ADVERTISEMENT

ഹൂസ്റ്റണ്‍ ∙ വംശീയപ്രതിഷേധത്തിന്റെ അലയൊലികള്‍ അടങ്ങും മുന്‍പ് യുഎസില്‍ വീണ്ടും ജനക്കൂട്ട പ്രക്ഷോഭം. ഇത്തവണ, ബ്രിയോണ ടെയ്‌ലര്‍ കേസില്‍ പൊലീസ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കാത്തതിനെ ചൊല്ലിയാണ് ജനം തെരുവിലിറങ്ങിയിരിക്കുന്നത്. ടെയ്‌ലറുടെ മരണത്തില്‍ ഉള്‍പ്പെട്ട മൂന്ന് ഉദ്യോഗസ്ഥരില്‍ ഒരാളെ മാത്രമേ ഫസ്റ്റ് ഡിഗ്രി അപകടകരമായ കുറ്റങ്ങളില്‍ പ്രതി ചേര്‍ത്തിട്ടുള്ളൂ. മാര്‍ച്ച് മാസത്തെ റെയ്ഡിനിടെ വെടിയുതിര്‍ത്ത മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തിട്ടില്ല, അതായത് ടെയ്‍ലറെ കൊന്നതിന് ഒരു ഉദ്യോഗസ്ഥനെതിരേയും കേസെടുത്തിട്ടില്ലെന്നു സാരം.

റെയ്ഡിനായി അകത്തുകയറിയ പൊലീസിനു നേരെ ബ്രിയോണയുടെ കാമുകന്‍ വെടിവെച്ചെന്നും തുടര്‍ന്നു മുപ്പതു റൗണ്ട് വെടിയുതിര്‍ത്ത പൊലീസ് നടപടിയില്‍ ബ്രിയോണ കൊല്ലപ്പെടുകയുമായിരുന്നു. പൊലീസ് അതിക്രമത്തില്‍ അന്നേ വിവാദമാരംഭിച്ചിരുന്നു. ഇപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കാത്തതിനെ തുടര്‍ന്നു പലേടത്തും പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. രാത്രിവൈകിയും പ്രതിഷേധവും കലാപവും പല നഗരങ്ങളിലും അരങ്ങേറുകയാണ്.

Breonna-Taylor-protest
യുഎസിൽ നടന്ന പ്രതിഷേധത്തിൽ നിന്നും.

രൂക്ഷവിമർശനം, കടുത്ത പ്രതിഷേധം

ടെയ്‍ലറുടെ കുടുംബത്തെ പ്രതിനിധീകരിക്കുന്ന അറ്റോര്‍ണി ബെന്‍ ക്രുമ്പ് കുറ്റപത്രം ''അതിക്രൂരവും കുറ്റകരവുമാണ്'' എന്ന് വിശേഷിപ്പിച്ചു. നീതിന്യായ വ്യവസ്ഥ പരാജയപ്പെട്ടുവെന്നും ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങള്‍ വേണ്ടത്ര മുന്നോട്ട് പോകുന്നില്ലെന്നും എന്‍എഎസിപി പറഞ്ഞു. ടെയ്‌ലറുടെ മാതാവ് തമിക പാമര്‍ സംഭവത്തോടു രൂക്ഷമായി പ്രതികരിച്ചു. ജൂറി തീരുമാനത്തില്‍ ലെബ്രോണ്‍ ജെയിംസ്, ഡാനി ഗ്രീന്‍, മേഗന്‍ റാപ്പിനോ, കെയ്ല മക്‌ബ്രൈഡ് എന്നിവരുള്‍പ്പെടെയുള്ള അത്‍ലറ്റുകള്‍ നിരാശ പ്രകടിപ്പിച്ചു. ന്യൂയോര്‍ക്ക്, ഷിക്കാഗോ, വാഷിംഗ്ടണ്‍ ഡിസി, ലൂയിസ്വില്ലെ, നാഷ്വില്ലെ, ലാസ് വെഗാസ്, അറ്റ്‌ലാന്റ, ഫിലാഡല്‍ഫിയ എന്നിവയുള്‍പ്പെടെ നിരവധി യുഎസ് നഗരങ്ങളില്‍ പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി. ചില നഗരങ്ങളില്‍, പ്രതിഷേധം നിയമപാലകരുമായുള്ള ഏറ്റുമുട്ടലുകളായി മാറി. രണ്ട് ഉദ്യോഗസ്ഥരെ ലൂയിസ്വില്ലില്‍ വെടിവച്ചു, അറ്റ്‌ലാന്റയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ മൊളോടോവ് കോക്ടെയിലുകള്‍, കല്ലുകള്‍ എന്നിവ ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കുകയും ബാരിക്കേഡുകള്‍ തകര്‍ത്ത് തീ കത്തിച്ചതിനെ തുടര്‍ന്ന് പോര്‍ട്ട്ലാന്‍ഡ് പൊലീസ് കലാപം പ്രഖ്യാപിച്ചതായി പത്രക്കുറിപ്പില്‍ പറയുന്നു.

