത്യം പുലർത്തിയിരുന്ന സംസ്ഥാനത്ത് ഡെമോക്രാറ്റിക് പാർട്ടിക്ക് മേൽക്കൈ നേടാൻ കഴിഞ്ഞിട്ടില്ല.

ഇത്തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും പൊതുതിരഞ്ഞെടുപ്പിലും ഫലം മാറി മറിയുമെന്ന പ്രതീക്ഷയിൽ ടോസ് അപ് സ്റ്റേറ്റുകളിൽ ടെക്സസിനെയും ചില മാധ്യമങ്ങളും ഡെമോക്രാറ്റുകളും  ഉൾപ്പെടുത്തിയിരിക്കുകയാണ്. മാത്രമല്ല, മൊത്തം ഉള്ള 36 കോൺഗ്രഷനൽ ഡിസ്ട്രിക്ടുകളിൽ 12 എണ്ണം ടോസ് അപ് സീറ്റുകളായി എടുത്തു പറയുകയും ചെയ്തു.

1845 ലാണ് ടെക്സസ് യുഎസിന്റെ ഭാഗമായത്. അന്നു ജനപ്രതിനിധി സഭയിൽ രണ്ട് അംഗങ്ങളെയാണ് ലഭിച്ചത്. 1900 ൽ ഇത് 13 സീറ്റായി. 1901 ൽ സ്പിൻഡിൽ ടോപിൽ എണ്ണശേഖരം കണ്ടെത്തിയതോടെ ജനസംഖ്യ ക്രമാതീതം വർധിച്ചു. പ്രതിനിധി സഭയിലെ പ്രാതിനിധ്യം ജനസംഖ്യയെ ആശ്രയിച്ചാണ്.

1900 മുതൽ പ്രതിനിധി സഭ സീറ്റുകളിൽ ഏറ്റവുമധികം വർധനവ് ഉണ്ടായത് ടെക്സസിലാണ്. ഇപ്പോൾ 36 ജനപ്രതിനിധികളുമായി യുഎസിലെ രണ്ടാമത്തെ ഏറ്റവുമധികം പ്രാതിനിധ്യമുള്ള സംസ്ഥാനമായി മാറിയിരിക്കുന്നു. 23 പേർ റിപ്പബ്ലിക്കൻ പാർട്ടിക്കാരാണ്. എന്നാൽ ഈ ഭൂരിപക്ഷം പാർട്ടിക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ചില നിരീക്ഷകർ കരുതുന്നു. അധികാരത്തിലിരിക്കുന്ന കോൺഗ്രസംഗങ്ങൾ മത്സരിക്കാതെ മാറി നില്ക്കുമ്പോൾ റിപ്പബ്ലിക്കൻ പാർട്ടി പുതുമുഖങ്ങളെ രംഗത്തിറക്കിയിരിക്കുന്ന നാല് ഡിസ്ട്രിക്ടുകളുണ്ട്. 

ഡിസ്ട്രിക്ട് നമ്പർ 17, 22, 23, 24 ഇവ നാലിലും വലിയ പ്രതീക്ഷയാണ് ഡെമോക്രാറ്റുകൾക്കുള്ളത്. ബ്രേസോസ് മക് ലെന്നൻ കൗണ്ടികൾ ഉൾപ്പെടുന്ന ഡിസ്ട്രിക്ട് 17 ൽ ഡിസ്ട്രിക് മാറിയെത്തിയ റിപ്പബ്ലിക്കൻ സ്ഥാനാർഥി പീറ്റ് സെഷൻസും ഡെമോക്രാറ്റിക് സ്ഥാനാർഥി റിക്ക് കെന്നഡിയും ഏറ്റുമുട്ടുന്നു. നിരീക്ഷകരിൽ ഒരു വലിയ വിഭാഗം  സെഷൻസ് ജയിക്കുമെന്ന് ഉറപ്പിച്ചു പറയുന്നു.

