ADVERTISEMENT

ഹൂസ്റ്റണ്‍∙ തിരഞ്ഞെടുപ്പ് അടുക്കും തോറും വംശീയകലാപങ്ങളുടെ കൊടിക്കൂറ ഉയര്‍ന്നതോടെ സാധാരണ ജീവിതങ്ങള്‍ക്ക് അമേരിക്കയില്‍ വലിയ ഭീഷണിയായി. ഇത് ഡെമോക്രാറ്റ് സ്‌പോണ്‍സേര്‍ഡ് പരിപാടിയാണെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിക്കുന്നു. എന്നാല്‍, തപാല്‍ വോട്ടെടുപ്പില്‍ പിന്നില്‍ പോകുമെന്ന പ്രസിഡന്റിന്റെ ഭയത്തില്‍ നിന്നുണ്ടായ മനോതകരാറാണ് ഇത്തരം പ്രസ്താവനയ്ക്ക് പിന്നിലെന്നു എതിരാളികള്‍ പഴി ചാരുന്നു. പക്ഷേ ഒരു കാര്യം വ്യക്തം, കോവിഡിനെ തുടര്‍ന്ന് ആശങ്കയിലായ സാമ്പത്തിക സ്വാതന്ത്ര്യജീവിതത്തിനു മേലാണ് ഇപ്പോള്‍ യുഎസിലെ പ്രധാന നഗരങ്ങളിലുള്ള കലാപങ്ങള്‍ ഇരുട്ടടി നല്‍കിയിരിക്കുന്നത്. 

കോലാഹലങ്ങളില്ലാതെ വോട്ടെടുപ്പിനെ അഭിമുഖീകരിക്കാമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചിന്തകളിലും ഇപ്പോള്‍ ക്രമസമാധാനം എങ്ങനെ നിലനിര്‍ത്താമെന്ന ആശങ്കയാണുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ കറുത്ത വംശജര്‍ വിവിധ കാര്യങ്ങള്‍ ഉന്നയിച്ച് മാസങ്ങളായി തുടരുന്ന കലാപത്തിന് ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ ശക്തി പ്രാപിച്ചിട്ടുണ്ട്. കോവിഡിനെത്തുടര്‍ന്നുള്ള മരണനിരക്ക് രാജ്യത്ത് രണ്ടു ലക്ഷം കവിയുമ്പോഴും വംശീയാധിക്ഷേപം മൂലമുള്ള കലാപങ്ങളും കര്‍ഫ്യൂകളും മുഖ്യവിഷയമാവുന്നതില്‍ ട്രംപ് പല തവണ അനിഷേധം പ്രകടിപ്പിച്ചു കഴിഞ്ഞു. കോവിഡ് എന്ന മഹാമാരിയെ പരാജയപ്പെടുത്തുന്നതിനായി ഒന്നിക്കാന്‍ ശ്രമിക്കുന്നതിനു പകരം അതിനെ വളര്‍ത്തുന്ന വിധത്തിലാണ് കലാപകാരികള്‍ വിവിധ നഗരങ്ങളില്‍ ഇപ്പോഴും രാത്രിയില്‍ പോലും അരങ്ങുതകര്‍ക്കുന്നത്.