Protesters march Breonna Taylor

സെപ്റ്റംബര്‍ 24 ന് ഒറിഗോണിലെ പോര്‍ലാന്‍ഡില്‍ പൊലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഒറിഗോണിലെ പോര്‍ട്ട്ലാന്റില്‍ പ്രേതിഷേധക്കാര്‍ ഇപ്പോഴും തെരുവുകളില്‍ സജീവമാണ്. ''ജസ്റ്റിസ് സെന്ററിന് പുറത്ത് പ്രതിഷേധിക്കാന്‍ ഒത്തുകൂടിയവരോട്: ഈ സമ്മേളനം ഇപ്പോഴും ഒരു കലാപമായി പ്രഖ്യാപിക്കപ്പെടുന്നു. തെക്കുപടിഞ്ഞാറന്‍ നൈറ്റോ പാര്‍ക്ക്വേ മുതല്‍ സൗത്ത് വെസ്റ്റ് 14 ആം അവന്യൂ വരെ സൗത്ത് വെസ്റ്റ് കൊളംബിയ സ്ട്രീറ്റ് മുതല്‍ സൗത്ത് വെസ്റ്റ് ഹാര്‍വി മില്‍ക്ക് വരെ അടച്ചിരിക്കുന്നു, ''പോര്‍ട്ട്ലാന്‍ഡ് പോലീസ് ട്വീറ്റ് ചെയ്തു. സമ്മേളനവുമായി ബന്ധപ്പെട്ടവര്‍ നിയമവിരുദ്ധമായ അസംബ്ലിയുടെ ഭാഗമാണെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ 23 ന് വാഷിംഗ്ടണിലെ സിയാറ്റില്‍ പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. കിഴക്കന്‍ പ്രദേശത്ത് പ്രതിഷേധക്കാര്‍ സുരക്ഷാ ക്യാമറകള്‍ തകര്‍ത്തതിനെ തുടര്‍ന്നു പോലീസ് കുരുമുളക് സ്പ്രേ ചെയ്തു.

രാഷ്ട്രീയ നേട്ടമാക്കാൻ ശ്രമം

സംഭവത്തെ ഡെമോക്രാറ്റിക്ക് പാര്‍ട്ടി രാഷ്ട്രീയനേട്ടമാക്കി മാറ്റുന്നുണ്ട്. ''ഈ തീരുമാനം അത്യ അഗാധമായ ദുഃഖത്തിനും കോപത്തിനും ഇടയാക്കുമെങ്കിലും അക്രമത്തിന് ഉത്തരമായിരിക്കരുത്.'' ജോ ബൈഡന്‍ ട്വീറ്റ് ചെയ്തതു. നീതിന്യായ വ്യവസ്ഥയില്‍ പരിഷ്‌കാരങ്ങള്‍ വരുത്തണമെന്ന് കമല ഹാരിസ് ആവശ്യപ്പെട്ടു. ''നോ-നോക്ക് വാറന്റുകള്‍ ഉള്‍പ്പെടെ നീതിന്യായ വ്യവസ്ഥയെ പരിഷ്‌കരിക്കണം. ബ്രിയോണ അതിലൊരു ബലിയാടാണ്. അന്വേഷണം ഒരിക്കലും അവസാനിപ്പിക്കരുത്,'' അവര്‍ എഴുതി.

ബുധനാഴ്ച രാത്രി നടന്ന പ്രതിഷേധത്തിനിടെ 13 പേരെ സിയാറ്റിലില്‍ അറസ്റ്റ് ചെയ്തു. വസ്തുവകകള്‍ നശിപ്പിക്കല്‍, അറസ്റ്റിനെ ചെറുക്കുക, ചിതറിക്കിടക്കുന്നതില്‍ പരാജയപ്പെടുക, ഒരു ഉദ്യോഗസ്ഥനെ ആക്രമിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് 13 പേരെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഒന്നിലധികം ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പ്രതിഷേധം തുടരുന്നതിനിടെ സിയാറ്റില്‍ പൊലീസ് കൂടുതല്‍ അറസ്റ്റുകള്‍ നടത്തുന്നു. അധികാരികള്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രതിഷേധക്കാര്‍ തുടരുന്നതിനാല്‍ ഇന്ന് പുലര്‍ച്ചെയാണ് സിയാറ്റില്‍ പൊലീസ് കൂടുതല്‍ അറസ്റ്റ് നടത്തിയതെന്ന് അറിയിച്ചു.

Protesters march Breonna Taylor
യുഎസിൽ നടന്ന പ്രതിഷേധത്തിൽ നിന്നും.

ബ്രിയോണ ടെയ്‍ലറിനെ കൊന്നതിന് ഒരു ഉദ്യോഗസ്ഥനെതിരേ പോലും കുറ്റം ചുമത്തേണ്ടതില്ലെന്ന ജൂറി തീരുമാനത്തോട് യോജിക്കുന്നതായി മുന്‍ ഫിലാഡല്‍ഫിയ പൊലീസ് കമ്മീഷണറും മുന്‍ വാഷിംഗ്ടണ്‍ ഡിസി പൊലീസ് മേധാവിയുമായ ചാള്‍സ് റാംസേ പറഞ്ഞു. ടെയ്‍ലറുടെ മരണം നിര്‍ഭാഗ്യകരവും ദാരുണവുമാണെങ്കിലും ഉദ്യോഗസ്ഥര്‍ തെറ്റുകാരല്ല. കാരണം നോ-നോക്ക് വാറന്റ് ഉപയോഗിച്ച് പൊലീസ് അവളുടെ അപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിച്ചപ്പോള്‍ ടെയ്‌ലറുടെ കാമുകന്‍ ആദ്യം വെടിവച്ചു. പ്രതിഷേധം കനത്തതോടെ സംസ്ഥാനങ്ങളോട് ക്രമസമാധാനത്തിനു മുന്‍ഗണന നല്‍കണമെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com