ഹൂസ്റ്റന്റെ തെക്ക് ഭാഗത്ത് ഫോർട്ട് ബെൻഡ് കൗണ്ടി കേന്ദ്രമായ ഡിസ്ട്രിക്ട് 22 ൽ ഇന്ത്യൻ വംശജനായ പ്രസ്റ്റൺ കുൽക്കർണി ഡെമോക്രാറ്റിക് സ്ഥാനാർഥിയായി റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രോയ് നേൾസിനെതിരെ മത്സരിക്കുന്നു. കുൽക്കർണിക്ക് അനുകൂലമായുള്ളത് വലിയ ധനശേഖരം ആണ്. നേൾസിന്റെ കയ്യിൽ 30,000 ഡോളർ ഉള്ളപ്പോൾ കുൽക്കർണിയുടെ കയ്യിൽ 1.2 മില്യൻ ഡോളർ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇത് ടോം ഡിലേയുടെ സീറ്റായിരുന്നു. തുടർന്ന് വന്ന റിപ്പബ്ലിക്കൻ പീറ്റ് ഓൾസൺ റിട്ടയർ ചെയ്ത ഒഴിവിൽ സീറ്റ് റിപ്പബ്ലിക്കനുകൾ നില നിർത്തുമെന്നാണ് പൊതുവെ കരുതുന്നത്. എങ്കിലും ഇതൊരു ടോസ് അപ് സീറ്റായി ഡെമോക്രാറ്റുകൾ കണക്ക് കൂട്ടുന്നു. ഇന്ത്യൻ മറാഠി വംശജനായ കുൽക്കർണിക്ക് ഇന്ത്യൻ വംശജർക്കിടയിൽ വലിയ സ്വാധീനമുണ്ട്.

സാൻ അന്റോണിയോ നഗരപ്രാന്തം മുതൽ പടിഞ്ഞാറോട്ട് അൽപാസോ വരെ നീണ്ടു കിടക്കുന്ന ഡിസ്ട്രിക്ട് 23 ഒരു ക്ലാസിക് ടോസ് അപ് ഡിസ്ട്രിക്ടാണ്. 2010 ൽ റീ ഡിസ്ട്രിക്ടിംഗിന്റെ ഫലമായി കഴിഞ്ഞ 10 വർഷമായി മാറി മാറി ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ മേധാവിത്തം ഡിസ്ട്രിക്ടിൽ ഉണ്ടായി. ഇപ്പോൾ സീറ്റ് കൈവശമുള്ള റിപ്പബ്ലിക്കൻ വിൽ ഹർഡ് രണ്ടു തവണ തുടർച്ചയായി ജയിച്ചതാണ്. നവംബറിലെ മത്സരം റിപ്പബ്ലിക്കൻ ടോണി ഗൊൺസാലസും ഡെമോക്രാറ്റ് ജിന ഓർട്ടിസ് ജോൺസും തമ്മിലാണ്. 

ജോൺസിന്റെ വലിയ ധനശേഖരം–3 മില്യൻ ഡോളർ ഗൊൺസാലസിന്റെ 6,00,000 ഡോളറെ പിന്നിലാക്കിയതുപോലെ വിജയവും ഉറപ്പാക്കുമെന്ന് ഡെമോക്രാറ്റുകൾ പറയുന്നു. 24–ാം ഡിസ്ട്രിക്ടിലെ സീറ്റ് ഓപ്പൺ ആണെന്നു വിശേഷിപ്പിക്കാം. കെന്നി മർച്ചന്റ് കൈവശം വച്ചിരുന്ന ഈ സീറ്റ് നോർത്ത് വെസ്റ്റ് ഡാലസും എർവിംഗും ചേർന്നാണ്. റിപ്പബ്ലിക്കൻ സ്ഥാനാർഥി വാൻഡുവെന് വലിയ ധനശേഖരമുണ്ട്. എതിരാളി ഡെമോക്രാറ്റ് കാൻഡെയ്സ് വെനീസുവേലയാണ്.