അതേസമയം, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉയര്‍ത്താന്‍ ഭരണകൂടം എക്‌സിക്യൂട്ടീവ് അധികാരം ചെലുത്തുന്നുവെന്ന പുതിയ ആശങ്കകള്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഉന്നയിക്കുന്നു. ഉപേക്ഷിച്ച ഒമ്പത് ബാലറ്റുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പെന്‍സില്‍വാനിയയില്‍ ''മെയില്‍-ഇന്‍ ബാലറ്റുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍'' ഉടലെടുത്തു. അധികാരമാറ്റത്തെക്കുറിച്ചുള്ള ട്രംപിന്റെ പ്രസ്താവനയുടെ പ്രത്യാഘാതങ്ങളാണിത്. ഇപ്പോഴും ട്രംപ് തപാല്‍ വോട്ടുകളെ തള്ളിപ്പറയുന്നു. അതിലുള്ള തന്റെ അവിശ്വാസം പലപ്പോഴും പ്രകടിപ്പിക്കുന്നു. തപാല്‍ വോട്ടെടുപ്പില്‍ എല്ലാ സര്‍വ്വേയിലും റിപ്പബ്ലിക്കന്മാര്‍ പിന്നിലാണെന്നതും ഇതിനു പിന്നിലെ കാരണമായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ''തിരഞ്ഞെടുപ്പ് സത്യസന്ധമാണെന്ന് ഉറപ്പുവരുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, എന്നാല്‍ മെയില്‍ ഇന്‍ ബാലറ്റില്‍ അത് സാധ്യമാകുമെന്ന് എനിക്ക് ഉറപ്പില്ല,'' ഫ്‌ലോറിഡയില്‍ നടന്ന ഒരു പ്രചാരണ റാലിക്ക് പോകുന്നതിനുമുമ്പ് ട്രംപ് പറഞ്ഞത് ഇങ്ങനെയാണ്. അതു കൊണ്ടു പരമാവധി തപാല്‍ വോട്ടെടുപ്പിനെ ഇല്ലാതാക്കാന്‍ തപാല്‍ സമരം ഒത്തുതീര്‍പ്പിലാക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും ഡെമോക്രാറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ട്രംപ് 40 ദിവസത്തിനുള്ളില്‍ വോട്ടര്‍മാരില്‍ നിന്ന് നിയമാനുസൃതമായ മാന്‍ഡേറ്റ് നേടിയേക്കാം അല്ലെങ്കില്‍ ഡെമോക്രാറ്റിക് നോമിനി ജോ ബൈഡന്‍ ഒരു ഇലക്ടറല്‍ കോളേജ് ഭൂരിപക്ഷം അവകാശപ്പെടാം, അത് വ്യക്തിഗത സംസ്ഥാനങ്ങളിലെ വോട്ടിനെ വെല്ലുവിളിക്കും. എന്നാല്‍ ട്രംപിന്റെ മനോഭാവം ഇപ്പോള്‍ യഥാര്‍ത്ഥ വോട്ടെടുപ്പിനെ അട്ടിമറിക്കാന്‍ കാരണമാകുന്നു, ചില സംസ്ഥാനങ്ങളിലെ അമേരിക്കക്കാര്‍ നേരത്തെ മെയില്‍-വോട്ട് രേഖപ്പെടുത്തുകയാണ്. ഇത് ഭരണവിരുദ്ധവികാരം സൃഷ്ടിക്കുമെന്നാണ് സൂചന. ട്രംപിന്റെ അനുയായികള്‍ ഈ തിരഞ്ഞെടുപ്പിനെ അസാധുവായി കാണുകയും വിജയിച്ചില്ലെങ്കില്‍ ഫലം സ്വീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്‌തേക്കാം. ഇത്തരത്തില്‍ പരാജയം സമ്മതിക്കാന്‍ വിസമ്മതിച്ചാല്‍ അതു വര്‍ഷങ്ങളോളം കുറ്റപ്പെടുത്തലുകളും ആത്യന്തികമായി അമേരിക്കയുടെ ദീര്‍ഘകാല ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും.

അമേരിക്കയുടെ പ്രധാന രാഷ്ട്രീയ മൂല്യങ്ങളുടെ സംരക്ഷകനെന്ന നിലയില്‍ പൊതുജനവിശ്വാസത്തെ മാനിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നതിനുപകരം, വൈറ്റ് ഹൗസ് വ്യാഴാഴ്ച അപകടകരമായ നിലപാട് വ്യക്തമാക്കിയത് ഇപ്പോള്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. മെയില്‍-ഇന്‍ വോട്ടിംഗ് അഴിമതി നിറഞ്ഞതാണെന്നും അത് മറ്റൊരു രാഷ്ട്രീയ ധ്രുവീകരണത്തിന് രൂപം നല്‍കാമെന്നും ട്രംപിന്റെ തെറ്റായ അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് ഉയര്‍ന്നു വന്നിരിക്കുന്നത്. എന്നാല്‍, ഇതിലൊന്നും അടിസ്ഥാനമില്ലെന്നും സ്വതന്ത്രവും നീതിയുക്തവുമായ ഒരു തിരഞ്ഞെടുപ്പ് ഫലം പ്രസിഡന്റ് അംഗീകരിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലി മക്ഇനാനി പറഞ്ഞു.

വന്‍തോതില്‍ വഞ്ചനയ്ക്ക് വിധേയരാകുന്നില്ലെന്ന് പഠനങ്ങള്‍ കാണിക്കുന്ന മെയില്‍-ഇന്‍ വോട്ടിംഗ് സ്വതന്ത്രവും നീതിയുക്തവുമല്ലെന്ന് ട്രംപ് ആവര്‍ത്തിച്ചു വാദിക്കുകയാണ്. ഒരു രാഷ്ട്രതലവന്‍ ഇത്തരത്തില്‍ സംസാരിക്കുന്നതിലെ യുക്തിയാണ് എതിരാളികള്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. അദ്ദേഹം പരാജയപ്പെടുന്നുവെന്ന നിലയിലേക്ക് മാറുമ്പോള്‍ വോട്ടേടുപ്പ് യുക്തിസഹചമല്ലെന്നു പറയുന്നത് ശരിയല്ലെന്നാണ് ഡെമോക്രാറ്റിക്ക് തിങ്ക്ടാങ്കുകള്‍ പറയുന്നത്. തിരഞ്ഞെടുപ്പ് കര്‍ക്കശമാണെന്ന് അവകാശപ്പെടാന്‍ മക്‌നാനി പ്രസിഡന്റിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ട്രംപും ബൈഡനും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഫലം തിരഞ്ഞെടുപ്പ് രാത്രിയില്‍ അറിഞ്ഞാല്‍ മാത്രമേ അത് ശരിയാകൂ എന്ന തെറ്റായ നിലപാടും ഇപ്പോള്‍ ഭരണകൂടമെടുത്തിട്ടുണ്ട്. 

മെയില്‍-ഇന്‍ ബാലറ്റുകള്‍ പല സംസ്ഥാനങ്ങളിലും എണ്ണാന്‍ കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍, ഈ രീതി ഡെമോക്രാറ്റുകള്‍ക്ക് കൂടുതല്‍ പ്രിയങ്കരമാകാന്‍ സാധ്യതയുള്ളതിനാല്‍, ട്രംപിന് ഇതൊരു വലിയ വെല്ലുവിളിയാണ്. 'പ്രസിഡന്റ് ഭ്രാന്തമായ കാര്യങ്ങള്‍ പറയുന്നു' എന്നാണ് തപാല്‍ വോട്ടെടുപ്പ് പ്രതിസന്ധിയെക്കുറിച്ച് ബൈഡന്‍ പറയുന്നത്. എന്നാല്‍ ഇതിലൊന്നും കാര്യമില്ലെന്നും നടക്കേണ്ടത് നടക്കുമെന്നുമായിരുന്നു കെന്റക്കി റിപ്പബ്ലിക്കന്‍കാരനായ സെനറ്റ് ഭൂരിപക്ഷ നേതാവ് മിച്ച് മക്കോണെല്‍ ട്വീറ്റ് ചെയ്തത്. ആവശ്യമെങ്കില്‍ സമാധാനപരമായ മാറ്റം റിപ്പബ്ലിക്കന്‍മാര്‍ ഉറപ്പാക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് സൗത്ത് ഡക്കോട്ട സെന്‍. ജോണ്‍ സെന്‍ പറയുന്നു. ഇതെല്ലാം വച്ചു നോക്കുമ്പോള്‍ ഭരണപ്രതിസന്ധിയല്ല, മറിച്ച് തപാല്‍വോട്ടെടുപ്പില്‍ നിന്നു പരമാവധി ജനങ്ങളെ മാറ്റിനിര്‍ത്തുകയെന്നതാണ് ട്രംപിന്റെ തന്ത്രമെന്നു വ്യക്തമാകുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com