32–ാം ഡിസ്ട്രിക്ടിൽ ഡാലസിന്റെ ചില ഭാഗങ്ങളുണ്ട്. 2018 ൽ റിപ്പബ്ലിക്കൻ പീറ്റ് സെഷൻസിന് മേൽ അട്ടിമറി വിജയം നേടിയ ഡെമോക്രാറ്റ് കൊളിൻ ആൾ റെഡ് ഇത്തവണ റിപ്പബ്ലിക്കൻ ജനീവ് കൊളിൻസിനെ നേരിടുന്നു. ആൾ റെഡിന്റെ കൈവശം മൂന്ന് മില്യൻ ഡോളറും കൊളിൻസിന്റെ കൈവശം ഇതിന്റെ മൂന്നിലൊന്നും ഉണ്ട്. ഹൂസ്റ്റൺ സെവൻത് ഡിസ്ട്രിക്ടിൽ ഒരു അട്ടിമറി നടത്തി ഡെമോക്രാറ്റിക് സ്ഥാനാർഥി ഫ്ലെച്ചറെ റിപ്പബ്ലിക്കൻ വെസ്‍ലി ഹണ്ട് തോൽപിക്കുമെന്ന് പൊതുവെ കരുതുന്നു. ഫ്ലെച്ചറുടെ മൂന്ന് മില്യൻ ഡോളറിനോട് മത്സരിക്കുന്നത് ഹണ്ടിന്റെ ഒരു മില്യൻ  ഡോളറാണ്.

റിപ്പബ്ലിക്കനുകൾ നിർണായക മത്സരം നേരിടുന്ന മറ്റ് ഡിസ്ട്രിക്ടുകൾ 2, 6, 21, 10, 25, 31 എന്നിവയാണ്. 6 ലും 25 ലും 2018 ലെ വിജയം നേരിയ ഭൂരിപക്ഷത്തിനായിരുന്നു. എന്നാൽ ഫണ്ട് റെയ്സിംഗിൽ തങ്ങളുടെ ഡെമോക്രാറ്റ് എതിരാളികൾ പിന്നിലാണെന്ന വസ്തുത റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്ക് ആശ്വാസം നൽകുന്നു. പത്താം ഡിസ്ട്രിക്ടിൽ മുൻ ഹോം ലാൻഡ് സെക്യൂരിറ്റി കമ്മിറ്റി ചെയർമാൻ മൈക്കേൽ മക്കാൾ ഡെമോക്രാറ്റ് മൈക്ക് സീഗളിനെ നേരിടുന്നു. 

രണ്ടാം ഡിസ്ട്രിക്ടിൽ സീറ്റ് കൈവശം ഉള്ള ഡാൻ ക്രെൻഷാ ഡെമോക്രാറ്റ് സിമ ലാഡ്ജെ വർഡിയൻ നേരിടുന്നത് 4 മില്യന്റെ  തിരഞ്ഞെടുപ്പ് ഫണ്ട്. 1,60,000  ഡോളറുമായാണ്. 21–ാം ഡിസ്ട്രിക്ടിൽ ഡെമോക്രാറ്റ് വെൻഡി ഡേവിസിനെ നേരിടുന്നത് കോൺഗ്രസ്മാൻ ചിപ് റോയ് ആണ്. ഡേവിസിന്  2.9 മില്യൻ ഡോളറിന്റെ ഫണ്ടുണ്ട്. റോയിക്ക് 1.7 മില്യനും 31–ാം ഡിസ്ട്രിക്ടിൽ നിലവിലെ കോൺഗ്രസംഗം റിപ്പബ്ലിക്കൻ ജോൺ കാർട്ടർ ഡെമോക്രാറ്റ് സ്ഥാനാർഥി ഡോണ ഇമാമിനെ നേരിടുന്നു. കാർട്ടറുടെ കയ്യിൽ ഒരു മില്യൻ ഡോളറും ഇമാമിന്റെ കൈവശം 42,000 ഡോളറും  പ്രചരണത്തിന് ചെലവഴിക്കാൻ ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com